ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടികളുടെ രചനകൾ

19:32, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('== എന്നിലുള്ള ചില മനുഷ്യർ == വർഷം 2004 ഒരു ഒന്നാം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്നിലുള്ള ചില മനുഷ്യർ

വർഷം 2004 ഒരു ഒന്നാം ക്ലാസ് മുറി വളർന്ന് വാലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം എന്ന പുണ്യപുരാതനമായ ചോദ്യം ക്ലാസ് ടീച്ചർ ഓരോ വിദ്യാർഥികളോടായി ചേദിക്കുകയാണ്. ഓരോരുത്തത്തി അവരവരുടെ സ്വപ്നങ്ങളും അതിനുപിന്നിലെ കാരണങ്ങളും തിളങ്ങുന്ന കണ്ണുകളോടെ വിവരിക്കുന്നു. പതിയ ചോദ്യം എൻ്റെ നേർത്തി. ഞാൻ പറഞ്ഞു എനിക്ക് ടീച്ചറാകണം കാരണം എന്തെന്നായി ചോദ്യം.

"അത് പിന്നെ ക്ലാസിലാരാളുടെ പിറന്നാൾ വന്നാൽ എല്ലാ കുട്ടികൾക്കും ഓരോ മിഠായി വെച്ച ടീച്ചറേ കിട്ടൂ. ടീച്ചർമാർക്കാവുമ്പോ ഇന്നുണ്ടു മിഠായി വിതം കിട്ടുമല്ലോ ടീച്ചറായാൽ അപ്പോ ഒത്തിരി മിഠായി കിട്ടും.”

ക്ലാസിലൊരു കൂട്ടച്ചിരി ഉയർന്നു .

പിന്നീടും പലപ്പോഴും ടീച്ചറാകാനാണ് ആഗ്രഹമന്ന് പലരോടായി ഞാൻ പറഞ്ഞു. മനസിലപ്പോഴും മിഠായി ആയിരുന്നു.

അങ്ങനെയിരിക്കെ 2007-ലെ നാലാം ക്ലാസ് കാലഘട്ടത്തിലെ അധ്യാപകദിനം എത്തി കുട്ടികൾക്ക് അധ്യാപകരാകുവാനുള്ള സുവർണാവസരം. നാലാം ക്ലാസുകാരിയായ ഞാൻ രണ്ടാം ക്ലാസിലെ കുഞ്ഞുമക്കളെ പഠിപ്പിക്കുവാൻ വമ്പിച്ച തയ്യാറെടുപ്പിലാണ്. വീട്ടിൽ കണ്ണാടി നോക്കി ഘോരഘോരം പഠിപ്പിക്കുന്നു, കവിത ചൊല്ലുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 2007 സെപ്റ്റംബർ 5 – അധ്യാപകദിനം

ക്ലാസ് മുറിയിലേക്ക് കയറിച്ചെന്ന എന്ന വരവേറ്റത് ഏഴു വയസുകാരുടെ ആഘോഷാരവങ്ങളും ആർപ്പുവിളികളും മേളങ്ങളുമായിരുന്നു. കണ്ണാടിയുടെ മുന്നിലും എൻ്റെ പ്രകടനങ്ങൾ അതേപടി കുട്ടികളുടെ മുന്നിലേക്ക് പകർത്തിയപ്പോൾ എൻ്റെ പ്രതീക്ഷളെല്ലാം താളിതെറ്റി.

കുറച്ചുപേർ പതുക്കെ ഡെസ്ക്കിലേക്ക് ചാരി ഉറക്കം പിടിച്ചു. ചിലർ അവരുടേതായ സംഭാഷണങ്ങളിലേക്കും തമാശകളിലെക്കും തിരിഞ്ഞു. മറ്റുചിലർ ചേച്ചിക്ക് എന്തുതോന്നും എന്ന സാഹതാപത്തോടെ പ്രയാസപ്പെട്ട് തുറന്നുപിടിച്ച കണ്ണുകളുമായി എന്നെ നോക്കിയിരുന്നു.

കാവിലെ പാട്ടുമത്സരത്തിന് പരാജയപ്പെട്ട് വീട്ടിലെത്തിയ അരശുംമൂട്ടിൽ അപ്പുക്കുട്ടനെപ്പോലെ തലകുനിച്ച് വീട്ടിലെത്തിയ ഞാൻ പ്രഖ്യാപിച്ചു.

“ഒരു ടിച്ചറാകുന്നത് അത്ര എളുപ്പമല്ല.

മിഠായിക്കുവേണ്ടി ടിച്ചറാകാനുള്ള മോഹം ഞാൻ അന്ന് ഉപേക്ഷിച്ചു. എന്തായിരുന്നു ആ പരാജയത്തിൻ്റെ കാരണമെന്ന് എത്ര ചിന്തിച്ചിട്ടും അന്ന് എനിക്ക് മനസിലായി.

വർഷങ്ങൾക്കിപ്പുറം ഒരു ഡോക്ടറാകാൻ എംബിബിഎസ് പഠനം പൂർത്തിയാക്കുന്ന ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്നെ ഞാനാക്കിയ എൻ്റെ അധ്യാപകർ എന്നെ പഠിപ്പിക്കുകയായിരുന്നില്ല, മറിച്ച് വിജ്ഞാനത്തിൻ്റെയും നന്മയുടെയും വഴിതുറന്ന് അവിടേക്ക് വെളിച്ചം വീശുകയായിരുന്നു. എൻ്റെ കൂട്ടുകാരും പ്രായത്തിനൊത്ത കളിചിരികളോടെയും കൗതുകത്തോടെയും ആ വഴി പരസ്പരം കൈകോർത്ത് നടക്കുകയായിരുന്നു; ആ വഴിയിൽ അവർ സ്നേഹം വിതറിയിരുന്നു; വീണുപോകുന്ന കൂട്ടുകാർക്ക് കൈത്താങ്ങ് നൽകാൻ ശീലിപ്പിച്ചിരുന്നു; തിരികെ നടക്കാൻ ഒരുങ്ങുന്നവരോട്, ഇതിനപ്പുറം നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന ഒരു ലോകമുണ്ടെന്ന് ഓർമ്മിപ്പിച്ചിരുന്നു എന്നെല്ലാം തിരിച്ചറിയുന്നു. യഥാർഥ അധ്യാപനം അതാണെന്നും ഇന്ന് ഞാൻ അറിയുന്നു.

നാവിൽ ആദ്യാക്ഷരം കുറിച്ച അപ്പൂപ്പനും കൈപിടിച്ച് നടത്തിയ അച്ഛനും അമ്മയും ചേച്ചിയും LKG ക്ലാസിലെ മങ്ങിയ ഓർമ്മയിലുള്ള നളിനി ടീച്ചർ മുതൽ ഇന്നലെ വരെ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഓരോ അധ്യാപകരും ഏതെങ്കിലും വിധത്തിൽ എൻ്റെ വ്യക്തിത്വത്തെ ശക്തമായി സ്വാധീനിച്ചിട്ടുള്ളവരാണ് . എങ്കിലും കോട്ടൺഹിൽ സ്കൂളിലെ എൻ്റെ പ്രിയപ്പെട്ട അധ്യാപകരാണ് അതിൽ പ്രധാനികൾ എന്ന് ഞാൻ വിശ്വസിക്കുന്നു.

തന്നോട് മോശമായി പെരുമാറിയവരോടും തിരികെ സ്നേഹപൂർവ്വം പെരുമാറുകയും അവരുടെ ഭാഗത്തും ഒരു ശരിയുണ്ടാകുമെന്ന് ചിന്തിക്കുകയും ചെയ്ത അധ്യാപകർ എൻ്റെ ഓർമ്മയിലുണ്ട്. ഇന്നും ആരോടെങ്കിലും ഇഷ്ടക്കേട് തോന്നുമ്പോൾ മറുഭാഗത്തുനിന്നുകൂടി ചിന്തിക്കാൻ ആ അനുഭവങ്ങൾ എന്നെ പ്രേരിപ്പിക്കുന്നു.

പറഞ്ഞുതന്ന പാഭാഗങ്ങൾ എത്രതവണ ആവർത്തിക്കേണ്ടിവന്നാലും യാതൊരു മടുപ്പും മുഷിപ്പുമില്ലാതെ പഠിപ്പിക്കാൻ തയ്യാറായിരുന്നു എൻ്റെ അധ്യാപകർ. ക്ഷമ ഒരു ഡോക്ടർ എന്ന നിലയിൽ ഇന്ന് എനിക്ക് അത്രയേറെ പാധാന്യമുള്ള ഒന്നാണ് അത്.

സ്കൂളിൽ നടത്തിയ ശാസ്ത്രമേളയുടെയും അസംബ്ലിയിൽ അവതരിപ്പിച്ച കലാപരിപാടികളുടെയും ഓർമകൾക്കിടയിൽ മറക്കാൻ കഴിയാത്ത ചില അധ്യാപകമുഖങ്ങളുണ്ട് പഠിച്ചതും പ്രാക്ടീസ് ചെയ്തതുമായ പരിപാടി അവതരിപ്പിക്കുമ്പോൾ അപ്രതീക്ഷിതമായി മുന്നിൽ വരുന്നു തടസ്സങ്ങൾക്കുമുന്നിൽ തളർന്നുപോകാതെ സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് കൂട്ടുകാരോടൊപ്പം ഒറ്റക്കെട്ടായി മുന്നേറാൻ കരുത്ത് നൽകിയ അധ്യാപകരുടെ മുഖങ്ങൾ.

ശാസ്ത്രമേളകളിൽ നിന്ന് ഇന്ന് ജീവിതത്തിലെ മറ്റ് ഉയർന്ന പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടുമ്പോൾ ആ മുഖങ്ങൾ, അവരുടെ വാക്കുകൾ പകരുന്ന ഊർജം ചെറുതല്ല.

അതുകൊണ്ടുതന്നെ ഇന്ന് ഞാൻ എത്താണെങ്കിലും ഭാവിയിൽ എന്തായിത്തീർന്നാലും എന്നിലെ ഓരോ കണികയിലും എൻ്റെ അധ്യാപകരുണ്ട്, അവർ പഠിപ്പിച്ച പാഠങ്ങളുണ്ട്.

എന്നിലുള്ള ആ മനുഷ്യർക്ക്, എൻ്റെ സ്വന്തം അധ്യാപകർക്ക് ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ.

ശമ എസ്

ഹൗസ് സർജൻ

മെഡിക്കൽ കോളേജ്, തിരുവനന്തപുരം

2006- 2016 കാലയളവിലെ

കോട്ടൺഹിൽ വിദ്യാർഥിനി