വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/ചരിത്രം
വ്ളാത്താങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. ചരിത്രം നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച നെയ്യാറിന്റെ സാമീപ്യം കൊണ്ട് സമൃദ്ധവും ധന്യവുമാക്കപ്പെട്ട പുണ്യഭൂമിയായ നെയ്യാറ്റിങ്കരയ്ക്കു സമീപമുള്ള ഒരു ഉൾനാടൻ ഗ്രാമമാണു ചെങ്കൽ പഞ്ചായത്തില്പ്പെട്ട വ്ളാത്താങ്കര പ്രദേശം.ആറു പതിറ്റാണ്ടുകൾക്കു മുമ്പു 1949-ൽ സ്ഥാപനം സ്ഥാപിക്കുന്ന കാലഘട്ടം സാമൂഹ്യമായും , സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും ഈ ഗ്രാമം വളരെ പിന്നിലായിരുന്നു.അക്കാലത്ത് സാമൂഹ്യ പുരോഗതിയിൽ തല്പ്പരരായ കുറെ ചെറുപ്പക്കാരും, നാട്ടുകാരും പൗരമുഖ്യനും -പുരോഗമനവാദിയുമായ ശ്രീ. ലക്ഷ്മണൻ നാടാരെ കാണുകയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണെന്നു മനസ്സിലായിട്ടുപോലും ഗ്രാമത്തിന്റെ പുരോഗതി മുന്നിൽ കണ്ട അദ്ദേഹം ആ കർത്തവ്യം സസന്തോഷം ഏറ്റെടുക്കാനുള്ള മഹാമനസ്ക്കത കാണിച്ചു.അങ്ങനെ വ്യക്തിഗത മാനേജ്മെന്റ് സ്ക്കൂളുകളിൽ മാനേജർ സ്വന്തമായി ശമ്പളം കൊടുത്തു നടത്തുന്ന ചുരുക്കം സ്ക്കൂളുകളിൽ ഒന്നായി വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.
ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാർഷിക ആഘോഷവേളയിൽ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട് വൃന്ദാവൻ ഹൈസ്ക്കൂൾ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക് അവിസ്മരണീയമായ 69 വർഷങ്ങൾ പിന്നിടുന്നു. 1978 ഏപ്രിൽ 17-നു സ്ഥാപക മാനേജർ ശ്രീ.എൻ. ലക്ഷ്മണൻ നാടാർ ദിവംഗതനായി.അതിനുശേഷം ശ്രീ. എൽ. ഗോപിനാഥനും ശ്രീ. എൽ.രാജേന്ദ്രനും ചേർന്നു എഡ്യൂക്കേഷ്ണൽ ഏജൻസിയായി സ്ക്കൂൾ നടത്തിയിരുന്നു.ഇപ്പോൾ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആർ.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണൽ ഏജൻസി അംഗങ്ങൾ.
സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാർഷികത്തിൽ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ൽ നമ്മുടെ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ.ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാർത്തെടുത്ത വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ മറ്റുസ്ക്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു.
=
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 7 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഷീറ്റിട്ട കെട്ടിടങ്ങളിലായി 5 ക്ലാസ്റൂമുകൾ, 4 മൂത്രപുരകൾ, 10 കക്കൂസുകൾ, 1 സയൻസ്ലാബ് , 1 ലൈബ്രറി എന്നിവ ഉണ്ട്. ശിശു സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം,ശാസ്ത്രീയമായ പഠന രീതി,അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി,ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും സ്കൌട്ട് യൂണിറ്റും റെഡ് ക്രോസ്സ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. സ്‌കൂൾ ബസ് സൗകര്യം, പാചകപുര, വോൾളിബോൾ കോർട്ട്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് സൗകര്യം, ജൈവപച്ചക്കറി തോട്ടം, ഔഷധത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള ലഭ്യത എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |