സി.യു.പി.എസ് കാരപ്പുറം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/9/9b/WhatsApp_Image_2022-03-10_at_16.58.19.jpg/300px-WhatsApp_Image_2022-03-10_at_16.58.19.jpg)
വിദ്യാലയ ചരിത്രം
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിനൊപ്പം അംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു.
3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.
സ്കൂളിൻറെ പ്രവർത്തനം ഇപ്പോൾ പുതിയ സമുച്ചയത്തിലേക്ക് മാറിയിരിക്കുന്നു.മഞ്ചേരി തൃപ്പനച്ചിയിലെ അബ്ദുൽ മജീദ് സാറായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്ന സാങ്കേതിക കാരണത്താൽ അദ്ദേഹത്തിന് ഉടനെ തന്നെ തിരിച്ചു പോകേണ്ടി വന്നു. തുടർന്ന് ചുങ്കത്തറ എം.പി,എം ഹൈസ്കൂളിൽ നിന്ന് വന്ന വി.പി വർഗ്ഗീസ് സാർ 1980 മാർച്ച് 17ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം വഴിക്കടവിലെ രത്നമ്മാൾ ടീച്ചറും അധ്യാപികയായി പ്രൊട്ടക്ഷനിൽ ഇവിടെയെത്തി.
സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ കുട്ടി മുഹമ്മദ് പകിടീരിയുടെ മകനായ ഉസ്മാൻ പിഎം ആയിരുന്നു. രണ്ടാമത്തേത് കമ്മുവിന്റെ മകളായ ആയിഷ പി, മൊയ്തീൻകുട്ടി അയ്യറാലിയുടെ മകനായ ഹംസ ആയിരുന്നു മൂന്നാമത്തെ കുട്ടി. ഒരു എൻജിനീയർ ആയ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ സ്ഥിരതാമസം ആണെന്ന് അറിയുന്നു ആദ്യത്തെ പിടിഎ പ്രസിഡണ്ട് സുധ എന്ന കുട്ടിയുടെ അച്ഛനായ രാമൻ വൈദ്യർ ആയിരുന്നു.
ആദ്യത്തെ ഒരു വർഷത്തിനു ശേഷം ചില അഭിപ്രായവ്യത്യാസങ്ങളാൽ സ്കൂളിന്റെ പ്രവർത്തനം മദ്രസയിൽ നിന്നും കാരപ്പുറത്തെ ചോളമുണ്ട ഹാജിയാരുടെ പീടിക മുറികളിലേക്ക് മാറേണ്ടിവന്നു. മുളയും ഓലയും മറ്റും ഉണ്ടാക്കിയ 4 ക്ലാസ് മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. 1980-81 അധ്യയനവർഷം പീടിക മുറിയിൽ ആരംഭിച്ചെങ്കിലും 1981 ജനുവരി മാസം തന്നെ ഇന്ന് സ്കൂൾ നിൽക്കുന്നിടത്ത് ക്ലാസുകൾ ആരംഭിക്കുന്നതിന് സാധിച്ചു. സ്കൂളിനുവേണ്ടി സ്ഥിരമായ കെട്ടിടം പണിയാൻ വടക്കൻ അബ്ദുൽസലാമിൽ നിന്നും കളത്തിങ്കൽ ഹംസ ഹാജി വിലയ്ക്കു വാങ്ങിയതായിരുന്നു ഈ സ്ഥലം. 1985 ഓഗസ്റ്റ് 21-ന് വടക്കൻ മുഹമ്മദ് ഹാജി സ്കൂൾ വിലയ്ക്കു വാങ്ങുകയും സ്കൂൾ മാനേജർ ആവുകയും തുടർന്ന് ക്ലാസ് മുറികളെല്ലാം പണിയുകയും ചെയ്തു.
1979 സ്കൂൾ ആരംഭിക്കുമ്പോൾ ഏറനാട് താലൂക്കിലെ നിലമ്പൂർ ബ്ലോക്കിലെ എടക്കര പഞ്ചായത്തിലെ എടക്കര വില്ലേജിൽപ്പെട് സ്ഥലത്തായിരുന്നു. സ്കൂൾ ആരംഭിച്ച വർഷമാണത്രേ മൂത്തേടം പഞ്ചായത്തിന്റെ ഗവൺമെൻറ് അംഗീകാരവും. സ്കൂൾ ആരംഭിച്ച വർഷത്തെ നിലമ്പൂർ എ.ഇ.ഒ എ സി ജോസ് സാറായിരുന്നു.കൂടുതൽ കുട്ടികളും കൂടുതൽ ഡിവിഷനുകളും ആരംഭിച്ചതോടെ കൂടുതൽ അധ്യാപകരെയും മാനേജർ നിയമിച്ചു. രാജേന്ദ്രൻ, അമ്മിണി,സി.റ്റി സൂസമ്മ, സീതിക്കോയ തങ്ങൾ, സിറ്റി രാധാമണി, തങ്കപ്പൻ, ജോയ്സ് ജേക്കബ്, സുധാമണിയമ്മ, ജെസ്സി ജോർജ്, ജെസ്സി തോമസ്, ഏലിയാമ്മ ജി,സി.എച്ച് ഉസ്മാൻ, എന്നിവരെ പുതിയതായി ഘട്ടംഘട്ടമായി നിയമിക്കുകയുണ്ടായി..
പ്രധാനാധ്യാപകൻ ആയിരുന്ന വർഗീസ് സാറിന് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായപ്പോൾ 16-11- 1982 ൽ ഹെഡ്മിസ്ട്രസ് ആയി സി.റ്റി സൂസമ്മ ടീച്ചർ ആവുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ കെ വി വർഗീസ് ആയിരുന്നു. തുടർന്ന് ദീർഘകാലം സിറ്റി സൂസമ്മ ടീച്ചർ പ്രധാന അധ്യാപികയായി 28 വർഷത്തോളം സേവനമനുഷ്ഠിച്ചു. 30-9-2012 വരെ തൽസ്ഥാനത്ത് തുടരാൻ ടീച്ചറിനു സാധിച്ചു. ശാരീരിക അസുഖങ്ങൾ കാരണം സ്വമേധയാ ജോലി രാജിവെച്ച ടീച്ചർ അടുത്ത വർഷം തന്നെ മരണപ്പെടുകയും ചെയ്തു. അതിനുശേഷം 1-6-2015 മുതൽ പ്രധാനാധ്യാപകനായി ശ്രീ അബ്ദുൽ കരീം നിയമിതനാവുകയും 31/3/2021 വരെ പ്രവർത്തിക്കുകയും ചെയ്തു. 1/4/2021 മുതൽ ശ്രീ ഡൊമിനിക് ടി.വി പ്രധാനാധ്യാപകനാവുകയും തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
സ്കൂളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ടി പി മുഹമ്മദ് കുട്ടി മാസ്റ്റർ, തങ്കപ്പൻ മാസ്റ്റർ, അമ്മിണി ടീച്ചർ, ലളിത ടീച്ചർ, എന്നീ അധ്യാപകർ സ്കൂളിൽ ജോലിയിൽ തുടരവെ തന്നെ അകാലചരമമടഞ്ഞ വരാണ്. മരണപ്പെട്ട എല്ലാ മാന്യ വ്യക്തിത്വങ്ങൾക്കും പ്രണാമം അർപ്പിക്കുന്നു.
ഏറ്റവും തിളക്കമാർന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം ഒരു അനിവാര്യഘടകമാണ്.ഈ ഒരു ചിന്ത മുൻനിർത്തി ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രവേശനം നടന്നുവരുന്നു. ഒരു അധ്യാപകനും 15 വിദ്യാർഥികളുമായി ആരംഭിച്ച സ്കൂൾ, ഇപ്പോൾ 548 വിദ്യാർത്ഥികളും 24 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം സ്കൂൾ സമൂഹത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നു.
![](/images/thumb/5/52/2017148477.jpg/300px-2017148477.jpg)
മൂത്തേടം പഞ്ചായത്തിലെ ഹൃദയഭാഗത്ത് നിലനിൽക്കുന്ന സ്കൂൾ സമൂഹവുമായി ഏറ്റവും അടുത്ത ബന്ധമാണ് പുലർത്തുന്നത്. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ ഗ്രൗണ്ട് ഈ സ്കൂളിലാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ഫുട്ബോൾ മത്സരങ്ങൾ, കേരളോത്സവം, വിവിധ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്. ഒരുപറ്റം ജീവനും ഓജസ്സും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതുവരെയും സാധിച്ചു. കലാകായിക പ്രവർത്തനങ്ങളിലും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളിലും, പ്രവർത്തിപരിചയ മേഖലകളിലും, തുടങ്ങിയ ഒരു വിദ്യാർത്ഥിയെ വാർത്തെടുക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൽ തന്നെ നടന്നു വരുന്നു. പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.
![](/images/thumb/b/b0/201748477.jpg/300px-201748477.jpg)