രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 21 ജൂലൈ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojrgmhs (സംവാദം | സംഭാവനകൾ) ('ചരിത്രം 1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം 1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. വെറും 52 വിദ്യാര്‍ത്ഥികളെക്കൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഒരു വ്യാഴവട്ടക്കാലത്തിന്റെ എല്ലാ ഒരുക്കങ്ങളെയും തീര്‍പ്പുകളേയും വകഞ്ഞുമാറ്റി 89 അദ്ധാപകരുടെയും 8 അനദ്ധ്യാപകരുടെയും 3900 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ എ.കെ.പ്രേമദാസന്‍ മാസ്റ്ററാണ്. ഹെഡ്മാസ്റ്റര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ഉത്തമന്‍ മാസ്റ്റര്‍.


ഭൗതികസൗകര്യങ്ങള്‍ നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്നു കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.

പുറമ്പോക്കിലെ ചോലവൃക്ഷം

മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവില്‍ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തില്‍ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന നാമധേയത്തില്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തില്‍ പ്രഥമ പ്രവര്‍ത്തനമെന്ന നിലയില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂള്‍ 1995ല്‍ സ്ഥാപിക്കുന്നത്. ആദ്യ വര്‍ഷം 52 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് ഊന്നല്‍ നല്‍കിയും പാഠ്യ,പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയില്‍ പൗരബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാര്‍ത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടര്‍ന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തില്‍ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാന്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുന്‍സിപ്പാലിറ്റിയിലെയും വിദ്യാര്‍ത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തില്‍ യാതൊരു നിബന്ധനയും വെക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്. എട്ടാം തരത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പഠന നിലവാരവും, സര്‍ഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവര്‍ത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങള്‍,സെമിനാര്‍ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സര്‍ഗ്ഗാത്മക കഴിവുകള്‍ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സര്‍ഗ്ഗാത്മക നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിനായി 4 മണി മുതല്‍ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തില്‍ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയര്‍ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളില്‍ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു. ഭാഷയിലെ മുന്നോക്കക്കാര്‍ക്കായി “ QUEENS LANGUAGE “ എന്ന പേരില്‍ സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളും പ്രമുഖരുമായി ഇടപഴകാനുള്ള അവസരവും നല്‍കുന്നു. ഗണിതശാസ്ത്രത്തില്‍ പിന്നോക്കക്കാര്‍ക്കായി അവധി ദിവസങ്ങളില്‍ 'ഗണിതത്തെ അറിയുക'എന്ന പ്രവര്‍ത്തനത്തിലൂടെ ഗണിതത്തിന്റെ അടിസ്ഥാന വസ്തുതകള്‍ ഉറപ്പിക്കുന്നു.മുന്നോക്കക്കാര്‍ക്കായി സംസ്ഥാനത്തിലെ പ്രശസ്തരായ ഗണിത അദ്ധ്യാപകരുമായി സംവദിക്കുവാനും സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരവും നല്‍കുന്നു. ഗണിതശാസ്ത്ര ക്ലബ്ബ് ഈ വര്‍ഷം നടപ്പിലാക്കി പോരുന്ന ' GENIE MATHS ' ശ്രദ്ധേയമാണ്, പാഠപുസ്തക പ്രവര്‍ത്തനത്തിനപ്പുറം ഗണിത ചിന്തയെഉദ്ദിപ്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ എട്ടാം തരം മുതല്‍ പത്താം തരം വരെ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാണിത്. നൂറു ശതമാനം വിജയത്തില്‍ ആരംഭിച്ച S.S.L.Cഫലം പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും 95%ല്‍ കുറയാതെ നില നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മാത്രമല്ല ഇക്കാലത്തിനിടയില്‍ മൂന്നൂ തവണ 100 ശതമാനത്തിലെത്താനും കഴിഞ്ഞു എന്നത് അഭിമാനര്‍ഹമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ വിദ്യാലയം എന്ന അംഗീകാരം ഗ്രാമപ്രദേശത്തെ ഈ വിദ്യാലയത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ(2012-13) വര്‍ഷത്തെ പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ A+ നേടിയ രണ്ടാമത്തെ വിദ്യാലയമെന്ന ബഹുമതി ഞങ്ങള്‍ക്ക് ലഭിച്ചു. 65 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങലിലും A+ നേടി കൂടാതെ A/A+ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 48% ആണ് എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ നേര്‍സാക്ഷ്യപത്രമാണ്. തിളക്കമാര്‍ന്ന ഈ വിജയങ്ങള്‍ക്ക് ആധാരം വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന അടുക്കവും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് .പഠനത്തിലെ ഭിന്നനിലവാരക്കാര്‍ക്കനുസരിച്ച് പാഠ്യപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പരീക്ഷകളോട് കുട്ടികള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വിദഗ്ദരെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ TIME TABLE പ്രകാരം രാവിലെ 9 മണി മുതല്‍ 9:45 വരെ മോര്‍ണിങ്ങ് ക്ലാസ്സുകളും വൈകുന്നേരങ്ങളില്‍ EVENING CLASS കളും നടത്തി വരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ജനുവരി മാസം മുതല്‍ കുട്ടികള്‍ സ്കൂളില്‍ താമസിച്ച് പഠന പ്രവര്‍ത്തിലേര്‍പ്പെടാന്‍ സൗകര്യം ഒരുക്കുന്നു.കുട്ടികള്‍ക്ക് സ്വയം പഠനത്തിനും സംഘപഠനത്തിനും അവസരങ്ങളൊരുക്കി വിമര്‍ശനാത്മകമായ് ചിന്തിച്ച് പ്രതികരിക്കാന്‍ തയ്യാറാക്കുന്നതിലൂടെ പൊതു പരീക്ഷകളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നു. ഇതിന്റെ സാക്ഷ്യപത്രങ്ങളാണ് S.SL.C പരീക്ഷകളിലെ തിളക്കമാര്‍ന്ന വിജയം. സാമൂഹ്യ ബോധമുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മലബാര്‍ മേഖലയില്‍ വ്യാപകമായിരുന്ന ചിക്കുന്‍ ഗുനിയ,ഡങ്കിപ്പനി,എലിപ്പനി തുടങ്ങിവയുടെ കാരണങ്ങള്‍ കണ്ടെത്തുവാനുള്ള സര്‍വ്വേ നടത്തുകയും ഇത്തരം മാരക രോഗങ്ങല്‍ പകരാതിരിക്കുവാന്‍ എടുക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള ലഘുലേഖകള്‍ വീടുവീടാന്തരം വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.എയ്ഡ്സിനെതിരെയുള്ള ബോധവത്കരണം, പുകയില,മദ്യപാനം തുടങ്ങിയവയ്ക്കെതിരെയുള്ള ബോധവത്കരണം എന്നിവ കുട്ടികള്‍ സ്വയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളെയും വീട്ടമന്മമാരെയും ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശവും പേപ്പര്‍ ബാഗ് വിതരണവും നടത്തി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവായിരുന്ന നമ്മുടെ പരിസര പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കൂട്ടയോട്ടം,സൈക്കിള്‍ റാലി,ഗാന്ധി സമൃതിയാത്ര സമാധാനത്തിന്റെ വെള്ളരിപ്രാവ് നിര്‍മ്മാണം തുടങ്ങിയവ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം ഉണ്ടാക്കിയിട്ടുണ്ട്. അവശത അനുഭവിക്കുന്നവരേയും,പാര്‍ശ്വവല്‍കരിക്കപ്പെടുന്നവരേയും പൊതു സമൂഹത്തിന്റെ ഭാഗമായ് കാണുവാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നതിനായി വാല്യൂക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച് ഭക്ഷണം വിതരണം ചെയ്തു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് കിഡ്നി ചികിത്സയ്ക്കായി 75000 ത്തോളം രൂപ സമാഹരിച്ച് നല്‍കിയതും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ അഭിനന്ദനത്തിന് പാത്രമായ് തീരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.മൊകേരി പഞ്ചായത്തില്‍ ഈയിടെ നടന്ന സമഗ്ര ക്യാന്‍സര്‍ നിവാരണ പരിപാടിയില്‍ വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യര്‍ത്ഥികളും മുഴുവന്‍ സമയപ്രവര്‍ത്തകരായിരുന്നു. പാഠ്യപാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ സ്കൂള്‍ ക്ലബ്ബുകള്‍ ഏറെ സഹായകരമാണ്.സാമൂഹ്യശാസ്ത്രക്ലബ്ബ് ഹിരോഷിമാദിത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ സന്ദേശ റാലി,സമൂഹ ചിത്രരചന,സുഡോക്കോപ്രാവുകള്‍ കോണ്ട് നിര്‍മ്മിച്ച സമാധാന സന്ദേശം എന്നിവ ഏറെ ശ്രദ്ധ നേടി.എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനു വേണ്ടി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കേന്ദ്രകൃഷി മന്ത്രിക്ക് കത്തുകള്‍ അയച്ചത് ഏറെ സമൂഹ ശ്രദ്ധ പിടിച്ചുപറ്റി. ജില്ലാ സംസ്ഥാനതലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഗണിതശാസ്ത്ര,ശാസ്ത്രക്ലബ്ബുകള്‍ക്ക് സാധിച്ചിട്ടുണ്ട്.ശാസ്ത്ര,ഗണിത ശാസ്ത്രമനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി സ്കൂള്‍തല മേളകള്‍ സംഘടിപ്പിക്കുകയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.മിടുക്കരായ ശാസ്ത്ര ഗണിതശാസ്ത്ര പ്രതിബകളെ ജില്ലാ,സംസ്ഥാന,ദേശീയ മേഖലകളില്‍ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങളിലൂടെ മികച്ച സ്കൂള്‍ എന്ന നേട്ടം കൈവരിക്കാന്‍ വര്‍ഷങ്ങളായി സാധിക്കുന്നു .ഗണിതശാസ്ത്ര ക്ലബ്ബിന്റെ മികച്ച സംഭാവനയായ “GENIE MATHS” എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്നു. “A QUESTION A WEEK” ഗണിതത്തെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നു. കുട്ടികളുടെ കലാ സാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നു പോരുന്ന നാടന്‍ പാട്ടുകളും, കളികളും,കലാരൂപങ്ങളും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാടന്‍ പാട്ട് ശില്പശാല ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുകയും,കുട്ടികളുമായ് സംവദിക്കുകയും ചെയ്തു. സ്റ്റുഡന്റ് പോലീസ്,ജൂനിയര്‍ റെഡ് ക്രോസ്,സ്കൗട്ട് &ഗൈഡ്സ്,ഹെല്‍ത്ത് ക്ലബ്ബ് എന്നിവ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.വനം വകുപ്പുമായ് സഹകരിച്ച് “എല്ലാ വീട്ടിലും ഓരോ വര്‍ഷം ഒരു മരം”എന്ന പദ്ധതി നാട്ടുകാരുടെ സഹകരണത്തോടെ നല്ല രീതിയില്‍ നടത്തി വരുന്നു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാന്‍ എന്നും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ മുന്നേറ്റത്തിന്റെ പാതയില്‍തന്നെയാണ് അതു കൊണ്ടു തന്നെ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നു എന്ന വാദത്തിന് അപവാദമായി ഈ വിദ്യാലയം വളരെ അന്തസ്സോടെയും,അഭിമാനത്തോടെയും പൊതു സമൂഹത്തില്‍ നിലകൊള്ളുന്നു.വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന രക്ഷിതാക്കളുടെ സഹകരണം,വിവിധ സാമൂഹ്യ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ വിദ്യാലയത്തിന് ഇനിയും ഏറെ മുന്നേറാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കലാ-കായിക മേഖലകളില്‍ സബ്ജില്ലയിലെ വര്‍ഷങ്ങളായുള്ള ചാമ്പയന്‍മാര്‍ ഈ വിദ്യാലയമാണ് പൊതു വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് സംസ്ഥാനത്തെ മികച്ച വിദ്യാലയത്തെ കണ്ടെത്താനായുള്ള ഹരിത വിദ്യാലയം മത്സരത്തില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട് ശാസ്ത്രമേളകലില്‍ നിരവധി വിദ്യാര്‍ത്ഥികളെ ജില്ലാ സംസ്ഥാന മത്സരങ്ങളിലെത്തിച്ചിട്ടുണ്ട് മലയാളം വിഭാഗം തയ്യാറാക്കിയ കാല്‍പ്പാടുകള്‍ തേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനലില്‍ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട് നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോള്‍ വിദ്യാലയത്തെ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തിയത് ഞങ്ങളുടെ വളര്‍ച്ചയുടെ മറ്റൊരു പടവാണ്

ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിജനമായ പാറക്കൂട്ടങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം.ഒരു വിദ്യാലയം ഈ നാട്ടുകാര്‍ക്ക് വിദൂര സ്വപ്നമായിരുന്നു എന്നാല്‍ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാര്‍ത്ഥികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറമ്പോക്ക് ഭൂമിയുടെ ഊഷരതയില്‍ നിന്നും വളര്‍ന്ന് ഒരു വലിയ പടുവൃക്ഷമായി ഒരു നാടിന്റെ സമഗ്ര വികസനത്തിന് താങ്ങായ ചോലമരമായി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്കൂള്‍ മാറി കഴിഞ്ഞു.