ജി.എം.എൽ.പി.എസ് വളാഞ്ചേരി/ജി.എം.എൽ.പി.എസ് വളാഞ്ചേരി/ചരിത്രം
മലപ്പുറം റവന്യു ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ മൂച്ചിക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളാഞ്ചേരി-കുറ്റിപ്പുറം ദേശീയ പാതയിൽ മൂച്ചിക്കൽ കവലയിൽ നിന്നും 150 മീറ്റർ പടിഞ്ഞാറായി കാട്ടിപ്പരുത്തി റോഡരികിൽ ഉള്ള ഈ വിദ്യാലയത്തിലേക്ക് വളാഞ്ചേരി ടൗണിൽ നിന്നും സുമാർ അര കിലോമീറ്റർ ദൂരമാണുള്ളത്.
നിലവിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം 1927 -ൽ സ്ഥാപിതമായതാണ് . പ്രദേശത്തെ പുരാതന തറവാട്ടുകാരായ ഓണിയിൽ കുടുംബത്തിലെ ശ്രീ.മരക്കാർ എന്ന വ്യക്തി മുസ്ലിംകളുടെ മത പഠന ആവശ്യത്തിനായി തന്റെ കുടുംബവക സ്ഥലത്തു നിർമ്മിച്ച ഓല മേഞ്ഞ കെട്ടിടത്തിൽ സാമൂഹ്യപരമായ വിദ്യാഭ്യാസ വികസനത്തെ ലക്‌ഷ്യം വച്ച് സർക്കാർ വാടക നിശ്ചയിച്ചു മലബാർ ഡിസ്ട്രിക്‌ട് ബോർഡിന്റെ കീഴിലായി 1927 -ൽ സ്‌കൂൾ ആരംഭിച്ചു.പിന്നീട് 1950 -ൽ ഓണിയിൽ കുടുംബക്കാർ തന്നെ സുരക്ഷിതമായ ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയും 2015 വരെയും പഴയ വാടക കെട്ടിടത്തിൽ തന്നെ പ്രവർത്തിച്ചു. 2012 -ൽ പഞ്ചായത്ത് ഭരണ സമിതി ഓണിയിൽ കുടുംബത്തിൽ നിന്നും 12 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി വാങ്ങുകയും രാജ്യസഭാ എംപി ശ്രീ. ബാലഗോപാലൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു വർഷങ്ങളിൽ അനുവദിച്ച തുക കൊണ്ട് അടിയിലെ നിലയ്ക്കും പിന്നീട് ശ്രീ അബ്ദുസമദ് സമദാനി MLA യനുവദിച്ച ഫണ്ട് ഉപയോഗിച്ച് മുകളിലെ നിലയും നിർമ്മിച്ച് 2016 -ൽ മനോഹരമായ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.