സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി  കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.

രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.

മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ ഈ സ്കൂളിന്റെ സ്ഥാപകർ.

1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.

ചാവക്കാട് കാരനായ അലവി മാസ്റ്ററായിരുന്നു അധ്യാപകൻ.

1933 വരെ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസ് വരെയുള്ള ഈ വിദ്യാലയം കണ്ണോത്തിപാറയിൽ പ്രവർത്തിച്ചു.

രണ്ടത്താണിയിൽ നിന്നും മറ്റും ഉള്ള കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമായതു കാരണം സ്കൂൾ രണ്ടത്താണി യിലേക്ക് മാറ്റുവാനായി അഭിപ്രായമുയർന്നു. തോഴന്നൂർ വെസ്റ്റ് സ്കൂൾ അടുത്ത് തന്നെയായിരുന്നതു കാരണം വിദ്യാർഥികളുടെ കുറവും അനുഭവപ്പെട്ടിരുന്നു.

ചൂരപ്പുലാക്കൾ  കുഞ്ഞീൻ സാഹിബും കെ.ടി.കോയക്കുട്ടി തങ്ങളും സഹകരിച്ച് കെട്ടിടനിർമാണം തുടങ്ങിയതോടെ സ്കൂൾ രണ്ടത്താണിയിലേക്ക് മാറ്റി. രണ്ടത്താണി റഹ്മാനി കമ്മിറ്റിയുടെ കീഴിൽ നടത്തുന്നതിനായി സമുദായ സ്നേഹിയും വിദ്യാഭ്യാസ തൽപ്പരനുമാ യിരുന്ന ചൂരപുലാക്കൽ കുഞ്ഞിൻ ഹാജി സ്കൂളിന്മേൽ  തനിക്കുണ്ടായിരുന്ന അവകാശം കമ്മിറ്റിക്കു വഖ്‌ഫ് ആയി നൽകി.

കോയക്കുട്ടി തങ്ങളുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് കോയക്ക് ലഭിച്ച സ്കൂളിന്റെ അവകാശം മസ്ജിദുറഹ്മാനി വിലക്കുവാങ്ങി.

സ്കൂളിന്റെ നിർമ്മാണം പിന്നീട് പൂർത്തിയാക്കിയത് മസ്ജിദ് റഹ്മാനിയായിരുന്നു.

ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ആയിരുന്ന സ്കൂൾ 1947ന് ശേഷം സർക്കാർ ഏറ്റെടുത്തു.

എൽപി സ്കൂൾ ആയിരുന്ന വിദ്യാലയം 1957 ൽ യുപി സ്കൂളായി ഉയർത്തി. ആറുമുതൽ എട്ടുവരെ ആയിരുന്നു അക്കാലത്തെ യുപി വിഭാഗം.

കുട്ടികൾ വർധിച്ചതോടെ കെട്ടിടങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമായി.

പറമ്പാടൻ അലവി ഹാജി വഖ്ഫായി നൽകിയതും, കെ പി മൊയ്തുട്ടി സാഹിബ് സൗജന്യ വിലക്കും നൽകിയ സ്ഥലത്ത് 4 ക്ലാസ് മുറികളോട് കൂടിയ കെട്ടിടം മസ്ജിദ്  റഹ്മാനി കമ്മിറ്റി  നിർമിച്ചു.

വീണ്ടും വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം കമ്മിറ്റിയുടെ കീഴിലുള്ള ഇർഷാദുൽ അനാം  മദ്രസയുടെ കെട്ടിടം  സ്കൂൾ നടത്തുവാനായി വിട്ടുകൊടുത്തു. ചില അസൗകര്യങ്ങൾ കാരണം പിന്നീട് അവിടെ നിന്നും മാറ്റേണ്ടിവന്നു.

സ്ഥലപരിമിതി കാരണം പിന്നീട് ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറി. വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും പ്രയാസം പ്രകടിപ്പിച്ചതോടെ പുതിയ കെട്ടിടം നിർമ്മിക്കാൻ സാഹചര്യമൊരുക്കി.

1973 ൽ മനോഹരമായ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നത്തെ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ടി പി മൂസ മാസ്റ്ററുടെയും സ്കൂൾ അധ്യാപകനായിരുന്ന കെ അബ്ദുറഹ്മാൻ മാസ്റ്ററുടെയും അശ്രാന്തപരിശ്രമങ്ങൾ ഇതിന് പിന്നിലുണ്ട്.

പുതിയ കെട്ടിടം വന്നതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു അലവി മാസ്റ്ററിൽ തുടങ്ങി. നൂറുകണക്കിന് അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലക്ക് പുറത്തുള്ള ഒട്ടേറെ അധ്യാപകർ വരികയും സ്ഥലംമാറി പോവുകയും ചെയ്തിട്ടുണ്ട്.

ടി പി ഹുസൈൻ മാസ്റ്റർ, അടുവണ്ണി മുഹമ്മദ് മാസ്റ്റർ, തൈക്കാടൻ ഹംസ മാസ്റ്റർ, കാലടി കുഞ്ഞഹമ്മദ് മാസ്റ്റർ, കെ കമ്മു  മാസ്റ്റർ, കഴുങ്ങിൽ മൂസ മാസ്റ്റർ,, സുബ്രഹ്മണ്യൻ മാസ്റ്റർ,

പി മാധവൻ മാസ്റ്റർ,

മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ഹമീദ് മാസ്റ്റർ,സി പി അഹമ്മദ് മാസ്റ്റർ, പി പി ചന്ദ്രൻ മാസ്റ്റർ ഉമ്മർ മാസ്റ്റർ മാത്യു മാസ്റ്റർ മൊയ്തുണ്ണി മാസ്റ്റർ  തുടങ്ങിയവർ  സ്കൂളിലെ പ്രധാനാധ്യാപകർ ആയിരുന്നു.

നാട്ടുകാരായ അധ്യാപകരിൽ അബ്ദുൽഖാദർ മാസ്റ്റർ,

സി പി ഉമർ സുല്ലമി,

എൻ ഫാത്തിമ ടീച്ചർ, കുഞ്ഞഹമ്മദ് കുട്ടി മൗലവി,

ആമിന ടീച്ചർ,കെ ബാവ മാസ്റ്റർ,തെക്കരകത്ത് അബ്ദു മാസ്റ്റർ, സിറാജുദ്ദീൻ മാസ്റ്റർ, രമേഷ് കുമാർ, വി അബ്ദുറഹ്മാൻ, ടിപി അമീർഷ മുഹമ്മദ് തുടങ്ങിയ എണ്ണമറ്റ അധ്യാപകരുണ്ട്.

രണ്ടത്താണി ജി യു പി സ്കൂളിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്നു തുറക്കൽ ബാപ്പു. ആത്മാർത്ഥമായ സേവനത്തിലൂടെ ഒരു പുരുഷായുസ്സ് മുഴുവൻ ഈ സ്കൂളിന്റെ ഓരോ മുക്കിലും മൂലകളിലും ബാപ്പു നിറഞ്ഞു നിന്നിരുന്നു.

അതുപോലെതന്നെ ഈ സ്കൂളിന്റെ ഓരോ സ്പന്ദനങ്ങളിൽ ഉം നിറഞ്ഞുനിന്നിരുന്ന മറ്റൊരു മഹത് വ്യക്തിത്വമാണ്   മുഹമ്മദ് ബാവ മാസ്റ്റരും.