വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ശുചിത്വം രോഗപ്രതിരോധം

എത്ര മനോഹരമാണ് പ്രകൃതി, ജീവജാലങ്ങൾക്ക് ജീവനും ജീവിക്കാനുള്ള ഇടവും തരുന്ന പ്രകൃതിയുടെ നിലനിൽപ്പ് ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെയാണ്. പ്രകൃതി ശുചിത്വത്തോടെ നിലനിൽക്കേണ്ടത് ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.നമുക്ക് കിട്ടുന്ന വായുവും, ജലവും, ഭക്ഷണവും എല്ലാം ശുദ്ധം ആണെങ്കിൽ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാവുകയുള്ളൂ. മനുഷ്യർ മാത്രമല്ല ഈ പ്രകൃതിയുടെ അവകാശികൾ. സകല ജീവജാലങ്ങളും പ്രകൃതിയുടെ അവകാശികളാണ്. പക്ഷേ ഇന്ന് മനുഷ്യനെ പ്രവർത്തനങ്ങൾ മൂലം പ്രകൃതിക്കു വരുന്ന ദോഷങ്ങൾ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണി ആയിരിക്കുന്നു. വ്യവസായിക മെഡിക്കൽ മാലിന്യങ്ങൾ മൂലം ഇന്ന് പ്രകൃതി ആകെ മലിനമായി കൊണ്ടിരിക്കുന്നു. ഭൂമിയിലെ തോടുകളും, പുഴകളും, സമുദ്രങ്ങളും എല്ലാം വിഷവാഹിനികൾ ആയിരിക്കുന്നു. നിയന്ത്രണമില്ലാത്ത കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഉപയോഗം ഭൂമിയിലെ മണ്ണിനെയും, വെള്ളത്തെയും, എന്തിനു വായുവിനെ പോലും മലിനമാക്കി മാറ്റിക്കഴിഞ്ഞു. എന്തിനേറെ പറയുന്നു,പുഴകളിലും കടലിലും എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് നമ്മൾക്കറിയാം. സത്യത്തിൽ ഈ മനോഹരമായ പ്രകൃതി മുഴുവൻ മനുഷ്യന്റെ അശാസ്ത്രീയമായ, അത്യാഗ്രഹം നിറഞ്ഞ പ്രവർത്തനങ്ങൾ മൂലം മലിനപ്പെട്ടു കഴിഞ്ഞു.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ പ്രകൃതിയുടെ തിരിച്ചടികൾ ഏറ്റുവാങ്ങിയ പറ്റൂ, അത് ചിലപ്പോൾ വരൾച്ചയായും, വെള്ളപ്പൊക്കം ആയും, അതുമല്ലെങ്കിൽ മാരകമായ പകർച്ചവ്യാധികളുടെ രൂപത്തിലോ ആയിരിക്കും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നമ്മൾ പ്രകൃതിയോട് ചെയ്യുന്നതിന് അനേകായിരം ഇരട്ടിയായി പ്രകൃതി നമുക്ക് തിരിച്ചുനൽകും. അത് തടയുവാൻ നമ്മൾക്ക് പറ്റില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് കഴിഞ്ഞ രണ്ടുവർഷമായി നമ്മുടെ കേരളത്തിൽ സംഭവിച്ച ഭയങ്കരങ്ങളായ പ്രളയവും, ഇപ്പോൾ മാനവ സമൂഹത്തിന്റെ നിലനിൽപ്പിന് പോലും ഭീഷണിയായി മാറി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയും. ഇതു മാത്രമല്ല മിക്ക പകർച്ചവ്യാധികളുടെയും കാരണം ശുചിത്വമില്ലായ്മയും പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണവുമാണ്. ഓരോ ദുരന്തങ്ങൾ വരുമ്പോഴും നമ്മൾ പകച്ചു നിൽക്കുകയും അനേകായിരങ്ങൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്നു. എന്നാൽ ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാത്ത മനുഷ്യൻ വീണ്ടും വീണ്ടും പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്നു.

  പ്രകൃതി ശുചിത്വവും, പ്രകൃതി സംരക്ഷണവും ആണ് ഏറ്റവും നല്ല രോഗ പ്രതിരോധം. ശുദ്ധമായ ജലവും, വായുവും കിട്ടുന്നുണ്ടെങ്കിൽ ഒരു പരിധിവരെ നമ്മൾക്ക് എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ പറ്റും, അതുപോലെ ചിട്ടയായ പ്രകൃതി സംരക്ഷണത്തിലൂടെ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങളെയും ഒരുപരിധിവരെ നേരിടാൻ സാധിക്കും. പ്രകൃതി ശുചിത്വം നമ്മൾക്ക് നമ്മുടെ വീടുകളിൽ തന്നെ ആരംഭിക്കാം പ്ലാസ്റ്റിക് മാലിന്യങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മറ്റും പറമ്പുകളിലേക്കും പൊതുനിരത്തുകളിലേക്കും വലിച്ചെറിയാതെ നമ്മൾ സംസ്കരിക്കണം. സാധ്യമായ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടുവളർത്തി  വൃക്ഷത്തൈകൾ നട്ടുവളർത്തിയും ബോധവൽക്കരണം നടത്തിയും പ്രകൃതി സംരക്ഷണത്തിലും  പ്രകൃതി ശുചിത്വത്തിലും  നമ്മൾക്ക് പങ്കാളികളാവാം.
            പ്രകൃതി ശുചിത്വമാണ് ഏറ്റവും നല്ല രോഗ പ്രതിരോധം എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വ്യക്തികളും സംഘടനകളും രാജ്യങ്ങളും ഒരേപോലെ പ്രവർത്തിച്ചാൽ ഏറ്റവും  നല്ല ഒരു രോഗപ്രതിരോധ മാർഗ്ഗം നമ്മൾക്ക് ലഭിക്കും അതിലൂടെ നമ്മുടെ പ്രകൃതി മനോഹരിയായി, മാലിന്യങ്ങൾ ഇല്ലാതെ എക്കാലവും നിലനിൽക്കുകയും ചെയ്യും.
അഞ്ജന സാബു
6 c വയത്തൂർ യു പി സ്ക്കുൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം