സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

കേരളത്തിലെ ഗേൾസ് സ്കൂളുകളിൽ വെച്ച് പൊതുവിദ്യാലയങ്ങളുടെ മേന്മ ഉറപ്പാക്കുന്ന ISO 9001 : 2015 എന്ന അംഗീകാരം കരസ്ഥമാക്കിയ ഏക വിദ്യാഭ്യാസ സ്ഥാപനം എന്ന യശസ്സ് ഉയർത്തുവാൻ സെൻറ് മേരിസ് സ്കൂളിന് ഈ കഴിഞ്ഞ അക്കാദമിക വർഷത്തിൽ സാധിച്ചു എന്നത് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഈ വിദ്യാലയ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ആത്മവിശ്വാസത്തിൻറേയും പ്രതീക്ഷയുടെയും വിജയമാണ് സ്കൂളിന് ലഭിച്ച ഈ ഐ.എസ്.ഒ. അംഗീകാരം. ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. ഏ.എം.ആരിഫിൻറെ കൈയ്യിൽ നിന്നും സ്കൂൾ മാനേജർ ഫാദർ പോൾ.വി.മാടൻ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആശംസകൾ നേർന്നു കൊണ്ട് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമനും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു എന്നുള്ളത് സെൻറ് മേരീസ് സ്കൂളിന് അഭിമാനം തന്നെയാണ്. ഇതുകൂടാതെ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ലഭിച്ച ഹരിതവിദ്യാലയം അവാർഡ്, 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിനു വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന എം.പി. ശ്രീ. വേണുഗോപാലിന്റെ പൊൻതൂവൽ അംഗീകാരം, 2021 ലെ എം.എൽ.എ. യുടെ ആദരവായി നൽകിയ പൊൻകതിർ അവാർഡ്, മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ലപാഠം പദ്ധതിയിൽ ലഭിച്ച A ഗ്രേഡ് തുടങ്ങിയ ചെറുതും വലുതുമായ ഒത്തിരി അധികം അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നു എന്ന് സെൻറ് മേരീസ് വിദ്യാലയം ഓരോ വർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും മികച്ച അംഗീകാരങ്ങൾ നിലനിർത്തുവാനും നേടിയെടുക്കുവാനും ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ സ്കൂൾ തുടർച്ചയായി നടത്തിവരുന്നു എന്നത് അഭിനന്ദനാർഹമാണ്.

കുട്ടികളുടെ നാനാ തരത്തിലുള്ള വികാസം ലക്ഷ്യമാക്കി മുന്നേറുന്ന സെൻറ് മേരിസ് സ്കൂൾ ആലപ്പുഴ ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ്. ഈ വിജയത്തിനു പിന്നിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീമതി കെ.എം. മറിയാമ്മ ഉൾപ്പെടെയുള്ള പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ പങ്കാളിത്തമുണ്ട്.

സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.

മുൻവർഷങ്ങളിൽ സംസ്ഥാന യുവജനോത്സവത്തിൽ തുടർച്ചയായി ആയി 5 തവണ മൃദംഗ വായനയിൽ ഒന്നാം സ്ഥാനം നേടിയ സന്ധ്യാ എസ് പ്രഭുവും നാഷണൽ ജാവലിൻ ജേതാവ് ജീജാ മാത്തനും നമ്മുടെ സ്കൂളിൻറെ അഭിമാന താരങ്ങൾ തന്നെ. മുൻവർഷങ്ങളിൽ മാത്രമല്ല, ഈ വർഷവും സ്കൂളിൻറെ അഭിമാനമാകുവാൻ രണ്ടു മിടുക്കികൾക്ക് സാധിച്ചു. 2021ലെ പതിനാലാമത് നാഷണൽ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ, അണ്ടർ 15-ൽ രണ്ടാം സ്ഥാനം അനുപ്രിയ മഹേഷ് കരസ്ഥമാക്കി. ഈ വർഷത്തെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേശീയതലത്തിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന സൂര്യ മോളും സെൻറ് മേരിസ് സ്കൂളിൻറെ അഭിമാന തിലകം ആണ്.

കുട്ടികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ വിജയിക്കുന്നതിന് ആവശ്യമായ പൊതു വിജ്ഞാനം സ്കൂൾ തലത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.ഇ. തോമസിന്റെ നേതൃത്വത്തിൽ 2003 ൽ ന്യൂസ് എക്സ്ചേഞ്ച് ക്ലബ്ബ്(NEC) സംഘടിപ്പിക്കുകയും അതിൻറെ തുടർച്ചയായി 2010 ൽ ഈ സ്കൂൾ അധ്യാപകനായ ശ്രീ ജോസഫ് റ്റി.പി. യുടെ നേതൃത്വത്തിൽ ജ്ഞാന ക്വിസ് എന്ന സംരംഭത്തിനു തുടക്കം കുറിക്കുകയും പിന്നീട് അത് അത് ഒരു ഇൻറർ സ്കൂൾ ജ്ഞാന ക്വിസ് കോമ്പറ്റീഷൻ ആയി ഉയർന്നത് ഈ വിദ്യാലയത്തിൻറെ നേട്ടങ്ങളിലൊന്നാണ്. ഇത്തരുണത്തിൽ 2015-2016 അധ്യയന വർഷം മുതൽ ഈ വിദ്യാലയത്തിലെയും ഒപ്പം മറ്റു വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികളിൽ സാമൂഹികപ്രതിബദ്ധതയും പ്രസംഗ നൈപുണിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇൻജീനിയ പ്രസംഗ മത്സരവും സംഘടിപ്പിച്ചു വരുന്നു. കുട്ടികളുടെ അക്കാദമിക് ഗ്രേഡ് ഉയർത്തുന്നതിന് പര്യാപ്തമായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, സബ്ജക്ട് ക്ലബ്ബ് മുതലായവ പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ഉറപ്പുവരുത്തുന്നതിനോടൊപ്പം വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനും പരിശ്രമിച്ചു പോരുന്നു.