നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

അടൽ ടിങ്കറിംഗ് ലാബ്


തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ് നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ് എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം 2019- 2020 അദ്ധ്യയന വർഷം ജനുവരി മാസമാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ATL(അറ്റൽ ടിങ്കറിംഗ് ലാബ്) നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചത്.ഇതിൻ്റെ ഔദ്യോഗികമായ ഉത്ഘാടനം 2020 ജനുവരി 23 ന് നടന്നു.ആദ്യ ബാച്ചിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത് .ശാസ്ത്ര വിഷയങ്ങളിൽ താത്പര്യവും ശാസ്ത്രീയമായി നൂതന ആശയങ്ങളും കണ്ടെത്തലുകളും നടത്താനുള്ള കഴിവും താത്പര്യവുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തത് .കോവിഡ് കാലമായതിനാൽ കൂടുതലും ഓൺലൈൻ ക്ലാസ്സു കളാണ് നൽകിയത് .അതോടൊപ്പം ഓഫ് ലൈൻ ക്ലാസ്സു കളിലൂടെ ലാബ് കുട്ടികളെ പരിചയപ്പെടുത്തി.ചെറിയ പ്രോജക്ടുകൾ ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. 2021-22 അദ്ധ്യയന വർഷം 2 ബാച്ചുകളാണ് ഉള്ളത് .55 കുട്ടികളാണ് 2 ബാച്ചി ലുമായി ഉള്ളത് . ലേസർ സെക്യൂരിറ്റി സിസ്റ്റം ,ഗ്യാസ് ലിക്കേജ് അലേർട്ട് സിസ്റ്റം,3ഡി പ്രിൻറർ ടെലസ്ക്കോപ്പ് സ്മാർട്ട് വേസ്റ്റ് ബിൻ, റോബോട്ടുകൾ തുടങ്ങി കുട്ടികളിൽ കൗതുകമുണർത്തുന്ന നിരവധി ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്

ഓഫീസ് റൂം

ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.

ലബോറട്ടറികൾ

രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച സ്കൂളായ നേതാജിയിലെ ലബോറട്ടറികൾ ഉന്നത നിലവാരം പുലർത്തുന്നതാണ്. കുട്ടികളെ ശാസ്ത്ര അവബോധം ഊട്ടി ഉറപ്പിക്കുന്നത്. പരീക്ഷണശാലകളിലാണ്. അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഉള്ള കുട്ടികൾക്ക് പരീക്ഷണനിരിക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് വിവിധ തരം ലബോറട്ടറികൾ . സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. രസതന്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള രാസ പദാർത്ഥങ്ങളും ഉപകരണങ്ങളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള അവസരങ്ങൾ ഉണ്ട്. ഗഹനമായ ശാസ്ത്ര ആശയങ്ങൾ ലഘുവായ തരത്തിൽ വിവരിക്കുന്ന സയൻസ് പാർക്ക്. സ്കൂളിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗണിതലാബ് . ഭൂമിശാസ്ത്ര ലാബ് എന്നിവയും. മികച്ച നിലവാരത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ലൈബ്രറി

സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട് . വിശ്വവിജ്ഞാനകോശം സഞ്ചാരസാഹിത്യം, ഗണിത വിജ്ഞാനകോശം, പഞ്ചതന്ത്രം കഥകൾ, ഇതിഹാസങ്ങൾ, ഈസോപ്പുകഥകൾ, തുടങ്ങി വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്. കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ മിക്ക ദിനപ്പത്രങ്ങളുo ലൈബ്രറിയിൽ കുട്ടികൾക്കായി എത്തുന്നുണ്ട്. അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്. ശ്രീ. കെ.ബി.ലാൽ, ശ്രീ ഏബ്രഹാം കെ.ജെ എന്നിവർ ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. സാഹിത്യ ലോകത്തിലെ അതുല്യ പ്രതിഭകളുടെ ഛായാചിത്രങ്ങളാൽ അലംകൃതമായ ലൈബ്രറി അനേകം കുട്ടികളുടെ വായനാജീവിതത്തെ ധന്യമാക്കുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയെ സന്തുലിതമാക്കുന്നുണ്ട്.

സ്മാർട്ട് ക്ലാസ് മുറികൾ

അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 13 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളായിട്ടുണ്ട്. ലാപ്ടോപ്പും, പ്രോജക്ടറും, സ്പീക്കറും അനുബന്ധ ഉപകരണങ്ങളും ഇതിൻ്റെ ഭാഗമായി ഓരോ ക്ലാസ്സ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ഉള്ളതുകാരണം പഠനപ്രവർത്തനങ്ങൾ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായി നടത്തപ്പെടുന്നു. സമഗ്ര പോർട്ടലിൽ നിന്നും പാഠ ഭാഗങ്ങൾക്ക് അനുയോജ്യമായ റിസോഴ്സസ് കണ്ടെത്തി കുട്ടികൾക്ക് നൽകുന്നതിന് ഇത് സഹായകമാണ്. യൂട്യൂബിൽ നിന്നും, മറ്റു വിദ്യാഭാസ സൈറ്റുകളിൽ നിന്നും പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ ചിത്രങ്ങളും, വീഡിയോകളും മറ്റും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാണ്. എല്ലാ മുറികളും സ്മാർട് ആയതു കാരണം ഒരു ക്ലാസ്സിൽ നിന്നും ഉപകരണങ്ങൾ മറ്റൊന്നിലേക്ക് കൊണ്ടുപോകാനായി ബുദ്ധിമുട്ടേണ്ടതില്ല.ജി സ്യൂട്ട് എന്ന ഓൺലൈൻ ക്രമീകരണം കൂടി കൊറോണ കാലം മുതൽ തുടങ്ങിയതിനാൽ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസ്സുകൾ നൽകുന്നതിനും സ്മാർട് ക്ലാസ്സ് മുറികൾ സഹായകമാകുന്നു. പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഈ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനത്തിനും, ക്ലാസ് മുറികളിലെ ഉപയോഗത്തിനും അധ്യാപകരെ സഹായിക്കുന്നു.

നേതാജി ഹൈടെക് കോംപ്ലക്സ്

ഹൈബ്രിഡ് ക്ലാസ്സുകൾ

കൊറോണ കാലം മുതൽ സ്മാർട് ക്ലാസ്സ് മുറികൾ സഹായത്തോടെ പത്താം ക്ലാസ്സിന് ഹൈബ്രിഡ് രീതിയിലാണ് ക്ലാസ്സുകൾ നടത്തുന്നത്. ക്ലാസ്സിൽ നടക്കുന്ന ക്ലാസ്സുകൾ അതേ സമയം തന്നെ ഓൺലൈനായി വീട്ടിൽ ഇരിക്കുന്ന കുട്ടികളും പങ്കാളികള്കുന്നു .

കമ്പ്യൂട്ടർ ലാബുകൾ

നേതാജി ഹൈസ്‌കൂളുകളിൽ വിപുലമായ ഹൈടെക് ലാബ് പ്രവർത്തിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനും (കൈറ്റ്) സ്‌കൂളും സഹകരിച്ച് 31 കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ചേർന്ന ലാബ് സജ്ജീകരിച്ചു. കൈറ്റ് ലഭ്യമാക്കിയ ലാപ്‌ടോപ്പ്, പ്രൊജക്ടർ, ശബ്ദസംവിധാനം, ഇന്റർനെറ്റ്, ഡിജിറ്റൽ ഉള്ളടക്കം തുടങ്ങിയവ അധ്യാപകർ ക്ലാസ്‌റൂം വിനിമയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സ്‌കൂൾ അധികാരികൾ ഉറപ്പു വരുത്തുന്നുണ്ട്.. മുഴുവൻ അധ്യാപകർക്കും ഇതിനുള്ള പരിശീലനം ലഭിച്ചു. ഓൺലൈൻ സ്റ്റോക്ക് രജിസ്റ്റർ, പരാതി കൃത്യമായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം, സ്‌കൂളുകളിലെ ഐടി പശ്ചാത്തല സംവിധാനങ്ങൾ, ഹയർ സെക്കന്ററി വരെയുള്ള വിവിധ വിഭാഗങ്ങൾക്ക് പരസ്പരം പങ്കുവെയ്ക്കാനുള്ള സംവിധാനം തുടങ്ങിയവയും സ്‌കൂളുകൾ ഉറപ്പാക്കി. അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾക്ക് ഹൈടെക് ക്ലാസ് മുറിയിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. സ്‌കൂളിൽ ലഭ്യമാക്കുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം അക്കാദമിക പ്രവർത്തനങ്ങൾക്കും സ്‌കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്കും മാത്രം ഉപയോഗിച്ചുവരുന്നു.. സ്‌കൂളിലും ക്ലാസ് മുറികളിലും ഫലപ്രദമായി ഐടി ഉപകരണങ്ങൾ ഉപയോഗിച്ചു വരുന്നു. സ്‌കൂളിനേയും കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും ആവശ്യമായ നടപടികളും സ്‌കൂളുകൾ സ്വീകരിച്ചുവരുന്നു. വിപുലമായ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.അതിൽ 55ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചി രിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൈറ്റ് മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.

വിശാലമായ ഓഡിറ്റോറിയം

യശഃശരീരനായ സ്കൂൾ സ്ഥാപക മാനേജർ ആക്ലേത്ത് എം ചെല്ലപ്പൻ പി്ള്ളയുടെ സ്മരണാർത്ഥം നിർമിച്ചിട്ടുള്ള നേതാജി സ്കൂൾ ഓഡിറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന രീതിയിൽ എണ്ണായിരം സ്ക്വയർ ഫീറ്റിൽ സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .

സ്കൂൾ ബസ്

ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം ,ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് . നേതാജി ഹൈസ്കൂളിന് കുട്ടികളെ കൊണ്ടു വരുന്നതിനായി ആയി മൂന്നു സ്കൂൾ ബസ് ആണ് നിലവിലുള്ളത്. അതോടൊപ്പം തന്നെ മറ്റ് സ്വകാര്യ വാഹനങ്ങളും ആളും സഹോദര സ്ഥാപനമായ പ്രഗതിയുടെ രണ്ട് സ്കൂൾ ബസ്സുകളും ഇതേ ആവശ്യത്തിന് ഉപകാരപ്പെടുന്നുണ്ട് . യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികൾക്ക് മിതമായ നിരക്കിൽ സൗകര്യമൊരുക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

നിരീക്ഷണ ക്യാമറകൾ

സ്കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി എല്ലാഭാഗങ്ങളിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടാതെ, അവരുടെ സുരക്ഷയ്ക്ക് വേണ്ടി ക്യാമ്പസിന്റെ വിവിധഭാഗങ്ങളിൽ പത്തോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെയും കുട്ടികളുടെയും അധ്യാപക-അനധ്യാപകരുടെയും സുരക്ഷിതത്വത്തെ മുൻ നിർത്തിയാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കം ഉറപ്പുവരുത്തുന്നതിനുപുറമേ യാതൊരുവിധത്തിലുള്ള ലഹരിപദാർത്ഥങ്ങളും സ്കൂളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തുവാനും സ്കൂൾ അടച്ചിടുന്ന സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യങ്ങൾ ഒഴിവാക്കുവാനും സഹായിക്കുന്നു. കുട്ടികളുടെ കളിസ്ഥലം, സ്കൂളിന്റെ ഇടനാഴികൾ, സ്കൂളിലേക്കുള്ള പ്രധാന വഴികൾ എന്നിവയെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്.

കുടിവെള്ള പദ്ധതി

നല്ല വെള്ളം പദ്ധതി

നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ശുദ്ധജലം പാഴാക്കാതിരിക്കാനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നല്ല വെള്ളം പദ്ധതി.സ്കൂൾ കുട്ടികൾക്ക് കുടിക്കുവാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് പ്രധാനാധ്യാപകൻ ഉറപ്പു വരുത്തുന്നുണ്ട്.വയലോരത്തെ വറ്റാത്ത ഉറവയുള്ള സ്കൂൾ കിണറ്റിലെ വെള്ളവും കുഴൽക്കിണറ്റിലെ വെള്ളവും ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തിളപ്പിച്ച് ആറിച്ച വെള്ളവും വാട്ടർ പ്യൂരിഫയറിലെ വെള്ളവുമാണ് കുട്ടികൾക്ക് നൽകാറ്. ജലജന്യരോഗങ്ങൾ ഒഴിവാക്കുന്നിനോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉപയോഗം കുറക്കുവാനും സ്കൂൾ ബാഗിൻ്റെ ഭാരം ലഘൂകരിക്കുവാനും ഇത് ലക്ഷ്യം വെക്കുന്നുണ്ട്. ജലദൗർലഭ്യം ഏറി വരുന്ന ഇക്കാലഘട്ടത്തിൽ ജലം പാഴാക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ബോധവത്ക്കരണവും അദ്ധ്യാപകർ നൽകിവരുന്നു. കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

ശുചിമുറി

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്.   കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട്

കളിസ്ഥലം

മലയാളിക്ക് ഏറെ പ്രിയമുള്ള കളിയാണു ബാഡ്മിന്റൻ. വിനോദത്തിനായാലും വ്യായാമത്തിനായാലും കേരളത്തിൽ ഏറ്റവുമധികം ആളുകൾ കളിക്കുന്ന കായിക ഇനം. എല്ലാ വീട്ടമുറ്റത്തും ടെറസിലും ഒരിക്കലെങ്കിലും ഷട്ടിൽ കോർക്കിന്റെ തൂവൽസ്പർശം പതിഞ്ഞിട്ടുണ്ടാവും. വെയിലായാലും മഴയായാലും ബാഡ്മിന്റൺ കളിക്കാനുള്ള ഇൻഡോർ കോർട്ട് കുട്ടികൾക്കും അവധി ദിവസങ്ങളിൽ സൗജന്യമായി നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഒരുക്കുന്നതും ഈ ഗെയിം അത്രമേൽ നമുക്ക് ഓരോരുത്തർക്കും പ്രിയങ്കരമായതിനാലാണ്.നേതാജിയിലെ അന്തരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ. രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്.

നേതാജി യൂട്യൂബ് ചാനൽ

നമ്മുടെ സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി 2020ലെ സ്കൂൾ വാർഷിക ദിനാഘോഷമാണ്.അന്നു മുതൽ സ്കൂളിലെ വിവിധ പരിപാടികൾ ഈ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു വരുന്നു.2021 ലെ സ്കൂൾ വാർഷിക ദിനാഘോഷവും യൂട്യൂബ് ചാനലിലൂടെ രണ്ടായിരത്തോളം ആളുകൾ വീക്ഷിച്ചു.