സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ശുചിത്വം... കാലഘട്ടത്തിൻ്റെ അനിവാര്യത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം...കാലഘട്ടത്തിൻ്റെ അനിവാര്യത

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തികൾക്ക് ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോട് ഒപ്പം മനുഷ്യ വിസർജ്യങ്ങളുടെ ശരിയായ സംസ്കരണവും ശുചിത്വമെന്നതിലുൾപ്പെടുന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം. നമ്മുടെ ജീവിതത്തിൽ നാം ശുചിത്വ ബോധത്തിന് പ്രാധാന്യം കൽപിക്കേണ്ടതുണ്ട് .ധാരാളമാളുകൾ ശുചിത്വം പാലിക്കുകയും വളരെക്കുറച്ച് ആളുകൾ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്താൽ യാതൊരു പ്രയോജനവുമില്ല. ഇന്നത്തെ കാലത്ത് കൊറോണ പോലുള്ള മരുന്ന് കണ്ടെത്താനാവാത്ത അനേകം രോഗങ്ങൾ നമ്മെ വിഴുങ്ങാൻ കാത്തിരിക്കുകയാണ്. അതിൻ്റെ പിടിയിൽ പെടാതിരിക്കാൻ നാം ശുചിത്വം പാലിക്കേണ്ടതുണ്ട്.

പാശ്ചാത്യ രാജ്യങ്ങളുടെ കാര്യമെടുത്താൽ അവർ ശുചിത്വം പാലിക്കുന്നതിൽ വളരെ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നു മനസ്സിലാക്കാം. ഉപയോഗശൂന്യമായ വസ്തുക്കൾ അവരുടെ കണ്ണിൽ പെട്ടാൽ അത് പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കുന്നു. എന്നാൽ നാം ചെയ്യുന്നത് അതിന് വിപരീതമായാണ് . മാലിന്യങ്ങൾ പരിസരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിയുന്നു. അതിലൂടെ ജലം, വായു, മണ്ണ് എന്നിവ മലിനമാകുന്നു.

തികഞ്ഞ ശ്രദ്ധയോടെ വീടും പരിസരവും പരിപാലിക്കേണ്ടിയിരിക്കുന്നു. തുടർച്ചയായി വീടിൻ്റെ അകവും പുറവും വൃത്തിയാക്കുക, ഭക്ഷണപദാർത്ഥങ്ങളിൽ ഈച്ചകളും മറ്റു രോഗാണുക്കളും വന്നിരിക്കാതെ അടച്ച് സൂക്ഷിക്കുക, വഴിയരികിൽ തുറന്നുവച്ചിരിക്കുന്ന ഭക്ഷണം ഒഴിവാക്കുക, എന്നിവ അവയിൽ ചിലതാണ്. നമ്മുടെ നാട്ടിൽ പലയിടങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലം പല പകർച്ചവ്യാധികൾക്കും കാരണമായേക്കാം. ഇത്തരം സ്ഥലങ്ങളിൽ മണ്ണെണ്ണ ഒഴിക്കുന്നത് നല്ലതാണ്. കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുകയും മലമൂത്രവിസർജനം നടത്തുകയും അരുത്. പൊതുസ്ഥലങ്ങളിലും അന്യൻ്റെ പുരയിടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇങ്ങനെയുള്ള പ്രാഥമിക കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വം പരമപ്രധാനമാണ്. ആഹാരത്തിന് മുൻപും ശേഷവും കയ്യും വായും വൃത്തിയാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. രാവിലെയും രാത്രിയും ആഹാരത്തിനുശേഷവും പല്ലുതേക്കുക, ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, മുടി നഖം മുതലായവ വൃത്തിയായി സൂക്ഷിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക എന്നിവ നല്ല ആരോഗ്യ ശീലങ്ങളാണ്. സമൂഹത്തെ ആരോഗ്യവും വൃത്തിയുമുള്ളതാക്കാൻ ശ്രമിക്കേണ്ടത് നാം തന്നെയാണ്. എൻ്റെ വീടും പരിസരവും വൃത്തിയാക്കുന്ന ചുമതല ഞാൻ ഏറ്റെടുക്കും എന്ന് പ്രതിജ്ഞ ചെയ്യുക. പരിസരമലിനീകരണം ആരു നടത്തിയാലും അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്.

നല്ല നാളേക്കായി പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളുമല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങളെന്നിവ ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. നമ്മുടെ ഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിൻ്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും.

ഗോപിക ബൈജു
10 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം