ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

ജിഎച്ച്എസ്എസ് ചാവശ്ശേരി

2010 ഓഗസ്റ്റ് 10

വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ഹൈസ്കൂളിൽ ജൂനിയർ ഡിവിഷനും, ഹയർസെക്കൻഡറിയിൽ സീനിയർ ഡിവിഷനും ആയാണ് എസ്.പി.സി. പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. എസ്.പി.സി. ജൂനിയർ ഡിവിഷനിലേക്ക് എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സീനിയർ ഡിവിഷനിലേക്ക് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജൂനിയർ ഡിവിഷൻ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് ജി.എച്ച്.എസ്.എസ്. ചാവശ്ശേരി. ഈ വിദ്യാലയത്തിൽ 2010 ഓഗസ്റ്റ് പത്താം തീയതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.


കേഡറ്റുകളെ തെരഞ്ഞെടുക്കൽ

എട്ടാം തരത്തിലെ വിദ്യാർഥികളെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജൂനിയർ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കുന്നത്. തുടർന്ന് രണ്ടു വർഷം പരിശീലനം ഉണ്ടാവും. എഴുത്തുപരീക്ഷ, കായിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്.

പരിശീലനം

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയായാൽ പാസിങ് ഔട്ട് പരേഡ് നടക്കുന്നതാണ്. അതിനുശേഷം പത്താംതരത്തിൽ വെച്ച് പ്രമോഷൻ ടെസ്റ്റ് നടക്കുന്നതാണ്. ഒരു എഴുത്തുപരീക്ഷയും, പരേഡ്, പി.ടി. എന്നിവയിലടിസ്ഥാനപ്പെടുത്തിയാണ് പ്രമോഷൻ ടെസ്റ്റ്. അതിനുശേഷം കേഡറ്റുകൾക്ക് എസ്.പി.സി. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

പരിശീലന ക്യാമ്പുകൾ

  • ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
  • ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
  • സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ്

സംഘാടനം

സംസ്ഥാന തലം

പ്രൊജക്റ്റ് മാനേജ്മെൻറ് നോഡൽ കമ്മിറ്റിയാണ് (PMNC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തല സംഘാടനം നിർവഹിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് ഇതിന്റെ ചെയർമാൻ. ഇതോടൊപ്പം സംസ്ഥാന നോഡൽ ഓഫീസർ, സംസ്ഥാന അഡീഷണൽ നോഡൽ ഓഫീസർ, സംസ്ഥാന അസിസ്റ്റന്റ് നോഡൽ ഓഫീസർ, എസ്.പി.സി. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയും സംസ്ഥാനതല സംഘാടനത്തിൽ പങ്കാളികളാണ്.

ജില്ലാതലം

എസ്.പി.സി. പദ്ധതിയുടെ ജില്ലാതല സംഘാടന ചുമതല ജില്ലാ നോഡൽ ഓഫീസിനാണ്. പോലീസ് ജില്ലാടിസ്ഥാനത്തിലാണ് എസ്.പി.സി. ജില്ലകളെ വിഭജിച്ചിരിക്കുന്നത്. ഡിവൈഎസ്പി/അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറായിരിക്കും എസ്.പി.സി.യുടെ ജില്ലാ നോഡൽ ഓഫീസർ. അതോടൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ/പോലീസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർക്ക് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറുടെ ചുമതല ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കാര്യനിർവ്വഹണത്തിന് സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് കൂടി ഉണ്ടായിരിക്കുന്നതാണ്.

സ്കൂൾ തലം

എസ്.പി.സി. പദ്ധതിയുടെ സ്കൂൾതല സംഘാടന ചുമതല സ്കൂൾ അഡ്വൈസറി ബോർഡിനാണ്. പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക/പ്രിൻസിപ്പാൾ ആണ് ഇതിന്റെ ചെയർമാൻ. സ്കൂൾ ഉൾപ്പെടുന്ന പോലീസ് പരിധിയിലെ പോലീസ് ഇൻസ്പെക്ടർ ആണ് സ്റ്റുഡന്റ് പോലീസ് ലൈസൻ ഓഫീസർ (Student Police Liaison Officer/PSLO). ഒപ്പം സ്കൂൾ രക്ഷാകർതൃ സമിതി അധ്യക്ഷൻ, സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ/വാർഡ് മെമ്പർ, ഈ പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കാൻ ചുമതലയുള്ള ഒരു അധ്യാപകനും ഒരു അധ്യാപികയും, കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന പോലീസ് ഓഫീസറായ ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്.

2016-17

ജൂൺ 5 പരിസ്‌ഥിതി ദിനം

ജൂൺ 19 വായനാദിനം

ജൂൺ 21 യോഗാദിനം

ലോകജനസംഖ്യാദിനം

ചാന്ദ്രദിനം

ആഗസ്‌ത എസ്പിസി ദിനാഘോഷം

ആഗസ്‌ത15സ്വാതന്ത്ര്യ ദിനാഘോഷ

സെപ്തംബർ 5

സെപ്തംബർ 8,9,10

ഒക്ടോബർ2

നവംബറ 1 കേരളപ്പിറവി

നവംബർ 14

ഡിസംബർ 28,29,30

ജനുവരി റിപ്പബ്ലിക് ദിന

മാർച്ച

സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു.

  വർഷാരംഭത്തിലെ ആദ്യ പരിപാടിയായ പ്രവേശനോത്സവ ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ജൂൺ 5 പരിസ്‌ഥിതി ദിനം, ജൂൺ 19 വായനാദിനം, ജൂൺ 21 യോഗാദിനം എന്നിവ ജൂൺമാസത്തെ പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്.

  കർക്കിടക മാസത്തിന്റെ കാർമേഘം വിരിച്ച ഇരുൾ മൂടിയ അന്തരീക്ഷത്തിലും ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സൂര്യ തേജസോടെ മികവ് പുലർത്തുന്നവയായിരുന്നു. ലോകജനസംഖ്യാദിനം, ചാന്ദ്രദിനം എന്നീ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ആവേശഭരിതമായിരുന്നു. മറ്റൊരു പ്രധാന പ്രവർത്തനം മട്ടന്നൂരിൽ നടന്ന മെഡിക്കൽ ക്യാമ്പായിരുന്നു. ബഹു: ആരോഗ്യ മന്ത്രി ശൈലജ ടീച്ചറായിരുന്നു ഉദ്ഘാടക. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പ് എസ്‌പിസിയുടെ സന്നദ്ധ പ്രവർത്തനത്തിന്റെ മികച്ച ഉദാഹാരണങ്ങളിൽ ഒന്നാണ്.

എസ്പിസിയുടെ സ്ഥാപക മാസമായ ആഗസ്‌തിലെ ആദ്യ പരിപാടി എസ്പിസി ദിനാഘോഷം തന്നെയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ സെറിമോണിയൽ പരേഡ് നടന്നു. ഇരിട്ടി പായത്തെ രക്താർബുദം ബാധിച്ച വിദ്യാർത്ഥിനി മാളവികക്ക് എസ്പിസി കേഡറ്റുകൾ സ്വരൂപിച്ച ധനസഹായം നൽകിയത് ഒരു ഉദാത്തമായ മാതൃകയാണ്. ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ എസ്പിസി കേഡറ്റുകൾ അവതരിപ്പിച്ച ജലിയാൻവാലാബാഗ് പുനരാവിഷ്കരണം ഏവർക്കും നവ്യാനുഭവമായി. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത നൂറു കണക്കിന് രക്തസാക്ഷികളുടെ വീര സ്മരണകളുണർത്തിയ ഈ പരിപാടി നയനങ്ങളെ ഈറണനിയിച്ച ഒന്നായി. അതേ ദിവസം തന്നെ തെരഞ്ഞെടുക്കപ്പെട്ട സീനിയർ കേഡറ്റുകൾക്ക് ജില്ലാ സ്വാതന്ത്ര്യ ദിന പരേഡിൽ മികവ് തെളിയിക്കാൻ അവസരം ലഭിക്കുകയുമുണ്ടായി.

  സെപ്തംബർ മാസത്തെ പരീക്ഷാ ചൂടിനിടയിൽ വന്നെത്തിയ അധ്യാപകദിനം തങ്ങളുടെ ഗുരുക്കന്മാരെ ആദരിക്കാനും സ്നേഹം പ്രകടിപ്പിക്കാനുമുള്ള അവസരമായി മാറി. പരീക്ഷകൾ അവസാനിച്ചതിനു ശേഷം എസ്പിസിയുടെ സ്കൂൾതല ഓണം ക്യാമ്പ് സെപ്തംബർ 8,9,10 തീയതികളിൽ ഗംഭീരമായി നടന്നു. ഒന്നാം ദിവസത്തെ ആകർഷകമായ ക്ലാസുകളും രണ്ടാം ദിനത്തിലെ സെൻട്രൽ ജയിൽ, മിൽമ, ഐസ്‌ക്രീം പ്ലാന്റ് എന്നിവിടങ്ങളിലേക്കുള്ള സന്ദർശനവും മൂന്നാം ദിവസത്തെ ഗൗരവമേറിയ ചർച്ചകളും കേഡറ്റുകളെ ഒരേ സമയം ചിന്തിപ്പിക്കാനും അതോടൊപ്പം അസ്വാദനത്തിനും വഴിയൊരുക്കി.

  നമ്മുടെ രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി കടന്നു വന്ന ഒക്ടോബർ മാസത്തിൽ ഗാന്ധിയൻ ചിന്തകളിൽ ക്ലാസ്സും ഗാന്ധിക്വിസും സംഘടിപ്പിച്ചു. ഗാന്ധി ജയന്തിയോടാനുബന്ധിച്ച് മട്ടന്നൂർ ടൗൺ കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി.

  വസന്തത്തിൻ കുളിരണിയിച്ച് ആഗമിച്ച നവംബറിനെ കേരളപ്പിറവി ദിനാഘോഷത്തോടെ വരവേറ്റു. നവംബർ 14-ന്റെ ശിശുദിനാഘോഷ പരിപാടി വളരെ ഹൃദ്യമായതായി. പ്രിപ്രൈമറിയിലെയും എൽപി തലത്തിലെയും കുരുന്നുകൾക്ക് പൂചെണ്ടുകളും മധുരങ്ങളും സമ്മാനിച്ചു. സ്കൂളിന്റെ അടുത്ത പദേശത്ത് സ്ഥിതി ചെയ്യുന്ന ഏറെ പ്രാധാന്യമർഹിക്കുന്ന ജൈവവൈവിധ്യ കലവറയായ പൂങ്ങോട്ട്കാവ് വനത്തിലൂടെ ജനവാസകേന്ദ്രത്തിൽ നിന്നും ഉദ്ഭവിച്ച് ഒഴുകുന്ന തോട്‌ ശുചീകരണയജ്ഞം വനം വകുപ്പുമായി കൈകോർത്ത് കൊണ്ട് നടത്തിയത് എസ്പിസിയുടെ ലക്ഷ്യസാക്ഷാത്കരണത്തിന്റെ ഭാഗമായി മാറി.

  ഡിസംബറിലെ തണുപ്പിന്റെ കുളിർമയിൽ തപിക്കുന്ന പരീക്ഷാനുഭവങ്ങൾക്ക് ശേഷം വീണ്ടുമൊരു അവധിക്കാലം വരവായി. ത്രിദിന ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബർ 28,29,30 തീയതികളിൽ നടന്നു. രണ്ടാം ദിനത്തിലെ കൊട്ടിയൂർ വന്യജീവി സാങ്കേതത്തിലേക്കുള്ള പഠനയാത്ര വേറിട്ട അനുഭവമായി.

  ജനുവരി എസ്പിസിക്ക് ചെയ്യാനേറെയുള്ള മാസമായിരുന്നു. റോഡ് സുരക്ഷാ വാരാചരണം, പൾസ് പോളിയോ നിർമാർജന യജ്ഞം എന്നിങ്ങനെ... ഇടയ്ക്ക് ആവേശമായി കടന്നു വന്ന സംസ്ഥാന കലോത്സവ പരിപാടിയിൽ ജൂനിയർ-സീനിയർ-ലീഡർ കേഡറ്റുകൾക്ക് പങ്കെടുക്കാനായത് മറക്കാനാവാത്ത അനുഭവമായി.  റിപ്പബ്ലിക് ദിനപരിപാടികളും പരേഡും ജനുവരിയെ ധാന്യമാക്കി.

  ഫെബ്രുവരിയിലെ പ്രവർത്തനങ്ങളിൽ ജനമൈത്രീ പദ്ധതികൾ ഏറെ പ്രാധാന്യം അർഹിക്കുന്നവയായി മാറി. സീനിയർ-ലീഡർ-പോസ്റ്റ് കേഡറ്റുകളുടെ സംയുക്ത സംരംഭമായ വിസിൽ നൗ എന്ന തെരുവ് നാടകം വിവിധയിടങ്ങളിൽ ഹർഷാരവത്തോടെ അരങ്ങേറിയത് സ്മരണീയമായ കാര്യമാണ്. അതോടൊപ്പം മാസാവസാനം സീനിയർ കേഡറ്റുകളുടെ പ്രൗഢോജ്വലമായ പാസിംഗ് ഔട്ട് പരേഡിനാൽ സമ്പന്നമായി.

  മാർച്ചിൽ തിരുവനന്തപുരം എസ്‌എപി ക്യാമ്പിൽ നടന്ന എസ്പിസി സമ്മർ ക്യാമ്പിൽ തെരഞ്ഞെടുത്ത രണ്ട് കേഡറ്റുകൾക്ക് പങ്കെടുക്കാനായത് അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ഒന്നായി.  ഏപ്രിൽ അവസാനം നടന്ന ജില്ലാ ക്യാമ്പിൽ പരേഡ് നയിച്ച കമാണ്ടറും മികച്ച പ്ലാറ്റൂണും ചാവശ്ശേരി സ്കൂളിന്റേതായിരുന്നു.  കേഡറ്റുകൾക്ക് പുത്തൻ അറിവുകൾ പകർന്നും അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടും നടന്ന ഈ ജില്ലാ തല ക്യാമ്പോട് കൂടി 2016-17 വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരശീല വീണു.

Report by:

1. ഫൈറോസ്.എ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ

2. ഫാബിയോള വി.കെ., അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ

എസ്പിസി ജി.എച്.എസ്.എസ്. ചാവശ്ശേരി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി