എസ്. വി. ഹൈസ്കൂൾ പുല്ലാട്/മികവുകൾ
ഇതിനുപിന്നിൽ രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും അധ്യാപകരുടെ എല്ലാവരുടെയും കൂട്ടായുള്ള അർപ്പണബോധവും ഒന്ന് മാത്രം. പത്താം ക്ലാസ് വലിയ പരീക്ഷക്ക് മുമ്പ് ഒരുമാസം ദൈർഘ്യമുള്ള തീവ്ര പരിശീലനം. സ്കൂൾ സമയത്തിന് മുമ്പും ശേഷവും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു കുട്ടികൾക്ക് ലഘുഭക്ഷണം നൽകികൊണ്ടുള്ള പരിശീലനം ഒരു ഉത്സവം തന്നെ. കുട്ടികൾക്ക് മാനസിക ശാരീരിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് ഉതകുന്ന പ്രഗൽഭരുടെ വ്യക്തി വികസന ക്ലാസുകൾ. പാഠപുസ്തകം നിർമ്മിക്കുന്നതിലും അധ്യാപക പരിശീലനം നൽകുന്നതിനും പരിശീലനം സിദ്ധിച്ച ഡി ആർ ജി, എസ് ആർ ജി ആയിട്ടുള്ള ഒരു പറ്റം അധ്യാപകർ. ടീച്ചിങ് എയ്ഡ് നിർമാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ കെ. സുമ ദേവി ടീച്ചർ സ്കൂളിന് അഭിമാനം. സ്കൂൾ ഭരണഘടനാ നിർമ്മാണത്തിൽ- നൈതികം- നമ്മുടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്എസ്എൽസിക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുൻപ് റാങ്ക് നിലവിലിരുന്ന സമയത്ത് 1998 ൽ ശ്രീജ എന്ന കുട്ടിക്ക് പത്താം റാങ്ക് നേടി സ്കൂൾ, സംസ്ഥാന തലത്തിൽ മികവിന്റെ പട്ടികയിലേക്ക് ഉയർന്നത് അഭിമാന നിമിഷം. സ്കൂൾ ശാസ്ത്ര- സാമൂഹികശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ എല്ലാ വർഷവും അനവധി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികവാർന്ന വിജയം കൈവരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ അനവധി തവണ കലാപ്രതിഭകൾക്ക് ജന്മമേകിയ വിദ്യാലയം. ഇപ്പോൾ എല്ലാ വർഷവും നിരവധി ഫുൾ എ പ്ലസ് കാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തികഞ്ഞ അച്ചടക്കവും ഉയർന്ന പരിശീലന മൂല്യവും പകർന്നുനൽകുന്നത് മുഖമുദ്രയാക്കിയ വിദ്യാഭ്യാസ സ്ഥാപനം.
ഭൗതികം:- ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക
പരിശീലന മികവ്:- വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി നൽകിവരുന്ന പരിശീലന പരിപാടികളിൽ കൃത്യമായി പങ്കെടുത്ത പരിശീലനം നേടിയ അധ്യാപകർ. ഇവിടുത്തെ എല്ലാ അധ്യാപകരും പരിശീലനം നേടിയവരാണ്. ഡി ആർ ജി മാർ , എസ് ആർ ജി മാർ പാഠപുസ്തക നിർമ്മാണത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഈ സ്കൂളിലെ സമ്പത്താണ്.
കായികം:- ഇന്ത്യയുടെയും കേരളത്തിന്റെയും കായിക ഭൂപടത്തിൽ എസ് വി എച്ച് എസ് തനതായ സുവർണ്ണ നിമിഷങ്ങളെ എഴുതിച്ചേർത്തിട്ടുണ്ട്. 2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി.ഹൈജംപിൽ ഭരത് രാജ് ബി ഒന്നിലേറെ ദേശീയ,സംസ്ഥാന റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കല:- കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.
സേവനം:- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. കൂടുതൽ വായിക്കുക
പഠന വിനോദ യാത്ര:- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി
ഭാരത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്..
-------------------------------------------------------------------------------------------------------------------------------------------------