ജി.വി.എൽ.പി.എസ് ചിറ്റൂർ/ഇനിയും വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രധാന അധ്യാപിക

ജയലക്ഷ്മി. ടി

ചരിത്ര പ്രസിദ്ധ രണോത്സവമായ കൊങ്ങൻ പടയുടെ നാടായ ചിറ്റൂരിന്റെ വിദ്യാഭ്യാസ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു വിദ്യാലയം തന്നെയാണ് ജി.വി.എൽ.പി.എസ്. ചിറ്റൂർ. ഒരുപാട് മഹത് വ്യക്തികളുടെ അമ്മമടിത്തട്ടായ ഈ വിദ്യാലയം എക്കാലത്തെയും മികവിന്റെ കേന്ദ്രമാണ്. പൊതുവിദ്യാലയങ്ങളുടെ കരുത്തും ഊർജ്ജവും നന്മയും കൂട്ടായ്മയും എല്ലാമെല്ലാം ഇവിടത്തെ വിദ്യാർത്ഥികളിലും അധ്യാപകരിലും തെളിഞ്ഞു കാണാവുന്നതാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വീട് വിദ്യാലയമാക്കിയ ഒന്നരവർഷത്തോളം ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും സർവ്വതോന്മുഖമായ വികാസം കണക്കിലെടുത്ത് ഇവിടത്തെ അദ്ധ്യാപകർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിക്കി താളുകളിൽ നിന്ന് നമുക്ക് ദർശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ കാലഘട്ടം വളരെ ഫലപ്രദമായി കുട്ടികൾ വിനിയോഗിച്ചു. അദ്ധ്യാപകരിൽ നിന്ന് ആർജ്ജിച്ച അതിജീവനത്തിന് പാഠങ്ങൾ ഉൾക്കൊണ്ട് ഇവിടത്തെ കുരുന്നുകൾ പൂർവാധികം ഊർജ്ജസ്വലരായി തിരികെ വിദ്യാലയത്തിൽ എത്തിയത് മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പി.ടി.എ യും എസ്.എം.സി യും എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. മികവിന്റെ പടവുകൾ താണ്ടി ജി.വി.എൽ.പി.എസ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ...


മുൻ പ്രധാന അധ്യാപിക

ഷൈലജ.എൻ.കെ

ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്... ഇന്നും അതു തുടരുന്നുണ്ട്. ഞങ്ങൾ ജി.വി.എൽ.പി കുടുംബത്തിലെ ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്. ചിറ്റൂരിലെ പ്രധാന പൊതുവിദ്യാലയമെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള നാനൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ നമ്മുടെ സ്കൂളിന് മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിലെ അക്കാദമിക നിലവാരവും കലാകായിക രംഗത്തുള്ള മികവും ഇനിയും ഉയർത്തുന്നതിന് ഭൗതിക സാഹചര്യം വർദ്ദിപ്പിക്കേണ്ടതോടൊപ്പം നൂതനമായ വിദ്യാഭ്യാസ മാർഗ്ഗങ്ങളും നടപ്പാക്കേണ്ടതുണ്ട്. അതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്.

ഭൗതികമായ ഒട്ടേറെ പരിമിതികൾ ചൂണ്ടിക്കാണിക്കാനാവും എങ്കിലും സർക്കാർ വിദ്യാലയങ്ങളുടെ മേന്മകൾ തിരിച്ചറിഞ്ഞേ മതിയാവൂ.

  • ശാസ്ത്രീയ പരിശീലനം ലഭിച്ച അധ്യാപകർ
  • പാഠ്യപദ്ധതിക്കനുസൃതമായി അധ്യാപകർക്ക് നൽകുന്ന തുടർ പരിശീലനങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • ഐടി ഉപയോഗിച്ച് കൊണ്ടുള്ള പഠനം
  • ഐടിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പഠനം
  • കലാ-കായിക മേളകൾ
  • പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള പ്രത്യേക ശ്രദ്ധയും പരിശീലനവും
  • പാഠ്യ പാഠ്യാനുബന്ധ സജീവ പിന്തുണ നൽകുന്ന അധ്യാപക- രക്ഷകർത്തൃ സമിതികൾ