ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കൻ്ററി സ്കൂളുമാണിത്. 1968 സ്ഥാപിതമായ ഈ സ്കൂൾ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടങ്ങൾ തരണം ചെയ്താണ് ഇന്നത്തെ ഉയർന്ന നിലവാരത്തിൽ എത്തിയത്. ഹൈസ്കൂളിൽ 31 ഡിവിഷനും ഹയർസെക്കന്ററിയിൽ 18 ബാച്ചുമായി 2000 ന് മുകളിൽ കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെയും പൊൻമള പഞ്ചായത്തിലേയും കുട്ടികളാണ് കൂടുതലായും സ്കൂളിലേക്ക് വിദ്യാഭ്യാസം നേടാൻ വരുന്നത്. ഒതുക്കുങ്ങൽ, മുനമ്പത്ത്, മൂലപ്പറമ്പ്, മുണ്ടോത്ത്പറമ്പ്, മറ്റത്തൂർ, കൈപറ്റ, പടിഞ്ഞാറേക്കര, ചെറുകര, പാറപ്പുറം, തെക്കുംമുറി, തൊടുകുത്ത്പറമ്പ്, മേലേകുളമ്പ്, നൊട്ടനാലക്കൽ, മാവേലികുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്‍കൂളിലേക്ക് വരുന്നത്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഈ ഏക ഹയർ സെക്കന്ററി വിദ്യാലയം 1968ലാണ് സ്ഥാപിക്കപ്പെട്ടത്. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം,കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം തലയുയർത്തിനിൽക്കുന്നത്.
നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളേ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ. പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം. സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരുസംഘം പേർ വീടുകയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്. മടിച്ചുനിന്നവരെ പഠനോപകരണങ്ങൾ ഓഫർ ചെയ്തു വരെ സ്കൂളിലെത്തിക്കാൻ ശ്രമമുണ്ടായി. ഒടുവിൽ മൂന്ന് ഡിവിഷനുകളിലായി 108കുട്ടികളുമായാണ് എട്ടിലെ ആദ്യബാച്ച് ആരംഭിക്കാനായി. അങ്ങനെ,1968ജനുവരി 6ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബാണ് പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ഈ കലാലയം നാടിന് സമർപ്പിച്ചത്. നാല് ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം. പതിയെ പതിയെ കുട്ടികളുടെ എണ്ണമേറി; ഡിവിഷനുകൾ വർധിച്ചു. നല്ല അച്ചടക്കവും മികച്ച പഠനനിലവാരവും ആദ്യ ബാച്ച് മുതൽ പ്രകടമാക്കിയാണ് സ്കൂൾ മുന്നേറിയത്. ആ ഘട്ടത്തിൽ ഇവിടെ പഠിച്ചവരിൽ ഏറെപ്പേർക്കും ഉയർന്ന സാമൂഹിക പദവികളിലേയ്ക്ക് വഴി കാട്ടാൻ സ്കൂളിനായിരുന്നു. എഴുപതുകളുടെ ഒടുവിലെത്തുമ്പോഴേയ്ക്ക്, രാഷ്ട്രീയത്തിന്റെ അതിപ്രസരവും ഗൾഫിന്റെ സ്വാധീനവും വിദ്യാഭ്യാസത്തിനു പ്രതികൂലമായ സാമൂഹിക സാഹചര്യം പൊതുവെ നാട്ടിലുണ്ടാക്കി. അത് സ്കൂൾ അധ്യയനത്തിലും പ്രതിഫലിച്ചു. കുട്ടികളിൽ പഠനതാത്പര്യം കുറയുകയും എസ്.എസ്.എൻ.സി ഫലം മോശമാകുകയും ചെയ്തു. എൺപതുകളുടെ തുടക്കത്തിൽ ഇവിടെ പ്രധാനാധ്യാപകനായെത്തിയ എസ്.എം.ഷാ മുൻകൈയെടുത്ത് നടത്തിയ മാതൃകാപരവും ആത്മാർഥവുമായ പരിശ്രമങ്ങൾ സ്കൂളിനെ വീണ്ടും വിജയപാതയിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സഹായകമായി. അപ്പഴേയ്ക്ക് നാട്ടിൽ അൺ എയ്ഡഡ് വിദ്യാലങ്ങൾ തലപൊക്കിത്തുടങ്ങിയിരുന്നു. എയ്ഡഡ് വിദ്യാലയങ്ങൾ കൂടി, കുട്ടികളെ സമ്പാദിക്കാനുള്ള മത്സരത്തിൽ ഒപ്പമിറങ്ങിയതോടെ, ഡിവിഷനുകൾ ഇടിയുന്ന ദുർഗതിയിലായിസ്കൂൾ. കെട്ടിടത്തിന്റെ വലിയ അപര്യാപ്തതതയിൽ വട്ടം കറങ്ങിയ സ്കൂൾ ഷിഫ്‌റ്റ് സമ്പ്രദായത്തിലാണ് ഏറെക്കാലം പ്രവർത്തിച്ചത്.
ഓലഷെഡിൽ വരെ പ്രവർത്തിക്കാൻ നിർബന്ധിതമായതോടെ സാമൂഹികശ്രേണിയിലെ മുൻനിരക്കാർക്ക് സ്കൂൾ അനാകർഷണകമായിത്തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത്, എം.എൽ.എ, എം.പി ഫണ്ടുകൾ, ഹൈടെക്ക് കെട്ടിടങ്ങൾ സ്‍കൂളിനെ വളരെ നല്ല നിലയിലാക്കി. . 2005ൽ സ്‍കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ബാച്ചുകളുള്ള (ഒമ്പത് ബാച്ചുകൾ) വിദ്യാലയങ്ങളിൽ ഒന്നാണിത്. ഷെഡുകളിൽ പ്രവർത്തിച്ച പരാധീനതകളുടെ തുടക്കകാലം ഹയർസെക്കന്ററിവിഭാഗം ഇന്ന് മറികടന്നുകഴിഞ്ഞു. ഹയർ സെക്കന്ററിക്ക് മാത്രമായി മൂന്നു നിലയുള്ള കെട്ടിടം യാഥാർഥ്യമായതോടെയാണ് ഇത്.