ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിലൂടെ സാമൂഹ്യ-സാംസ്കാരിക നേട്ടമുണ്ടാക്കുക എന്നതാണ് ലൈബ്രറി സജീകരണം കൊണ്ട് സ്കൂൾ ലക്ഷ്യമാക്കുന്നത്. വിദ്യാർത്ഥികളിൽ വായനാ ശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി മാസത്തിലൊരിക്കൽ ലൈബ്രറി പുസ്തകങ്ങൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നു. ഇന്ന് ലൈബ്രറിയിൽ മലയാളം, ഗണിതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.  കൂടാതെ പുതുതായി വരുന്ന കുട്ടിയുൾപ്പടെ ഒരു കുട്ടി ഒരു പുസ്തകം പദ്ധതി നിലനിൽക്കുനതിനാൽ പുസ്തകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. വായനക്കായി പ്രത്യേകം നിർമിച്ച വായന മൂലയിൽ  സൗകര്യവുമൊരുക്കിയിരിക്കുന്നു. 2019 -20 അദ്ധ്യയന വർഷത്തിൽ ആരംഭിച്ച വായന ഗ്രാമം പദ്ധതിയിലൂടെ രക്ഷിതാക്കളെ വായന ലോകത്തേക്ക് കൊണ്ടു വരാനും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന നൽകാനും പ്രേരകമാവുന്നു. വീടുകൾ കേന്ദ്രീകരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന പഴയ ലൈബ്രറി പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ലൈബ്രറി ചാർജ്ജുള്ള റജില ടീച്ചറുടെ നേതൃത്വത്തിൽ അംഗങ്ങൾ ഓരോ വർഷവും തയ്യാറാവുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നല്ല രീതിയിലാണ് ലൈബ്രറി പ്രവർത്തിച്ചുവരുന്നത്.  അവധിക്കാലങ്ങളിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്ന പ്രവർത്തനവും മികച്ചവക്ക് സമ്മാനങ്ങൾ നൽകലും സ്ഥിരമായി സ്കൂളിൽ നടക്കുന്നു.  എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലും, പഠനത്തിനുപകരിക്കുംവിധം റഫറൻസിനും, നിലവാരമനുസരിച്ചുള്ള വായനക്കും ഉതകുന്ന തരത്തിൽ വായന മൂലയിൽ ഇവ പ്രദർശിപ്പിക്കുന്നു.

വായന വാരാചരണത്തോടു ബന്ധിച്ച് നടന്നുവരുന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിലിൽ ക്വിസ് മത്സരങ്ങളിൽ  തുടർച്ചയായി ആദ്യ സ്ഥാനങ്ങൾ നേടുന്നത് ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് എന്നത് സ്കൂൾ ലൈബ്രറികളിൽ നിന്ന് കിട്ടുന്ന ഊർജ്ജം മനസ്സിലാക്കാം.

2020-22

വായന ഗ്രാമം-ഉണർവേകി പുസ്തക വണ്ടി

വായന ദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വീടുകളിലേക്കെത്തിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ മാതൃകയാകുന്നു. അടഞ്ഞു കിടക്കുന്ന വിദ്യാലയത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാർത്ഥികളേയും വായനയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് ലഭിക്കുന്ന പുസ്തകങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് കൈമാറി വായിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. യുവ കവി ചന്ദ്രൻ കണ്ണഞ്ചേരി പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളുകൾ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ വായിക്കാൻ പുസ്തകങ്ങൾ കിട്ടിയ കുട്ടികളിൽ സന്തോഷം പ്രകടമായിരുന്നു. വളരെയേറെ ആവേശത്തോടെയാണവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. പുസ്തകങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വീടുകളിലേക്കെത്തിക്കുകയായിരുന്നു.

ലൈബ്രറി കൗൺസിൽ വിജയം

ലൈബ്രറി പുരോഗതിയിൽ

2019-20

വായന ഗ്രാമം

2019 -20 അദ്ധ്യയന വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായാണ് രക്ഷിതാക്കളെ കൂടി വായനയുടെ ലോകത്തേക്ക് ആനയിക്കുന്ന നവീന പദ്ധതിയായി വായനാ ഗ്രാമം ഒളകര ജി.എൽ.പി.സ്കൂൾ പി.ടി.എ ക്കു കീഴിൽ ആരംഭിക്കുന്നത്. സ്കൂളിന് സമീപ പ്രദേശങ്ങളിലെ വീടുകൾ വായനശാലകൾ ആയി സജ്ജീകരിച്ച് അയൽപക്ക വായന എന്ന സമ്പ്രദായത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സമീപ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് വിദ്യാലയത്തിലെ ലൈബ്രറി വിപുലീകരിക്കുക എന്നതും  വായന ഗ്രാമത്തിന്റെ ലക്ഷ്യമാണ്.

ലൈബ്രറി കൗൺസിൽ ക്വിസ് വിജയം

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി . ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ മിൻഹ എ രണ്ടാംസ്ഥാനവും നേടി .

പുസ്തകങ്ങൾ കൂട്ടുകാർ

ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു.

2018-19

ലൈബ്രറി കൗൺസിൽ ക്വിസ് വിജയം

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പെരുവള്ളൂരിൽ പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി . ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ പാർവതി നന്ദ ഒന്നാംസ്ഥാനവും ഫാത്തിമ ജാലിബ രണ്ടാംസ്ഥാനവും നേടി . ചാത്രത്തൊടി എ.യു.പി. സ്കൂൾ പ്രഥമാധ്യാപകൻ സലാം വിജയികൾക്ക് സമ്മാനം നൽകി

പഞ്ചായത്ത് തല വായന മത്സര വിജയികൾ

ഒരു കുട്ടി ഒരു പുസ്തകം

ലൈബ്രറി വിപുലീകരണ ലക്ഷ്യത്തോടെ സ്കൂളിൽ 4 വർഷമായി ഓരോവർഷവും പിന്തുടരുന്ന പദ്ധതിയാണിത്. ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് വീട്ടിൽ നിന്നോ മറ്റു അയൽപക്ക വീടുകളിൽ നിന്നോ സംഘടിപ്പിക്കുന്നതിനാണ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം എൻ വേലായുധൻ നിർവഹിച്ചു

ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക്

ലൈബ്രറി പുസ്തക പ്രദർശനം

വായനാദിനത്തിന്റെ ഭാഗമായി സ്കൂളിൽ പതിനയ്യായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തക വണ്ടിയുടെ അകമ്പടിയോടെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് അങ്ങാടികളിൽ വായനാദിനം പ്രചരിപ്പിക്കുകയും വിദ്യാലയത്തിലേക്ക് വിവിധ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റുകളുടെ വമ്പൻ ശേഖരവും ഒരുക്കിയിരുന്നു ഒളകര ജി എൽ പി സ്കൂളിൽ. ആദ്യ ലക്കം മുതൽ ഡൈജസ്റ്റിന്റെ  ഇതുവരെയുള്ള എല്ലാ ലക്കങ്ങളും ഉൾപ്പെടെ ഏഴായിരത്തോളം ഡൈജസ്റ്റുകളാണ് പ്രദർശനത്തിനെത്തിച്ചിരുന്നത്. പുരാവസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ സ്കൂളിലെ അധ്യാപകൻ കരീം കാടപ്പടിയാണ് മലയാള ക്ലബ്ബിന്റെ  ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.