ഫലകം:ബാലരാമപുരം സ്പിന്നിംഗ് മിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ) ('കൈത്തറിയുടെ നാടായ ബാലരാമപുരത്ത് ആറ് പതിറ്റാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈത്തറിയുടെ നാടായ ബാലരാമപുരത്ത് ആറ് പതിറ്റാണ്ട് മുൻപ് സ്പിന്നിംഗ് മിൽ സ്ഥാപിച്ചെങ്കിലും ഇവിടെ നിന്ന് കൈത്തറി നൂൽ നേരിട്ട് കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. തമിഴ് വംശജരായ കൈത്തറി തൊഴിലാളികൾ അധിവസിച്ചിരുന്ന പ്രദേശമെന്ന നിലയിലും നൂൽ ഉൽപാദന ഗ്രാമങ്ങളായ മേട്ടുപാളയം, രാജപാളയം, ആർപ്പുക്കോട്ട എന്നിവിടങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കാനുളള സൗകര്യവും പരിഗണിച്ചുകൊണ്ട് 1957 ലെ ഇ എം എസ് സർക്കാർ സ്പിന്നിംഗ് മിൽ തുടങ്ങുവാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1957 ഡിസംബർ 17 ന് മൊറാർജി ദേശായി തറക്കല്ലിട്ട് 1962 മാർച്ച് 18 ന് പട്ടം താണുപിളള പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനും അനുബന്ധ സൗകര്യമൊരുക്കുവാനുമായി 15 ഏ ക്കർ 78 സെന്റ് ഭൂമി കമ്മ്യൂണിസ്റ്റ്നേതാവ് ഫക്കീർഖാന്റെ നേതൃത്തിലുളള പഞ്ചായത്ത് ഭരണ സമിതി സെന്റിന് 200 രൂപ നിരക്കിൽ വാങ്ങി സർക്കാരിന് കൈമാറുകയും അവിടെ താമസിച്ചിരുന്നവരെ പരാതിക്കിടയില്ലാതെ പുനരധിവസിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ 650 തൊഴിലാളികൾക്ക് പ്രത്യക്ഷമായും 5000 ത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചു. 1990 കളിലെ ആഗോളവത്കരണവും യന്ത്രത്തറികളുടെ വരവും പഞ്ഞിയുടെ വില വർദ്ധനയുമെല്ലാം ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. അന്നത്തെ സർക്കാർ അ‍ഞ്ച് ഏക്കർ സ്ഥലം സെന്റിന് 12000 രൂപ നിരക്കിൽ വിൽക്കുകയും ആർ സി ചൗധരി കമ്മീഷൻ റിപ്പോർട്ട് പ്രകാരം മില്ലിനെ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ തൊഴിലാളികൾ പട്ടിണിയിലും പരിവട്ടത്തിലുമായി. പിന്നീട്തൊഴിലാളികളുടെ എണ്ണം കുറച്ച് മിൽ വീണ്ടും തുറന്നു. നിലവിലെ സർക്കാർ മില്ലിന്റെ വികസനത്തിന് മൂന്ന് തവണ ഫണ്ട് അനുവദിച്ചു. ഇപ്പോൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉദ്പാദനം തുടങ്ങുകയും ചെയ്തു. ചൈനയിലേക്കും തായ്ലന്റിലേക്കും ഇവിടെ നിന്ന് നൂൽ കയറ്റുമതി ചെയ്യുന്നു. പൂജവയ്പ് ദിവസങ്ങളിൽ മിൽ പൊതുജനങ്ങൾക്ക് കാണുവാനായി തുറന്നിരുന്നു.