ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രാദേശിക ചരിത്രം
ആമുഖം കാലത്തിന്റെ ചക്രവാളത്തിൽ നാം മറന്നുപോകുന്ന പൂർവിക ത്യാഗങ്ങളുടെയും, ചരിത്രശേഷിപ്പുകളുടെയും അജ്‍ഞാനതയിലേക്കുളള ജ്ഞാനദീപമായി പുതുതലമുറയ്ക്ക് ഉപയോഗപ്രദമായ രീതീയിൽ സൂക്ഷിച്ചു വെക്കാവുന്ന ഒരിക്കലും പകിട്ട് മങ്ങാത്ത സ്വർണ്ണചെപ്പാണ് ചരിത്രം തെക്കൻകാറ്റിൽ അലയടിക്കുന്ന നെൽവയലുകളിൽ നിന്നും ഉത്ഭവിക്കുന്ന ശീതളമായ കാറ്റിലും ചേറിന്റെ ഗന്ധത്തിലും അഭിനിവേശരായ പൂർവിക വയനാടൻ സമൂഹം അതിനെ വയലുകളുടെ നാട് അഥവാ വയനാട് എന്ന് അഭിസംബോധന ചെയ്തുു അവൾ തെന്നിന്ത്യയുടെ സ്വിറ്റ്സർല്ന്റും കേരളത്തിലെ കാശ്മീരും സാധാരണക്കാരന്റെ ഊട്ടിയുമാണ് മധ്യതിരുവിതാംകൂറിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും തലശ്ശേരിയിൽ നിന്നും കുടിയേറിവന്നവർ കാടിന്റെ മക്കളായ ആദിവാസികളോടൊപ്പം ഇണങ്ങിച്ചേരുകയും ഒരു നവീനസംസ്കാരത്തിനടിത്തറയാവുകയും ചെയ്തു. വയനാടിന്റെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വീരഗാഥകളിലേക്കാഴ്ന്നിറങ്ങുമ്പോൾ നാം എത്തുന്നത് തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ഗ്രാമത്തിലാണ് . നാട്ടറിവുകളും തൊട്ടറിഞ്ഞ നാടൻവിത്തുകളും ക്ഷേത്രവും കാടിന്റെ ഉളളറയിൽ നിന്ന് ഉത്ഭവിക്കുന്ന തുടിയുടെ അനശ്വര സംഗീതവും ഈ ഗ്രാമത്തിന്റെ കൈമുതലാണ്. പിതൃതർപ്പണത്തിനായി കടലും കരയും താണ്ടി എത്തുന്ന ഭക്തജനങ്ങൾ തൃശ്ശിലേരിക്ഷേത്രം സന്ദർശിക്കാതെ തിരുനെല്ലിയിലേക്ക് പ്രവേശിക്കാറില്ല. നവീനശിലായുഗത്തിന്റെ അവസാനകണ്ണികളാണ് കേരളത്തിലെ വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിവാസികൾ. പണിയർ,കൊറഗർ,കുറുമർ,കുറിച്യർ,മലപണ്ടാരങ്ങൾ,മാങ്ങാന്മാർ, തുടങ്ങിയവരാണ് കേരളത്തിലെ ആദിവാസി ഗോത്രങ്ങൾ.ഇതിൽ തന്നെ അടിയർ,കുറുമർ,കുറിച്യർ,എന്നീ വിഭാഗത്തെയാണ് തൃശ്ശിലേരിയിൽ ധാരളമായി കാണുന്നത്.1940 ലെ കുടിയേറ്റത്തോടെ നാനാജാതിമതസ്ഥരും അവരുടെ സംസ്കാരവും തൃശ്ശിലേരിയിൽ സംഗമിച്ചു. കലാകായിക സാമൂഹിക സാംസ്കാരിക വീരഗാഥകൾ ഉറങ്ങുന്ന തൃശ്ശിലേരിയുടെ ഇന്നലെകളിലേക്കൊരു തിരിഞ്ഞുനോട്ടം. സ്ഥലനാമചരിത്രം നിഗൂഡതകൾ നിറഞ്ഞ തൃശ്ശിലേരിയുടെ ചുരുളഴിയുന്നത് 13ാം നൂറ്റാണ്ടിലെ മണിപ്രവാളം കൃതിയായ ഉണ്ണിയച്ചിചരിതത്തിലെ തൃശ്ശിലേരി ക്ഷേത്രത്തെ പറ്റിയുളള വിശദീകരണത്തിലൂടെയാണ്. തൃശ്ശിലേരി സ്ഥലനാമചരിത്രവിമായി ദേവാതിദേവൻ മഹാദേവനും അദ്ദേഹത്തിന്റെ പത്നി സതീദേവിക്കും അഭേധ്യമായ ബന്ധമുണ്ട്. സതീദേവിയുടെ പിതാവ് ദക്ഷൻ മഹാരാജാവ് എല്ലാ ദേവഗണങ്ങളെയും സംഗമിച്ച് കൊണ്ട് തന്റെ കൊട്ടാരത്തിൽ വച്ചൊരു യാഗം നടത്താൻ തീരുമാനിച്ചു. .എല്ലാദേവഗണങ്ങളും യാഗത്തിൽ പ്രത്യക്ഷരായിരുന്നു.എന്നാൽ ഉഗ്രമുർത്തിയായ ശിവനെ ദക്ഷൻ ക്ഷണിച്ചിരുന്നില്ല. ഇതിൽ കുപിതനായ ശിവൻ സതീദേവിയോട് യാഗത്തിൽ പങ്കുചേരരുതെന്ന് കൽപ്പിച്ചു. എന്നാൽ ആ കല്‌പ്പന ലംഘിച്ച് സതീദേവി യാഗത്തിൽ പങ്കുചേരാനായി കൊട്ടാരത്തിലെത്തി.അവിടെ അവൾ അപമാനത്തിനിരയായി.ഇതിൽ ഖേദിച്ച് ദേവിയാഗാഗ്നിയിൽ ചാടി മൃത്യു വരിച്ചു. പത്നിയുടെ വിയോഗവാർത്തയറിഞ്ഞ ശിവൻ കോപത്താൽ പിതൃമാഹാത്മ്യം മറന്ന് ദക്ഷന്റെ ശിരശ്ശറുത്തു. പത്നീസ്നേഹത്താൽ സതീദേവിക്ക് പാർവ്വതീദേവിയിലൂടെ പുനർജന്മം നല്കി.ഭർത്താവിനെ അപമാനിതനാക്കേണ്ടിവന്നതിൽ അത്യധികം ദുഃഖിതയായ ദേവി തൃശ്ശിലേരി ക്ഷേത്രത്തിനു സമീപം ഇരിപ്പുറപ്പിച്ചു. ഇതുകണ്ട ശിവൻ ദേവിക്ക് സമീപം വന്ന് ഒരു തിരുചിരി പ്രസാദിപ്പിച്ചു .അങ്ങനെ ക്ഷേത്രപ്രദേശം തിരുചിരി എന്ന് അറിയപ്പെട്ടു.പിന്നീട് നാനാജാതിമതസ്ഥരുടെ ഉച്ചാരണത്തിലെ വ്യത്യാസത്താൽ അത് തൃച്ചരള,തൃച്ചരേളി എന്നും തൃശ്ശിലേരി എന്നും പരിവർത്തനപ്പെട്ടു. ഭൂപ്രകൃതി പ്രകൃതിയാൽ നാലുഭാഗവും കോട്ടതീർക്കപ്പെട്ട പ്രദേശമാണ് തൃശ്ശിലേരി . വയലുകളും കുന്നുകളും ജലസ്രോതസ്സുകളാലും സമൃദ്ധമായ അനുഗ്രഹീത മണ്ണും ഭൂമിശാസ്ത്രപരമായ അനുകൂല ഘടനയും, പ്രകൃതിസമ്പത്തും തൃശ്ശിലേരിയിൽ ജനപഥങ്ങൾ സൃഷ്ടിച്ചു. സമുദ്രനിരപ്പിൽ നിന്നും 2750 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് തൃശ്ശിലേരി . വടക്ക് കിഴക്ക് നരിനിരങ്ങി, തെക്ക് ബ്രഹ്മഗിരി, പടിഞ്ഞാറ് മുത്തുമാരി മലയുമാണ് തൃശ്ശിലേരിയുടെ കാവൽ ഭടൻമാർ.പടുകൂറ്റൻ മലനിരകൾക്കുനടുവിൽ പച്ചപ്പട്ടുവിരിച്ച നെൽവയലുകളും ഈ ഗ്രാമത്തിന് സ്വന്തമാണ്. തൃശ്ശിലേരിയുടെ ഭൂപ്രകൃതിയെ ഇങ്ങനെ തരംതിരിക്കാം
- ഉയർന്ന പ്രദേശം
- താഴ്‌ന്ന പ്രദേശം (വയൽ)
- കുന്ന്
- ഇടത്തരം ചരിവ്
- കുത്തനെയുളള ചരിവ്
ഉത്താരാക്ഷാംശം 11,48”യിലും പൂർവ്വ രേഖാംശം76,13”ലുമായി തൃശ്ശിലേരി സ്ഥിതിചെയ്യുന്നു. പൂഴികലർന്ന മണ്ണാണ് തൃശ്ശിലേരിയിൽ കൂടുതലായി കാണപ്പെടുന്നത്.ഇത് നെൽകൃഷിക്ക് വളരെ അനുയോജ്യമാണ്. ഭൂഗർഭജലസ്സ്രോതസ്സുകളുടെ ആഴം ഭൂമധ്യരേഖക്കനുസരിച്ച് മാറുന്നുണ്ടെങ്കിലും ഉയർന്നപ്രദേശങ്ങൾക്ക് 10-20മീറ്ററും താഴ്‌ന്ന പ്രദേശങ്ങൾക്ക് 1-10 മീറ്ററുമാണ് ആഴം. ജനങ്ങളും ജീവിതവും ഇരുൾ മൂടിക്കിടന്ന പൂർവ്വകാല ചരിത്രമാണ് തൃശ്ശിലേരിയെ ജീവസ്സുറ്റതാക്കിന്നത്. തൃശ്ശിലേരിയിടെ ആദ്യകാലജീവിതം അന്വേഷിച്ചിറങ്ങിയാൽ, ഇവിടുത്തെ ആദിവാസികളെക്കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളെ പറ്റിയും പറയാതിരിക്കാലാവില്ല, മധ്യശിലായുഗത്തിന്റെ ആദ്യകാലത്തെ പ്രതിനിധാനം ചെയ്യുന്ന നവീനശിലായുഗത്തിന്റെ അവസാന കണ്ണികളാണ് കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നആദിവാസികൾ .മലയർപണിയർ അടിയർ,കാട്ടുനായ്ക്ക,നിഷ്ഠവർ, കൊറഗർ,കുറുമർ,കുറിച്യർ,മലപണ്ടാരങ്ങൾ,മാങ്ങാന്മാർ, തുടങ്ങിയവരാണ് വയനാട്ടിലെ ആദിമ മനുഷ്യർ.ഇവരിൽ തന്നെ കുറിച്യർ , കുറുമർ, അടിയർ എന്നിവരെയാണ് തൃശ്ശിലേരിയിൽ ധാരാളമായി കാണപ്പെടുന്നത്. ആദ്യമായി തൃശ്ശിലേരിയിലേക്ക് കുടിയേറിവന്നത് ജൈനബുദ്ധമതസ്ഥരാണ്.അവർക്കുപിറകെ ഹൈന്ദവരും തൃശ്ശിലേരിയിൽ കുടിയേറി. ഹൈന്ദവരുടെ വരവോടെ ജൈനബുദ്ധമതസ്ഥരുടെ ആധിപത്യം നഷ്ടപ്പെട്ടു. തുടർന്ന് അവർ തൃശ്ശിലേരിവിട്ടു. മൂന്നാമതായി കോട്ടയത്തുനിന്നും തിരുവിതാംകൂറിൽ നിന്നും കൃസ്ത്യൻ കുടിയേറ്റം ആരംഭിച്ചു. തലശ്ശേരി,തിരുവിതാംകൂറിൽനിന്നുമുളള മുസ്ലീം കുടിയേറ്റത്തോടെ തൃശ്ശിലേരിയിൽ നാനാജാതിമതസ്ഥരും സംഗമിച്ചു.2011 ലെ സെൻസസ് പ്രകാരം തൃശ്ശിലേരിയിലെ ജനസംഖ്യ 15618-ആണ് കൃഷിയായിരുന്നു മുഖ്യതൊഴിൽ നെല്ല് , റബ്ബർ, എന്നിവയാണ് പ്രധാന വിളകൾ . അവയ്‌ക്ക് പുറമെ കുരുമുളക്, കശുവണ്ടി തേങ്ങ തുടങ്ങിയവ സമ്മിശ്രമായി കൃഷി ചെയ് തു. നാരകവും പ്രധാന വിളയായിരുന്നു. വിദ്യാഭ്യാസ വികസനചരിത്രം തൃശ്ശിലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ് തൃശ്ശിലേരി ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂൾ. തൃശ്ശിലേരിയിലെ ഏക വിദ്യാലയവും ഇതുതന്നെ. 1800 കാലഘട്ടത്തിൽ ഇവിടെ വിദ്യാലയം ഉണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് ഭരണകാലത്ത് അത് ത്രിനേത്രൻ എലിമെന്റെറി സ്‌ക്കൂൾ ആക്കി എന്ന് ചരിത്രം വിശദമാക്കുന്നു. പി എസ് പരമേശ്വരയ്യർ, ശൂലപാണി വാര്യർ, ദൈവസഹായം എന്നീപേരുകൾ ഈ വിദ്യാലയം ഇന്നു മറന്നിട്ടില്ല.1952-ൽ എലിമെന്റെറി സ്‌ക്കൂളിൽ ഇൻസ്‌പെക്‌ടർ വിദ്യാർത്ഥികൾ കുറവെന്ന കാരണത്താൽ സ്‌ക്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.1954-55 കാലഘട്ടത്തിൽ ഇതേ വിദ്യാലയം കൈതവളളി അപ്പുസാമിയുടെ സ്ഥലത്ത് പുനരാരംഭിച്ചു.എന്നാൽ അതും അടച്ചു പൂട്ടേണ്ടിവന്നു. 1957-ൽ ഈ വിദ്യാലയം എൽ പി സ്‌ക്കൂളിനു സമീപം നാട്ടുകാരുടെ സഹകരണത്തോടെ പുനരാരംഭിച്ചു.1960ൽ ഈ വിദ്യാലയം യു പി യാക്കി ഉയർത്തി. നാട്ടുകാരുടെ ശ്രമഫലമായി 1968-ൽ ഇത് ഹൈസ്‌ക്കൂളാക്കി ഉയർത്തി.ശ്രീ. എം കൃഷ്‌ണവാര്യരായിരുന്നു പ്രധാന അധ്യാപകൻ.പിന്നീട് 2004-ൽഹയർസെക്കണ്ടറി സ്‌ക്കൂളായി ഉയർത്തി. വിദ്യാഭ്യാസ രീതി സ്‌ക്കൂളുകളുടെ ആദ്യകാലങ്ങളിൽ അവ പ്രധാനമായും ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു. അധ്യാപകൻ പഠിപ്പിക്കുക മാത്രമല്ല,അതിനുപുറമെ ബെല്ലടിക്കുന്നതും പാലുകാച്ചുന്നതും വൃത്തിയാക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ ജോലിയായിരുന്നു. പ്രധാനമായും സ്‌ക്കൂളുകളിൽ പഠിപ്പിച്ചിരുന്ന വിഷയങ്ങൾ മലയാളം, ഇംഗ്ലീഷ്, സാമൂഹ്യപാഠം, ശാസ്‌ത്രം, ഗണിതം എന്നിവയായിരുന്നു.പഠനത്തിന് കൃത്യമായ ഫീസും ഉണ്ടായിരുന്നു.ജയപാലൻ മാസ്‌റ്റർ പ്രതിവർഷം 66 രൂപ നൽകിയാണ് പഠനം പൂർത്തിയാക്കിയത്. കർക്കിടകം, (പഞ്ഞമാസം)മാർച്ച് മാസങ്ങളിൽ ഫീസ് നൽകേണ്ടതില്ലായിരുന്നു. ഫീസ് കൃത്യമായി നൽകാത്തവരിൽ നിന്ന് ഫൈനും ഈടാക്കിയിരുന്നു.
പഠനസാമഗ്രികൾ പഠനസാമഗ്രികൾ പ്രധാനമായും ചോക്കും ബോർഡും തന്നെയായിരുന്നു. അതിനു പുറമെ ഗവൺമെന്റ് നൽകുന്ന ഭൂപടങ്ങളും മറ്റും ഇടയ്‌ക്ക് ലഭിച്ചിരുന്നു.കുട്ടികൾക്ക് ബെഞ്ചും ഡസ്‌ക്കും ഉണ്ടായിരുന്നില്ല.അവർക്കിരിക്കാനുളള മരപ്പലകൾ ഓരോ വീട്ടുകാരും സംഭാവനകൾ ചെയ്‌തിരുന്നു. മൂല്യനിർണ്ണയ രീതി ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുളളതു പോലെ ഓൾ പാസ്സ് എന്ന രീതി ഉണ്ടായിരുന്നില്ല.നന്നായി പഠിച്ച് പരീക്ഷ എഴുതി ജയിക്കുന്നവർക്ക് മാത്രമേ അടുത്ത ക്ലാസിലേക്ക് പ്രവേശനം ഉണ്ടായിരുന്നുളളൂ. 3ഉം 4ലും വർഷം ഒരേ ക്ലാസിൽ പഠിച്ച വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിശോധനാസംവിധാനങ്ങൾ എല്ലാ വർഷവും കൃത്യമായി AEO യും DEO യും വിദ്യാലയത്തിൽ പരിശോധനക്കെത്തും. അതും വളരെ കർക്കശ സ്വഭാവക്കാരായിരുന്ന മേലുദ്ദ്യോഗസ്ഥർ ആയിരുന്നുവത്രേ ഉണ്ടായിരുന്നത്. മുൻപ് പൊതുവിദ്യാഭ്യാസം നിയന്ത്രിച്ചിരുന്നത് ഒരോ
വിദ്യാഭ്യാസ ബോർഡായിരുന്നു.
തൃശ്ശിലേരി എലിമെന്റെറി സ്‌ക്കൂൾ മലബാർ ഡിസ്‌ട്രിക്ക് ബോർഡിന്റെ കീഴിലായിരുന്നു. എന്നാൽ എൽ പി യായപ്പോൾ അത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായി. അധ്യാപകർ ,യോഗ്യത, തെരെഞ്ഞെടുപ്പ് കുടിപ്പളളിക്കൂടത്തിലെ പി എസ് പരമേശ്വരയ്യർ തുടങ്ങി ഇങ്ങോട്ട് വളരെ പ്രഗഭ്‌രായ അധ്യാപകർ തൃശ്ശിലേരി സ്‌ക്കൂളിനുണ്ടായിരുന്നു.ബഹുഭൂരിപക്ഷവും അധ്യാപകരായിരുന്നു. അധ്യാപികമാർ കുറവായിരുന്നു. അധ്യാപകരുടെ യോഗ്യത ESLC പാസായവർക്ക് L P യിൽ പഠിപ്പിക്കാം അതിൽകന്നെ ഹയർ എലിമെന്റെറി TTC കഴിഞ്ഞവർക്ക് U P യിലും സെക്കണ്ടറി TTC
കഴിഞ്ഞവർക്ക് 7ആം ക്ലാസ്സിലും പഠിപ്പിക്കാം. ഹൈസ്‌ക്കൂളിൽ പഠിപ്പിക്കാൻ B A L T
നിർബന്ധമായിരുന്നു. അധ്യാപകരുടെ തെരെഞ്ഞെടുപ്പ് PSC വഴിയായിരുന്നു.അല്ലാതെ പ്രൈവറ്റ് സ്‌ക്കൂളിൽ ജോലി ശുപാർശയുടെ അടിസ്ഥാനത്തിലും ജോലി നൽകിയിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി താത്കാലിക നിയമനവും നൽകിയിരുന്നു. ശിക്ഷാരീതികൾ കടുത്ത ശിക്ഷാരീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഏത് ശിക്ഷാരീതിയും അധ്യാപകന് സ്വീകരിക്കാം. തെറ്റ് ചെയ്‌താൽ ശിക്ഷ ഉറപ്പ്. സ്‌ക്കൂളിൽ ബെല്ലടിക്കാൻ ഉപയേഗിച്ചിരുന്ന ആനയുടെ കഴുത്തിലെ മണി കുട്ടിയുടെ കഴുത്തിൽ കെട്ടി ക്ലാസ്സിൽ മുട്ടിലിഴയിക്കുമായിരുന്നു.ഈ ശിക്ഷാരീതിയിൽ രക്ഷിതാക്കൾക്കോ കുട്ടികൾക്കോ പരാതിയും ഉണ്ടായിരുന്നില്ല. വിദ്യാലയത്തിന്റെ സൗകര്യങ്ങൾ ഭൗതിക സാഹചരരയങ്ങൾ ഒന്നും ഇല്ലാതിരുന്ന വിദ്യാലയമായിരുന്നു . അന്നത്തെ വിദ്യാലയം ഓല മേഞ്ഞതും മുള കൊണ്ട് മടഞ്ഞ ഭിത്തികളുമായിരുന്നു, വെറും മണ്ണിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. സ്‌ക്കൂളിലേക്ക് ആവശ്യമായ മുള ഫോറസ്റ്റ് ഓഫീസർമാരുടെ അനുവാദത്തോടെ കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് കാട്ടിൽ നിന്നും ശേഖരിക്കും.പുല്ല് കർഷകരുടെ സംഭാവനയായിരുന്നു. കുട്ടികൾക്കിരിക്കാനുളള പലക ഓരോ വീട്ടിൽ നിന്നും സംഭാവനചെയ്യും. ബെല്ലിന് പകരം ആനയുടെ മണിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഭക്ഷണം അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌ത പാൽപ്പൊടിയും ഗോതമ്പുനുറുക്കിന്റെ ഉപ്പുമാവും നൽകിയിരുന്നു. അധ്യാപകൻ തന്നെയാണ് ഭക്ഷണം പാകം ചെയ്‌തിരുന്നത്.
രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം
ഇന്നത്തെ വിദ്യാലയങ്ങളിലെ രക്ഷിതാക്കളുടെ പങ്കാളിത്തവുമായി താരതമ്യം ചെയ്യുമ്പോൾ മുൻകാലങ്ങളിൽ രക്ഷിതാക്കൾ വളരെ ആത്‌മാർത്ഥമായി വിദ്യാലയകാര്യങ്ങളിൽ പങ്കെടുത്തിരുന്നു. തൃശ്ശിലേരി സ്‌ക്കൂളിന്റെ കാര്യത്തിൽ ഇത് വളരെ പ്രകടമാണ്. ആദ്യത്തെ വിദ്യാലയം പുല്ലും മുളയും ഉപയോഗിച്ചുളളതായിരുന്നു.അതിനാവശ്യമായ മുള ഫോറസ്റ്റ് ഓഫീസർമാരുടെ അനുവാദത്തോടെ കുട്ടികളും അധ്യാപകരും നാട്ടുകാരും ചേർന്ന് കാട്ടിൽ നിന്നും ശേഖരിക്കും.ഒരു ദിവസം കൊണ്ട് തന്നെ അതു മെടഞ്ഞ് ഭിത്തിയുണ്ടാക്കും.ഓരോകൃഷിക്കാരനും സ്‌ക്കൂളിനാവശ്യമായ പുല്ല് നല്‌കും . സ്‌ക്കൂളിൽ നിലത്തിരിക്കാനാവശ്യമായ പലക ഓരോ വീട്ടിൽ നിന്നും നല്‌കിയിരുന്നു. സ്‌ക്കൂളിലെ രേഖകൾ സൂക്ഷിച്ചിരുന്നത് മാധവവാര്യരുടെ വീട്ടിൽ നിന്നും കിട്ടിയ പത്തായത്തിലാണ്. ഇതിനു പുറമെ മറ്റ് പ്രദേശങ്ങളിൽ നിന്നും ഇവിടെ എത്തുന്ന അധ്യാപകരുടെ ഭക്ഷണവും താമസവും എല്ലാം ഓരോ കുടുംബവും ഏറ്റെടുത്തിരുന്നു.അധ്യാപകർ ഈ ഗ്രാമത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. അധ്യാപകരില്ലാതെ ഒരു ആഘോഷവും തൃശ്ശിലേരിയിലുണ്ടായിരുന്നില്ല. കുട്ടികളുടെ ജന്മദിനാഘോഷം പോലും അധ്യാപകരുടെ സാന്നിധ്യത്തിലായിരുന്നു. മാത്രമല്ല സ്‌ക്കൂളിലെ കായികമേളയ്‌ക്കും കലാമേളയ്‌ക്കും നാട്ടുകാരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നു.കലാമേളയ്‌ക്കു നാട്ടുകാരുടെ പരിപാടികളും ഉണ്ടായിരുന്നു. ശനി , ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചിരുന്നു.
ആദിവാസികളുടെ വിദ്യാഭ്യാസം ധാരാളം ആദിവാസികൾ താമസിക്കുന്ന പ്രദേശമാണ് തൃശ്ശിലേരി.തൃശ്ശിലേരിയുടെ ആദിവാസി വിഭാഗങ്ങളിൽ പ്രമുഖർ കുറച്യർ,അടിയർ എന്നിവരാണ്.മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഇവർ വിദ്യാഭ്യാസത്തിൽ മുൻപന്തിയിലായിരുന്നു.കേരളത്തിലെ ആദ്യ ഗോത്ര ഡോക്‌ടർ അപ്പുണ്ണി തൃശ്ശിലേരി സ്‌ക്കൂൾ വിദ്യാർത്ഥിയായിരുന്നു. വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കിയ ഇവർ വിദ്യാഭ്യാസത്തിലൂടെ മുന്നേറുകയാണ്.
അനൗപചാരിക വിദ്യാഭ്യാസം
തൃശ്ശിലേരി സ്‌ക്കൂളിനു പുറമെ അനൗപചാരികമായി തൃശ്ശിലേരിയിൽ നിലകൊളളുന്ന ഏതാനും സ്ഥാപനങ്ങളുണ്ട്. അവയാണ് ഇവിടുത്തെ വിദ്യാഭ്യാസത്തെ പൂർണ്ണമാക്കുന്നത്. എഴുത്തുപളളികൾ വിദ്യാലയങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് പ്രധാനമായും കുടിപ്പളളിക്കൂടങ്ങളാണ് ഉണ്ടായിരുന്നത്.അതിൽ പ്രധാനപ്പെട്ടതായിരുന്നു അമ്പലമൂലയിലെ കുടിപ്പളളിക്കൂടം മണലിലെഴുതിയാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.ഇതിന് മണലിലെഴുത്തെന്ന് പറയും.മായ്ക്കാൻ റബ്ബർ വേണ്ട എഴുതാൻ പെൻസിൽ വേണ്ട,കൈ തന്നെ ധാരാളം ഓർമ്മകൾ ചികഞ്ഞെടുത്ത് നാരായണി ടീച്ചർ പറഞ്ഞു. ഹരിശ്രീ എന്നാണ് ആദ്യം മണലിലെഴുതുക. ഹരിയെന്നാൽ ഭൂമിയാണ് ശ്രീ ഐശ്വര്യം മറ്റൊരു പ്രധാന എഴുത്താശാനായിരുന്നു ജോൺ മാസ്‌റ്റർ ഇദ്ദേഹം വീടുകളിൽ പോയാണ് പഠിപ്പിച്ചിരുന്നത്. വായനശാലകൾ തിരുനെല്ലി പഞ്ചായത്ത് ലൈബ്രറി 1960-ൽ തിരുനെല്ലി പഞ്ചായത്തിലെ ആദ്യ ലൈബ്രറി തൃശ്ശിലേരിയിൽ ആരംഭിച്ചു. തൃശ്ശിലേരി ഗ്രാമത്തിലെ എല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ ഈ വായനശാലയുടെ ഭാഗമായിരുന്നു. അഭ്യസ്ഥവിദ്യർ സ്വയം പത്രവായന നടത്തും അക്ഷരമറിയാത്തവർക്ക് അത് ഉറക്കെവായിച്ചു കൊടുത്ത് അവരെയും വായന പഠിപ്പിക്കും. അധ്യാപകരും ഈ വായനശാലയുടെ സ്ഥിരം സന്ദർശകരായിരുന്നു.ഷെയ്‌ക്സ്പിയറിന്റെ ഒഥല്ലോ തുടങ്ങി 8000ലേറെ പുസ്‌തകങ്ങൾ ആ കാലഘട്ടത്തിൽ ഈ കൊച്ചു ഗ്രാമത്തിന്റെ കൈമുതലായിയുണ്ടായിരുന്നു എന്നത് മഹത്വരമാണ്. സൂര്യ സാംസ്‌കാരിക നിലയം 1998-ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്നും മുന്നേറുകയാണ്.തൃശ്ശിലേരി സ്‌ക്കൂളിൽ നിന്നും വിരമിച്ച ശങ്കരൻ മാസ്‌റ്ററുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്നു.പഠനത്തിൽ പിന്നോക്കം നില്‌ക്കുന്ന വിദ്യാർത്ഥികൾക്ക് ശങ്കരൻ മാസ്‌റ്റർ പരിശീലനം നൽകുന്നു. വാക്ക് ലൈബ്രറി 1983-ൽ ആരംഭിച്ച ഈ ലൈബ്രറി പേരുപോലെ മികവുറ്റതാണ്.ഇതിന്റെ പൂർണ്ണരൂപം വയനാട് അത്ലറ്റിക് ആന്റ് ആർട്‌സ് ക്ലബ്ബ് എന്നാണ് .വിദ്യാലയത്തിലെ കായിക താരങ്ങൾക്ക് വാക്കിന്റെ നിസ്സ്വാർത്ഥ പിന്തുണയുണ്ട്.അതോടോടൊപ്പം വിദ്യാർത്ഥികൾക്കായി ബാലവേദിയും അറിവിന്റെ തിരിനാളമായി പാനീസും നടത്തുന്നു.ഉദ്ദ്യോഗാർത്ഥികൾക്ക് PSC പരിശീലനവും നൽകുന്നു. പ്രതിഭ യൂത്ത് ക്ലബ്ബ് തൃശ്ശിലേരിയുടെ വിദ്യാഭ്യാസമേഖലയിൽ തനതായ സംഭാവന നൽകുന്ന സംഘടനയാണ് പ്രതിഭ യൂത്ത് ക്ലബ്ബ് 1988-ൽ ശ്രീ ജോസ് കണ്ടത്തിലാണതിന് രൂപം നൽകിയത്.അദ്ദേഹം ഇന്ന് വയനാട്ടിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. വിദ്യാർത്ഥികൾക്കായി പഠനക്യാമ്പുകളും ,സെമിനാറുകളും നടത്തുകയും പഠനോപകരണങ്ങൾ നൽകുയയും ചെയ്യുന്നു. പഠനപ്രോത്‌സാഹനാർത്ഥം കൃഷ്‌ണ അവാർഡും നൽകുന്നുണ്ട്. മൾട്ടി ലേണിംഗ് സെന്റർ 1996-ൽ ആരംഭിച്ചു . ഇതിന്റെ പ്രവർത്തനഫലമായി കുട്ടികളുടെ കൊഴിഞ്ഞപോക്ക് തടയാൻ സാധിച്ചു.കാട്ടുനായ്‌ക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെ കേന്ദ്രീകരിച്ച് തുടങ്ങിയ ഈ സ്ഥാപനത്തിന് സർക്കാർ പല ആനുകൂല്യങ്ങളും നൽകുന്നു.അരി, പയർ,കുട്ടികളെ പഠനത്തിലേക്കാകർഷിക്കുന്ന കളിപ്പാട്ടങ്ങൾ സൈക്കിൾ തുടങ്ങിയവയും വിതരണം ചെയ്യുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത കാട്ടുനായ്‌ക്ക വിഭാഗത്തിലെ കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സർക്കാർ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. നാലാം ക്ലാസുവരെയുളള പഠനം ഇവിടെ ലഭ്യമാണ്. ഡേ കെയർ സെന്റർ 1978-ൽ ക്രിസ്‌ത്യൻ സഭയായ CSI യാണ് ഡേ കെയർ സെന്റർ സ്ഥാപിച്ചത്.110 കുട്ടികളോടെയാണ് സെന്റർ ആരംഭിച്ചത്. നാല് ജീവനക്കാരും രണ്ട് ടീച്ചർമാരും ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കുട്ടികൾക്കാവശ്യമായ ഭക്ഷണം, വസ്‌ത്രം,തുടങ്ങിയ എല്ലാം ഇവിടെ ഒരുക്കുന്നു. ബിജി ബാബുരാജിന്റെയും ഓമന ടീച്ചറിന്റെയും നേതൃത്വത്തിൽ ഇന്നു ഡേ കെയർ സെന്റർ നല്ല രീതിയിൽ നടന്നു വരുന്നു. ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ
2000-ലാണ് ചൈൽഡ് ഡവലപ്‌മെന്റ് സെന്റർ ആരംഭിച്ചത്.കുട്ടികളുടെ സമഗ്ര വികസനമാണ് സെന്ററിന്റെ ലക്ഷ്യം.കുട്ടികളെയും മാതാപിതാക്കളെയും ആത്മീയമായും സാമൂഹികമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഈ സ്ഥാപനത്തിൽ 14 ജീവനക്കാർ സേവനമനുഷ്‌ഠിക്കുന്നുണ്ട്. നൈപുണ്യ വികസന പരിശീലനം ,സംഗീത പരിശീലനം,ച്ത്രകലാധ്യാപനം തുടങ്ങിയവയും നടത്തിവരുന്നു.കുട്ടികളെ തൊഴിലിന് പ്രാപ്‌തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അംഗണവാടികൾ കുട്ടികളുടെ പഠനത്തിന് സ്‌തുത്യർഹമായ സേവനമാണ് അംഗണവാടികൾ നടത്തുന്നത്. മൂന്ന് വയസ്സിനു താഴെയുളള കുട്ടികളെ അംഗണവാടിയിലെത്തിക്കാൻ പ്രമോട്ടർമാർ ശ്രദ്ധിക്കുന്നു. മുത്തുമാരി,പ്ലാമൂല, ആനപ്പാറ, സ്‌ക്കൂളിനു സമീപം സ്ഥിതിചെയ്യുന്ന അംഗണവാടികൾ എന്നിവ നല്ല പ്രവർത്തനം കാഴ്‌ചവെക്കുന്നു. ക്രിസ്‌ത്യൻപളളി തൃശ്ശിലേരിയിലെ ക്രിസ്‌ത്യൻ കുടിയേറ്റത്തിന്റെ തെളിവാണ് 1890-1915 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് റോമൻ കാത്തോലിക്ക പളളി. അതിനു പുറമെ തൃശ്ശിലേരിയിൽ ഇന്ന് സെന്റ് മേരീസ് CSI പളളി, യാക്കോബിറ്റ് പളളി, പെന്തക്കോസ്‌ററ് പളളിയും നിലവിലുണ്ട്. ഈ പളളികളെല്ലാം വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ്. ആത്മീയ വിദ്യാഭ്യാസമാണ് പ്രധാന വിഷയമെങ്കിലും ഭൗതീക വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുക്കുന്നു.കലാ വിദ്യാഭ്യാസത്തിനും ഇവിടെ പ്രധാന്യമുണ്ട്. മുസ്‌ലിം പളളി മുസ്‌ലിം കുടിയേറ്റത്തിന്റെ ഫലമായി 1950-ൽ സ്ഥാപിതമായ പളളിയാണ് നൂറുൽ ഇസ്‌ലാം സുന്നി പളളി. കാക്കവയൽ എന്ന സ്ഥലത്താണ് ഇത് സ്ഥിചെയ്യുന്നത് .ഇസ്‌ലാം മതപഠന കേന്ദ്രമാണ് ഈ പളളി. ആത്മീയവും ഭൗതീകവുമായ പഠനത്തിന് പളളി മുൻതൂക്കം നൽകുന്നു.
ചാലക ശക്‌തികൾ തൃശ്ശിലേരി വിദ്യാഭ്യാസ ചരിത്രം പൂർത്തിയാവണമെങ്കിൽ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസമേഖലയുടെ വികസനത്തിനു പിന്നിൽ പ്രവർത്തിച്ച സുമനസ്സകളെ സ്‌മരിക്കേണ്ടിയിരിക്കുന്നു.ഇതിലെ പ്രധാനവ്യക്‌തിയായിരുന്നു എം കൃഷ്‌ണവാര്യർ, വെങ്കിടാചലയ്യർ,അച്ചുതമാരാർ, മാധവവാര്യർ, സി.എം മാത്യു എന്നീ മഹത്‌വ്യക്തിത്വങ്ങൾ എം കൃഷ്‌ണവാര്യരായിരുന്നു L P മാത്രമുണ്ടായിരുന്ന വിദ്യാല്യത്തെ യു പി .യാക്കി മാറ്റുുന്നതിൽ പ്രധാന പങ്ക് വഹിച്ചത് .ഇദ്ദേഹമാണ് വയനാട്ടിലെ ആദ്യ ഗ്രാജുവേറ്റ് അതിനാൽ തന്നെ അദ്ദേഹം BA കൃഷ്‌ണവാര്യർഎന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ടി പി നാരായണൻ മാസ്‌റ്റർ തൃശ്ശിലേരി ഗ്രാമത്തിൽ ഒരു ഹൈ സ്‌ക്കൂൾ എന്ന സ്വപ്‌നം പൂർത്തിയാക്കിച്ചത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. അവാർഡ് ജേതാവായ ഇദ്ദേഹം അദ്ദേഹത്തിന്റെ അവാർഡു തുക പോലും സ്‌ക്കൂളിനായി സംഭാവന ചെയ്‌തു. വെങ്കിടാചലയ്യർ ത്രിനേത്ര എലിമെന്ററി സ്‌ക്കൂളിന്റെ സ്ഥാപനത്തിനു വേണ്ടി സ്ഥലം നൽകി . പിന്നീട് തലശ്ശേരിയിൽ സ്‌ക്കൂളിന്റെഅംഗീകാരത്തിനു വേണ്ടി പോയി. തൃശ്ശിലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്. തന്റെ ചെറിയ പെട്ടികടയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ അക്ഷരാഭ്യാസം ചെയ്യിച്ച വ്യക്‌തിയായിരുന്നു മാധവവാര്യർ,കാറ്റാടിയിലായിരുന്നു അദ്ദേഹത്തിന്റെ കട, സ്‌ക്കൂളിന്റെ മുൻകാല PTA പ്രസിഡണ്ടായിരുന്നു അച്ചുതമാരാർ.സ്‌ക്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിനായി സാമ്പത്തികമായി ഏറെ സഹായിച്ച വ്യക്‌തിയായിരുന്നു . അതോടൊപ്പം സി.എം മാത്യു,അദ്ദേഹവും വികസനത്തിനായി സാമ്പത്തിക പിന്തുണ നൽകിയിരുന്നു. നാണു മാഷ് ആദിവാസികളുടെ ഉന്നമനത്തിനായി ഏറെ പ്രയത്നിച്ച വ്യക്‌തിയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അവരുടെ സാന്നിധ്യം അദ്ദേഹം ഉറപ്പു വരുത്തി.അദ്ദേഹമാണ് ആദിവാസി ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്. ഇവർക്കു പുറമെ ധാരാളം വ്യക്‌തികൾ ഈ പ്രദേശത്തിന്റെ വികസനത്തിന് പ്രയത്‌നിച്ചിട്ടുണ്ട്. പരദേശ ബന്ധം ഏതൊരു പ്രദേശത്തിന്റെയും വികസനം ആ പ്രദേശവും പരദേശങ്ങളുമായുളള സമന്വയത്തിന്റെ ഫലമായിരിക്കും .തൃശ്ശിലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പരദേശീയരുടെ ബന്ധം വളരെ ശക്‌തമാണ്. തൃശ്ശിലേരിയുടെ വിദ്യാഭ്യാസരംഗത്തെ പരദേശ ബന്ധത്തിനുദാഹരണമാണ് ഇവിടുത്തെ ഗുരുക്കൻമാരും ഇവിടെ എത്തിയ എല്ലാ അധ്യാപകരും മറ്റു പ്രദേശങ്ങളിൽ നിന്ന് വന്ന് ഈ ഗ്രാമത്തിന്റെ അഭിവാജ്യഘടകങ്ങളായവരാണ്. കുടിപ്പളളിക്കൂടത്തിൽ അധ്യാപകനായിരുന്ന പി എസ് പരമേശ്വരയ്യർ മുതൽ നാണു മാസ്‌റ്റർ -കൂത്തുപറമ്പ് രാമചന്ദ്രനാചാരി -തിരുവിതാംകൂർ ടി പി നാരായണൻ -കൂത്തുപറമ്പ് കെ ഐ നാരായണൻ -തിരുവിതാംകൂർ സി കൃഷ്‌ണൻ -കണ്ണൂർ ചന്ദ്രൻ മാസ്‌റ്റർ -മലബാർ ദാമു മാസ്‌റ്റർ -തലശ്ശേരി പി വി ബാലൻ നായർ -കണ്ണൂർ തുടങ്ങി തൃശ്ശിലേരി ഗ്രാമത്തിന് വിദ്യ പകർന്നു കൊടുത്ത ഗുരുക്കൻമാരെ വിസ്‌മരിക്കാനാവില്ല. ആധുനിക സമൂഹത്തിന് സംഭാവനകൾ നൽകിയവർ പി കെ കാളൻ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ ആദിവാസി ജനതയ്ക്കും കീഴാളി കലകൾക്കും അഭേദ്യമായ ബന്ധമുണ്ടെന്ന് നമ്മെ ഓർമ്മിപ്പിച്ച പി കെ കാളൻ എന്ന കാളേട്ടൻ കേവലം ആചാരമായി ഒതുങ്ങിപ്പോയ ഗദ്ദികയെ അവതരണ കലയാക്കിയ കലാകാരൻ. ഇച്ഛാശക്‌തികൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന പ്രാസംഗികനായി. 1996-ൽ പഞ്ചായത്ത് പ്രസിഡന്റായി. 2006-2007 കാലയളവിൽ ഫോക്ക്‌ലോർ അക്കാദമി ചെയർമാനും ആയി സേവനമനുഷ്‌ഠിച്ചു. 2007 നവംമ്പർ 11 ന് അദ്ദേഹം അന്തരിച്ചു.
- ടി പി രാഘവ വാര്യർ :ടി ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സ്വാതന്ത്രസമര സേനാനിയാണ് ടി പി രാഘവ വാര്യർ. തൃശ്ശിലേരിയുടെ സ്വകാര്യസ്വത്ത്.
- ഡോക്‌ടർ അപ്പുണ്ണി : ഡോക്‌ടർ അപ്പുണ്ണി കേരളത്തിലെ ആദ്യത്തെ ഗോത്രവിഭാഗ
ഡോക്‌ടറാണ്. ഇദ്ദേഹം തൃശ്ശിലേരി സ്‌ക്കൂളിലാണ് പഠിച്ചത്.
- ഒ പി ജയ്ഷ :ഇന്ത്യൻ കായിക ഭൂപടത്തിലെ തൃശ്ശിലേരിയുടെ അടയാളമാണ് ഒ പി ജയ്ഷ. 2016 റിയോ ഒളിമ്പിക്‌സിൽ മാരത്തൺ വിഭാഗത്തിൽ തിളങ്ങിയ ഒ പി ജയ്ഷ
തൃശ്ശിലേരിയുടെ സ്വകാര്യ അഹങ്കാരമാണ്.അതിനു പുറമെ ഷെർലി പീറ്റർ, ബീന പീറ്റർ എന്നിവരും തൃശ്ശിലേരിയുടെ കായിക സംഭാവനയാണ്. കേരളം മുഴുവൻ അറിയപ്പെടുന്ന വിശ്വാസികളുടെ പ്രധാനകേന്ദ്രമായ തൃശ്ശിലേരി മഹാദേവക്ഷേത്രം ഈ നാടിന്റെ അഭിമാനമാണ്. വിദ്യാഭ്യാസത്തിലൂടെ എന്റെ ഗ്രാമത്തിനുണ്ടായ നേട്ടങ്ങൾ തങ്ങൾക്കപ്പുറം മറ്റൊരു ലോകമുണ്ടെന്നറിയാതെ ജീവിച്ചിരുന്ന തൃശ്ശിലേരി ജനതയെ മുന്നേറ്റത്തിലേക്ക് കൈ പിടിച്ചുയർത്തിയത് വിദ്യാഭ്യാസമാണെന്ന് നിസ്സംശയം പറയാം. തൃശ്ശിലേരി ഗ്രാമത്തിലെ ആളുകളെ തങ്ങളുടെ അവകാശങ്ങളെ പ്പറ്റി പഠിപ്പിച്ചതും ഇതെ വിദ്യാഭ്യാസം തന്നെ. വളളിയൂർക്കാവ് ഉത്‌സവത്തിൽ നടക്കുന്ന അടിമചന്തയിൽ നിന്നും തുച്ഛമായ വിലയ്‌ക്ക് വാങ്ങി,ജീവിതം തന്നെ ജന്മികൾക്കടിയറവച്ച് ജന്മം പാഴാക്കാൻ വിധിക്കപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ടവർ തലയുർത്തിപ്പിടിച്ചു അവകാശങ്ങൾ തിരിച്ചറിഞ്ഞ് അഭിമാനത്തോടെ ജീവിക്കാൻ പഠിച്ചത് വിദ്യാഭ്യാസത്തിലൂടെയാണ്. തൃശ്ശിലേരി ഗ്രാമത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം തന്നെ ഇവിടുത്തെ ഏക വിദ്യാലയമായ തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്‌ക്കൂളാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുളള ഗ്രാമങ്ങളിലൊന്നായി ഈ ഗ്രാമം നാറിയതിനു പിന്നിൽ ഈ ഗ്രാമത്തിലെ വിദ്യാഭ്യാസമുന്നേറ്റമാണ്. ഇന്നത്തെ തൃശ്ശിലേരി സ്‌ക്കൂൾ നൂറ്റാണ്ടുകളുടെ പഴക്കമുളള തൃശ്ശിലേരി സ്‌ക്കൂൾ ഇന്ന് 987 കുട്ടികളുളള വിദ്യാഭ്യാസ സ്ഥാപനമാണ്. എല്ലാ മേഖലകളിലും ഉത്തമ പൗരന്മാരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയുളള എന്റെ വിദ്യാലയം SSLC പരീക്ഷയിൽ 100% വിജയം നേടിയിട്ടുണ്ട്. മാനന്തവാടി സ്വദേശിനിയായ രാധിക ടീച്ചറാണ് തൃശ്ശിലേരി സ്‌ക്കൂളിന്റെ പ്രധാനാധ്യാപിക.