നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്/ചരിത്രം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ച തിമിർത്താടിയ ഒരു കാലം....... നമ്മുടെ നാടും നഗരവുമൊക്കെ ജാതിമതഭേദമന്യേ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അടിമകളായിരുന്ന കാലം.... ഭാരതത്തിന്റെ വീരപുത്രന്മാർ സ്വതന്ത്ര്യത്തിനായി പടപൊരുതുന്ന നാളുകൾ...... അടിമത്വത്തിന്റെ കാലഘട്ടമാണെങ്കിലും അവർ നമ്മുക്കു ചെയ്തു തന്ന ചില കാര്യങ്ങളൊക്കെ നമ്മുടെ ഭാവിജീവിതത്തിന് മുതൽക്കൂട്ടായിത്തീർന്നത് വിസ്മരിക്കാനാവില്ല. അവയിലൊന്നാണ് അവർ നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി. അതു വഴി നമ്മുക്ക് നമ്മെ മനസ്സിലാക്കാനും പ്രവർത്തിക്കാനുമായതാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ നമ്മെ പ്രാപ്തരാക്കിയത്. അങ്ങിനെയുള്ള ആ കാലഘട്ടത്തിലാണ് ഇന്നത്തെ കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങൾ തഴുകുന്ന നട്ടാശ്ശേരിയെന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയക്കുന്നിൽ സെന്റ് മർസലിനാസ് എൽ.പി.സ്കൂൾ സ്ഥാപിതമായത് . ഈ പ്രദേശത്തിന്റെ ജീവനാഡിയായ വിസിറ്റേഷൻ സന്ന്യാസിനി സമൂഹത്തിന്റെ മഠത്തിനോടനുബന്ധിച്ച് കോട്ടയം രൂപതയുടെ മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ 1923- ജൂൺ മാസം ഒന്നാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. തിരുവസ്ത്രധാരികളും കർമ്മനിരതരുമായ സന്ന്യാസിനി ശ്രേഷ്ഠകളുടെ നേതൃത്വത്തിൽ രണ്ടു ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ സ്കൂൾ രണ്ടുവർഷത്തിനുള്ളിസ്‍ തന്നെ നൂറോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി. എസ്.എച്ച്.മൗണ്ടിൽ ആദ്യം സ്ഥാപിതമായത് ആൺകുട്ടികൾക്ക് മാത്രമായുള്ള സെന്റ് മാത്യൂസ്‍ എൽ.പി.സ്കൂൾ ആയിരുന്നു. പിന്നീട് സേക്രട്ട് ഹേർട്ട് ഹൈസ്കൂൾ സ്ഥാപിതമായി. രൂപതയിൽ മറ്റു പല സ്ഥാപനങ്ങളുണ്ടായിരുന്നുവെങ്കിലും പെൺകുട്ടികൾക്കായി നല്ലൊരു സ്കൂൾ ഇവിടെ ആവശ്യമായിരുന്നു. ഇതിൽ വിഷമിച്ച ചൂളപ്പറമ്പിൽ പിതാവ് പല നല്ല ആളുകളുടെയും സഹായത്തോടെ ഒരു മഠവും ഒരു സ്കൂൾ കെട്ടിടവും പണിതീർക്കുകയായിരുന്നു. അന്നത്തെ അതിനായുള്ള ചിലവ് ആറായിരത്തി അഞ്ഞൂറ് രൂപയായിരുന്നു. ആദ്യ സ്കൂൾ മാനേജർ കാമശ്ശേരി പീലിപ്പച്ചൻ ആയിരുന്നു. ആദ്യ കറസ്പോണ്ടന്റ് തയ്യിൽ കുഞ്ഞുമറിയം(സിസ്റ്റർ.മറിയം ബെർണർദിത്ത) എന്നിവരുമായിരുന്നു.
സ്കൂളിന്റെ നവതി വർഷത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിച്ചു പണിയുന്നതിനായി 16/02/2015 -ൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 25/02/2015 -ൽ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തറക്കല്ലിടുകയും 29/12/2015- ൽ പുതിയ മൂന്നു നില മന്ദിരത്തിന്റെ വെഞ്ചെരിപ്പു കർമ്മം നിർവ്വഹിക്കുകയും ചെയ്തു. കോട്ടയം കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ബഹു.തോമസ് ആദോപ്പള്ളിലിന്റെ നിർദ്ദേശപ്രകാരം സ്കൂൾ മാനേജർ സി. ലൂസിന എസ്.വി.എം ന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ കോൺഗ്രിഗ്രേഷന്റെ ചുമതലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. വിസിറ്റേഷൻ സുപ്പീരിയൽ ജനറൽ സി. ആൻ ജോസ് എസ്.വി.എം, കൗൺസിലർമാരായ സി.സുനിത എസ്.വി.എം, സി.ആൻമരിയ എസ്.വി.എം, സി. തോംസിൻ എസ്.വി.എം, സി. അനിജ എസ്.വി.എം, ഹെഡ്മിസ്ട്രസ്സ് സി.ലിസിൻ.എസ്.വി.എം എന്നിവരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് എടത്തിപ്പറമ്പിൽ ആണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |