സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവതാംകൂറിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ധാരാളം തോടുകളും നീർച്ചാലുകളും വയലേലകളുമെല്ലാമുള്ള വളരെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഇവിടം. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. വിവിധ ജാതി മതസ്ഥർആണെങ്കിലും മനുഷ്യർ വളരെ സ്നേഹത്തിലും സഹകരണത്തിലും സൗമ്യതയോടെ ജീവിച്ചുപോന്നിരുന്നു. അന്നത്തെ പ്രധാനപ്പെട്ട കൃഷി കരിമ്പ് ആയിരുന്നു. പുളികീഴിലുള്ള പമ്പാഷുഗർ ഫാക്ടറിക്ക് വേണ്ടിയാണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. മറ്റു പ്രധാനപ്പെട്ട കൃഷികൾ നെല്ല്, കപ്പ, വാഴ, തെങ്ങ് കശുമാവ്, പച്ചക്കറികൾ എന്നിവ കൂടാതെ പ്ലാവും മാവുമെല്ലാമുണ്ടായിരുന്നു. റബ്ബർ കൃഷി പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗതാഗതസൗകര്യം ആദ്യം നന്നേ കുറവായിരുന്നു. എം സി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വീതി വളരെ കുറവായിരുന്നു. ദിവസത്തിൽ വല്ലപ്പോഴും കെ എസ് ആർ ടി സി ബസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് പഴയ മോഡലിൽ ബോണറ്റ് മുന്നോട്ടുന്തിയവയായിരുന്നു. മുൻവശത്തു ലിവർ ഇട്ടു കറക്കി ആണ് ബസ്സുകൾ സ്റ്റാർട്ട് ചെയ്തിരുന്നത്. കാറുകൾ വളരെ അപൂർവമായിരുന്നു. ചിലർ റിക്ഷാവണ്ടി യാത്രക്ക് ഉപയോഗിച്ചിരുന്നു. മനുഷ്യർ വലിക്കുന്നതും സൈക്കിൾ പോലെ ചവിട്ടി ഓടിക്കുന്നതുമായ റിക്ഷാവണ്ടികൾ സാധാരണമായിരുന്നു. ചരക്കുനീക്കത്തിനും മറ്റും കാളവണ്ടികൾ ആണ് ഉപയോഗിച്ചിരുന്നത്. ചരക്കുകളും മറ്റും നിറച്ച കാളവണ്ടികൾ നിരനിരയായി പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ഹസ്വദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് ഉന്തുവണ്ടികളാണ് ഉപയോഗിച്ചിരുന്നത്.

ഈ ഗ്രാമത്തിൽ നാമമാത്രമായ വ്യാപാര സ്ഥാപനങ്ങളെ അന്നുണ്ടായിരുന്നുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കട ഉമ്മച്ചൻ എന്നയാളിന്റെ സ്റ്റേഷനറി കടയായിരുന്നു. ഞങ്ങൾ സ്കൂൾ കുട്ടികൾ ഉമ്മച്ചന്റെ കടയിൽനിന്നാണ് പഠനോപകരണങ്ങൾ വാങ്ങിയിരുന്നത്. മിക്കപ്പോഴും കടയിൽ കയറി പേനയിൽ മഷി നിറക്കുമായിരുന്നു.ആകാലത്ത് തിരുമൂലപുരത്തെ ആളുകൽ സാധനങ്ങൾ വാങ്ങുവാൻ ആശ്രയിച്ചിരുന്നത്. ഇന്നും ആ കട തിരുമൂലപുരത്ത് പ്രവർത്തിക്കുന്നു എന്നത് ശ്രദ്ദേയമാണ്. കുഞ്ഞുകുട്ടിയുടെ ജൗളിക്കട, ഗോപാലപ്പണിക്കരുടെ ചായക്കട, കോടിയടിയിൽ അനുജന്റെ ടെയ‍്‍ലറിങ്ങ് ഷോപ്പ്, അണ്ണന്റെ ഡിസ്പെൻസറി, കുന്നത്തറക്കാരുടെ മുറുക്കാൻകടയും സൈക്കിൾഷോപ്പും മറ്റുമായിരുന്നു അന്ന് തിരുമുലപുരെത്തെ പ്രധാന കടകൾ. വ്യാപാരശാലകളുടെ മുൻവശത്തായി നിരനിരയായി ബദാംമരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. കുട്ടികൾ ബദാംകായ്‌‍കൾ ശേഖരിച്ച് തല്ലിപ്പൊട്ടിച്ച് തിന്നുമായിരുന്നു.

എടുത്തുപറയേണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന മഹാത്മാഗാന്ധിസ്മാരക വായനശാല. അന്നത്തെക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് വായനശാലകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. വർത്തമാനപത്രങ്ങൾ വായിക്കുവാനും, മെമ്പർഷിപ്പുള്ളവർക്ക് പുസ്തകങ്ങളെടുത്ത് വീട്ടിൽകൊണ്ടുപോയി വായിക്കുവാനും അവസരമുണ്ടായിരുന്നു. വായനശാലയുടെ മറ്റൊരു പ്രത്യേകത അവിടെ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് വീടുകളിൽ റേഡിയോ എന്നുപറയുന്നത് ഒരപൂർവ്വവസ്തുവായിരുന്നു പ്രത്യേകിച്ചും സാധാരണക്കാരുടെ ഇടയിൽ. വായനശാലയിൽ പോയിരുന്ന് ആകാശവാണിയുടെ വാർത്തകളും മറ്റും കേൾക്കുക ഈ പ്രദേശത്തെ ആളുകളുടെ ഒരു പതിവായിരുന്നു. ഇന്നും ആ വായനശാല മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അതുപോലെ തിരുമൂലപുരം കാളച്ചന്തയും വളരെ പ്രശസ്തമായിരുന്നു. മാസത്തിലൊരിക്കൽ നടക്കുന്ന കാളചന്തയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കുവാനും ആളുകൾ എത്തുമായിരുന്നു. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും തിരുമൂലപുരത്ത് ചന്തകൾ കൂടുമായിരുന്നു. പ്രധാനമായും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പുറമേ എല്ലാത്തരം സാധനങ്ങളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ ധാരാളം എത്തിയിരുന്നു. ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ചന്തകൾ. ഇന്നും ആ കാളചന്ത സജീവമായി പ്രവർത്തിക്കുന്നു.

തിരുമൂലപുരത്തിന് തിലകകുറി ചാർത്തിക്കൊണ്ട് തിരുമൂലപുരം മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി , ശ്രീനാരായണ ഗുരു മന്ദിരം എന്നീ ആരാധനാലയങ്ങൾ ഉണ്ട്. തിരുമൂലപരത്തെ പ്രധാന സരസ്വതി ക്ഷേത്രങ്ങളാണ് ബാലികാമഠം ഹൈസ്കൂൾ, തിരുമുലവിലാസം യു പി സ്കൂൾ, , എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവ. ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് പരിശീലത്തിനുള്ള സൗകര്യം പണ്ടുകാലത്തെ തിരുമൂലപുരം ഗ്രാമത്തിന് ഉണ്ടായിരുന്നു. ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും തിരുമൂലവിലാസം യു.പി സ്‍കൂളിലും മറ്റൊരു ഒരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ അഭിമാനമായ പ്രതിഭകളായിരുന്നു.

1944 നവംബർ 27 വിപുലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിച്ചു.

ബാലികമാരെ പ്രത്യേകമായി ഉദ്ദേശിച്ച് ആരംഭിച്ച തിരുമൂലപുരം ശ്രീമൂലം അല്ലെങ്കിൽ ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചിട്ട് 25 വർഷം തികയുന്നതിനു പ്രമാണിച്ചുള്ള രജതജൂബിലി മഹോത്സവ ചടങ്ങുകൾ നടന്നു ഇതുസംബന്ധിച്ച് നേരത്തെ അയച്ചിരുന്ന ക്ഷണക്കത്തുകൾ സ്വീകരിച്ചു വിദ്യാർഥിനികളും അധ്യാപികമാരും ഏതാനും അധ്യാപകൻ മാരും ശനിയാഴ്ച തന്നെ ഇവിടെയെത്തിയിരുന്നു ചെങ്ങന്നൂരിലെ മിക്കവാറും മധ്യത്തിലായി മെയിൻ സെൻട്രൽ റോഡ് അരികിൽ തുകലശ്ശേരി എന്ന സ്ഥലത്ത് വിശാല സുന്ദരമായ ഉയർന്ന മൈതാന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം താഴ്ചകളാൽ പരിമിതമാണ് ഇന്നലെയും ഇന്നുമായി ബാലികാ പാഠശാലയും പരിസരങ്ങളും ചിത്രശലഭങ്ങൾ വിവരിക്കുന്ന വസന്ത രാമ പോലെ കാണപ്പെടുന്നു വിവിധ വർണ്ണ മനോഹരങ്ങളായ സാരികൾ ധരിച്ച് കാറ്റ് പറക്കുന്ന പൂമ്പാറ്റ പോലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും സന്ദർശകരായി യുവതികളും ഈ രഥോത്സവത്തിന് മാറ്റും ചൈതന്യവും വർദ്ധിപ്പിക്കുന്നു. ശനിയാഴ്ച സന്ധ്യയ്ക്ക് പ്രാർത്ഥനാ ന്തരം നി.വ.ദി.ശ്രീ. മാർ തേവോദോസിയോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ടു ജൂബിലി സമ്മേളന ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. രാത്രി എട്ടു മണി കഴിഞ്ഞു സന്മാർഗിക ദർശപരമായ ഒരു പ്രഹസനം വിദ്യാർഥിനികൾ കൂടി അഭിനയിക്കുക ഉണ്ടായി. ബാലിക പാഠശാല യോട് അനുബന്ധിച്ചുള്ള ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് നീ.വ.ദി.മ.ശ്രീ. മോറോൻ മാർ ബസേലിയോസ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വിശുദ്ധകുർബാന അനുഷ്ഠിച്ചു. ദേവാലയം ജനാവലി കളാൽ പരമനിബിദ്ധമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം നി.വ.ദി.മ. ശ്രീ. കാതോലിക്കാബാവ തിരുമനസ്സുകൊണ്ട് നി.വ.ദി.ശ്രീ. മാർ തേവോദോദിയോസ് തിരുമേനി, നി.വ.ദി. ശ്രീ. കുരിയാക്കോസ് റംബാൻ എന്നിവരുടെ സഹകരണത്തിലും ഒട്ടധികം വൈദിക മാരുടെ സാന്നിധ്യത്തിലും ഈ രജത ജൂബിലി സ്മാരകമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരത്തിന് ശുദ്ധീകരണവും ഉദ്ഘാടനവും സംബന്ധിച്ച കർമ്മങ്ങൾ യഥാവിധി നിർവഹിച്ചു. ഈ അവസരത്തിൽ ബാലികാമഠം ഹൈസ്കൂളിന്റെ വിജയകരമായ പുരോഗതിക്ക് നിസ്വാർത്ഥമായും അശ്രാന്തമായും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഹെഡ് മിസ്ട്രസ്സ് മിസ്സ്. ബ്രൂക്സ്മിത്ത് അവർകൾക്ക് ഒരു സ്വർണ്ണ കുരിശും ചെയിനും ബാബ തിരുമനസ്സുകൊണ്ട് സമ്മാനിക്കുകയുണ്ടായി. പൂർവവിദ്യാർഥി നിയോഗം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെയും മുൻപ് ഇവിടെ അധ്യാപകവൃത്തിയിൽ ഇരുന്നിട്ട് ഉള്ളവരുടെയും ഒരു മഹായോഗം റിട്ടയേഡ് സർജൻ ജനറൽ വൈദ്യശാസ്ത്ര കുശല ഡോക്ടർ മിസ്സസ് പുന്നൻ ലൂക്കോസ് അവർകളുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു .അദ്ധ്യക്ഷ പ്രസംഗാനന്തരം മിസ് .സാറാമ്മ ചെറിയാൻ, മിസിസ് തങ്കമ്മ ഫെർണാണ്ടസ് എന്നിവർ ഈ സ്കൂളിനെ സംബന്ധിച്ച് അപദാനങ്ങളെ അനുസ്മരിച്ചു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ത്യാഗ സമ്പന്ന ആയ മിസ്സ് ഹോംസിനെ സംബന്ധിച്ചും വളരെക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം കൃത്യ വ്യഗ്രതയും കുടുംബ ഭരണ ഭാരവും മൂലം ദൂരദിക്കുകളിൽ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ച് കാണുവാൻ ഇടയാക്കുന്ന ഈ സന്ദർഭം അത്യാഹ്ലാദ കരം ആണെന്നും വിവരിച്ചു ചെയ്ത പ്രസംഗങ്ങൾ ശ്രദ്ധേയങ്ങളയിരുന്നു. ആറു മണിയോടുകൂടി ഒരു തേയില സൽക്കാരം നടത്തപ്പെട്ടു അതുകഴിഞ്ഞ് സന്ധ്യയ്ക്ക് ബാലികമാരുടെ ചാന്ദ്രിക നൃത്തത്തോട് കൂടി ഞായറാഴ്ചത്തെ ചടങ്ങുകൾ സമാപിച്ചു.

പ്ലാറ്റിനം ജൂബിലി മഹാമഹം ... റിപ്പോർട്ട്. 1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു.... അന്നേദിവസം രാവിലെ 8 മണിക്ക് അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സ്കൂൾ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് മിസ് ഹോംസ് മിസ് ബ്രൂക്ക്സ്മിത്ത് അനുസ്മരണ ശുശ്രൂഷയും ധൂപ പ്രാർത്ഥനയും നടത്തപ്പെട്ടു. 11 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത പതാക ഉയർത്തി ജൂബിലി സമാപന ചടങ്ങുകൾ പ്രാരംഭം കുറിച്ചു. തുടർന്ന് ചേർന്ന് പൂർവവിദ്യാർഥി സമ്മേളനത്തിൽ ശ്രീമതി വി. കെ. സരോജിനി (റിട്ട DEO) അദ്ധ്യക്ഷം വഹിച്ചു . ഷൈനി ജോൺ , മറിയാമ്മ ഉമ്മൻ ചാണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ഹെഡ്മിസ്ട്രസ് സൂസി മാത്യു സ്വാഗതവും കുമാരി അനില മാത്യു (സ്കൂൾ ലീഡർ ) കുതജ്ഞതയും പറഞ്ഞു. ഉച്ചയ്ക്ക് 2 35 ന് പരിശുദ്ധ കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ തിരുമനസ്സിലെ മഹനീയ അദ്ധ്യക്ഷതയിൽ പൊതു സമ്മേളനം ആരംഭിച്ചു. സ്കൂൾ മാനേജർ റമ്പാൻതെയോഫോറസ് കോറെപ്പിസ്ക്കോപ്പ സ്വാഗതമാശംസിച്ചു കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ ഇ. ടി മുഹമ്മദ് ബഷീർ ജൂബിലി സ്മരണികയുടെ പ്രകാശനകർമ്മം നിർവഹിച്ചു. പ്രൊഫസർ പി ജെ കുര്യൻ എംപി ആശംസകൾ നേർന്നു സംസാരിച്ചു. മഹാരാഷ്ട്ര ഗവർണർ ഡോക്ടർ പി.സി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾ കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ വരും തലമുറയുടെ ഭാവി ഇരുളടഞ്ഞു ആകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി .വിദ്യാഭ്യാസത്തിനു ലക്ഷ്യങ്ങളാണ് വേണ്ടത് സാധാരണ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ പോലും വിദ്യയും വിരുതും പറഞ്ഞുകൊടുക്കണം. സമൂഹത്തിലെ സാമ്പത്തിക വികസനത്തിന് ഉതകുന്ന പരിശീലനം നൽകണം. നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതും ആയിരിക്കണം വിദ്യാഭ്യാസം - അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്കൂളിൻറെ ആദ്യ മന്ദിരം രൂപകല്പന ചെയ്ത കോട്ടയം കൊന്നയിൽ എൻജിനീയർ സി ജെ മാണിയുടെ ഛായചിത്രം പൗലോസ് മാർ പക്കോമിയോസ് തിരുമേനിയും മുൻ എംഎൽഎയും സ്കൂൾ ട്രസ്റ്റിയുമായിരുന്ന പി സി തോമസിന്റെ ഛായചിത്രം മനോരമ ചീഫ് എഡിറ്റർ കെ എം മാത്യു അനാവരണം ചെയ്തു. ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ വി വർഗീസ് നന്ദി പ്രകാശിപ്പിച്ചു പ്ലാറ്റിനം ജൂബിലിയെ അനുസ്മരിപ്പിക്കുന്ന 75 മുത്തുക്കുടകളും ആയി ഇരുവശത്തും നിരന്നുനിന്ന ബാലികമാരുടെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടാണ് വിശിഷ്ടാതിഥികൾ വേദിയിൽ എത്തിച്ചേർന്നത് സ്കൂൾ ഗായക സംഘം ദേശീയഗാനവും പ്രാർത്ഥന ഗാനവും ആലപിച്ച് പൊതുസമ്മേളനത്തിൽ തുടക്കംകുറിച്ചു. ഡോ. ഫിലിപോസ് മാർ തെയോഫിലോസ് ഡോ. ഗീവറുഗീസ് മാർ ഒസ്താത്തിയോസ് ,പൗലോസ് മാർ പക്കോമിയോസ് മാത്യൂസ് മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്ത തിരുമേനിമാരും ശ്രീമതി അക്കാമ്മ അലക്സാണ്ടറും വേദിയിൽ ഉപവിഷ്ടരായിരുന്നു. തിരുവല്ല എംഎൽഎ മാമ്മൻ മത്തായി, .മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, ജില്ലാ കളക്ടർ കെ.ബി. വത്സലാകുമാരി , പോലീസ് സൂപ്രണ്ട് റ്റി. ഒ. ജേക്കബ് , സഭാ സെക്രട്ടറി എ.കെ തോമസ്, ഇലഞ്ഞിക്കൽ ജഗൻ ജോൺ ഫിലിപ്പോസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രവികുമാർ , ഡി.ഇ.ഒ പി.പി ഗോപാലൻ, സി.കെ കൊച്ചുകോശി I A S ബഥനി ആശ്രമം സുപ്പീരിയർ സിസ്റ്റർ റവ. ഫാ. സോളമൻ O I C, മറ്റനേകം വൈദികർ , ബഥനി മഠം സുപ്പീരിയർ Sr. സോഫിയ എസ് ഐ സി , കന്യാസ്ത്രീകൾ തുടങ്ങിയവയ്ക്കൊക്കെ തങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്മേളനം ധന്യമാക്കി. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിക്കുന്ന ഓഡിറ്റോറിയം കം ഇൻഡോർ കോർട്ടിന്റെ ശിലാസ്ഥാപനകർമം പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു. ഹൈസ്കൂളിലെയും കെജി സ്കൂളിലെയും കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ തുടർന്ന് നടത്തപ്പെട്ടു. കലാപരിപാടികൾ പ്രശസ്ത നർത്തകൻ അരവിന്ദാക്ഷ മേനോൻ ഉദ്ഘാടനം ചെയ്തു. ജൂബിലി പ്രമാണിച്ച് സ്കൂളും പരിസരവും ഭംഗിയായി അലങ്കരിച്ചിരുന്നു. വിവിധ കമ്മിറ്റികൾ ഹൈസ്കൂൾ കിൻഡർ ഗാർഡൻ സ്റ്റാഫ് അംഗങ്ങൾ പിടിഎ അംഗങ്ങൾ കെ ജെ മറിയാമ്മയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ബോർഡിംഗ് സ്‌റ്റാഫ്, വി.കെ ഏലിയമ്മയുടെ നേതൃത്വത്തിൽ കെ ജി ബോർഡിംഗ് സ്റ്റാഫ് ഇവർ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ജൂബിലി പരിപാടികൾ ഏറ്റവും ഭംഗിയായി നടത്തുന്നതിന് സാധിച്ചു. തുടർന്നു വായിക്കുക