ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന പാഠ്യേതര പ്രവർത്തനങ്ങൾ
വിഷയാധിഷ്ഠിത പഠന മികവുകൾ
യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )
പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം )
തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം
പരിഹാര ബോധനം
എഴുത്ത്, വായന, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 4 മുതൽ 5 വരെ അധ്യാപകർ പരിശീലനം നൽകുന്നു
ഭവന സന്ദർശനം
അദ്ധ്യാപകർ ക്ലാസ്സിലെ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടിയെക്കുറിച്ച് കൂടുതലറിയുകയും അടുക്കുകയും ചെയ്യുന്നു
മേളകൾ
കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
കബ്സ്
മൂന്നും, നാലും സ്റ്റാൻഡേർഡിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ട് വളരെ നല്ല ഒരു കബ്സ് ഇവിടെ പ്രവർത്തിക്കുകയും പരേഡുകളിൽ സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
കൈയ്യെഴുത്തു മാസിക
എല്ലാ ക്ലാസ്സുകളിലെയും കൈയ്യെഴുത്തു മാസികകളിൽ നിന്ന് മികച്ചവ തെരഞ്ഞെടുത്ത് എല്ലാ വർഷവും ഒരു സ്കൂൾ കൈയ്യെഴുത്തു മാസിക തയ്യാറാക്കുന്നു.
ഫെയ്‌സ് മാസ്ക്
(ഡിജിറ്റൽ മാഗസിൻ )
2020 - 21 അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാം എന്ന ആശയം. പിന്നെ അത് പ്രാബല്യത്തിൽ വരുത്തുവാനായി അത്യധ്വാനം ചെയ്തു. അതിന്റെ ഫലമായി സ്കൂളിലെ അദ്ധ്യാപകരുടെയും , മാതാപിതാക്കളുടെയും, കുട്ടികളുടെയും സഹകരണത്തോടെ പൂർണ്ണമായും ഡിജിറ്റൽ ആയ ഒരു മാഗസിൻ ബഹുമാനപ്പെട്ട AEO ശ്രീ മധുസൂദനൻ സർ പ്രകാശനം ചെയ്തു. അതിൽ കുട്ടികളുടെയും, അദ്ധ്യാപകരുടെയും, മാതാപിതാക്കളുടെയും രചനകൾ ഉണ്ട്. കഥകളുണ്ട് , കവിതകളുണ്ട് ലേഖനങ്ങളുണ്ട്, ഇതെല്ലാം കോവിഡ് കാലവുമായി ബന്ധപ്പെടുത്തിയുള്ള രചനയായിരുന്നു. കോവിഡ് കാലം കുട്ടികൾ എങ്ങനെയാണ് കഴിച്ച് കൂട്ടിയതെന്നതിന്റെ നേർചിത്രമായിരുന്നു ഫെയ്സ് മാസ്ക് . ഫെയ്സ് മാസ്ക് എന്ന പേര് നൽകിയ സ്കൂൾ മാനേജർ ആദരയണീയനായ ഫെർണാണ്ടസ് കാക്കശ്ശേരി അച്ചനേയും ഈ ആശയം മുന്നോട്ട് വയ്ക്കുകയും അതിന് വേണ്ടി അത്യധ്വാനം ചെയ്യുകയും ചെയ്ത ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗരറ്റ് ഷീമോൾ ടീച്ചറിനേയും പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന എല്ലാ അദ്ധ്യാപകരേയും ആത്മാർത്ഥമായി സഹകരിച്ച മാതാപിതാക്കളേയും കുട്ടികളേയും നന്ദിയോടെ ഓർത്ത് കൊണ്ട് ഫെയ്സ് മാസ്ക് എന്ന ഡിജിറ്റൽ മാഗസിൻ നിങ്ങൾക്കായ് സമർപ്പിക്കുന്നു.
ലിയോ തേർട്ടീന്ത് എൽ പി എസ് സ്കൂളിന്റെ ഡിജിറ്റൽ സ്കൂൾ മാഗസിൻ 'FACE MASK' ഫ്ലിപ്പ് പേജുകളായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഔഷധത്തോട്ടം ആരോഗ്യത്തിന്
LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സസ്യങ്ങളിൽ ഔഷധഗുണമില്ലാത്തതായി ഒന്നുമില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരിക്കിലും പാരമ്പര്യമായി രോഗശമനത്തിനുപയോഗിക്കുന്നതും ഔഷധഗുണങ്ങളുള്ളതുമായ ചെടികളെയാണ് ഔഷധസസ്യങ്ങൾ എന്ന് പറയുന്നത്. ലോകത്താകമാനം ഏകദേശം ഒന്നേകാൽ ലക്ഷം സസ്യജെനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇവയിൽ 80000 സസ്യങ്ങൾ ഔഷധ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നു. ആയൂർവ്വേദത്തിൽ ഏതാണ്ട് 800ഉം ഹോമിയോപ്പതിയിൽ 480ഉം യുനാനിയിൽ 440 ഉം സിദ്ധചികിത്സയിൽ 248 ഉം ഔഷധസസ്യങ്ങൾ നേരിട്ടുപയോഗിക്കുന്നതായി കണക്കാക്കുന്നു. ഇങ്ങനെ നിരവധി അനവധി ഉപയോഗങ്ങൾ ഉള്ള ഔഷധ സസ്യങ്ങളുടെ ഗുണമേൻമ കുട്ടികളിൽ എത്തിക്കുന്നതിനും. എല്ലാ വീടുകളിലും ഒരു ഔഷധത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ടിയാണ് സ്കൂളിൽ ഔഷധ ഉദ്യാനം നിർമിക്കുകയും കുട്ടികളിൽ വേണ്ട ബോധവൽക്കരണം നൽകുകയും ചെയ്യുന്നത്.
അറിയാം ശാസ്ത്ര പ്രതിഭകളെ
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു. ആലപ്പുഴ AEO ശ്രീ മധുസൂദനൻ സർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗ്രറ്റ് ഷീമോൾ ടീച്ചർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന ശാസ്ത്ര പ്രതിഭകളെ കണ്ടെത്താൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് ആദരണീയ AEO ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. ഇതിന് നേതൃത്വം നൽകിയ എല്ലാ അധ്യാപകരെയും പങ്കെടുത്ത എല്ലാക്കുട്ടികളെയും AEO അഭിനന്ദിച്ചു.
ന്യൂട്രീഷൻ വീക്ക്
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദ കായചികിത്സാ സ്പെഷ്യലിസ്റ്റ് ഡോ. അഞ്ചു സതീഷ് എം.ഡി . ആണ് ക്ലാസ്സ് നയിച്ചത് കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, പോക്ഷക ആഹാരം എങ്ങനെ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏതാണ് ശരിയായ ഭക്ഷണ രീതി ഏതെക്കെയാണ് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവ്പകരുവാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു.
പോഷൻ അഭിയാൻ ക്വിസ്
ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ക്വിസിൽ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. ഭക്ഷണവും പോക്ഷണവുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടായിരുന്നത്. പോഷകാഹാര ക്രമവുമായിബന്ധപ്പെട്ട് അധ്യാപകർ കുട്ടികൾക്ക് നിരവധി വീഡിയോകൾ ഷെയർ ചെയ്യുകയും ക്ലാസ്സുകൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് കുട്ടികൾ ക്വിസിൽ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തത്.
വനിതാ ദിനം 2022
അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. വനിതാ ദിനം വർഷത്തിലൊരുദിനമായി ഒതുക്കേണ്ട ഒന്നല്ലന്നും സ്ത്രീകളുടെ ജീവിതം മുഴുവനും ഒരാഘോഷമാക്കി മാറ്റണമെന്നും, നിലനിൽക്കുന്ന അസമത്വങ്ങളും അനീതികളുമൊക്കെ അവസാനിപ്പിച്ച് ഒരു നല്ല നാളേയ്ക്കായി എല്ലാവരും പരിശ്രമിക്കണമെന്നും പ്രഥമാധ്യാപിക ആഹ്വാനം ചെയ്തു.വീടുകളിലെ അമ്മമാർക്കും സഹോദരിമാർക്കും സ്നേഹ ചുംബനം നൽകി വനിതാ ദിനത്തിന്റെ ആശംസകൾ നേരുവാൻ എച്ച് എം കൂട്ടിച്ചേർത്തു. വനിതാ ദിനവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തല പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ കരുത്ത് തെളിയിച്ച സ്ത്രീകളുടെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
സാമൂഹ്യ പങ്കാളിത്തം
ദിനാചരണങ്ങൾ എല്ലാം തന്നെ സ്കൂളിൽ നല്ല രീതിയിൽ ആചരിക്കാറുണ്ട്. അവയിൽ ചിലത് പൊതുജന ശ്രദ്ധ ആകർഷിക്കത്തക്കവിധം പൊതുജനങ്ങൾക്കും പങ്കാളിത്തം നൽകി കൊണ്ട് വിദ്യാലയത്തിനു പുറത്തേയ്ക്കു വ്യാപരിക്കുന്നു.
ഉദാ:- പരിസ്ഥിതി ദിനം - വ്യക്ഷത്തൈ വിതരണം, വായനാ ദിനം - രക്ഷിതാക്കൾക്കും ലൈബ്രറി ബുക്സ് നൽകുന്നു. മാതൃവന്ദനം - അമ്മമാരെ ആദരിക്കൽ . ലഹരി വിരുദ്ധ ദിനം - റാലി
ഗാന്ധി ജയന്തി - വഴിയോര ക്വിസ്, എയ്ഡ്സ് ദിനം - റാലി
അക്ഷരോത്സവം
മലയാളം, ഇംഗ്ലീഷ് ഇവയുടെ വായന എഴുത്ത് എന്നിവയിലുള്ള നിലവാരം അളക്കാൻ ഒരു അസസ്മെന്റ്
ഇംഗ്ലീഷ് ലാംഗ്വേജ് ലേണിംഗ്
ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഡേ സെലിബ്രേറ്റിംഗ് , എന്നിവ നടത്തുന്നു
പരിസ്ഥിതി സൗഹാർദ്ദ ക്യാമ്പസ്
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും " ഗ്രീൻ കാമ്പസ് " പരിപാടി ആവിഷ്ക്കരിക്കുകയും അതിനായി പൂന്തോട്ട നിർമ്മാണം, വാഴ കൃഷി എന്നിവ നടത്തുന്നു.
സ്നേഹപൂർവ്വം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹപൂർവ്വം സഹപാഠിക്ക് എന്ന പ്രോഗ്രാമും സമന്വയിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളിലും മറ്റു ചില പ്രത്യേക സാഹചര്യങ്ങളിലും ഒരു തുക സമാഹരിച്ച് അവരുടെ തന്നെ ഏറ്റവും അർഹതയുള്ള ഒരു സഹപാഠിയെ സഹായിക്കാറുണ്ട്.
പി.റ്റി.എ യുടെ സഹകരണം
ദിനാചരണങ്ങൾ , സ്കൂളിന്റെ മറ്റു പ്രധാന പ്രവർത്തനങ്ങൾ, സ്കൂൾ വാർഷികം എന്നിവയിലെല്ലാം പി റ്റി.എ യുടെ സജീവ പങ്കാളിത്തം ഉണ്ട് .
സ്കൂൾ സോഷ്യലിന് ആഹാരം പാകം ചെയ്യൽ വിതരണം തുടങ്ങിയവയിലും അവർ പങ്കാളികളാണ്.
സ്കൂൾ വികസന പദ്ധതി തയ്യാറാക്കുമ്പോൾ പി.റ്റി.എ യുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കുന്നു.