ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/എന്റെ ഗ്രാമം
എറണാകുളം ആലുവ ദേശീയപാതയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള പൂക്കാട്ടുപടി റോഡിലൂടെ ഏതാണ്ട് 8 കിലോമീറ്റർ സഞ്ചരിച്ചാൽ എന്റെ ഗ്രാമത്തിലെത്താം. തേവയ്ക്കൽ എന്ന എന്റെ സ്വന്തം നാട് ഈ നാടിന്റെ തിലകക്കുറിയായി ഏതാണ്ട് 75 വർഷം പൂർത്തിയാക്കുന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. എന്റെ സ്കൂൾ തേവയ്ക്കൽ ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത് എങ്കിലും തൃക്കാക്കര സ്കൂൾ എന്നാണ് പണ്ട് മുതലേ അറിയപ്പെടുന്നത്. പണ്ട് ഈ സ്കൂളിൽ ഇരിക്കുന്ന പ്രദേശം തൃക്കാക്കര വില്ലേജ് പരിധിയിൽ ആയിരുന്നതുകൊണ്ടാണ് തൃക്കാക്കര സ്കൂൾ എന്നറിയപ്പെട്ടിരുന്നത്. ഇന്ന് ഈ സ്കൂൾ ആലുവ ഈസ്റ്റ് വില്ലേജിന്റെ പരിധിയിൽ ആണെങ്കിലും ഇന്നും ഔദ്യോഗികമായി തൃക്കാക്കര സ്കൂൾ എന്ന് തന്നെ അറിയപ്പെടുന്നു. തേവയ്ക്കൽ പ്രദേശത്തെ പഴക്കംചെന്ന തറവാടുകളിൽ ഒന്നായ പൊന്നുംകുടം തറവാട്ടിലെ ശങ്കരൻ നായരും, കോട്ടയം സ്വദേശി ശങ്കുണ്ണിപിള്ളയും ചേർന്ന് നൽകിയ മൂന്ന് ഏക്കർ സ്ഥലത്ത് ഉജ്വല നക്ഷത്രമായ് എന്റെ സ്കൂൾ ജ്വലിക്കുന്നു. എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിൻ അടുത്തായി ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജൈവവൈവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുമായി പൊന്നുംകുടം വന ദുർഗ്ഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏതാണ്ട് രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ കാവ് അപൂർവ്വ പക്ഷിമൃഗാദികളുടെയും ഔഷധ സസ്യങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.
കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളാൽ സമ്പന്നമായ തൃക്കാക്കര മഹാദേവക്ഷേത്രം എന്റെ ഗ്രാമത്തിൽ നിന്ന് കുറേ അകലെയല്ലാതെ സ്ഥിതിചെയ്യുന്നു. വാമനമൂർത്തിയുടെ കാൽ പതിഞ്ഞ സ്ഥലം എന്ന സങ്കൽപത്താൽ തിരു കാൽ കര എന്ന പേര് ലഭിച്ചു എന്ന് കരുതുന്ന ഈ പ്രദേശം പിന്നീട് വാ മൊഴികളാൽ തൃക്കാക്കര ആയി മാറി എന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിനു മുന്നിൽ തൃക്കാക്കര എന്ന സ്ഥലപ്പേര് വരുന്നതും അഭിമാനം തന്നെ. ലോകത്തെ എല്ലാ മലയാളികൾക്കും അറിയാവുന്ന സ്ഥലപ്പേരാണ് തൃക്കാക്കര എന്നതാണ് ഏറെ അഭിമാനകരം. അതെ എന്റെ നാട് മനോഹരമായ തേവക്കൽ എന്ന് ഗ്രാമമാണ്. തൃക്കാൽ പതിഞ്ഞ തൃക്കാക്കരയ്ക്ക് അടുത്തുള്ള കൊച്ചുഗ്രാമം.