എസ് എ എൽ പി എസ് തരിയോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15227 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

തരിയോടിന്റെ ചരിത്ര നാൾവഴികൾ

എ. ഡി 1800- വൈത്തിരി- തരുവണ കുതിര പാണ്ടി റോഡ്

1858- ചെന്നലോട് മുസ്ലീം പള്ളി

1924 -കർലാട് ചിറ ഉരുൾപൊട്ടലിലൂടെ ഉണ്ടായി

1925 -ഗവൺമെന്റ് എൽ പി സ്കൂൾ

1929 -റെയിൽ സ്ലീപ്പറു കൾക്കായി മരംമുറി

1932 -സർവീസ് സഹകരണ സംഘം

1940- തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം

1949 -പോസ്റ്റ് ഓഫീസ് സ്ഥാപിതമായി

1950- എസ് എ എൽ പി സ്കൂൾ

1951 -സെന്റ് മേരീസ് യു പി സ്കൂൾ

1952- വായനശാല സ്ഥാപിതമായി

1952 -ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ്

1952- തെരഞ്ഞെടുപ്പിൽ പത്മപ്രഭ ഗൗഡർ വിജയിച്ചു

1954 -എട്ടാംമൈൽ- കാവുമന്ദം റോഡ്

1956 -വെൽഫെയർ ആശുപത്രി

1962 -പഞ്ചായത്ത് രൂപീകരണം

1963 -ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്

1964 -തരിയോട് സർവീസ് സഹകരണ ബാങ്ക്

1969 -കുറ്റിയാടി ഓഗ് മെന്റഷൻ സ്കീം ആരംഭം

1972 -ആദ്യത്തെ ബസ് സർവ്വീസ് കോഴിക്കോട്- തരിയോട്

ആമുഖം

പ്രകൃതിരമണീയമായ വനങ്ങൾ സസ്യലതാദികൾ താഴ് വാരങ്ങൾ വയലേലകൾ എന്നിവയാൽ അനുഗ്രഹീതമാണ് തരിയോട് പ്രദേശം. വയനാട് ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നിലകൊള്ളുന്ന പെരുന്തട മലയിടുക്ക് ,വ ട്ടത്തുമല ലേഡീസ്മിത്ത് വനം, കരുമാം തോട് പുഴ, കർലാട് തടാകം എന്നിവയാൽ സമ്പന്നമായ ദേശം. കരുമാൻ തോട് പുഴയിലാണ് ബാണാസുരസാഗർ പദ്ധതി. വന പ്രദേശം, മലയടിവാരം, സമതല പ്രദേശം, കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശം, താഴ്ന്ന പ്രദേശമായ നെൽവയലുകൾ എന്നിങ്ങനെ ഇവിടുത്തെ ഭൂപ്രകൃതിയെ തരം തിരിക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലക്കിടിയോട് ചേർന്നുകിടക്കുന്ന സ്ഥലമായതിനാൽ വർഷം മുഴുവനും നല്ല തോതിൽ മഴ ലഭിച്ചിരുന്നു. ആദ്യകാലങ്ങളിൽ ഇവിടെ കുടിയേറിപ്പാർത്തവർ ചാമ, മുത്താറി, ചോളം തുടങ്ങിയവ കൃഷി ചെയ്യുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നു. ഇഞ്ചിപ്പുൽ, കപ്പ എന്നിവ വൻതോതിൽ കൃഷി ചെയ്തിരുന്നു കൂടാതെ കാപ്പി, ഏലം, ഓറഞ്ച് എന്നിവ ധാരാളമായി കൃഷി ചെയ്തിരുന്നു. കാഴ്ചും പഴുതും നിൽക്കുന്ന ഓറഞ്ച് മരങ്ങൾ കണ്ട് മരതകം മണികൾ എന്ന് പറഞ്ഞ് ആകൃഷ്ടരായി വയനാട്ടിലേക്ക് കുടിയേറിയവരും അക്കൂട്ടത്തിലുണ്ട്.

നിൽക്കാതെ പെയ്യുന്ന ചാറ്റൽമഴ ഉച്ച വരെയും ഉച്ച കഴിയുമ്പോൾ മുതൽ കോടമഞ്ഞും ആയി ആകെ തണുത്തുറഞ്ഞ കാലാവസ്ഥയായിരുന്നു തരിയോടിനു ആദ്യകാലത്ത് ഉണ്ടായിരുന്നത്. തോട്ടങ്ങളിൽ തോട്ടപ്പുഴു വും വയലുകളിൽ പോത്തട്ട യും പുളഞ്ഞ് നടന്നിരുന്നു. ജീവികളോടും വന്യമൃഗങ്ങളോടും മല്ലടിച്ചു മരണമടഞ്ഞവർ ധാരാളം.

പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതി 5331 ഹെക്ടർ കരയും 373 ഹെക്ടർ വയലും ആണ്. കരയിൽ 975 ഹെക്ടർ റിസർവ് വനങ്ങൾ ആണ് ബാണാസുരസാഗർ പദ്ധതിക്കുവേണ്ടി നല്ലൊരുഭാഗം കൃഷി ഭൂമി കൊടുക്കേണ്ടി വന്നു ആകെ ഭൂവിസ്തൃതിയുടെ 24 ശതമാനം മാത്രമാണ് കൃഷിക്ക് ഉപയുക്തമായിട്ടുള്ളത്. ഓറഞ്ച് തോട്ടങ്ങൾ ഒക്കെ നശിച്ചു ഇപ്പോൾ കുരുമുളക് കൃഷിയും ഇല്ലാതായി

നാലു തരം മണ്ണിനങ്ങൾ ആണ് തരിയോട് പ്രദേശത്തുള്ളത് കൂടുതൽ പാറ ഉള്ള സ്ഥലങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നു. ക്വാറിയിൽ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന ധാരാളം ജനങ്ങൾ ഈ പഞ്ചായത്തിലുണ്ട് ഗ്രാമത്തിലെ കിഴക്കും പടിഞ്ഞാറും കൂടി ഒഴുകുന്ന പുഴകളും മധ്യഭാഗത്തു കൂടി ഒഴുകുന്ന ചെകുത്താൻ തോട് എന്ന പേരിലുള്ള ഒരിക്കലും വറ്റാത്ത തോടും മധ്യഭാഗത്തു തന്നെയുള്ള നാല് ഹെക്ടർ വിസ്തീർണ്ണമുള്ള കർലാട് ചിറയും പ്രധാന ജലസ്രോതസ്സുകളാണ്

ആദിവാസികളും അവരുടെ സംസ്കാരവും

----------------------------------------

മലബാറിലെ അതിപുരാതനമായ ഗ്രാമങ്ങളിൽ ഒന്നായിരുന്നു തരിയോട് ചരിത്രരേഖകളും പുരാവസ്തുക്കളും ഇതു തെളിയിക്കുന്നു ബിസി 400-മുതൽ കേരളത്തിൽ അധിവസിച്ചിരുന്ന നിഗ്രിറ്റോ വംശത്തിൽപ്പെട്ട കാട്ടുനായ്ക്കർ ആണ് വയനാട്ടിലെ ആദിമനിവാസികൾ മൈസൂർ വനങ്ങളിലെ ഗുഹകളിൽ താമസിച്ചിരുന്ന ഇവർ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും ജീവിച്ചിരുന്നു പിന്നീട് രണ്ടാമത്തെ പുരാതന വംശനാശം വന്നു കൊണ്ടിരിക്കുന്ന സമുദായക്കാരും ഇവിടത്തെ ആദിമനിവാസികൾ ആണ്.

വയനാട്ടിലെ ആദിമ നിവാസികളായ കാട്ടുനായ്ക്കർ വനാന്തരങ്ങളിൽ ജീവിച്ചിരുന്നു തെലുങ്ക് കലർന്ന ലിപിയില്ലാത്ത സംസാരഭാഷയാണ് ഇവരുടെത്.കൃഷി ഇവർക്ക് അന്യമായിരുന്നു. മറ്റ് ജനവിഭാഗങ്ങളെ ഭയപ്പെട്ടിരുന്ന ഇവർക്ക് വന്യജീവികളും ആയി ഇണങ്ങി ജീവിക്കാൻ അസാമാന്യ പാടവം ഉണ്ടായിരുന്നു മരവുരി ധരിച്ചാണ് ഇവർ ബാഹ്യ ലോകത്ത് വന്നിരുന്നത് ഇവർ വനവിഭവങ്ങൾ ആയ തേൻ മെഴുക് കുന്തിരിക്കം നെല്ലിക്ക ഏലം ചൂരൽ മുതലായവയ്ക്ക് പകരം ഉണക്കമത്സ്യം ഉപ്പ് പുകയില മുതലായവ നാട്ടുകാരിൽനിന്ന് കൈപ്പറ്റി. എടുത്തുപറയത്തക്ക ആരാധനാമൂർത്തികളോ ആരാധനാക്രമങ്ങളോ ഇവർക്ക് ഇല്ലായിരുന്നു

മറ്റൊരു ആദിവാസി വിഭാഗമായ പണിയ വിഭാഗത്തിന് നായാട്ടിലോ കാലിവളർത്തലിലോ താല്പര്യമില്ല.വനത്തിൽ പോകാൻ ഇന്നും ഇവർക്ക് ഭയമാണ് കിഴങ്ങുകൾ മത്സ്യം ഞണ്ട് കക്ക വയലുകളിലും മറ്റും കാണുന്ന ഞവണക്ക മുതലായവ ശേഖരിച്ച് ഭക്ഷിക്കുന്നതാണ് ഇവർക്ക് താൽപര്യം. അന്ധവിശ്വാസങ്ങൾ ധാരാളമുള്ള ഈ ജനവിഭാഗം ചെമ്പ്, പിച്ചള തുടങ്ങിയവയുടെയും ആഭരണങ്ങൾ ധരിച്ചിരുന്നു.

ആദിമ നിവാസികളിൽ ഏറ്റവും പരിഷ്കൃതർ എന്നുപറയാവുന്ന വിഭാഗമാണ് കാടർ. ചെല്ലാട്ട് കേന്ദ്രമാക്കി താമസിച്ചിരുന്ന ഇവർ ഉത്സവവും ജന്തു ബലിയും നടത്തിയിരുന്നു കൃഷി അറിയാവുന്ന ഇവർക്ക് കന്നുകാലിവളർത്തലും അറിയാമായിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ താൽപര്യം കാണിച്ച ഈ ജനവിഭാഗം മറ്റുള്ളവരുമായി ഇണങ്ങി ജീവിക്കുന്നതിലും തൽപരരാണ്

തറവാട്ട് നായന്മാരും കുറിച്യ സമുദായവും

---------------------------------------------

ബാലുശ്ശേരി കോട്ടയം രാജാവ് വയനാട്ടിൽ കുടിയിരുത്തിയ 24 നായർ തറവാട്ടുകാരിൽ അഞ്ച് കുടുംബങ്ങൾ തരിയോട് ആയിരുന്നു താമസിച്ചത്. ഈ കുടുംബങ്ങൾക്ക് വഴിതെളിച്ച് വന്നവരാണ് കുറിച്യ സമുദായക്കാർ എന്ന് കരുതപ്പെടുന്നു മല നായന്മാർ എന്നുകൂടി പേരുള്ള ഇവർക്ക് തനതായ ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. കൃഷിയിലും മന്ത്രവാദത്തിലും പച്ചമരുന്ന് ചികിത്സയിലും വിദഗ്ധരാണ് ഇവർ. മരുമക്കത്തായം പിന്തുടർന്ന ഈ സമുദായത്തിൽ തറവാട്ട് കാരണവരായ പിട്ടനാണ് സ്വത്തിന്റെ അവകാശി. വെള്ളൻ, മുണ്ടൻ, കൗണ്ടൻ, കേളു തുടങ്ങിയ പേരുകൾ ഇവർക്കിടയിൽ ധാരാളമുണ്ട്. കൂട്ട് കുടുംബ രീതിയിലാണ് കുറിച്യർ ഇന്നും താമസിക്കുന്നത് അയിത്തത്തിനും മറ്റും ഇവർ പ്രാധാന്യം കല്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിച്ച വില്ലാളിവീരൻ മാരാണ് ഇവർ.

ക്ഷേത്രങ്ങളും സംസ്കാരവും

--------------------------------------

ആരാധനാലയങ്ങളുടെ വൈവിധ്യവും എണ്ണവും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് നമ്മുടെ നാടിനെ ദൈവത്തിന്റെ നാട് എന്ന വിശേഷണം നൽകാൻ കാരണം. ഈ വിശേഷണം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രത്യേകതകളാണ് തരിയോട് പ്രദേശത്തിന് ഉള്ളത്. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങ ളാണ് പാഴൂർ മഹാ വിഷ്ണു ക്ഷേത്രം, കുമ്പള വയൽ മഹാവിഷ്ണു ക്ഷേത്രം, എടത്തറ ശിവക്ഷേത്രം എന്നിവ. വളരെ പുരാതനമായ ഈ ക്ഷേത്രങ്ങൾ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ വയനാടൻ ആക്രമണകാലത്ത് നശിപ്പിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണ ഘട്ടത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ വളരെ സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളായിരുന്നു ഇവിടെ ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്. ഓരോ നാടിന്റെയും പാരമ്പര്യം, സംസ്കാരം എന്നിവ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ് ഉയർന്നുവന്നിരിക്കുന്നത്.ഈ ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ജാതിമതഭേദമന്യേ ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളായ കുറിച്യർ, പണിയർ, കാട്ടുനായ്ക്കർ എന്നിവരുടെയും ധാരാളം ആരാധനാ സ്ഥലങ്ങളും ഇവിടെയുണ്ട്. ദൈവം കാണൽ അവയുടെ ആരാധനക്രമത്തിലെ മുഖ്യ ഇനമാണ്. ഇവയെല്ലാം വളരെ പൗരാണികമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളായിരുന്നു തരിയോട് പ്രദേശത്ത് താമസിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു

വാർത്താവിനിമയം

-------------------------------------

തരിയോട്ടെ ആദ്യ തപാൽ ഓഫീസ് 1950 എട്ടാംമൈലിൽ ആരംഭിച്ചു. ആദ്യത്തെ പോസ്റ്റ് മാസ്റ്റർ ഇ സെബാസ്റ്റ്യൻ ഐക്കര താഴത്തു ആണ്. അന്നത്തെ ശമ്പളം 20 രൂപ ആയിരുന്നു 2 ഷിഫ്റ്റുകൾ ആയി 8 മുതൽ 10 വരെയും നാലു മുതൽ ആറു വരെയും ആണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പോസ്റ്റുമാൻ ഇല്ലാതിരുന്ന അക്കാലത്ത് വിൻഡോ ഡെലിവറി (മേൽവിലാസക്കാരൻ പോസ്റ്റ് ഓഫീസിൽ വന്നു തപാൽ ഉരുപ്പടി കൈപ്പറ്റുന്ന രീതി) ആയിരുന്നു നിലവിലുണ്ടായിരുന്നത്. ചെക്കണ്ണി പുത്തൻവീട്ടിൽ മാധവൻ നായരായിരുന്നു ആദ്യത്തെ പോസ്റ്റ് മാൻ.

സാഗരം ബാണാസുരം

---------------------------------------

സ്വന്തം ഹൃദയരക്തം മക്കൾക്ക് ഭക്ഷണമായി നൽകിയ പെലിക്കൻ പക്ഷിയുടെ കഥ നാം കേട്ടിട്ടുണ്ടല്ലോ? അത് പോലെയാണ് 1979 കുറ്റിയാടി ഓഗ് മെന്റെ ഷൻ പദ്ധതി പ്രവർത്തനം ആരംഭിച്ചു. 800ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താമെന്ന് പറഞ്ഞ് സർവ്വേ നടത്തി. പഴയ തരിയോട് ടൗണിൽ നൂറുകണക്കിന് കുടുംബങ്ങൾ, അവരുടെ വിവിധ തരം കൃഷികൾ, വളർത്തുമൃഗങ്ങൾ, 3 ക്രിസ്ത്യൻ പള്ളികൾ, പോലീസ് ഔട്ട്പോസ്റ്റ് എന്നിവയെല്ലാം ഉണ്ടായിരുന്നു. പക്ഷേ ഇന്നിവ ഒന്നുംതന്നെയില്ല. വിശാലമായ അണക്കെട്ടിന് അടിയിൽ പഴയകാല സ്മരണകൾ അയവിറക്കിക്കൊണ്ട് നിലകൊള്ളുന്ന കൊച്ചു കൊച്ചു തുരുത്തുകൾ ഏത് ചരിത്രാന്വേഷി യുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നവയാണ്.

175 കോടി രൂപ മുതൽ മുടക്കി പണിതീർത്ത വാണാസുര സാഗർ അണക്കെട്ട് ഇതിനോടകം 200 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിച്ചു കഴിഞ്ഞു. ഇനി ലഭിക്കുന്നത് എല്ലാം ലാഭം മാത്രം 2008- 2009 മഴ യുടെ കുറവുമൂലം കേരളമാകെ വൈദ്യുതി പ്രതിസന്ധി നേരിട്ടപ്പോൾ മലബാറിലെ ഊർജ പ്രതിസന്ധിക്ക് പരിഹാരം ആയത് ബാണാസുര സാഗർ കുറ്റ്യാടി ഓഗ് മെന്റഷൻ പദ്ധതിയാണ്. എന്നാൽ പദ്ധതി പ്രദേശം അക്വയർ ചെയ്തപ്പോൾ തരിയോടിനു നഷ്ടമായത് 2 വാർഡുകളാണ്.