സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് . സെബാസ്റ്റ്യൻസ് സ്കൂൾ, തോപ്പുംപടി


സ്കൂൾ



"പ്രാർത്ഥിക്ക യത്‌നിക്ക ഭവൽ പ്രകാശാൽ

പാർത്തിട്ടിരുൾ നീങ്ങി വിളങ്ങീടട്ടെ "

സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിന്റെ ഈ ആദർശ വചനം ആരംഭം മുതൽ ഇങ്ങോട്ട് സ്കൂളിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർന്നു നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രം പ്രാർത്ഥനയുടെയും പ്രയത്നത്തിന്റെയും ദൈവകൃപയുടേതുമാണ്.

തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.

1922 ൽ സെക്കന്റ് ഫോം (ഇന്നത്തെ ആറാം സ്റ്റാൻഡേർഡ്) ആരംഭിക്കുകയും ആ വർഷം തന്നെ സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. 1922 ൽഅംഗീകാരം ലഭിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി.ആന്റോ  മാസ്റ്ററായിരുന്നു. 1924 ൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്ത ഫാ. ജോൺ ഇടക്കാട് അച്ഛൻ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. 1927 ൽ ഫോർത്ത് ഫോം (ഇന്നത്തെ എട്ടാം സ്റ്റാൻന്റേർഡ് ) 1928 ൽ ഒമ്പതാം ക്ലാസും 1929 ൽ പത്താം ക്ലാസും  ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്കൂളായി തീർന്നു.

ഫാ. ജോണി ഇടക്കാട് അച്ഛൻ ദീർഘവീക്ഷണമുള്ള അസാമാന്യ പാണ്ഡിത്യം ഉള്ള ഒരു വ്യക്തിയായിരുന്നു. സ്കൂളിൽ അദ്ദേഹം സ്കൗട്ട് ഗ്രൂപ്പും ബാൻഡ് സെറ്റും ആരംഭിച്ചു . അന്ന് കൊച്ചി രാജ്യത്ത് മറ്റൊരു ഹൈസ്കൂളിലും ഇതുപോലെ ഒരു ബാൻഡ് സെറ്റ് ഉണ്ടായിരുന്നില്ല. പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഈ ബാൻഡ് സെറ്റ് രാജാവിനെ ക്ഷണപ്രകാരം പോകുമായിരുന്നു .

1954 ൽ ഫാദർ ജോസഫ്  നടുവത്ത് മുറി മാനേജറായി നിയമിതനായി. സ്കൂളിന്റെ സ്ഥലപരിമിതി മൂലം വർധിച്ചു വരുന്ന വിദ്യാർഥികളെ ഉൾക്കൊള്ളിക്കുവാൻ സാധിക്കാതെ വന്നപ്പോൾ അച്ഛനും ഇടവക ജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് സ്കൂൾ നിർമ്മാണത്തിനായി പണം സമാഹരിച്ചു. അങ്ങനെ രൂപം കൊണ്ടതാണ് ഫാദർ ജോൺ സ്മാരക ഓഡിറ്റോറിയം. ഈ ഓഡിറ്റോറിയം ക്ലാസ് മുറികൾ ആയി തിരിച്ച് അദ്ധ്യയനത്തിനായി ഉപയോഗിച്ചിരുന്നു.

സ്കൂൾ അധികൃതരും അധ്യാപക വിദ്യാർത്ഥി സമൂഹവും സ്കൂളിന്റെ ഐശ്വര്യത്തിനും വളർച്ചയ്ക്കും വേണ്ടി ഒരേ മനസ്സോടെ സഹകരിച്ചു പ്രവർത്തിച്ച ഒരു കാലഘട്ടമായിരുന്നു അത്. ഇതിന് കൂടുതൽ ആർജ്ജവം നൽകിയത് 1957 സ്ഥാപിതമായ സെൻറ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണ്. ഇന്ന് സ്കൂളിന്റെ വടക്കുഭാഗത്ത് നിലകൊള്ളുന്ന ഓൾഡ് സ്റ്റുഡൻസ് സുവനീർ ബിൽഡിംഗ് പൂർവ്വ വിദ്യാർത്ഥികൾക്ക്  മാതൃവിദ്യാലയവുമായുള്ള ആത്മബന്ധത്തിന്റെ തെളിവാണ്. മറ്റെങ്ങും ഇതുപോലുള്ള പൂർവവിദ്യാർഥി സ്മാരക കെട്ടിടം ഉണ്ടാകുമെന്ന് തോന്നുന്നില്ല.