എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ആമുഖം

വിവര വിനിമയ സാങ്കേതിക വിദ്യാധിഷ്ഠിത പഠനം പ്രാബല്യത്തിൽ വന്നതോടെ ലോകത്താകമാനം വിദ്യാഭ്യാസപ്രക്രിയയുടെ ഘടനയും രീതിയും ഏറെ മാറ്റിമറിക്കപ്പെട്ടു. ക്ലാസ് മുറിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കുമപ്പുറം അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും സമ്പൂർണ്ണ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രക്രിയയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. കുട്ടിയുടെ മനസ്സ് സന്നദ്ധമായിരിക്കുമ്പോഴൊക്കെ പഠനത്തിന് പരിധി നിശ്ചയിക്കാത്ത, ഏതു സമയവും അധ്യാപകരോട് ബന്ധപ്പെടുന്നതിനും ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ദ്ധരുമായി പ്പോലും ആശയ വിനിമയം സാധമാക്കുന്നതിനും ഉതകുന്ന തരത്തിൽ വളരെ വിപുലമായ സൗകര്യങ്ങളാണ് വിവര വിനിമയ സാങ്കേതിക വിദ്യ തുറന്നു തരുന്നത്. ഇത്തരമൊരു സാഹചര്യം നടപ്പിലാക്കുമ്പോൾ പഠന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂടി സമുചിതമായി പങ്കാളികളാക്കേണ്ടത് ഈ പ്രക്രീയയുടെ ഫല പ്രദമായ നടത്തിപ്പിന്റെ അവശ്യ ഘടകങ്ങളിലൊന്നാണ്. ഇത്തരം ആവശ്യങ്ങളുടെ പൂർത്തീകരണത്തിനാണ് 2010 ൽ സംസ്ഥാനത്തെ എല്ലാ ഹൈ സ്കൂളുകളിലും സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെ കൂട്ടായ്മ രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പ്രയോഗത്തിലും വിദ്യാർത്ഥികൾക്കുള്ള  പ്രത്യേക ആഭിമുഖ്യം പ്രസിദ്ധമാണല്ലോ. അവർ പ്രകടിപ്പിച്ചു വരുന്ന ഈ സ്വാഭാവിക താത്പര്യത്തെ ശരിയായി വളർത്തിയുക്കുക, സാങ്കേതിക വിദ്യയെ ക്രീയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ സി റ്റി അധിഷ്ഠിത പഠനത്തിന്റെ വ്യാപനത്തിലൂടെ സ്കൂളിന്റെ മികവ് വർദ്ധിപ്പിക്കാനുള്ള  പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്താനുൾപ്പെടെ വിദ്യാർത്ഥികളെ എന്നിവയും സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നു.

ഇത്തരത്തിൽ ഐ സി ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മകൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവർത്തനപരിപാടികൾ വഴി അവരുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ സി ടി രംഗത്തു പഠന - പ്രവർത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാർത്ഥികളുടെ അറിവും കഴിവും വളർത്തിയെടുക്കാനും പഠന പ്രവർത്തനങ്ങളിലുള്ള താത്പര്യം വളർത്താനും വിവിധ ഐ സി ടി അധിഷ്ഠിത തൊഴിൽ മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ്മകൾ അവരെ സഹായിക്കുന്നു.

നമ്മുടെ സ്കൂളുകളിൽ ഐ സി ടി ശാക്തീകൃത ക്ലാസ്സ് മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ സി ടി കൂട്ടായ്മയ്ക്കും അതു വഴിയുള്ള പ്രവർത്തനങ്ങൾക്കും കുടുതൽ പ്രസക്തിയും  പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെയും ഐ സി ടി രംഗത്ത് ആദിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി സ്കൂൾ പ്രോജക്റ്റ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സമഗ്ര നൂതന പദ്ധതിയാണ് "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം."

ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക, ലഘു അനിമേഷൻ സിനിമകൾ തയ്യാറാക്കുക, ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ - അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘു പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദൈനം ദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ അഞ്ച് പ്രവർത്തന മേഖലകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ‍ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീ‍ഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി.