ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38002 (സംവാദം | സംഭാവനകൾ) (ശാസ്ത്ര ക്ലബ്ബ് വിവരങ്ങളും ചിത്രങ്ങളും ചേർത്തു)

സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ യഥോചിതം എല്ലാ വർഷവും നടത്തി വരുന്നു. ജൂലൈ 20 ,ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും വീഡിയോ പ്രദർശനം നടത്തി. ജൂലൈ 27 എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച്  വിവിധ ശാസ്ത്ര പരിപാടികൾ നടത്തുകയുണ്ടായി.

എ.പി.ജെ.അബ്ദുൽ കലാം അനുസ്മരണത്തിൽ ആദരം അർപ്പിക്കുന്നു.


1945 – ലെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ സ്ഥലങ്ങളിൽ അമേരിക്ക ആറ്റം ബോംബ് വർഷിച്ച് ഉണ്ടായ മഹാവിപത്തിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും നടത്തി വരുന്ന ഹിരോഷിമാ- നാഗസാക്കി ദിനം നമ്മുടെ സ്കൂൾ ആന്റി ന്യൂക്ലിയർ ദിനമായി ആചരിച്ചു. ന്യൂക്ലിയാർ വസ്തുക്കൾ, അവയുടെ വ്യാവസായിക ഉപയോഗങ്ങൾ, അവയുടെ ദോഷഫലങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് സെമിനാർ സംഘടിപ്പിച്ചു. ആന്റി ന്യൂക്ലിയാർ ആശയങ്ങൾ ഉൾക്കൊള്ളിച്ച് പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

ഭൂമിയുടെ സംരക്ഷണ കവചം എന്നറിയപ്പെടുന്ന ഓസോൺ പാളിയുടെ ശോഷണം തടയുന്നതിനും, അതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും 1994 ൽ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ലോക ഓസോൺദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ന് നമ്മുടെ സ്കൂൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ പാളിയുടെ ശോഷണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രരചന, ഓസോൺ പാളിയുടെ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ഓസോൺ ക്വിസ്, ഓസോൺ പാളിയുടെ ശോഷണം സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി .

മാനവരാശിയുടെ പുരോഗതിയിൽ ശാസ്ത്ര സാങ്കേതിക വിദ്യ വഹിച്ച പങ്ക് ഓർമ്മിക്കുന്നതിനും സുപ്രധാനമായ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന ലോകരാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയുള്ള ദിവസങ്ങൾ ബഹിരാകാശ വാരമായി ആചരിച്ച് വരുന്നു. അന്നേ ദിവസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശാസ്ത്ര അധ്യാപകൻ അസംബ്ലിയിൽ സംസാരിക്കുകയും ബഹിരാകാശ സംബന്ധമായ പ്രശ്നോത്തരി സംഘടിപ്പിക്കുകയും ചെയ്തു. 2021വർഷത്തെ സ്പേസ് വീക്ക് പ്രമേയമായ "വിമൺ ഇൻ സ്പേസ് ” എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

ഇലക്ട്രോണിക് മാലിന്യം നമ്മുടെ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയുടെ പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒക്ടോബർ 14 അന്താരാഷ്ട്ര ഇ-മാലിന്യ ദിനമായി ആചരിക്കുന്നു. ഇ- മാലിന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ, പോസ്റ്റർ നിർമ്മാണം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.

രസതന്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനും മോൾ സങ്കല്പനം എന്ന ആശയം മനസ്സിലാക്കുന്നതിനും അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി മോൾ ഡേ ഫൗണ്ടേഷൻ എന്ന സംഘടന എല്ലാവർഷവും ഒക്ടോബർ 23 ന് രാവിലെ 6.02 am മുതൽ വൈകിട്ട് 6.02 pm വരെ മോൾ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിവിധ തന്മാത്രകളുടെ പേരുകളും അവയുടെ മോളിക്യുലാർ ഭാരവും അടങ്ങിയ ലഘുലേഖകൾ സ്കൂൾ അങ്കണത്തിലെ വൃക്ഷത്തിൽ തൂക്കിയിടുകയും മോൾദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ച് സെമിനാർ നടത്തുകയും ചെയ്തു.

ഭാരതസർക്കാരിന്റെ ഊർജ്ജവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) എല്ലാ വർഷവും ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ചില പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ ഫിസിക്സ് അദ്ധ്യാപകൻ സെമിനാർ നയിച്ചു.

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ഭാരതത്തിന്റെ അഭിമാനവുമായ സർ സി.വി. രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത രാമൻ പ്രഭാവം എന്ന കണ്ടുപിടിത്തത്തിന്റെ സ്മരണാർത്ഥം എല്ലാ വർഷവും ഭാരതത്തിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി അന്നേ ദിവസം വിവിധ പരിപാടികൾ സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സെമിനാർ, ശാസ്ത്രക്വിസ്, ചിത്ര രചന, വീഡിയോ പ്രദർശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

വിംഗ്സ് ഓഫ് ഫയർ എക്സിബിഷൻ ശാസ്ത്ര വിഭാഗം


ഇവയ്ക്കുപുറമേ എല്ലാ വർഷവും ജനുവരി മാസത്തിൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇവിടുത്തെ  വിദ്യാർത്ഥികളും  അധ്യാപകരും സ്വന്തമായി തയ്യാറാക്കുന്ന   ശാസ്ത്രസാങ്കേതിക കരകൗശല പ്രദർശനമായ വിങ്സ് ഓഫ് ഫയർ നടത്തിവരുന്നു.പോലീസ് ഡിപ്പാർട്ട്മെൻറ് ,എക്സൈസ് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ പ്രദർശനങ്ങൾ  ,സമീപത്തുള്ള  ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ എന്നിവ സ്കൂളിലെ എക്സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.എക്സിബിഷനോടനുബന്ധിച്ച് വിവിധ സ്കൂളുകളെ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്യാറുണ്ട് . വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഈ എക്സിബിഷൻ കാണുന്നതിനായി വിദ്യാലയങ്ങളിൽ നിന്നും എത്തിച്ചേരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന ശാസ്ത്രമേളകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു.

സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികവോടെ  വിജയകരമായി മുന്നോട്ടു പോകുന്നു .

വിംഗ്സ് ഓഫ് ഫയർ എക്സിബിഷൻ ഉദ്ഘാടന ചടങ്ങ്