എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/മാറാത്ത മനുഷ്യനും മാറുന്ന പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മാറാത്ത മനുഷ്യനും മാറുന്ന പ്രകൃതിയും


ഈ പ്രപഞ്ചത്തിൽ ഇതിൽ ജീവന്റെ തുടിപ്പുള്ള ഉള്ള ഒരേ ഒരു ഗോളമാണ് നമ്മുടെ ഭൂമി. കോടാനുകോടി വർഷങ്ങൾ ചുട്ടുപഴുത്ത ഒരു തീച്ചൂളയായിരുന്ന ആ ഭൂമി പരിണാമപ്രക്രിയയുടെ ഉത്ഭവത്തിൽ പരിണാമം സംഭവിച്ച ഇന്ന് ഇങ്ങനെ ആയി മാറിയിരിക്കുന്നു.

കാടുകളും മേടുകളും കുളങ്ങളും തടാകങ്ങളും പുഴകളും കടലും സമുദ്രവും പർവ്വത ശൃംഗങ്ങളും സമതലങ്ങളും പുൽമേടുകളും പീഠഭൂമികളും ഹിമപാതങ്ങളും കടൽത്തീരങ്ങളും തുടങ്ങി വിശദീകരിക്കാനാവാത്ത ജൈവസമ്പത്തിന്റെ ഒരു കലവറയാണ് ഇന്ന് നമ്മുടെ ഭൂമി. മറ്റൊരു ഗ്രഹത്തിനും കാണാൻ കഴിയാത്ത കാഴ്ച, അത് നമ്മൾക്കുള്ളതാണ്. എന്നാൽ പ്രകൃതിയെ കുറിച്ച് പറയുമ്പോൾ നമുക്ക് ഇന്നത്തെ അതിന്റെ സ്ഥിതിയെക്കുറിച്ചും, ആദിമകാല രൂപത്തെക്കുറിച്ചും, മനുഷ്യർ നിമിത്തം അതിനുണ്ടായ മാറ്റങ്ങളെക്കുറിച്ചും നമുക്ക്‌ പറയേണ്ടതുണ്ട്. കൂടാതെ ആദിമകാലം മുതൽക്കെ മനുഷ്യരുടെ പ്രകൃതിയോടുള്ള സമീപനത്തെക്കുറിച്ച് പറയേണ്ടതുണ്ട്. ഉണ്ട് ദൈവം കനിഞ്ഞുനൽകിയ ഒരു വരദാനമാണ് നമ്മുടെ ഭൂമി. എന്തുകൊണ്ടെന്നാൽ ഇത്രയുമധികം ജീവജാലങ്ങളും ജൈവസമ്പത്തും മനോഹാരിതയും നമ്മുടെ ഭൂമിക്ക് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പോലെ ഒരു തീച്ചൂളയിൽ നിന്നും ഇന്ന് കാണുന്ന പോലെ ആയത് വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടാണ്. അതിന് നീണ്ടകാലം വേണ്ടിവന്നു ആ രൂപമാറ്റം സാധ്യമാക്കാൻ. അങ്ങനെ പരിണാമ പ്രക്രിയയുടെ ഫലമായി മഴ പെയ്തു, താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി താഴ്ന്ന സ്ഥലങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് സമുദ്രങ്ങളും കടലുകൾക്കും ബീജാവാപം നൽകി.

പിന്നെ അതിന് ചുറ്റും ജൈവവൈവിധ്യം ജീവൻ എടുത്തു തുടങ്ങി. പതുക്കെപ്പതുക്കെ ജീവജാലങ്ങളുടെ ബീജാവാപവും നടന്നു. ഏറ്റവും അവസാനം മാത്രമാണ് ആണ് നാം ഉൾപ്പെടുന്ന മാനവർ രൂപപെട്ടത്. അവസാനമാണ് ഉത്ഭവം എങ്കിലും നമ്മുടെ പ്രകൃതിയുടെ ജൈവകലവറയെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ പ്രഹരശക്തി ഉള്ളവരായി നാം മാറിയിരിക്കുന്നു. മറ്റൊരു ജീവജാലവും പ്രകൃതിക്ക് ഇത്രയും വലിയ ശാപമായി മാറുന്നില്ല. അവർ പ്രകൃതിയുടെ സന്തുലിതമായ ആവാസവ്യവസ്ഥയിൽ തങ്ങളുടെ കർത്തവ്യം ചെയ്തു ജീവിക്കുന്നു. ഹിംസ്രജന്തുക്കൾ പോലും പ്രകൃതിക്ക് അനിഷ്ടമായി ഒന്നും ചെയ്യുന്നില്ല. അവർ വേട്ടയാടുന്നു അത് ആഹാരത്തിനുവേണ്ടി മാത്രമാണ്, അവർ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അടിസ്ഥാനമാണ് സസ്യ വർഗ്ഗത്തിൽ പെട്ട ജീവികളും ജന്തുക്കളും ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് ഒരേ പോലെ പ്രധാനമാണ്.

ആദിമ കാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയോടും മണ്ണിനോടും അഭേദ്യമായ ഒരു ബന്ധമാണ് പുലർത്തിയിരുന്നത്. മണ്ണിലിറങ്ങി പണിയെടുത്തു തങ്ങളുടെ ജീവിതം നയിച്ചിരുന്ന മനുഷ്യർ ഇന്ന് മണ്ണിനെതിരായി മാറിയിരിക്കുകയാണ്. മണ്ണിനെ രക്ഷിക്കുന്ന ദൈവതുല്യമായ കരങ്ങളല്ല ഇന്ന് മനുഷ്യന്റെത്. ഇന്നത് അത്യാർത്തിയായി എന്തിനെയും ഉന്മൂലനം ചെയ്യാൻ തയ്യാറായ കരാളഹസ്തങ്ങൾ ആണ്. മണ്ണിൽ വളർന്ന ഒരു തലമുറ തങ്ങളുടെ മക്കളെ മണ്ണിൽ നിന്ന് അകറ്റുന്നു. അറപ്പിക്കുന്നതും നികൃഷ്ടവുമായ ഒരു വസ്തുവായി മണ്ണ് മാറുകയാണ്. ഇന്നത്തെ തലമുറയിൽ മണ്ണിൽ വളർന്നവർ തന്നെ അടുത്ത തലമുറയെ മണ്ണിൽ നിന്ന് അകറ്റുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സ്വന്തം ഉന്നമനത്തിനായി പ്രകൃതിയെ ഇത്രയേറെ ചൂഷണം ചെയ്യുന്ന ഒരു ജനസമൂഹം വേറെയില്ല എന്ന് നാം ഓർക്കണം.

ഈ ലോകത്തുള്ളത്തിൽ നമുക്ക് മറ്റു ജീവികളെക്കാൾ വിവേകവും ചിന്താശക്തിയും ഉണ്ടെന്നാണ് നാം പറയുന്നത്. നമ്മൾ പറഞ്ഞ് വച്ചിരിക്കുന്ന പോലെ നമ്മളെക്കാൾ വളരെ കുറച്ചു മാത്രം വിവേകവും ചിന്താശേഷിയുമുള്ള മൃഗങ്ങൾ നമ്മളെക്കാൾ എത്രയോ അധികം പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നു എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നാം മനുഷ്യർ എന്നും നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടിയേ എന്തും ചെയ്തിട്ടുള്ളൂ. കാലാകാലങ്ങളായി അങ്ങനെയാണ്. എന്നാൽ എന്നാണോ മനുഷ്യന്റെ ആർത്തി അതിരുകൾ ഭേദിച്ച് പുറത്തിറങ്ങുന്നത് അത്‌ പ്രകൃതിയെ ലക്ഷ്യം വെച്ച് തന്നെയാണ് നീങ്ങുന്നത്.

കാരണം പ്രകൃതിയുടെ അത്രയും സഹനശക്തി ഈ പ്രപഞ്ചത്തിൽ ഒനിന്നും തന്നെയില്ല. നാം മനുഷ്യർ പ്രകൃതിയെ തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കുമ്പോൾ പോലും താഴ്ത്താവുന്നതിലപ്പുറവും തല താഴ്ത്തി സഹനത്തിന്റെ ഒരു വലിയ പര്യായമായി നമ്മുടെ പ്രകൃതി മാറുകയാണ്.

നാം ഇതുവരെ ഒരു പ്രധാന കാര്യം മനസ്സിലാക്കിയിട്ടില്ല. എന്തന്നാൽ നാം പ്രകൃതിയോട് ചെയ്യുന്നത്തിന്റെ അനന്തരഫലം എത്രയധികം വലിയ ആഘാതം ആയിരിക്കും നമ്മുടെ മേൽ വീഴുക എന്നത് നാം ഓർക്കേണ്ടതുണ്ട്. പല തവണ പ്രകൃതി അത് പല തരത്തിൽ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് കാണിച്ചുതന്നിട്ടുണ്ട്, നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ പ്രളയം പോലും ഒരു ഓർമ്മപ്പെടുത്തലാണ്.

എന്നാൽ നാം അതുകൊണ്ട് ഒന്നും പഠിച്ചില്ല. നമുക്ക് അറിയാവുന്നതുപോലെ നശിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. പണ്ട് കുന്നു കയറുന്ന ലോറികൾ ഒരു കാഴ്ചയായിരുന്നു ഇന്ന് ലോറിയിൽ പോകുന്ന കുന്നുകൾ സ്ഥിരം കാഴ്ചയാണ്.

നാം മനുഷ്യർ പ്രകൃതിയെ അമ്മയായിട്ടാണ് കരുതുന്നത് പക്ഷേ അതിനനുസരിച്ചാണോ നമ്മുടെ പ്രവൃത്തികൾ? സ്വന്തം അമ്മയെ ഇല്ലാതാക്കുന്ന മക്കൾ യഥാർത്ഥത്തിൽ രാക്ഷസ തുല്യരല്ലേ. നാം ഓർക്കേണ്ട ഒന്നുണ്ട് പണത്തിനായി എന്തിനെയും നശിപ്പിക്കുമ്പോൾ, ക്ഷമയുടെ നെല്ലിപ്പടികൾ ഇളകുമ്പോൾ സംഹാര രുദ്രയായി, സംഹാരതാണ്ഡവം നമ്മുടെ പ്രകൃതി നിറഞ്ഞാടുമ്പോൾ നമുക്ക് താങ്ങാൻ ആവില്ല. എത്ര വലിയ സാങ്കേതിക വിദ്യക്കും അതിനെ തടയാൻ ആവില്ല. അതു നമ്മെ ഉന്മൂലനം ചെയ്യുക തന്നെ ചെയ്യും. അതുകൊണ്ട് നാം നമ്മുടെ പ്രവർത്തനങ്ങളെ പ്രവൃത്തികളെ വിലയിരുത്തേണ്ട സമയം സമാഗതമായിരിക്കുകയാണ്. ഒരു മാറ്റം അനിവാര്യമാണ്.

നമുക്ക് വേണ്ടി, പുതു തലമുറയ്ക്ക് വേണ്ടി മാറുക, പ്രകൃതിയാകുന്ന അമ്മയെ കൈപിടിച്ചുയർത്തുക

നിരഞ്ജൻ ബി
9 എ എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം