എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എന്റെ നാട്

ഭൂമിശാസ്ത്രം

ദേശീയ പാത 766-ചൂലാംവയലിൽ നിന്നുള്ള ദൃശ്യം

കോഴിക്കോട് നഗരത്തിൽ നിന്നും 18 കിലോമീറ്റർ കിഴക്കോട്ട് മാറി കുന്നമംഗലത്തിന് [1]സമീപം മുറിയനാലിനും പതിമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചൂലാംവയൽ പ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് ഭൂപ്രകൃതിയിൽ പെടുന്നു. ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നിവ പ്രദേശത്തെ ചെറിയ മലകളാണ്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലവസ്ഥ തന്നെയാണ് ഇവിടെയുമുള്ളത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശത്തിൽ നിന്നും തീർത്തും വിഭിന്നമായാണ് ചൂലാംവയൽ പ്രദേശം നിലകൊള്ളുന്നത്. അതിനാൽ തന്നെ പരമ്പരാഗതമായി ഇടനാട് പ്രദേശം ഉപയോഗപ്പെടുത്തിയ കൃഷി രീതിയാണ് പ്രദേശത്തെ കാർഷിക പാരമ്പര്യം. കൃഷീ തൽപരരായിരുന്നു ഇവിടുത്തുകാർ. കൃഷിയും കാലി വളർത്തലും കച്ചവടവും മര വ്യവസായവും എന്നിങ്ങനെ പരമ്പരാഗതമായി പല തരത്തിലുള്ള തൊഴിലിലും ഏർപ്പെട്ടിരുന്ന ഒരു ജനതയായിരുന്നു ആദ്യ കാലം മുതൽ ഇവിടെ വസിച്ചിരുന്നത്. ചൂലാംവയൽ പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ ഏറ്റവും സുപ്രധാനമായത് ഈ നാട്ടിലൂടെ കടന്നു പോകുന്ന ദേശീയ പാതയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് നാട്ടുകാർക്ക് പുറം ലോകം എത്തിപ്പിടിക്കാൻ വഴി കാണിച്ചത് ഈ പാതയാണെന്നു വേണം പറയാം. പിൽക്കാലത്ത് ലോറി വ്യവസായത്തിലേക്കും പ്രവാസത്തിലേക്കും നാട്ടുകാർ എത്തിപ്പെട്ടതിനും പ്രധാന കാരണം ദേശീയപാത 766 [2]ന്റെ സാന്നിധ്യം എന്നു കാണാം. ദേശീയ പാത ചൂലാംവയൽ പ്രദേശവാസികളെ സ്വാധീനിച്ചതുപോലെ സുപ്രധാനമാണ് പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ആമ്പ്ര മലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന പൂനൂർ പുഴയുടെ സ്വാധീനവും.

നാടിന്റെ കഥ

പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്‌വരയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു മനോഹര ഗ്രാമം. കരുവാരപറ്റ നായൻമാർ ഉത്സവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ. പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലം വയലും പിന്നീട് ചൂലാംവയലും ആയി മാറി. കുരുത്തോലകൾ കൊണ്ടുള്ള ഉത്സവ ദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും എല്ലാം പഴയകാലത്തെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ പഴമക്കാർ വരച്ചുതരുന്നതിങ്ങിനെയാണ് -പ്രശസ്തമായ തൊടുകയിൽ, തെക്കയിൽ ചാലിയിൽ തറവാടുകൾ മുസ്ലിങ്ങളുടേത്. പിന്നെ കരുവാരപറ്റ നായൻമാരുടെയും അക്കരപറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങൽക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ മാർഗങ്ങൾ. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോത്പന്നങ്ങളുമായി മണികിലുക്കി കടന്നുപോയ അനേകം കാളവണ്ടികൾ. മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുകൾ ഓർമ്മയിൽ തെളിയുന്നു.

ചൂലാംവയലിൽ ഇന്നുള്ള പഴയ കെട്ടിടങ്ങളിലൊന്ന്


അന്ന് പടനിലത്തെ കക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്ന് കെട്ടിമേച്ചിൽ നടത്തിയിരുന്ന സ്‌കൂൾ ഷെഡും മുമ്പിലൊരു സ്രാമ്പിയയും. സ്രാമ്പിയയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയ രാവുകൾ. മുൻ മുഖ്യമന്ത്രി മർഹും സി.എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ. ഒരിക്കൽ ദഫ് മുട്ടി റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം സ്രാമ്പ്യയിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. തറുവയ്ക്കുട്ടി ഹാജിയുടെ ഇളയമകൾ 105 പെരുന്നാളാഘോഷിച്ച ഉമ്മേരി ഉമ്മ ഹജ്ജുമ്മ ഈയടുത്ത കാലം വരെ പൂർണാരോഗ്യത്തോടെ പേരക്കുട്ടികളോട് മേൽ കഥകളൊക്കെ പറയുമായിരുന്നു. അവരുടെ കല്ല്യാണത്തിന് പുതിയാപ്ലയെ തോളിലേറ്റി ഗായകസംഘത്തോടൊപ്പം നടന്നത് സി.എച്ചിന്റെ പിതാവായിരുന്നു. കുട്ടിയായിരുന്ന കാലത്ത് പിതാവിനോടൊപ്പം സി.എച്ചും മേൽ തറവാടുകളിൽ പലപ്പോഴും താമസിച്ചിട്ടുണ്ട്.

നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓലമേഞ്ഞ വീടുകളും ഉണ്ടായിരുന്ന ചൂലാംവയൽ, മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. തൊപ്പിപ്പാളവെച്ച കർഷകർ വള്ളിച്ചെരിപ്പിൽ കാളകൾക്ക് പിന്നാലെ പറപറക്കുന്ന ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടികൊണ്ട് കട്ടയുടയ്ക്കുന്ന കർഷർ. ഇന്നോ? കുന്നുകളും മലകളും ഇടിച്ചു നിരത്തി വയലായ വയലെല്ലാം നികത്താൻ ജെ സി ബിയെന്ന ചെകുത്താനെത്തിയിരിക്കുന്നു. മണി കിലുക്കി നിരനിരയായ് നീങ്ങിയിരുന്ന കാളവണ്ടികളെവിടെ? ഇന്ന് ചീറിപായുന്ന വാഹനങ്ങൾ കാരണം റോഡു മുറിച്ചുകടക്കാൻ കഴിയാതെ കാത്തിരുക്കുന്ന സ്‌കൂൾ കുട്ടികൾ. പഞ്ചാര മണൽപ്പുറങ്ങളും മത്സ്യസമ്പത്തും നഷ്ടപ്പെട്ട് കരയാൻ കണ്ണുനീർ പോലുമില്ലാതെ പൂനൂർ പുഴ. സ്കൂളിന്റെ സുവർണ്ണ ജൂബിലിക്ക് കലാ-കായിക മത്സരങ്ങൾ നടത്തിയിരുന്ന വയലിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ. ഓർമ്മകൾ പഴയകാലത്തേക്ക് തിരിച്ചുവിട്ടപ്പോൾ മടങ്ങാൻ പഴമക്കാർക്ക് പറ്റുന്നില്ല. മാങ്ങയും ചക്കയും മറ്റും ഇഷ്ടംപോലെ തിന്നു നടന്നിരുന്ന കാലം. ആദ്യകാല്ത് കശുവണ്ടി വിൽപ്പനചരക്കായിരുന്നില്ലത്രെ. ചുട്ട് തല്ലി പരിപ്പ് തിന്നും. പന ചെത്തി പനങ്കള്ളും ചക്കരക്കള്ളും ഉണ്ടാക്കും. തെങ്ങിൻകളള് ഉപയോഗിച്ച് ചക്കര വാർത്തു വിൽക്കുമായിരുന്നു. അവിലും ചക്കരയും തിന്നാൻ നല്ല ചേർച്ച. അവിലിടിക്കാനായി മാത്രം കൃഷി ചെയ്യുന്ന ചാമോടൻ നെല്ല്. പല്ലുതേക്കാൻ ഉമിക്കരിയും ചൂടുകാലത്ത് വിയർപ്പകറ്റാൻ പാളവിശറിയും വെള്ളം കോരാൻ പാളയും. രാത്രി യാത്രക്കാർക്ക് വെളിച്ചമേകിയിരുന്നത് ചൂട്ടുകറ്റകൾ. കടകളിൽ ഓലച്ചൂട്ട് വിൽപ്പനയ്ക്കുണ്ടായിരുന്നത് ഇന്നും മറന്നിട്ടില്ല. 75 വർഷങ്ങൾക്കു മുമ്പുള്ള വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞുനോക്കുന്നത് രസകരമായിരിക്കും. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരികലക്കിയുണ്ടാക്കിയ മഷിയിൽ മുക്കി എഴുത്ത് പഠിക്കുന്ന കാലം. കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെൺകുട്ടികളും മൊട്ടത്തലയും ചുവന്ന കരയുള്ള കിണ്ടൻ തുണിയുടുത്ത് വരുന്ന ആൺകുട്ടികളും. അമുസ്ലിം കുട്ടികൾ ആണും പെണ്ണും കാതുകുത്തും. പുരുഷ•ൻമാർ കൗപീനം ധരിക്കുമായിരുന്നു. പലർക്കും ഷർട്ടുണ്ടായിരുന്നില്ല. ഉള്ളവർക്ക് ഒന്നുമാത്രം. ഭൗതികവിദ്യാഭ്യാസത്തോട് മുസ്ലിം സമൂഹം വിമുഖത കാണിച്ചിരുന്നതിനാൽ മതവിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതിയായിരുന്നു തുടക്കത്തിൽ. പൊതുധാരാ വിദ്യാഭ്യാസവുമായി മുസ്ലിംങ്ങളെ അടുപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ പലതായിരുന്നു. മദ്രസാ സ്‌കൂളുകളും മാപ്പിള സ്‌കൂളുകളും അറബി-മലയാളം എന്ന പുതിയ ലിപി കണ്ടുപിടിത്തവും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം പെൺകുട്ടികൾ പഠിക്കേണ്ടതില്ല എന്ന പണ്ഡിത നിർദ്ദേശങ്ങളും ദൂരസ്ഥലങ്ങളിലേക്ക് പെൺകുട്ടികളെ അയക്കാനുള്ള വിമുഖതയും എല്ലാം മുസ്ലിം വിഭാഗത്തെ വിദ്യാഭ്യാസരംഗത്ത് പിന്നണിയിലേക്ക് തള്ളി. മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930കളിൽ ഡപ്യൂട്ടി ഇൻസ്‌പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാ രീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജരായിരുന്ന കക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കക്കാട് തറവാട്ടിലെ കുട്ടികളെ മുഴുവൻ ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിന്റെ മുന്നിലെ കുഞ്ഞായിൻ കുട്ടികാക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്കു മൂന്നു കാശും ഒരടുക്ക് പുട്ടിന് മൂന്നു കാശും (ഒരു അണ-6 കാശ്, 16 അണ - ഒരു രൂപ, ഒരു രൂപക്ക് 96 കാശ്) മദ്രാസ് അസംബ്‌ളിക്കു കീഴിലായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്പ്രസിഡണ്ട് കേരള ഗാന്ധി എന്നു വിളിക്കപ്പെട്ടിരുന്ന കേളപ്പജിയും മെമ്പർ കെ.സി ഹുസൈൻ ഹാജിയുമായിരുന്നു. അഞ്ചാംക്ലാസുവരെയുണ്ടായിരുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു പോലും കഴുത്തിൽ ഉറുക്കും കാലിൽ തണ്ടയും ആഭരണങ്ങളും ഉണ്ടായിരുന്നു. തലക്കുട വെച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയിരുന്നത്.

പതിമംഗലം അങ്ങാടിയിലെ മുസ്ലീം പള്ളി

ഒരുകാലം കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പാൽ കിട്ടുമായിരുന്നു. പിന്നീട് ഉപ്പുമാവ് തിന്നുപഠിച്ചു കുട്ടികൾ. ഇപ്പോൾ ഉച്ചക്കഞ്ഞിയും പയറും വന്നു. മാർക്ക് കിട്ടിയാൽ മാത്രം ക്ലാസുകയറ്റം കിട്ടിയിരുന്ന കാലം മാറി. ഇടക്കാലത്ത് ഒരു ക്ലാസിൽ തോറ്റാൽ അതിന്റെ താഴെ ക്ലാസിൽ ഒരു കൊല്ലം പഠിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കാലത്ത് വന്ന പരിഷ്‌കരണം ആകെയുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ നിന്നും ക്ലാസ് കയറ്റം നൽകണമെന്നായിരുന്നു. പിന്നീട് ഡി.പി.ഇ.പിയും എസ്.എസ്.എ യും വന്നു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്.

അരിക്ക് ക്ഷാമം നേരിട്ടപ്പോൾ അധ്യാപകർക്കും ഗവ. ഉദ്യോഗസ്ഥർക്കും പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച് അപേക്ഷ തയ്യാറാക്കി കലക്ടറിൽ നിന്ന് പെർമിറ്റ് വാങ്ങി, അരി വാങ്ങി സ്‌കൂളിൽ എത്തിച്ച് അഞ്ചുകിലോ വീതം വീട്ടിൽ കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ 120 രൂപയുടെ റേഡിയോ തലശ്ശേരിയിൽ നിന്നും മാക്കൂട്ടം എ എം യു പി സ്കൂൾ അധ്യാപകനായ എൻ ഖാദർ മാസ്റ്ററും സഹപ്രവർത്തകൻ സുലൈമാൻ മാസ്റ്ററും ശമ്പള സർട്ടിഫിക്കറ്റ് കൊടുത്തു വാങ്ങിയതും ഇപ്പോളോർക്കുമ്പോൾ അവിശ്വസനീയമാണ്. അന്നത്തെ ശമ്പള സ്‌കെയിൽ 95-190 ആയിരുന്നു. സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകർ. പഴയകാല ഗുരുക്ക•ൻരുടെ വേതനം ആഴ്ചയിൽ വീടുകളിൽ നിന്നും കൊടുത്തയക്കുന്ന ആഴ്ച അരിയും ആഴ്ചപ്പണവുമായിരുന്നു. പിൽക്കാലത്ത് ഗ്രാന്റ് ഇൻ എയിഡ് പണത്തിൽ നിന്ന് മാനേജർ അങ്ങേർക്കിഷ്ടമുള്ളത് വാധ്യാർക്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായി. 1957 ലെ ഇ. എം. എസ് ഗവൺമെന്റാണ് നേരിട്ടുള്ള ശമ്പളം കൊടുത്തു തുടങ്ങിയത്. ഇന്നത്തെ രീതിയിൽ ഒരു ശമ്പള സ്‌കെയിൽ നിലവിൽ വരുന്നതും ഒരു പ്രത്യേക ഫണ്ടിൽ പണമുണ്ടെങ്കിൽ മാത്രം അറബി അധ്യാപകർക്ക് ശമ്പളം എന്നത് മാറി മറ്റധ്യാപകരെ പോലെ പരിഗണിച്ചതും ഈ കാലത്താണ്. 1975-76 കാലഘട്ടം. സ്‌കൂൾ യു. പി ആക്കി കിട്ടുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും മന്ത്രി മന്ദിരങ്ങളിലും റസ്റ്റ് ഹൗസുകളിലും കയറി ഇറങ്ങിയിരുന്നു. അന്ന് അപ്‌ഗ്രേഡ് കമ്മറ്റിയിലുണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രദേശത്തെ ഏതു പ്രശ്‌നങ്ങൽക്കും ജനങ്ങൾക്ക് അഭയകേന്ദ്രമായിരുന്ന കെ.സി ഉസൈൻ മുതലാളിക്ക് ഒരു നാടുവാഴിയുടെ പ്രതാപമായിരുന്നു. തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സിവി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്. ഇന്ന് ചൂലാംവയലും പതിമംഗലവും പന്തീർപാടവും മുറിയനാലും എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങും ടാർ റോഡുകൾ. മൊബൈൽ ഫോണും കാറും ടൂവീലറുകളും ഓരോ വീട്ടിലും. പാവാടകൾ ചുരിദാറിന് വഴിമാറി കൊടുത്തു. ആമ്പ്രമലയിലേക്കും കൂടത്താൻ മലയിലേക്കും റോഡും ഫോണും പൈപ്പുവെള്ളവും വൈദ്യുതിയും കയറിച്ചെന്നിരിക്കുന്നു. ഒപ്പം പരിഷ്‌കൃത സമൂഹത്തിന്റെ മാലിന്യങ്ങളും. പൂനൂർ പുഴ ഇന്നും ഒഴുകുന്നു. റോഡുകളും പാലങ്ങളും വന്നതോടെ അപ്രത്യക്ഷമായ തോണികളെയും മരച്ചങ്ങാടങ്ങളെയും ഓർത്തുകൊണ്ട് സ്‌കൂളിൽ നിന്നും അക്ഷരാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടികയറിയ അനേകം പേരെ ഓർത്തുകൊണ്ട് സ്‌കൂളും.

ഓർമ്മയിലെ പഴയകാലം ഇവിടെ വായിക്കാം

പൂനൂർ പുഴ

പൂനൂർ പുഴ

പ്രകൃതിയുടെ വരദാനമായ പുഴ നാടിന്റെ ചരിത്രത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്നു. പ്രദേശത്തെയും ജന സംസ്‌കാരത്തെയും രൂപപ്പെടുത്തുതിലും സമ്പന്നവും സമൃദ്ധവുമാക്കുന്നതിലും ഒരാഭരണം പോലെ ചാർത്തപ്പെട്ട പുഴ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്നിനോടൊപ്പം തന്നെ ഒട്ടേറെ ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് പൂനൂർ പുഴ. ഒരു ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും രൂപപ്പെടുത്തി. ഹൃദയത്തെ സ്പർശിച്ചും നിറഞ്ഞ് കവിഞ്ഞ് അത് ഒഴുകികൊണ്ടിരിക്കുന്നു. വർഷകാലത്ത് ഓരങ്ങളെ തല്ലിതകർത്ത് കലിപൂണ്ട് ഒഴുകുന്ന പുഴ വേനലിൽ ശുഷ്‌കമായി തീരുന്നു. പുഴയുടെ ഓരങ്ങൾ പച്ചപുതച്ച മനോഹര ദൃശ്യങ്ങളാണ്. തീരദേശങ്ങളിലെ കൃഷി ഭൂമിയും മണൽതിട്ടകളും വ്യത്യസ്ത ഇനത്തിൽ പെട്ട ജീവി വർഗ്ഗങ്ങളും സസ്യ ലതാദികളും പൂനൂർ പുഴയുടെ ഗതകാല കാഴ്ചകളായിരുന്നു. മനുഷ്യ സമൂഹത്തിനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും അഭയവും ആശ്രയവുമേകുന്നു പൂനൂർ പുഴ. പുഴയോരത്ത് വളർന്നു വരുന്ന കണ്ടൽകാടുകൾ, അപൂർവ്വയിനം സസ്യജാലങ്ങൾ, അതിൽ വസിക്കുന്ന പക്ഷികൾ, മറ്റു ജീവി വർഗ്ഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ നമ്മുടെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്. എന്നാൽ ആധുനികതയുടെ കച്ചവടക്കണ്ണുകൾ മണൽ കോരി വികൃതമാക്കപ്പെട്ട പുഴ അംഗഛേദം ചെയ്യപ്പെട്ട മനുഷ്യശരീരത്തെ അനുസ്മരിപ്പിക്കുന്നു.

ഉത്ഭവവും വളർച്ചയും

പൂനൂർ പുഴയോരത്തെ ആവാസ വ്യവസ്ഥ
പൂനൂർ പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിൽ

കട്ടിപ്പാറ പഞ്ചായത്തിൽ ഉൾപ്പെട്ട ഏലക്കാനം മലകളിൽ നിന്നും ഉത്ഭവിച്ച് ചുരത്തോട് മലയിൽ നിന്നും ഒഴുകിയെത്തു കൈത്തോടുമായി കൂടിച്ചേർന്ന് പൂനൂർ പുഴയായി രൂപാന്തരം പ്രാപിക്കുന്നു. ഏലക്കാനം മലനിരകളിൽ നിന്നും ഒഴുകിയെത്തു നീർച്ചാലുകളിലെ ജലമാണ് പൂനൂർ പുഴയിലെ 70 ശതമാനത്തോളവും. കൊടുവള്ളി, പടനിലം, കക്കോടി, ചെറുകുളം എിവിടങ്ങളിലൂടെ ഒഴുകി അകലാപ്പുഴയുമായി ചേർന്ന് കോരപ്പുഴയായി മാറി അറബിക്കടലിൽ പതിക്കുന്ന സുന്ദരമായ കാഴ്ചകളുടെ സംഗമമാണ് ഈ പുഴ. കൃഷിക്കാവശ്യമായ വെള്ളത്തിന് സമീപ പ്രദേശത്തെ കർഷകർ ആശ്രയിക്കുന്നത് ഈ പുഴയെയാണ്. മാത്രമല്ല പുഴയുടെ സമീപ പ്രദേശങ്ങളിലെ മണ്ണ് ഫലഭൂയിഷ്ടമാണ്. നെല്ല് മരച്ചീനി, മധുരക്കിഴങ്ങ് പച്ചക്കറി തുടങ്ങിയ പുഴയോരത്തെ പ്രധാന കൃഷിയിനങ്ങളാണ്. യഥേഷ്ടം പച്ചപ്പുല്ല് ലഭ്യമാവുന്നതിനാൽ കാലി വളർത്തലും ഇവിടുത്തുകാരുടെ പ്രധാന തൊഴിലാണ്. പഴയകാലത്ത് അമരാട്, ഏലക്കാനം, തലയാട് തുടങ്ങിയ വനപ്രദേശങ്ങളിൽ നിന്ന് മുറിച്ചെടുക്കുന്ന മരങ്ങൾ, ഈറ്റ എന്നിവ തെരപ്പ കെട്ടി പൂനൂർ പുഴയിലൂടെയാണ് ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. പരമ്പരാഗതമായി മീൻപിടുത്തം, പുഴയോരത്തെ ഈറ്റവെട്ട് എന്നിവയിലൂടെ ഉപജീവനം നടത്തിയിരുന്നവരും ഇവിടെയുണ്ടായിരുന്നു. പുഴക്കരയിൽ സമൃദ്ധമായി വളരുന്ന കൈതോലകളിൽ മുറിച്ചെടുത്ത് വശങ്ങളിലെ മുള്ളുകൾ പൊക്കി ഉണക്കിയെടുത്ത് അതുകൊണ്ട് മടഞ്ഞുണ്ടാക്കുന്ന മനോഹരമായ പായകളും മറ്റും ചന്തയിലെത്തിച്ചും വീടുകൾ തോറും കൊണ്ട് നടന്ന് വിൽപ്പന നടത്തി കുടുംബം പോറ്റിയിരുന്നവരും ധാരാളമായിരുന്നു. പുഴയിൽ നിന്നെടുക്കുന്ന മണൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ച് കൊടുത്ത് പുഴയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നിരവധി മണൽ തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു.

പൂനൂർ പുഴയിൽ നിന്നും പണ്ട് ആമ്പ്ര മലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നിർമിച്ച കിണർ
കുന്നമംഗലം പഞ്ചായത്തും മടവൂർ പ‍‍ഞ്ചായത്തും ബന്ധപ്പെടുന്നതിന് 1990 ൽ ഉണ്ടോടിക്കടവിൽ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലം

വേനൽകാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിൽ നിന്ന് രക്ഷ തേടുന്നതിനായി പ്രദേശവാസികളും മറ്റും കുടിവെള്ളത്തിനു പോലും പുഴയെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്ത് ജലക്ഷാമം പരിഹരിക്കുന്നതിനും കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുമായി പുഴയുടെ പലഭാഗങ്ങളിലും ബണ്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റിയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പൂളക്കടവ് ജലവിതരണ പദ്ധതി പൂനൂർ പുഴയിൽ നിന്നുള്ള ജലസമൃദ്ധി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പൂനൂർ പുഴക്കു കുറുകെ പടനിലത്ത് നിർമ്മിച്ച തൂക്കുപാലം പുഴയുടെ വിദൂര ദൃശ്യത്തിന്റെ മനോഹാരിതയിലേക്ക് വിനോദ സഞ്ചാരികളെ നയിക്കുന്നു. പുഴയുടെ പല ഭാഗത്തും പഴയകാലത്ത് കടവുകളുണ്ടായിരുന്നു. തോണി സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പാണ്ടി (കടത്ത് പാലം) ഉണ്ടായിരുന്നു. ഇതിലൂടെ കാളവണ്ടികൾ വരെ കടത്തിയിരുന്നതായി പറയപ്പെടുന്നു. മലകളുടെയും പുഴകളുടെയും നാടാണ് കേരളം. കാടിന്റെ കുളിരും കാട്ടാറുകളുടെ സംഗീതവും മനുഷ്യഹൃദയത്തെ ഏറെ ത്രസിപ്പിച്ചിട്ടുണ്ട്. പൂനൂർ പുഴയുടെ കുളിർക്കാറ്റേറ്റ് വളർന്നൊരു ജനതയും സംസ്‌കാരവുമാണ്. ആധുനികന്റെ കടന്നാക്രമണത്തിൽ എല്ലാ മനോഹാരിതയും അന്യമായി കൊണ്ടിരിക്കുകയാണ്. പുഴ അതിന്റെ സത്വം പൂർണമായും നഷ്ടപ്പെട്ട് വിലാപത്തിന്റെയും വിടപറച്ചിലിന്റെയും വക്കിലെത്തി നിൽക്കുന്ന ദയനീയ കാഴ്ച പ്രകൃതിസ്‌നേഹികളുടെ കരളലിയിക്കും.


തൊഴിൽ മേഖല

ഇന്നത്തേതു പോലെ ഗതാഗത മാർഗങ്ങൾ ഇല്ലാതിരുന്ന ആദ്യ കാലത്ത് നാട്ടുകാർ ഉൽപാദിപ്പിച്ചിരുന്ന കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വേണ്ടി കോഴിക്കോട്ട് അങ്ങാടിയിയിലേക്ക് പോയിരുന്നത് കാളവണ്ടികളിലായിരുന്നു. അന്യ പ്രദേശങ്ങളിൽ നിന്നും ദിനേന അനേകം കാളവണ്ടികൾ നിരന്തരം കടന്നുപോയിക്കൊണ്ടിരുന്ന പ്രദേശമായതിനാൽ പ്രദേശത്തുകാർക്ക് അനേക വർഷങ്ങൾക്കപ്പുറം തന്നെ ചിരപരിചിതമായിരുന്നു കാളവണ്ടികൾ. പ്രദേശവാസികളിൽപ്പെട്ട പണക്കാരായ പലർക്കും ഒന്നിലധികം കാളവണ്ടികളുണ്ടായിരുന്നു. തെക്കെയിൽ ആലി മുസ്ലിയാർ, തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി, പുന്നക്കൽ പോക്കർ കുട്ടി ഹാജി, അമ്പലപ്പറമ്പിൽ കുഞ്ഞായിൻ കുട്ടി, മുറിയനാൽ കോയസ്സൻ കുട്ടി, ഒളോങ്ങൾ കുഞ്ഞിക്കോയ എന്നിവർക്ക് അക്കാലത്ത് കാളവണ്ടികളുണ്ടായിരുന്നു. ആപേക്ഷികമായി കോഴിക്കോട് പട്ടണം അടുത്തുകിടക്കുന്നതിനാലും ഭൂമിശാസ്തപരമായി അക്കാലത്ത് ഗതാഗതത്തിന് പ്രതിബന്ധങ്ങളായിരുന്ന തോട്, കനാൽ, പുഴ തുടങ്ങിയവയുടെ സാന്നിധ്യം കോഴിക്കോട് വരെയുള്ള റോ‍ഡ് പാതയിൽ ഇല്ലാതിരുന്നതിനാലും കോഴിക്കോട്ടേക്കുള്ള യാത്ര പ്രദേശത്തുകാർക്ക് സുഖകരമായിരുന്നു. മാത്രവുമല്ല, കോഴിക്കോട് വരെ കാര്യമായ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലായിരുന്നു. ഇക്കാരണങ്ങളാൽ വിപുലമായ ആഴ്ചച്ചന്തകളൊന്നും ചൂലാംവയലിലും പരിസര പ്രദേശങ്ങളിലും രൂപപ്പെട്ടിരുന്നുമില്ല.

വർഷങ്ങൾക്ക് ശേഷം നാട്ടുകാരിൽ ചിലർ വയനാട്, ഗുണ്ടൽപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിൽ സ്വന്തമായി സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും വ്യാപകമായ തോതിൽ കപ്പ കൃഷി ചെയ്തിരുന്നു. ഇങ്ങിനെ ലഭ്യമായ കാർഷികോൽപ്പന്നങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ ഗതാഗത സംവിധാനങ്ങളെക്കുറിച്ചന്വേഷിക്കുകയും അത് സ്വന്തമായി ഒരു ലോറി വേണമെന്ന ആവശ്യകതയിലേക്കെത്തുകയും ചെയ്തു. ഇതോടെ നാട്ടിൽ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന് വിത്തു പാകി.ലോറി ഒരു ജീവിതോപാധിയായി മാറിയപ്പോൾ ഇതുമായി ബന്ധപ്പെട്ട് വർക്ക് ഷോപ്പുകൾ, ടയർ റീസോളിംഗ് കേന്ദ്രങ്ങൾ, സ്പെയർപാർട്സ് കടകൾ തുടങ്ങിയ സമാന്തര സംവിധാനങ്ങൾ ചൂലാംവയൽ,പന്തീർപ്പാടം, മുറിയനാൽ,പതിമംഗലം എന്നീ സ്ഥലങ്ങളിൽ ഉയർന്നുവന്നു.

ഇമ്പിച്ചിക്കാന്റെ ചായ കട

കേരളത്തിലെ ഏക ലോറി ഗ്രാമം

ലോറി ഗ്രാമത്തിലെ സ്ഥിരം കാഴ്ചകൾ

കാലക്രമേണ കാളവണ്ടികൾ ചരിത്രത്തിലേക്ക് വഴിമാറിയപ്പോൾ കേരളത്തിലേയും ഇന്ത്യയിലേയും പ്രധാന നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ലോറി വ്യവസായം ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം പ്രദേശങ്ങളിലേക്ക് എത്തിച്ചേർന്നു. ദേശീയ പാതയിലൂടെ ദിനേന കടന്നുപോകുന്ന അന്യസംസ്ഥാന ലോറികളായിരിക്കാം പ്രദേശവാസികളിൽ ലോറി ജീവിതം സ്വപ്നം നെയ്തത്. 1970 കളിൽ മലബാറിലെ മറ്റു പ്രദേശങ്ങളിലുള്ളവർ ജീവിതോപാധിയായി പ്രവാസം തെരഞ്ഞടുത്തപ്പോൾ ഇവിടുത്തുകാർ ലോറി വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കേവലം ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും എഴുന്നൂറിലധികം ലോറികൾ ഇവിടുത്തുകാർക്ക് സ്വന്തമായിരുന്നു. മുൻതലമുറയിൽപ്പെട്ട കൂടുതൽ പേരും ലോറി ജീവനക്കാരായിരുന്നതിനാൽ അവരുടെ പിൻ തലമുറയും ഈ തൊഴിൽ മേഖലയാണ് സ്വാഭാവികമായും തെരഞ്ഞെടുത്തത്.

ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം പ്രദേശങ്ങളിലുള്ളവർ വയനാട്, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ സ്വന്തമായി സ്ഥലം വാങ്ങിയും പാട്ടത്തിനെടുത്തും ധാരാളമായി കപ്പ കൃഷി ചെയ്തിരുന്നു. ഈ കപ്പകൾ നാട്ടിലെത്തിക്കാൻ വേണ്ടിയാണ് ആദ്യകാലത്ത് ലോറികളെ‍ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്. കപ്പകൾ നാട്ടിലെത്തി ലോഡിറക്കിക്കഴിഞ്ഞാൽ‍ വണ്ടി വൃത്തിയാക്കുമ്പോൾ കിട്ടുന്ന ചെറുപ്പപ്പൂള എന്നറിയപ്പെടുന്ന പൊട്ടിയതും ചെറുതുമായ കപ്പക്കഷണങ്ങൾ ശേഖരിക്കാൻ ഒരുപാട് പേർ കാത്തുനിൽക്കുമായിരുന്നു. നാട്ടിലുള്ള പല വീടുകളിലെയും പട്ടിണി മാറ്റാൻ ഇത് കൊണ്ടും സാധിച്ചിരുന്നു. പിന്നീട് മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിയിലേക്ക് സാധനങ്ങൾ കൊണ്ടുവരാനും ലോറി ഉപയോഗിച്ചിരുന്നു.

റൈഹാൻ റോഡ് ലൈൻസ്, സഹാറ റോഡ് ലൈൻസ്, കുണ്ടത്തിൽ റോഡ് ലൈൻസ്, ത്രീ സ്റ്റാർ, ഫാമിലി റോഡ് ലൈൻസ് എന്നിവയായിരുന്നു പ്രദേശത്തെ പ്രധാന ലോറി ഗ്രുപ്പുകാർ. പ്രദേശവാസിയായ ഡിസ്കോ ഹുസൈൻ എന്നയാളുടെ ലോറിയാണ് പതിമംഗലത്ത് നിന്നും രണ്ട് ഡ്രൈവർമാരെയും വെച്ച് കൽക്കത്തയിലേക്ക് ആദ്യമായി പോയത്. വഴിപ്പോക്കിൽ പോക്കർഹാജി ആദ്യമായി പത്തുചക്രമുള്ള ലോറി സ്വന്തമാക്കി നാട്ടുകാർക്ക് പരിചയപ്പെടുത്തി.

ഒരു കാലത്ത് അന്തർ സംസ്ഥാന ലോറി ജീവനക്കാരുടെ ഈറ്റില്ലമായിരുന്നു നാട്. ഒരു വീട്ടിൽ ചുരുങ്ങിയത് രണ്ട് പേരെങ്കിലും ലോറി ജീവനക്കാരായി ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ദേശീയ ബന്ദ്, ഓണം, പെരുന്നാൾ തുടങ്ങി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ എന്നീ ദിവസങ്ങളിൽ ലോറികൾ നിര നിരയായി നിൽക്കുന്ന കാഴ്ച പോയ കാലത്തിന്റെ ഓർമകളാണ്. വർക്ക്‌ ഷോപ്പുകളിൽ ഇരുമ്പ് ഇരുമ്പിൽ മർദ്ദിക്കുമ്പോഴുണ്ടാകുന്ന ചിൽ ചിൽ ശബ്ദം അന്നും ഇന്നും ഇവിടെ സുപരിചിതമാണ്. 1982 ൽ പുറത്തിറങ്ങിയ 'ലോറി' എന്ന സിനിമ ഈ പ്രദേശത്ത് ചിത്രീകരിച്ചതാണ്. മലയാളത്തിലെ ഒട്ടുമിക്ക വർത്തമാന പത്രങ്ങളും നാട്ടിലെ ലോറി ജിവിതത്തെക്കുറിച്ച് ‍ഞായറാഴ്ചപ്പതിപ്പിറക്കിയിരുന്നു. ഓരോ ലോറിത്തൊഴിലാളിയും തങ്ങൾ സഞ്ചരിച്ച ദേശങ്ങൾ, അനുഭവിച്ചറിഞ്ഞ സംസ്കാരങ്ങൾ, പഠിച്ച ഇന്ത്യൻ ഭാഷകൾ, കണ്ട കാഴ്ചകൾ, മാഞ്ഞു പോവാത്ത അനുഭവങ്ങൾ എല്ലാം മനോഹരമായ കഥകളായി ജിജ്ഞാസ നിറഞ്ഞ തങ്ങളുടെ ബന്ധുമിത്രാദികൾക്ക് പകർന്നു കൊടുത്തു. അവർ കൊണ്ടു വരുമായിരുന്നതും നമ്മുടെ നാട്ടിൽ അന്ന് സുലഭമല്ലാതിരുന്നതുമായിരുന്ന കടല, ഓറഞ്ചും, കരിമ്പും ശർക്കരയുണ്ട തുടങ്ങിയ ഭക്ഷ്യ ഇനങ്ങൾ ഇന്നും ഓർമ്മയുടെ ഓരോ നാട്ടുകാരന്റെയും ഉള്ളിൽ മധുരമായി മനസ്സിൽ മായാതെ കിടക്കുന്നു.

അതിജീവിതത്തിന്റെ ലോറി ജീവിതം

വീട് വിട്ടിറങ്ങുമ്പോൾ ലോറിയുടെ കാബിനാണ് ദിവസങ്ങളോളം തൊഴിലാളികളുടെ വീട്. കിടക്കാനുളള കട്ടിലും പുതപ്പും ഭക്ഷണ സാധനങ്ങളും സ്റ്റൗവും പാത്രങ്ങളും എല്ലാമായി ലോറിയുടെ കാബിനിലുളളിൽ അവർ സഞ്ചരിച്ചു ജീവിച്ചു. അടിവാരത്ത് നിന്ന് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും വലിയ പ്ലാസ്റ്റിക് കാന്നാസിൽ വെള്ളവും നിറച്ച് ഉത്തരേന്ത്യയെ ലക്ഷ്യമാക്കി വയനാടിന്റെ ചുരം കയറുമ്പോൾ മനസ്സ് ഒരു പിടയലാണ്. എന്തെല്ലാം കാര്യങ്ങൾ തരണം ചെയ്യണം? ഉരിയരി തേടി കഷ്ടപ്പാടുകൾ സഹിച്ച് അജ്ഞാതമായ നാടുകളിലൂടെയുള്ള യാത്ര. വഴിയിലുള്ള ചെക്ക് പോസ്റ്റുകൾ. തടഞ്ഞ് നിർത്തി മാമൂൽ ചോദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ. കള്ളൻമാരുടെയും കൊള്ള സംഘങ്ങളുടെയും ഭീതിപ്പെടുത്തുന്ന സാന്നിധ്യം! വയറെരിയുമ്പോൾ രണ്ട് മുന്നു ലോറികൾ ഒരുമിച്ച് കൂടി മരത്തണലിൽ പാചകം. വീണ്ടും യാത്ര തന്നെ. അകന്നു പോകുന്ന നാടിന്റെ കഥകൾ പറഞ്ഞും മൂളിപ്പാട്ടുകൾ പാടിയും ജീവിതത്തിന്റെ വളവുകളിലൂടെയും തിരിവുകളിലൂടെയും വലിയ വളയവും പിടിച്ചു അവർ യാത്ര ചെയ്തു.

നാടിനെ നടുക്കിയ പല അപകടങ്ങളും വേദനിപ്പിക്കുന്ന ഓർമ്മകളാണ്. ആരും പരിചയക്കാരായില്ലാത്ത വിദൂര ദേശങ്ങളിൽ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വാർത്ത കേട്ട് ഈ ലോറി ഗ്രാമം ഒരുപാട് തവണ വിറങ്ങലിച്ചു പോയിട്ടുണ്ട്. അംഗ വൈകല്യം സംഭവിച്ചവരെയോർത്ത് ഒരുപാട് തേങ്ങിയിട്ടുണ്ട്. വളരെ അപകടം പിടിച്ചതാണ് ചുരത്തിലൂടെയുള്ള ഡ്രൈവിംഗ്. എത്രയോ പേർക്ക് ചുരത്തിൽ വെച്ച് അപകടം സംഭവിച്ചിട്ടുണ്ട്.

നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി നാട്ടുകാരായ ലോറി തൊഴിലാളികളും ഉടമകളും വഹിച്ച പങ്ക് വളരെ വലുതാണ്. മല പോലെ ലോഡ് കയറ്റിയ ലോറിയിൽ മലകളും ചുരങ്ങളും കൂപ്പുകളും താണ്ടി കൊടും വേനലിലും മരം കോച്ചുന്ന തണുപ്പിലും ചക്രങ്ങളുരുളുമ്പോൾ തേഞ്ഞു തീർന്നത് ലോറയുടെ ‍ടയറുകൾ മാത്രമായിരുന്നില്ല. നാൾക്കുനാൾ ഉറക്കമൊഴിഞ്ഞ് കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ മെലിഞ്ഞുണങ്ങിയ ദേഹം കൂടിയായിരുന്നു.

ഇത്രയും കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് അന്നവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്ന ലോറി ജീവനക്കാർക്ക് എന്നും അവഗണന മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കയറ്റിറക്ക് തൊഴിലാളികൾ, ബ്രോക്കർമാർ, ഡ്രൈവർ, ക്ലീനർ, വർക്ക്ഷാപ്പ് ജീവനക്കാർ തുടങ്ങിയവരെല്ലാം വിശപ്പകറ്റിയിരുന്നത് ലോറി തൊഴിലിനെ ആശ്രയിച്ചായിരുന്നു. എന്നാൽ ചരിത്രത്തിനു കുറുകേ സഞ്ചരിച്ച ഈ വണ്ടിച്ചക്രങ്ങൾ വേണ്ട പോലെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മരുഭൂമിയിലെ ആടുജീവിതം പ്രവാസത്തിന്റെ കഷ്ടപ്പാടുകൾക്ക് ഉത്തമോദാഹരണമായി വായിക്കപ്പെടുമ്പോഴും അരനൂറ്റാണ്ടുകാലം ഒരു ദേശത്തിന്റെയും ജനതയുടെയും ഭാഗധേയം നിർണ്ണയിച്ച ലോറി ജീവിതം മലയാള സാഹിത്യത്തിലെവിടെയും രേഖപ്പെടാതെ പോയിരിക്കുന്നു എന്നത് ഈ നാട്ടുകാരുടെ സ്വകാര്യ സങ്കടമാണ്. തൊഴിൽ പ്രശ്നങ്ങളും ചരക്ക് ഗതാഗത്തിലെ പരിണാമവും പുത്തൻ ആശയങ്ങളും ഗൾഫ് കുടിയേറ്റവും കാരണം ഇന്ന് ലോറി വ്യവസായം ശുഷ്‌കമായിരിക്കുന്നു. പ്രവാസത്തിലും ചിലരൊക്കെ ആ മഹിതമായ താവഴി ഇന്നും പിന്തുടരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനാൽ ഇന്നാട്ടിലുള്ള ഭൂരിഭാഗവും ഡ്രൈവർമാർക്കും ചുരുങ്ങിയത് നാല് ഭാഷകളെങ്കിലും അറിയാം. രാജ്യങ്ങളിൽ കൂടി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.... പുതിയ അനുഭവങ്ങളിലൂടെ.... അറിവുകളിലൂടെ..... ഇന്നും പതിമംഗലം വളവിലൂടെ രാവിന്റെ മൗനത്തെ കീറി മുറിച്ച് പായുന്ന ലോറിച്ചക്രങ്ങളുടെ ഞരക്കങ്ങൾ കേൾക്കാം... ചക്രവാളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ.... വിദൂരമായ ലക്ഷ്യങ്ങളുളളവർ....ഓരോ നാട്ടുകാരന്റെയും ഓർമകളിൽ ഇന്നും ആദ്യമെത്തുന്നത് ഒരു കാലത്ത് പ്രിയപ്പെട്ട ലോറിപ്പണിക്കാർക്ക് വേണ്ടി പ്രിയത്തോടെ ഒരു നാട് പാടിയ പാട്ടിന്റെ ശീലുകൾ മാത്രം. പഴയ കാരണവൻമാർ ഒത്തുകൂടി ലോറിക്കഥകൾ പറഞ്ഞ് രസിക്കുന്ന കാഴ്ച ഇന്നും പതിമംഗലം, ചൂലാംവയൽ അങ്ങാടികളിൽ പതിവാണ്.

ലോറി ഗ്രാമം കൂടുതലറിയാൻ ഇവിടെ അമർത്തുക

ആരാധനാലയങ്ങൾ

മനുഷ്യൻ ഒരു സാമൂഹ്യജീവിയായി അവരോധിക്കപ്പെട്ടതു മുതൽ ദൈവികമായ വിശ്വാസങ്ങൾ അവനിലുണ്ടായിരുന്നു. ഈ വിശ്വാസമാണ് അവന്റെ പുരോഗതിക്കു കാരണമായി തീർന്നത്. ദൈവവിശ്വാസം ആരാധനാലയങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതോടു കൂടി അവന്റെ ജീവിതരീതികളിൽ സമൂലമായ പരിവർത്തനങ്ങളുണ്ടായി. ആരാധനാലയങ്ങൾ മനുഷ്യജീവിത പുരോഗതിയുടെ ഭാഗമായി തീർന്നു.

ചൂലാംവയൽ ജുമുഅത്ത് പള്ളി
കരുവാരപ്പറ്റ ശ്രീ പരദേവതാ ക്ഷേത്രം

ചൂലാംവയൽ ജുമുഅത്ത് പള്ളി

പ്രദേശത്തെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളാണ് ചൂലാംവയൽ മുസ്ലീം പള്ളിയും കരുവാരപ്പെറ്റ ശ്രീ പരദേവതാ ക്ഷേത്രവും. ഹിന്ദു മുസ്ലിം ജനവിഭാഗങ്ങൾ ഏകോദര സഹോദൻമാരെപ്പോലെ വർത്തിക്കുന്ന പ്രദേശത്ത് വർഗീയ കലാപങ്ങളോ മറ്റ് വിഭാഗീയ പ്രശ്നങ്ങളോ ചൂലാംവയൽ പ്രദേശത്തുകാർക്ക് കേട്ടുകേൾവി പോലുമില്ല. ചൂലാംവയൽ അങ്ങാടിയിൽ ദേശീയ പാതക്ക് തൊട്ടടുത്ത് മുസ്ലിം വിശ്വാസികൾക്ക് പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് വേണ്ടി നിർമ്മിച്ച സ്രാമ്പിയ ആയിരുന്നു ചൂലാംവയൽ പള്ളിയുടെ തുടക്കം. അന്ന് സ്രാമ്പിയയിൽ കുത്ത് റാത്തിബും മൗലീദും നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ വന്ദ്യ പിതാവ് ആലി മുസ്ല്യാർ ഏകദേശം പത്തുവർഷത്തോളം ഉറുക്കും മന്ത്രവും ചികിത്സയും നടത്തിയിരുന്ന തെക്കയിൽ, തൊടുകയിൽ തറവാടുകൾ ചൂലാംവയലിലാണ്. ഒരിക്കൽ ദഫ് മുട്ടി റാത്തീബ് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം സ്രാമ്പിയയിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചു തകർക്കുകയും ചെയ്തിരുന്നുവെന്ന് പഴമക്കാർ പറയുന്നു. പിന്നീട് സൗകര്യത്തിന് വേണ്ടി സ്രാമ്പിയയുടെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലത്ത് ഇന്ന് കാണുന്ന പള്ളി നിർമ്മിച്ചു. പ്രദേശത്തെ മുസ്ലീംകളുടെ കബർസ്ഥാൻ പണ്ട് മുതൽ ഈ പള്ളിയുടെ പരിസരത്താണ്. പള്ളിയോടനുബന്ധിച്ച് മദ്രസയും പ്രവർത്തിച്ചുവരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ മത പണ്ഡിതന്റെ നേതൃത്വത്തിൽ പള്ളിയിൽ താമസിച്ച പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മതവിദ്യാഭ്യാസം നൽകുന്ന ദർസ് പഠനം എന്നറിയപ്പെടുന്ന മത വിദ്യാഭ്യാസ സമ്പ്രദായം ഇവിടെയുണ്ടായിരുന്നു. ഈ രീതി ഇന്നും ഇവിടെ തുടർന്നുവരുന്നുണ്ട്. വെള്ളിയാഴ്ചകളിലെ ഉച്ചസമയത്തുള്ള പ്രാർത്ഥനക്ക് നൂറുക്കണക്കിനാളുകൾ ഇവിടെ ഒരുമിച്ച് കൂടുന്നു. വർഷത്തിലൊരിക്കൽ പ്രവാചക കീർത്തന സദസ്സും മത പ്രഭാഷണ സദസ്സുകളും ചൂലാംവയൽ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നു.

കരുവാരപ്പെറ്റ ശ്രീ പരദേവതാ ക്ഷേത്രം

പ്രാചീനകാലം മുതൽ തന്നെ മനുഷ്യ സമൂഹം ആചാരനുഷ്ഠാനങ്ങളിൽ വ്യാപൃതരായിരുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവിക ബന്ധത്തിൽ നിന്നാണ് കാർഷിക സംസ്കൃതി രൂപപ്പെട്ടു വരുന്നത്. തന്നെ ഭയപ്പെടുത്തുന്ന എന്തിനെയും ആരാധിക്കുന്ന ഒരു രീതി നിലനിന്നിരുന്നു. മധ്യകാലഘട്ടത്തോടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമായി തീർന്നു. പഴയകാലം മുതൽ തന്നെ ക്ഷേത്രങ്ങളും കാവുകളും ആത്മീയ കേന്ദ്രങ്ങൾ എന്നതിനോടൊപ്പം കലാകേന്ദ്രങ്ങൾ കൂടിയായിരുന്നു.

പൂർവ്വകാല സാമൂതിരി രാജാവിൽ നിന്നും ദേശ ഭരണാധികാരം നേടിയ പ്രഭുത്വമുള്ള കുടുംബത്തിന്റെ ഉപാസന ദേവൻമാരായ കരിയാത്തൻ പരദേവത, കണ്ണിക്കൽ കരുമകൻ പരദേവത, കുലവൻ പരദേവത, ഗുരുദേവൻ വിഷഹാരമൂർത്തി, രക്ഷസ്, ഗുളിയൻ എന്നീ പ്രതിഷ്ഠകളാൽ പ്രസിദ്ധമാണ് കരുവാരപ്പെറ്റ ശ്രീ പരദേവതാ ക്ഷേത്രം. ഉദ്ദിഷ്ഠ കാര്യങ്ങൾ പ്രാർത്ഥനയിലൂടെ സഫലീകൃതമാകുന്ന ദൈവിക ‍ചൈതന്യങ്ങൾ നിലകൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന എല്ലാ വർഷവും പുന:പ്രതിഷ്ഠയും തിറമഹോൽസവവും നടക്കാറുണ്ട്.ഗണപതി ഹോമം, കുളിച്ചുപുറപ്പാട് (ക്ഷേത്രത്തിന് പടിഞ്ഞാറുള്ള പൂനൂർ പുഴക്കടവിൽ നിന്നും പതിനഞ്ച് വയസ്സിൽ താഴെയുള്ള രണ്ട് ആൺകുട്ടികൾ വ്രതാനുഷ്ഠാനത്തോടെ കറുപ്പും ചുവപ്പും വേഷമണിഞ്ഞ്, വാളും പരിചയുമേന്തി ധീരതയെ പ്രകീർത്തിച്ചുകൊണ്ട് താള മേള ആർപ്പുവിളിയോടു കൂടി ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്ന ചടങ്ങ്), വിവിധ ദേവതമാരുടെ വെള്ളാട്ട്, വെട്ടും തടവും അഭ്യാസ പ്രകടനത്തോടെയുള്ള വിഷഹാരമൂർത്തിയുടെ വെള്ളാട്ട്, തായമ്പക, പള്ളിവേട്ട, വിവിധ തിറകൾ, പ്രസാദ ഊട്ട്, കലാശക്കെട്ട് എന്നീ കർമ്മങ്ങൾ ഇതോടനുബന്ധിച്ച് നടക്കാറുണ്ട്.

മൺമറഞ്ഞ പ്രമുഖർ

തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി, കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബ്, ടി ഇസ്മായിൽ കുട്ടി ഹാജി, കെ സി ഉസ്സയിൻ ഹാജി, ചെറുകുണ്ടൻ കക്കട്ടിൽ, അപ്പു കോണിക്കൽ, മൂത്തോറക്കുട്ടി മൊയിമുഖത്ത്, ഉണ്ണിച്ചന്തു പൂളപ്പൊയിൽ, കെ സി നായർ, ചന്തു അവ്വാത്തുട്ടയിൽ, പാലക്കൽ കോയാമു, സി വി മൊയ്തീൻ ഹാജി, എ പി ഖാദർ ഹാജി, എ സി അയമ്മദ് കുട്ടി മാസ്റ്റർ, കെ സി ഹംസ ഹാജി, തൊടുകയിൽ ഉസ്സയിൽ ഹാജി, പുത്തലത്ത് ഇമ്പിച്ചി മമ്മി ഹാജി, തെക്കെയിൽ ആലി മുസ്ല്യാർ, കല്ലുവളപ്പിൽ ചാത്തു, ചെക്കൂട്ടി, പീടികപുറായിൽ കോയാമു, കല്ലുമൂട്ടയിൽ അഹമ്മദ്കുട്ടി, മൂലാടൻ മണ്ണിൽ കാദർഹാജി, എ.പി കാദർഹാജി, സിവി മൊയ്തീൻ ഹാജി, പീടികപുറായിൽ മൂസ്സക്ക, കണ്ടക്ടർ കണാരൻ, അമ്പലപ്പറമ്പത്ത് അയമ്മദ് കുട്ടി ഹാജി, എ.കെ അഹമ്മദ് തുടങ്ങി പലരും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി പ്രവർത്തിച്ചിരുന്ന അതൃമാൻ കുട്ടി വൈദ്യർ, അത്തിക്കമണ്ണിൽ കോയാമു സാഹിബ്, മണ്ണത്തുമണ്ണിൽ കലന്തൻ സാഹിബ് തുടങ്ങിയവരും സ്മരിക്കപ്പെടേണ്ടവരാണ്.

കെ സി ഹുസൈൻ ഹാജി

കെ സി ഹുസ്സയിൽ ഹാജി

പതിമംഗലം പ്രദേശത്തെ പൗര പ്രമുഖരിൽ പ്രധാനിയായിരുന്നു കെ സി ഉസ്സയിൻ ഹാജി. സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന കണ്ണങ്ങര തറവാട്ടിൽ ജനിച്ച അദ്ദേഹം ദാരിദ്ര്യം മൂലം കഷ്ടപ്പാടനുഭവിച്ചിരുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെ അത്താണിയായിരുന്നു. ഭൂവുടമയായിരുന്ന അദ്ദേഹം തന്റെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സാധാരണക്കാരായ പാവപ്പെട്ടവർക്ക് തൊഴിൽ നൽകിയതിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തി. കാർഷിക മേഖലയിൽ അദ്ദേഹം പ്രത്യേകം താൽപരനായിരുന്നു. എട്ട് ആനകളും നിരവധി കാളകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു. അക്കാലത്തെ പ്രമുഖ വ്യക്തികളായിരുന്ന കെ പി ചോയി, സി സി ചെറൂട്ടി എന്നിവരുമായി ഊഷ്മളമായ വ്യക്തിബന്ധം പുലർ‍ത്തിയിരുന്ന അദ്ദേഹം സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പൊയിൽത്താഴം പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ശ്രമഫലമായാണ് പ്രദേശത്ത് ആദ്യമായി ഒരു ഹരിജൻ വെൽഫെയർ സ്കൂൾ ആരംഭിക്കുന്നതിന് 1942 ൽ സർക്കാറിൽ നിന്നും അനുമതി ലഭിച്ചത്. എന്നാൽ സ്കൂൾ അനുവദിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാവാത്തതിനാൽ അന്നത്തെ പൊയിൽത്താഴം തറവാട്ടിൽ നിന്നും സ്ഥലം സ്വീകരിച്ച് സ്കൂളിന് വേണ്ടി സംഭാവന ചെയ്തു. പ്രദേശത്തെ നിരവധി ഹരിജൻ വിദ്യാർത്ഥികളും അല്ലാത്തവരും അറിവിന്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കിയത് ഇവിടെ നിന്നാണ്. ഈ പ്രാഥമിക വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയ പലരും ഉയർന്ന ഉദ്യോഗത്തിൽ എത്തിയിട്ടുണ്ട്.

നാട്ടിൽ അക്കാലത്ത് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വലുതും ചെറുതുമായ തർക്കങ്ങളിൽ പ്രശംസനീയമായ രീതിയിൽ മധ്യസ്ഥത വഹിച്ചിരുന്ന അദ്ദേഹത്തിന് പോലീസ്, ജുഡീഷ്യറി എന്നിവയിൽ വ്യക്തി ബന്ധങ്ങളും സ്വാധീനവും ഉണ്ടായിരുന്നു. ഡ്രൈവിംഗ് അഭ്യസിക്കാൻ സാധാരണക്കാർക്ക് അവസരങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് കെ സി ഉസൈൻ ഹാജി പ്രത്യേക താൽപര്യമെടുത്ത് നാട്ടുകാരായ നിരവധി യുവജനങ്ങൾക്ക് ഡ്രൈവിംഗ് അഭ്യസിക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ദരിദ്ര കുടുംബങ്ങളിൽപ്പെട്ടവർ ഈയവസരം ഉപയോഗപ്പെടുത്തുകയും പിൽക്കാലത്ത് വാഹനമുടമകളായിത്തീരുകയും ചെയ്തിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത അക്കാലത്ത് നാട്ടിലെ പാവപ്പെട്ടവരുടെയും നിരാലംബരുടെയും ഏക ആശ്രയവുമായിരുന്ന കെ സി ഉസ്സയിൻ ഹാജി ജന മനസ്സുകളിൽ ഇന്നും ജീവിക്കുന്നു.

പീടികപ്പുറായിൽ കോയാമു സാഹിബ്

കോയാമു സാഹിബ്

പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പീടികപ്പൂറായിൽ കോയാമു സാഹിബ്. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തോട് പൊതുജനങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ബ്രിട്ടിഷ് ഭരണ കാലത്ത് പതിമംഗലം വളവിൽ ഇന്നു കാണുന്ന പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് അദ്ദേഹം പ്രത്യേകം താൽപര്യമെടുത്ത് ഒരു ചെറിയ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചിരുന്നു. ഈ വിദ്യാലയത്തിന് അക്കാലത്ത് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല എങ്കിലും കുടുംബക്കാരും നാട്ടുകാരായ ഒട്ടേറെ പേർ ഈ വിദ്യാലയത്തിൽ ‍ചേർന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചിരുന്നു. വഴിപോക്കിൽ ഉസൈൻ കുട്ടി ഹാജി, തോട്ടത്തിൽ മൂസ്സ, വലിയ മണ്ണത്താൾ ഹംസ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലരാണ്. കോയാമു സാഹിബ് അദ്ദേഹത്തിന്റെ മുതിർന്ന മക്കൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നല്കിയിരുന്നതും ഇവിടെ നിന്നായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഉണ്ടായിരുന്ന പ്രയാസങ്ങൾ മൂലം പിൽക്കാലത്ത് ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് സൗത്ത് കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട് എന്ന സ്ഥലത്ത് ഒരു സർക്കാർ വിദ്യാലയം നിലവിൻ വരുന്നതിന് പ്രേരകമായത് ഈ വിദ്യാലയമായിരുന്നുവെന്നു. തന്റെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു കോയാമു സാഹിബ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. കോഴിക്കോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപികയായ ഖദീജ ടീച്ചർ (ചെറിയ സ്കൂൾ എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന കൊടുവള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു), 1955 ൽ തമിഴ്നാട്ടിൽ നഴ്സിംഗ് പഠനം നടത്തുകയും പിന്നീട് നഴ്സിംഗ് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത പാത്തുമ്മ, കൊടുവള്ളി ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സൈനബ എന്നിവർ അദ്ദേഹത്തിന്റെ പെൺ മക്കളാണ്. ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ആമസോൺ നദിക്ക് സമാന്തരമായിട്ടൊഴുകുന്ന ഭൂഗർഭ നദിയായ ഹംസ നദി പര്യവേക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്ത വലിയ മണ്ണത്താൾ ഹംസ, കേരള വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയർ അബ്ദൂൽ അസീസ്, മുഹമ്മദ് എന്നിവർ കോയാമു സാഹിബിന്റെ മക്കളിൽ പ്രമുഖരാണ്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ മലബാർ കലാപത്തിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.

പൊതുസ്ഥാപനങ്ങൾ

ചൂലാംവയലിൽ സ്ഥിതി ചെയ്യുന്ന മാക്കൂട്ടം എ എം യു പി സ്കൂളിന് പുറമേ സമീപ പ്രദേശങ്ങളായ അരീച്ചോലയിൽ, നൊച്ചിപ്പൊയിൽ, പാലക്കൽ, പരപ്പിൽ, കാരക്കുന്നുമ്മൽ, കൂടത്താലുമ്മൽ, അക്കനാടൻ കുഴിയിൽ, ചുടലക്കണ്ടിയിൽ എന്നിവിടങ്ങളിൽ അംഗൻവാടികൾ പ്രവർത്തിച്ചുവരുന്നു. ആമ്പ്രമ്മൽ കേരള സർക്കാറിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്.

ക്ലബുകൾ

സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗങ്ങളിൽ പ്രദേശത്തെ പ്രാദേശിക ക്ലബ് കൂട്ടായ്മകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. പതിമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്, എം എഫ് എ ചൂലാംവയൽ, പന്തീർപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വേദി പന്തീർപ്പാടം, ജെ പി സാംസ്കാരിക വേദി തുടങ്ങിയവ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.

മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്

വർഷങ്ങൾക്ക് മുമ്പ് ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ നിന്ന് പടിച്ചിറങ്ങിയ ഒരു പറ്റം വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ സാമൂഹ്യ കൂട്ടായ്മയാണ് മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്. ക്ലബിന്റെ ഇപ്പോഴത്തെ പേര് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് എന്നാണ്. വിദ്യാഭ്യാസ രംഗത്തും കലാ കായിക രംഗങ്ങളിലും മലർവാടി ക്ലബ് പ്രദേശത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു. കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് ആതിഥ്യമരുളാൻ മാക്കൂട്ടം എ എം യു പി സ്കൂളിന് അവസരമുണ്ടായപ്പോൾ അതിഥികളായെത്തിയ വിദ്യാർത്ഥി പ്രതിഭകളെയും സംഘാടകരെയും അധ്യാപകരെയും വിരുന്നൂട്ടിയത് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു. മാക്കൂട്ടം എ എം യു പി സ്കൂളിൽ വർഷങ്ങളായി നടന്നുവരുന്ന ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾ ക്ലബിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. ക്ലബ് മെമ്പർമാരായ ഫുട്ബോൾ പരിശീലകർ എല്ലാ വർഷവും സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് മികച്ച ശിക്ഷണം നൽകി വരുന്നുണ്ട്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തും മലർവാടി ആർട്സ് & സ്പോർട്സ് ക്ലബും സംയുക്താഭിമുഖ്യത്തിൽ വർഷം തോറും പതിമംഗലത്ത് വെച്ച് പഞ്ചായത്ത് തല എൽ പി, യു പി സ്കൂൾ ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നു.

കോവിഡ് കാലത്ത് അധ്യയനം ഓൺലൈൻ ആയി മാറിയപ്പോൾ ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളില്ലാതെ പ്രയാസം നേരിട്ട മാക്കൂട്ടം എ എം യു പി സ്കൂളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി മലർവാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിവൈസ് ചാലഞ്ച് സംഘടിപ്പിക്കുകയും ഈ തുകയുപയോഗിച്ച് 85000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ഉപകരണങ്ങൾ ക്ലബ് നൽകുകയുമുണ്ടായി.

ആമ്പ്രമ്മൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി

മാറുന്ന ഗ്രാമം

കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്ന് , ആറ് വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ചൂലാംവയൽ പ്രദേശം. പണ്ട് ഇടവഴികൾ മാത്രമുണ്ടായിരുന്ന ആമ്പ്ര മല, മേക്കോത്ത് മല, തണ്ണിക്കുണ്ട് മല, പേവുംകൂടും മല, കഴുത്തിടുക്കിൽ-കൂടത്താലുമ്മൽ മല എന്നീ പ്രദേശങ്ങളിലേക്ക് റോഡുകൾ വന്നതോടുകൂടി വൈദ്യുതിയടക്കമുള്ള സംവിധാനങ്ങൾ എത്തുന്നതിന് വേഗത കൂടി. പൂനൂർ പുഴയിലെ അരീച്ചോലക്കടവിൽ നിന്നുമെടുത്ത വെള്ളമായിരുന്നു മുൻ കാലങ്ങളിൽ ആമ്പ്രമലയിലെ ടാങ്കിലെത്തിച്ച് പരിസരപ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിച്ചിരുന്നത്. പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 290 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജല സംഭരണി ആമ്പ്ര മലയിൽ നിലവിൽ വന്നപ്പോൾ ഇവിടുത്തുകാരുടെ ജലക്ഷാമത്തിന് പരിഹാരമായി. ലോറി ഉപജീവനമായിരുന്ന കാലത്ത് ചൂലാംവയൽ, പതിമംഗലം, പന്തീർപ്പാടം, മുറിയനാൽ എന്നീ സ്ഥലങ്ങളിൽ പ്രധാനമായും അതുമായി ബന്ധപ്പെട്ട കടകളും കേന്ദ്രങ്ങളും ആയിരുന്നുവെങ്കിൽ ഇന്ന് ദേശീയ പാതയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഹോട്ടലുകൾ, സൂപ്പർമാർക്കറ്റ് അടക്കമുള്ള വ്യാപാര സമുശ്ചയങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവക്ക് പ്രാധാന്യം കൈവന്നു.

തനത് കലാരൂപങ്ങൾ

തിറ മഹോൽസവം
ഒപ്പന

സമൂഹത്തെ സംസ്‌ക്കരിക്കുന്നതിനും മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നതിനും കാരണമായി തീർന്നത് കലയും സാഹിത്യവും അതുവഴി വികസിച്ചു വന്ന സംസ്കാരവുമാണ്. മനുഷ്യനെ ഒന്നിപ്പിച്ചു നിർത്താനും പുരോഗതിയിലേക്ക് നയിക്കാനും കലയും സാഹിത്യവും വഹിച്ച പങ്ക് മഹത്തരമാണ്. സംഘടിതമായി ജീവിക്കാൻ തുടങ്ങിയ കാലഘട്ടത്തോടുകൂടി വിവിധ ഘട്ടങ്ങളായി പാട്ട്, നൃത്തം എന്നീ കലകൾ ബോധപൂർവ്വമല്ലാതെ അവനിൽ വന്നനുഭവിച്ചു. വൈയക്തികമായ ജീവിതത്തിന്റെ ആവിഷ്‌കാരം എന്ന നിലയിൽ ഒരു കൂട്ടായ്മയിൽ നിന്ന് രൂപപ്പെട്ടതാണ് നാടൻ കലാരൂപങ്ങൾ. മനുഷ്യന്റെ വികാരങ്ങളും പ്രതിഷേധവുമെല്ലാം അതിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടു. അടിച്ചമർത്തപ്പെടലിന്റെ വൈകാരികഭാവത്തെ മിക്കൻ നാടൻ കലകളിലും നമുക്ക് കാണാം. കല മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഏതൊരു ഭാഷാ സാഹിത്യത്തിന്റെയും അടിസ്ഥാന ശില വാമൊഴി സാഹിത്യവും നാടോടിക്കഥകളുമാണ്. പിൽക്കാലത്തുണ്ടായ മിക്ക ശാസ്ത്രീയ കലകളുടെയും അടിസ്ഥാനം നാടോടി പാരമ്പര്യമാണെന്നു പറയാം. ജാതിമതചിന്തകൾക്കതീതമായി മനുഷ്യനെ ഒന്നിപ്പിക്കുന്ന ഏകവസ്തു കലയാണ്. കലയുള്ള മനസ്സ് നിഷ്‌കളങ്കവും വിശുദ്ധവുമാണ്. പാട്ടുപാടിയും കഥപറഞ്ഞും രസിപ്പിച്ച മുത്തശിമാരിൽ നിന്നു തുടങ്ങി യഥാർത്ഥ അനുഭവങ്ങളുടെ തീവ്രതയെ രസകരമായി അവതരിപ്പിക്കുന്നവർ വരെ ചൂലാംവയലിൽ പരിസര പ്രദേശങ്ങളിലും പഴയകാലത്ത് ഉണ്ടായിരുന്നു. മാപ്പിളപാട്ടും മൈലാഞ്ചി പാട്ടും ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീറും പടപ്പാട്ടും സുന്ദരമായി പാടിനടക്കുന്നവരും അതിനെപ്പറ്റി അറിവുള്ളവരും ഇവിടെ വിരളമല്ല. കെട്ടുകല്ല്യാണത്തിൽ ഒപ്പനപ്പാട്ടു പാടി കൈകൊട്ടി കളിക്കുന്ന രീതി പതിവായിരുന്നു. ഇന്നും വിവാഹത്തലേന്ന് വധുവിന്റെ വീട്ടിൽ ചിലയിടങ്ങളിൽ കുട്ടികളുടെ ഒപ്പനക്കളിയും പാട്ടും ഉണ്ടാവാറുണ്ട്. ഒപ്പനയും ഓണപ്പാട്ടും ഓണക്കളികളും കരുവാരപ്പറ്റ ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ ഉൽസവങ്ങളോടനുബന്ധിച്ചുള്ള കലാ രൂപങ്ങളും നാടിന്റെ നാടോടി പാരമ്പര്യത്തിൽ അലിഞ്ഞുചേർന്നതാണ്.

ഭാഷാഭേദങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശമായ ചൂലാംവയലിലും പരിസര പ്രദേശങ്ങളായ മുറിയനാൽ, പന്തീർപ്പാടം, പതിമംഗലം പ്രദേശങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങളുണ്ട്. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല. വാർത്താ ചാനലുകളുടെയും യൂട്യൂബ് അടക്കമുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെയും അതിപ്രസരം മൂലം പുതിയൊരു ഭാഷാ സംസ്കാരം രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ പാരമ്പര്യമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇത്തരം വാക്കുകൾ സമീപ ഭാവിയിൽ ഇല്ലാതായേക്കും. ഭാഷാഭേദങ്ങൾ

നൂറ്റാണ്ടിന്റെ സാക്ഷി

മാക്കൂട്ടം എ എം യു പി സ്കൂളിന്റെ പേരിൽ മാക്കൂട്ടം എന്ന പേര് ഉണ്ടാവാൻ കാരണം സ്കൂൾ ആദ്യകാലത്ത് പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോൾ കുന്നമംഗലത്തെ മുക്കം ജംഗ്ഷന് സമീപമുള്ള മാക്കൂട്ടം പറമ്പ് എന്ന സ്ഥലത്തായിരുന്നു. പിന്നീടാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചൂലാംവയലിലേക്ക് മാറിയത്. 1925 ൽ പ്രവർത്തിച്ചു തുടങ്ങി 1929 ൽ അംഗീകാരവും ലഭിച്ചു. ഇപ്പോൾ സ്കൂൾ നവതിയാഘോഷവും കഴിഞ്ഞ് ഒരു നൂറ്റാണ്ട് പൂർത്തിയാകാൻ ഏതാനും വർഷങ്ങൾ കൂടി മാത്രം ബാക്കിയിരിക്കെ മാക്കൂട്ടത്തിന്റെ ഓരോ വളർച്ചയിലും സ്പന്ദനങ്ങളിലും മൂക സാക്ഷിയായി ചൂലാംവയലിന് ഒരു അലങ്കാരമായി തലയുയർത്തി നിൽക്കുകയാണ് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള കപ്പായി മുത്തശ്ശി മാവ്. 150 വർഷത്തിലധികം പഴക്കമുണ്ട് ഈ മാവിന്. ഇത്രയും പഴക്കമുള്ള മാവ് പ്രദേശത്തും പരിസര പ്രദേശത്തും ഇല്ല. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പക്ഷി മൃഗാതികൾക്കും കുളിർമ്മയുള്ള തണൽ നൽകുന്നുവെന്ന് മാത്രമല്ല വർഷം തോറും തേനൂറും മാമ്പഴം നൽകുന്നു ഈ മാവ് മുത്തശ്ശി. 2018 ൽ ഈ മാവ് മുറിച്ചൂമാറ്റാൻ ശ്രമമുണ്ടായപ്പോൾ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ പ്രദേശം സന്ദർശിച്ചിരുന്നു. മാക്കൂട്ടത്തിലെ മുത്തശ്ശി മാവ് കരുത്തോടെ വളർന്ന് പന്തലിച്ചതുപോലെ തൊട്ടു സമീപമുള്ള മാക്കൂട്ടം സ്കൂളും അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് മികവിന്റെ കരുത്തിൽ അന്തസ്സോടെ കൂടുതൽ ഉയരങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ്. കാലത്തിന്റെ വെല്ലുവിളികൾ അതീജീവിച്ച ഈ നാടിന്റെ രണ്ട് മഹാ പ്രസ്ഥാനങ്ങളാണ് മാവും മാക്കൂട്ടവും. പ്രതിസന്ധികളെ സധൈര്യം ഏറ്റെടുക്കണമെന്ന സന്ദേശമാണ് മാവും മാക്കൂട്ടവും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നൽകുന്നത്.

ചൂലാംവയൽ അങ്ങാടിയിലുള്ള മുത്തശ്ശി മാവ്
പ്രൊഫസർ ശോഭീന്ദ്രൻ മാവ് സന്ദർശിച്ചപ്പോൾ

ബ്രീട്ടീഷ് ഭരണകാലത്തെ കിണർ

നൂറ്റാണ്ടിന്റെ പഴക്കമുള്ള ചൂലാംവയലിലെ കിണർ

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പ്രദേശത്തെ കിണറാണ് മാക്കൂട്ടം എ എം യു പി സ്കൂളിന് പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നത്. ചൂലാംവയൽ അങ്ങാടിയിൽ ഇന്ന് കാണുന്ന മുസ്ലീം പള്ളി നിർമ്മിക്കുന്നതിന് മുമ്പ് റോഡിന് സമീപമായി വിശ്വാസികൾക്ക് പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് ഒരു സ്രാമ്പ്യ ഉണ്ടായിരുന്നു. ഈ സ്രാമ്പിയയിൽ വരുന്ന വിശ്വാസികൾക്ക് അംഗസ്നാനം ചെയ്യുന്നതിനും ചൂലാംവയൽ പ്രദേശത്തെ കിണറുകളില്ലാത്ത വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിനും ഈ കിണർ ആയിരുന്നു പ്രധാന ആശ്രയം. പണക്കാരായ ചുരുക്കം ചിലരുടെ വീടുകളിലായിരുന്നു അക്കാലത്ത് കിണർ ഉണ്ടായിരുന്നത്. കാലങ്ങൾക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കിണർ ആയതോടുകൂടി ഈ കിണർ മുത്തശ്ശി ക്രമേണ വിസ്മരിക്കപ്പെട്ടുവെങ്കിലും മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒരു ചരിത്ര സ്മാരകമായി ഇന്നും തെളിനീർ നൽകുന്നു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ കിണർ.

വിവരശേഖരണവും ഏകോപനവും

സാമൂഹ്യ ശാസ്ത്ര ക്ലബ്, മാക്കൂട്ടം എ എം യു പി സ്കൂൾ

നാടിന്റെ പരിസര പ്രദേശങ്ങൾ

  • മുറിയനാൽ
  • പന്തീർപ്പാടം
  • പണ്ടാരപ്പറമ്പ്
  • നൊച്ചിപ്പൊയിൽ
  • പതിമംഗലം
  • അരീച്ചോലയിൽ
  • ഉപ്പഞ്ചേരിമ്മൽ
  • പടനിലം

നാടിന്റെ ഭൂപടം


{{#multimaps:11.32295,75.88421|zoom=14}}


അവലംബം

  • എൻ ഖാദർ മാസ്റ്റർ ആരാമ്പ്രം (മുൻ അധ്യാപകൻ, മാക്കൂട്ടം എ എം യു പി സ്കൂൾ)
  • എ പി കുഞ്ഞായിൻ (ചൂലാംവയൽ പ്രദേശവാസി)
  • മമ്മൂട്ടി മുഹമ്മദ് പതിമംഗലം (മുൻ ലോറി തൊഴിലാളി, പതിമംഗലം)