ഓർമ്മക്കുറിപ്പ്- Clifford P Y

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('<div align="justify">സ്കൂളിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ എന്നത് കണ്ടപ്പോൾ ആദ്യം ഓർമവന്നത് ഞാൻ പത്താം ക്ലാസ് ബി യിൽ പഠിച്ചിരുന്ന (2003 ) കാലഘട്ടം ആണ് . സിസ്റ്റർ ലിസി ആണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര പേടിയുള്ള കാലം. എങ്ങനെ എങ്കിലും ഇന്ഗ്ലീഷിനു ജയിക്കണം (കുറെ കഥകൾ ഉണ്ട് ) എന്ന് വാശിയുമായി നടക്കുന്ന സമയത്താണ് ക്രിസ്മസ് പരീക്ഷ വന്നത്. പരീക്ഷക്ക് ഇഗ്ലീഷ് ചോദ്യപേപ്പറിൽ ഒരു ചോദ്യം ഉണ്ടായിരുന്നു "Rainy day" കുറിച്ച് എഴുതുക . എനിക്ക് ആകെ അറിയാവുന്നത് കുറച്ചു ഇംഗ്ലീഷ് അറിവുകളിൽ "day" എന്നാൽ ദിവസം എന്നും പേരുകൾ എഴുതാൻ തുടങ്ങുന്നത് Capital Letters ആയിരിക്കണം എന്നുമൊക്കെ ആയിരുന്നു . എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ കേട്ടിരിക്കുന്ന ആളുകളുടെ പേരുകളോട് സാമ്യം ഉള്ളതിനാൽ പിന്നെ ഒന്നും നോക്കിയില്ല . ഇത്തവണ ഞാൻ ഒരു കലക്ക് കലക്കും "Rainy" എന്ന ഒരാൾ ജീവിച്ചിരുന്നു എന്നും അയാളുടെ ഒരു ദിവസം ഇങ്ങനെയൊക്കെ ആണെന്നും ഞാൻ എഴുതി തകർത്തു. പരീക്ഷ കഴിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി ഇംഗ്ലീഷ് പരീക്ഷ സൂപ്പർ ആയി എഴുതിയതിന്റെ അഭിമാനത്തിൽ നെഞ്ചും വിരിച്ചു വീട്ടിലേക് നടന്നു . ക്രിസ്മസ് അവധിയൊക്കെ കഴിഞ്ഞു തിരികെ സ്കൂളിൽ എത്തിയപ്പോൾ ഒരേ ഒരു ആഗ്രഹം എത്രയും പെട്ടെന്ന് ഇംഗ്ലീഷ് പേപ്പർ മാർക്ക് അറിയണം . അങ്ങനെ ഇരിക്കുമ്പോൾ ഇംഗ്ലീഷ് പേപ്പർ സിസ്റ്റർ ലിസി ക്ലാസ്സിൽ കൊണ്ടുവന്നു, മുഖത്തു ഒരു ചെറിയ ചിരിയൊക്കെ ഉണ്ടായിരുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ ഉള്ളിൽ ഉത്സവം തീർത്തു . കൊണ്ടുവന്ന പേപ്പർ മേശപ്പുറത്തു വച്ച് ഞങളുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിയോട് എന്താണ് "Rainy Day" എഴുന്നേറ്റു നിന്ന് പറയു എന്ന് സിസ്റ്റർ പറഞ്ഞു (ഏറ്റവും നന്നായി എഴുതിയത് ആ കുട്ടിയാണ് പോലും നമ്മുടെ ഭാവം പുച്ഛം ) . എന്റെ സന്തോഷം മുഴുവനും പേടിയായി മാറി. അടുത്തത് എന്നെ എഴുന്നേൽപ്പിച്ചു നിർത്തി പറയിക്കുമോ എന്റെ നെഞ്ച് ഇടിച്ചു പുറത്തേക്കു വരുന്നത് പോലെ ഒക്കെ തോന്നി കാരണം പരീക്ഷക്ക്‌ എന്താണ് എഴുതിയത് എന്ന് പോലും ഞാൻ ഓർക്കുന്നില്ല , അതെങ്ങനെ ഓർത്തു പറയും എന്ന് ആലോചിച്ചിരിക്കുമ്പോൾ . ആ കുട്ടി എഴുന്നേറ്റു മഴയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി , എന്താണ് ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ ഓർത്തു, ഓ ചിലപ്പോൾ ഇംഗ്ലീഷ് കുറെ അറിയാം എന്നത് കൊണ്ടാവാം വീണ്ടും ഭാവം പുച്ഛം . ഞാൻ പരീക്ഷക്ക് എന്താണ് എഴുതിയത് എന്നത് ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ആ കൊച്ചു പറഞ്ഞു തീർന്നതോ ഇരുന്നതോ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. സിസ്റ്ററിന്റെ ശബ്ദം കേട്ടാണ് എന്റെ ശ്രദ്ധ ക്ലാസ്സിലേക്ക് വന്നത് , എന്താണ് "Rainy day"  ? എല്ലാവരും പറയു . എല്ലാവരും ഉറക്കെ പറഞ്ഞു "മഴയുള്ള ദിവസം" .ഹോ .. ഹമ്പട അപ്പൊ മഴയുള്ള ദിവസം എന്നായിരുന്നല്ലേ . അന്ന് അറിഞ്ഞിരുന്നേൽ ഞാൻ പൊളിച്ചേനെ , ഇനി അടുത്ത തവണ സെറ്റ് ആക്കാം .എന്തായാലും "Rainy day" എന്നത് മഴയുള്ള ദിവസം എന്നത് അന്ന് പഠിച്ചു( അങ്ങനെ ഒത്തിരി ഇംഗ്ലീഷ് വാക്കുകളുടെ അർഥങ്ങൾ അവിടെ ആയിരിക്കുമ്പോൾ പഠിച്ചു ) . വൽക്കഷ്ണം : അത്തവണ ഞാൻ ഇംഗ്ലീഷ് പാസ്സ് ആയി കേട്ടോ പക്ഷെ ഹിന്ദി തോറ്റുപോയി(അത് നമ്മൾ അടുത്ത തവണ പിടിക്കും ,അല്ല പിന്നെ ).
"https://schoolwiki.in/index.php?title=ഓർമ്മക്കുറിപ്പ്-_Clifford_P_Y&oldid=1217210" എന്ന താളിൽനിന്ന് ശേഖരിച്ചത്