സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദേശ മേധാവിത്വവും സവർണ്ണ-അവർണ്ണ വിവേചനവും ഉച്ച-നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ നിർധനരും നിരാലംബരുമായിരുന്നവർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അതീവതാൽപര്യം കാണിച്ച് ഒരു വിദ്യാലയം ആവശ്യമാണെന്ന ലക്ഷ്യത്തിലെത്തുകയും 1864 തിരുകുടുംബ വിലാസം എന്ന പേരിൽ ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1921 വരെ ഈ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിച്ചിരുന്നു. പിന്നീട് 1921 തിരുകുടുംബ വിലാസം ഗേൾസ് പ്രൈമറി സ്കൂൾ സ്ഥാപിതമായി. അന്ന് രണ്ട് സ്കൂളുകളിലേയും കുട്ടികൾ തുടർവിദ്യാഭ്യാസം നടത്തിയിരുന്നത് ചേർത്തല ഗവൺമെൻറ് ഹൈസ്കൂളിലായിരുന്നു.

തങ്ങളുടെ പെൺമക്കളെ പ്രബുദ്ധ വനിതകളും മാതൃകാ പാത്രങ്ങളുമായി വളർത്തിയെടുക്കണം എന്നുള്ള നാട്ടുകാരുടെ ആവശ്യം ശ്രീ.പോംപോഴി പാപ്പിവക്കീൽ, അഡ്വ. എ. ജെ. ചാക്കോ തുടങ്ങിയവരുടെ നിവേദനങ്ങളായി ദിവാൻറെ മുൻപിൽ അവതരിപ്പിക്കപ്പെട്ടു. അക്കാലത്ത് പ്രജാകൗൺസിൽ മെമ്പർ ആയിരുന്ന അഡ്വ. ജോസഫ് പഞ്ഞിക്കാരൻറെ നിരന്തര പരിശ്രമം കൂടിയായപ്പോൾ 1933 മെയ് 22ആം തീയതി സെൻറ് മേരീസ് ഇംഗ്ലീഷ് മിഡിൽസ്കൂൾ ഫോർ ഗേൾസ് യാഥാർത്ഥ്യമായി. വെളീപറമ്പിൽ മാധവൻനായരിൽനിന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്ത് അന്നത്തെ മുട്ടം പള്ളി വികാരിയായിരുന്ന റവ. ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേൽനോട്ടത്തിൽ പണിതുയർത്തിയ കെട്ടിടത്തിൽ സെൻറ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഫോർ ഗേൾസ് പ്രവർത്തനമാരംഭിച്ചു. ആദ്യ സ്കൂൾ മാനേജർ റവ. ഫാദർ കുരുവിള ആലുങ്കരി ആയിരുന്നു. പ്രധാന അദ്ധ്യാപികയായി ശ്രീമതി അന്നക്കുട്ടി കളരിക്കൽ നിയമിതയായി. തുടർന്ന് ശ്രീമതി ആനി ജോസഫ്, സിസ്റ്റർ മേരി വിസിറ്റേഷൻ എന്നിവർ പ്രധാന അദ്ധ്യാപിക മാരായി. ഈ കാലയളവിൽ അധ്യേതാക്കളുടെ, അംഗസംഖ്യ വർദ്ധിച്ചു. പ്രിപ്പറേറ്ററി, ഫസ്റ്റ് ഫോം, സെക്കറ്റ് ഫോം , തേഡ് ഫോം എന്നിങ്ങനെ ക്ലാസ്സുകൾ തുടങ്ങി .സ്കൂളിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ ആ കാലഘട്ടത്തിലെ വികാരിമാരായിരുന്ന റവ.ഫാ. കുരുവിള ആലുങ്കരിയും റവ.ഫാ.ജോസഫ് കോയിക്കരയും ഏർപ്പെടുത്തികൊണ്ടിരുന്നു. സൽസ്വഭാവികളും വിജ്ഞാനകുതുകികളുമായ ശിഷ്യഗണങ്ങളാൽ ഏറെ അനുമോദനങ്ങൾ മഹത് വ്യക്തികളിൽനിന്നും സ്വായത്തമാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിരുന്നു. 1949 ജൂൺ ഒന്നാം തീയതി ഇ.എം. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സിസ്റ്റർ മേരി വിസിറ്റേഷൻ തന്നെ ഹൈസ്കൂൾ പ്രധാന അധ്യാപികയായി തുടർന്നു. 1955 ൽ ഇവിടെ ഗേൾസ് ഗൈഡ്സ് എന്ന പ്രസ്ഥാനം പ്രവർത്തനമാരംഭിച്ചു. തുടർന്നുവന്ന വർഷങ്ങളിൽ ഈ പ്രസ്ഥാനം വളരെ ഊർജ്ജസ്വലമായി. കുമാരിമാരായ മറിയം കുട്ടി ഐസക്ക് മംഗളാനന്ദിനി, ഡോളി ആൻറണി, ഡിന്നി കെ മാത്യു, അമ്പിളി എന്നിവർ ഇന്ത്യൻ പ്രസിഡൻറിൽ നിന്ന് പ്രസിഡൻറ് ഗൈഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.അധ്യാപക രക്ഷാകർതൃ ബന്ധം കുട്ടികളുടെ ഉന്നമനത്തിന് അനിവാര്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ അധികാരികൾ 1966-67 കാലയളവിൽത്തന്നെ പി.റ്റിഎ യ്ക്ക് രൂപം കൊടുത്തു. ഗവൺമെൻറ് ഉച്ചഭക്ഷണ പദ്ധതി നടപ്പിൽ വരുത്തുന്നത് വരെ ഈ സംഘടന സമാഹരിച്ച് ഫണ്ടിൽനിന്ന് 1983 മുതൽ അർഹരായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി കെ. എം മറിയാമ്മ, സെന്റ് മേരിസിന്റെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരിൽ ഒരാളാണ്. ഇത്തരത്തിൽ നിരവധി പ്രഗത്ഭരായ അദ്ധ്യാപകരുടെ മഹനീയ സേവനത്തത്തിന്റെ പിൻബലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ ശിക്ഷണം നേടുകയും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു.ചേർത്തല നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി തലയെടുപ്പോടെ നിലകൊള്ളുന്നു.