ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskattachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞുങ്ങളുടെ യാത്രാ ബുദ്ധിമുട്ട് മനസിലാക്കി കട്ടച്ചിറ, വേങ്ങനിൽക്കുന്നതിൽ, ആദിച്ചൻ എന്ന വ്യക്തി കട്ടച്ചിറ നിവാസികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടം പണിയാൻ തന്റെ 50 സെന്റ് സ്ഥലം ദാനമായി നൽകി. സ്ഥലവാസികൾ ,ജനപ്രതിനിധികൾ മുതിർന്ന പൗരൻമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി അവിടെ ഒരു എൽ.പി.സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിതുയർത്തി. പുല്ലുമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഇത് . 1956 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു., 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത് . കേശവൻ മാഷ് , തങ്കപ്പൻ മാഷ് , ദേവകി ടീച്ചർ തുടങ്ങിയഅദ്ധ്യാപകരായിരുന്നു പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത് . ക്രമേണ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർന്നു. തുടർവിദ്യാഭ്യാസം വഴിമുട്ടിനിന്ന കുട്ടികൾകളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റുകയാണ് എന്ന് മനസ്സിലാക്കിയ ജില്ലാഭരണകൂടം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1984-ൽ അന്നത്തെ MLA ആയിരുന്ന ശ്രീ. കെ.കെ. നായർ സാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. ജില്ലാ കളക്ടർ ശ്രീ. റാംസിംഗ് IAS ഹൈസ്കൂൾ കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം നിർവ്വഹിച്ചു . 1986-87 അദ്ധ്യയന വർഷം ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. വാഹനസൗകര്യം ഇല്ലാത്തതിനാൽ മണിയാർ വരെ ബസിൽ എത്തുന്ന അധ്യാപകർ വനത്തിൽ കൂടി 7 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച സ്കൂളിൽ എത്തുന്ന അവസ്ഥയായിരുന്നു. പിന്നീട് അധ്യാപകർക്കായി ക്വാർട്ടേഴ്സ് നിർമ്മിച്ചെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അധികമാരും അവിടെ താമസിച്ചിട്ടില്ല .കാലക്രമേണ ഈ ക്വാർട്ടേഴ്സ് വന്യമൃങ്ങളുടെ ആ ക്രമണത്താലും സാമൂഹ വിരുദ്ധരുടെ പ്രവർത്തികളാലും നശിപ്പിക്കപ്പെട്ടു. കുട്ടികൾക്കു ഭീഷണിയായി സ്കൂൾ പരിസരത്ത് നിൽക്കുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന പി.ററി.എ യുടെ അപേക്ഷ പ്രകാരവും ബഹു : ജില്ലാ കളക്ടർ പി.ബി.നൂഹ് IAS ന്റെ നിർദ്ദേശപ്രകാരവും ബഹു : പത്തനംതിട്ട ഡി ഇ ഒ തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് കെട്ടിടംപൊളിച്ചു മാറ്റാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 1995 വരെയും SSLC പരീക്ഷ ക്ക് centre ഇല്ലായിരുന്നു. കിലോമീറ്റർ ദൂരെയുള്ള മണിയാർ ഹൈസ്കൂളിൽ കാൽനടയായി എത്തിയായിരുന്നു കട്ടച്ചിറയിലെ കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നത്. ഇന്ന് കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഏക മാർഗ്ഗമായി തലയുയർത്തി നിൽക്കുന്നു.