സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിജ്ഞാനത്തിൻറയും സംസ്കാരത്തിൻറയും മഹത്തായ പാരന്വര്യമുള്ള തിരുവിതാംകൂറിലെ പല ഭാഗങ്ങളിൽ നിന്നും വന്ന കർഷകർ ഈ മലയോര ഗ്രാമത്തിൻറ മുഖഛായ മാറ്റി. ഈ കുടിയേറ്റ ജനതയുടെ വിയർപ്പണിഞ്ഞ കരങ്ങൾ നിർമിച്ച സരസ്വതി ക്ഷേത്രമാണ് സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ. ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.
അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ് മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക് അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ് തോമസ് എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01-01-1954 മുതൽ സ്കൂളിന് ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്ക?ാരുടെ വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.
1974-ൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ വികാരിയും, സ്കൂളിന്റെ പ്രഥമ മാനേജരുമായ റവ: ഫാദർ ജേക്കബ് നരിക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൈസ്കൂളിനു വേണ്ടിയുള്ള അപേക്ഷ ഗവണ്മെന്റിലേക്ക് സമർപ്പിച്ചു. ആ വർഷത്തെ ഗവ. വിജ്ഞാപനത്തിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിന്റെ പേര് ഉണ്ടായിരുന്നതിനാൽ 1975-76 അധ്യായനവർഷം ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 8-ാം ക്ളാസ് പ്രവർത്തനമാരംഭിച്ചു. എന്നാൽ ഗവ. ഒരു പുതിയ ഉത്തരവിലൂടെ മുൻവിജ്ഞാപനത്തിൽ ആരംഭിക്കാൻ ഉദ്ദേശിച്ച സ്കൂളുകളുടെ പ്രവർത്തനം ഒരു വർഷത്തേക്ക് നീട്ടിവച്ചു. സ്കൂൾ കമ്മിറ്റിയുടെ നിരന്തരപരിശ്രമഫലമായി 8-ാം ക്ളാസിനുകൂടി അംഗീകാരം നൽകികൊണ്ട് ജൂണിൽ 8,9 ക്ളാസ്സുകൾ ഒന്നിച്ചാരംഭിക്കാൻ 1976 മാർച്ച് 15ന് ഗവ. അനുമതി നൽകി.
8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന് അന്നത്തെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എം.എൽ.എ.യും വനിത കമ്മീഷൻ ചെയർപേഴ്സനുമായ ശ്രീമതി റോസക്കുട്ടി ടീച്ചർ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിന് അതാതു കാലത്തെ മാനേജർമാരുടെ നേതൃത്വത്തിൽ കുടിയേറ്റ ജനത ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഇല്ലായ്മയിൽ നിന്ന് സ്വരുക്കൂട്ടിയ പണവും തങ്ങളുടെ പറമ്പിലെ ഏറ്റവും നല്ല മരത്തിൽ നിന്നും ഉണ്ടാക്കിയ ഉരുപ്പടികളും ഉപയോഗിച്ച് അവർ സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും ഗ്രൗണ്ടും നിർമ്മിച്ചു. 1991-ൽ സംസ്ഥാനത്ത് ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. അതുവഴി വയനാട് ജില്ലയിൽ എയ്ഡഡ് സ്കൂൾ എന്ന ബഹുമതി മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിന് ലഭിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പല അവസരങ്ങളിൽ കലാകായിക പ്രവൃത്തി പരിചയമേളകൾക്ക് സ്കൂൾ ആഥിത്യം വഹിച്ചിട്ടുണ്ട്.