ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഫീസു പിരിവും സർക്കാരിലേക്ക് അടയ്ക്കുന്ന നടപടികളും ആധാരമാക്കി ചില നയ വ്യതിയാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചതിൻറെ ഫലമായി കത്തോലിക്ക മാനേജ്മെൻറ് സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് സമരരംഗത്തിറങ്ങി. തുടർന്ന് സർക്കാർ രക്ഷാകർതൃ സംഘടകളുമായി കൂടി ആലോചന നടത്തുകയും കാഞ്ഞിരംകുളം ഗവ.യു.പി സ്കൂൾ ഒഴിപ്പിച്ചെടുത്ത് നെല്ലിമൂട് ശ്രീ ചിത്രോദയം സ്കൂളിനെ അവിടെ പ്രവർത്തിക്കുവാനും യു.പി സ്കൂൾ വിദ്യാർത്ഥികളെ നെല്ലിക്കാകുഴി യു.പി. സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനും തീരുമാനിച്ചു. തുടർന്ന് സർക്കാർ തീരുമാനപ്രകാരം വീണ്ടും കാഞ്ഞിരംകുളത്തു നിന്നും സ്കൂൾ മാറ്റി. 1954-ൽ നെല്ലിമൂട് കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്കൂളാണ് "ന്യൂ ഹൈസ്കൂൾ" നാലു പേരുടെ കമ്മിറ്റിയായിരുന്നു മാനേജ്മെൻറ്. നെല്ലിമൂട് ന്യൂ ഹൈസ്കൂളിൻറെ ആദ്യത്തെ പ്രഥാമാധ്യാപകനായി പൈങ്കുളം ദേശത്ത് ലക്ഷിമിവിലാസം അന്തമംഗലത്തിൽ ശ്രീ. കെ സ്വാമിനാഥനെ നിയമിച്ചു. ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി കോട്ടുകാൽ വില്ലേജിൽ ആർ. കുഞ്ഞിയുടെ മകനായ പൂവൻതുറ വീട്ടിലെ എം. പത്രോസ് ആയിരുന്നു. കേരളനിയമസഭയിലെ മുൻമന്ത്രിയായ ഡോ. നീലലോഹിതദാസൻ നാടാർ. യു. എസ്. എയിലെ എഞ്ചിനിയറായിരുന്ന ശ്രീ. മധുനായർ, തിരുവന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സർജർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. സുന്ദരൻ, അന്തരിച്ച അസീ. എക്സീ. എഞ്ചിനിയർ സുകുമാരൻ കെ.പി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. 1998-ൽ ഇത് ഹയർ സെക്കൻററി സ്കൂളായി. അതിയന്നൂർ പഞ്ചായത്തിന് ഏക എയിഡഡ് ഹയർ സെക്കൻററി സ്കൂളാണിത്. ഹയർ സെക്കൻററി വിഭാഗത്തിൽ ഒന്നും രണ്ടും വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂൾ യു.പി വിഭാഗത്തിലായി ഈ അധ്യാന വർഷത്തിൽ 2901 കുട്ടികൾ അധ്യയനം നടത്തുന്നു. (802 ആൺകുട്ടികളും 1099 പെൺകുട്ടികളും) ഇവരിൽ 429 പേർ പട്ടിക ജാതി വിഭാഗത്തിലും 3 പേർ പട്ടികവർഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.