ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വാർത്തകൾ വിരൽത്തുമ്പിൽ...

വിദ്യാലയപ്രവർത്തനങ്ങളുടെ നേർകാഴ്ചയിലേക്ക് ....

പുത്തൻ പുതിയ വാർത്തകൾ...

റെക്കോർഡ് കരസ്ഥമാക്കി കുഞ്ഞു സിയ

നാല് വയസ്സുകാരി  സിയ മെഹ്റിന് സ്കോട്സിൽ 3 റെക്കോഡുകൾ സ്വന്തം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാമ്സ്  വേൾഡ് റെക്കോർഡ്‌സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി കടന്നുകൂടിയത്. തോന്നയ്ക്കൽ നാട്യഗ്രാമത്തിൽ കരാട്ടെ പഠിക്കുന്ന സിയ തോന്നയ്ക്കൽ എൽ.പി.എസ്സിലെ പ്രീപ്രൈമറി വിദ്യാർത്ഥിനിയാണ്. തോന്നയ്ക്കൽ ഹൈസ്കൂളിലെ അധ്യാപകനായ ഷബിമോന്റെയും നിയമസഭ സെക്രട്ടറിയേറ്റ് ജീവനക്കാരിയായ നസിയ നസീറിന്റെയും മകളാണ്. മിനുട്ടിൽ 52 തവണയാണ് സിയ സ്കോട്സ്  ചെയ്തത്.




തോന്നയ്ക്കൽ സ്കൂളിലെ ഉണ്ണിയാർച്ച


അറുപത്തിമൂന്നാമത് ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ ചുവടുവെപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവനന്ദ. തോന്നയ്ക്കൽ എൽ.പി.എസ്സിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ്.  ആയോധന കലകളുടെ പ്രാധാന്യം മനസ്സിലാക്കി അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ.





വിക്‌ടേഴ്‌സിൽ താരമായി ആദിനാഥ്


കൈറ്റ് വിക്‌ടേഴ്‌സ് ചാനലിൽ പങ്കെടുത്ത് സ്കൂളിലെ താരമായി മാറിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ആദിനാഥ്. മൂന്നാം ക്ലാസ്സിലെ ഇ.വി.എസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽ വെജിറ്റബിൾ സലാഡ് ഉണ്ടാക്കിയാണ് ആദിനാഥ് താരമായത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സജീന ടീച്ചർ സ്നേഹ സമ്മാനം നൽകി അഭിനന്ദിച്ചു.



അമൃതമഹോത്സവം വിജയികൾ



സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം- അമൃതമഹോത്സാവത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം, ബി.ആർ.സി കണിയാപുരം സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുണക്കുട്ടികൾ. കോവിഡ് മഹാമാരിമൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സമയത്തും അതിലൊന്നും തളരാതെ ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സരമായിരുന്നു. കേവലം ഒരു ദിവസത്തെ പരിശീലനം കൊണ്ടാണ് ഈ മിടുക്കർ സമ്മാനം കരസ്ഥമാക്കിയത്.



ഒന്നാം ക്ലാസുകാരി മിടുമിടുക്കി

ഗവ : എൽ. പി. എസ്സ് തോന്നയ്ക്കൽ സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അനിർവിന്ന്യ കലാപരമായ കഴിവുകൾ കൊണ്ട് വിവിധ മേഖലകളിൽ പ്രശസ്തി നേടുകയാണ്. ഈ ആറ് വയസുകാരി ദേശീയ ബാലതരംഗത്തിന്റ ഭാരവാഹി കൂടിയാണിപ്പോൾ. പ്രസംഗം, കഥാ പ്രസംഗം എന്നിവയാണ് അനിർവിന്യക്ക് കൂടുതലായി വഴങ്ങുന്നത്. ഈ കൊച്ചുമിടുക്കി കവിത, കളരി, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, വെസ്റ്റേൺ ഡാൻസ് എന്നിവ പരിശീലിക്കുന്നു. ഇതിനോടകം തന്നെ ഭാരത് വിഷൻ ചാനലിലും, പത്ര മാധ്യമങ്ങളിലും അനിർവിന്യയുടെ കഴിവുകൾ തെളിയിച്ചുകൊണ്ടുള്ള വാർത്തകൾ വന്നുകഴിഞ്ഞു. ധാരാളം പുരസ്‌ക്കാരങ്ങളും ഈ ചെറുപ്രായത്തിൽ അനിർവിന്ന്യ നേടിക്കഴിഞ്ഞു . നെടുമങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ടീച്ചർ ആയ ആതിരയാണ് അമ്മ. ഈ സകലകലാ വല്ലഭ സോഷ്യൽ മീഡിയയിലും താരമാണ്.


അസംബ്ലിയും പതിവുപോലെ


കോവിഡ് മഹാമാരിക്കിടയിൽ സ്കൂളുകൾ സാധാരണ പോലെ തുറന്നപ്പോൾ. എല്ലാവർക്കും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കളിചിരികളാൽ വീണ്ടും വിദ്യാലയം സജീവമായി. തോന്നയ്ക്കൽ എൽ.പി.എസ്സിലെ സ്കൂൾ അസംബ്ലി പതിവുപോലെ ആരംഭിച്ചു. പഴയ രൂപത്തിലും ഭാവത്തിലും തന്നെയാണ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്. നാലാം ക്ലാസ്സുകാരാണ് ആദ്യ അസംബ്ലിക്ക് നേതൃത്വം നൽകിയത്. നേതൃത്വം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്തത്. പ്രാർത്ഥന, പ്രതിജ്ഞ, പൊതു വിജ്ഞാനം, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, മഹത്‌വചനങ്ങൾ,ചിന്താവിഷയം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. വളരെ നാളുകൾക്ക് ശേഷം എല്ലാ ക്ലാസ്സുകാരും ഒരുമിച്ച അസംബ്ലി കുട്ടികൾക്കും അധ്യാപകർക്കും സന്തോഷകരവും ഏറെ അനുഭൂതി നിറഞ്ഞതുമായിരുന്നു.



ഇത് അഭിമാന നിമിഷം


അറിവ് 2021 ക്വിസ് മത്സരത്തിൽ കണിയാപുരം ബി ആർ സി തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനി ശിഖ ആർ സതീഷ്. മത്സരിക്കുന്ന ഇനങ്ങളിൽ എല്ലാം ഒരു ചെറിയ സമ്മാനമെങ്കിലും ഈ മിടുക്കി കരസ്ഥമാക്കിയിരിക്കും. അക്ഷരമുറ്റം ,കണിയാപുരം ഉപജില്ലയിലെ സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ മത്സരങ്ങളിലും ഈ വർഷം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കണിയാപുരം ബി ആർ സി കോർഡിനേറ്റർ ശ്രീ.സതീഷ് ജി.വി. യുടെ മകളാണ് ശിഖ.



സരസ്സ് കൂട്ടായ്മയ്ക്ക് നന്ദി



ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തോന്നയ്ക്കലിലെ 1994 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ സരസ്സ് , തോന്നയ്ക്കൽ എൽ.പി.എസ്സിലെ കുഞ്ഞു മക്കൾക്ക് ഒരു വൈറ്റ് ബോർഡ്‌ വാങ്ങി നൽകി. സരസിലെ എല്ലാ സുമനസ്സുകൾക്കും തോന്നയ്ക്കൽ എൽ.പി.എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.



ഹലോ ഇംഗ്ലീഷ്


ഈ അക്കാദമിക വർഷത്തിൽ "ഹലോ ഇംഗ്ലീഷ്" ഉത്‌ഘാടനം വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി നിർവഹിച്ചു. കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി നടന്ന ഈ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ വർണാഭമായ ആയി തീർന്നു ഹലോ ഇംഗ്ലീഷ്.



അതിജീവനം



കോവിഡ് കാലത്ത് കുട്ടികൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിന് "അതിജീവനം" എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു പരിപാടിയാണ് അതിജീവനം. കുട്ടികൾ വളരെ ക്രിയാത്മകമായി പങ്കെടുത്തു.



ഗാന്ധിദർശൻ


ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മാണം നടത്തി. കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ലോഷന്റെ ആദ്യ വിൽപ്പന സ്കൂൾ ഹെഡ് മിസ്ട്രെസ്സിന് നൽകി ഉത്‌ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്ക് ചേർന്നു.