എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ല, തിരൂർ താലൂക്ക്, കൽപകഞ്ചേരി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1976 ൽ സ്ഥാപിതമായതാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിറകിലായിരുന്ന ഈ പ്രദേശത്തെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ ഉയരങ്ങളിലേക്ക് കൈ പിടിച്ചുയർത്തണം എന്ന അതിയായ ആഗ്രഹത്തോട് കൂടി ശ്രീമാൻ കോട്ടയിൽ കുഞ്ഞിപ്പോക്കര്‍ എന്ന ഇല്ലാപ്പു ഹാജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ അക്ഷീണ പ്രവർത്തനങ്ങളാണ് ഈ സ്‌കൂളിനെ ഇന്ന് ഈ ഉയരങ്ങളിൽ എത്തിച്ചത്.

1976 ജൂൺ 3ാം തിയ്യതി എം. എസ്. എം അപ്പർ പ്രൈമറി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. 5-ാം ക്ലാസ്സിൽ 122 ആൺകുട്ടികളും 101 പെൺകുട്ടികളും ഉൾപ്പെടെ 223 വിദ്യാർത്ഥികളും 7 അധ്യാപകരുമുൾപ്പെടുന്നതായിരുന്നു ആരംഭത്തിൽ ഈ വിദ്യാലയം. അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ. സി. മുഹമ്മദ് കുട്ടി മാസ്‌റ്ററായിരുന്നു. അച്ചടക്കത്തിലും പഠന നിലവാരത്തിലും മികച്ച നിലവാരം പുലർത്തിയ എം. എസ്. എം അപ്പർ പ്രൈമറി സ്കൂൾ 1983 ജൂൺ 15-ാം തിയ്യതി ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1983 മുതൽ 1998 വരെ പ്രധാനധ്യാപകൻ ശ്രീ. പി.ടി. മുഹമ്മദ് കുട്ടി മാസ്‌റ്ററുടെ നേതൃത്വത്തിൽ ഈ സ്ഥാപനം അതിവേഗം ഉയർച്ചയിലേക്ക് കുതിച്ചു. അതിനു ശേഷം ശ്രീ. പി. വി പൗലോസ് സർ, ശ്രീ. ജേക്കബ് സർ, മാധവൻ സർ, ശ്രീ. പി. പ്രഭാകരൻ, ശ്രീമതി മേരി ടീച്ചർ എന്നിവർ പ്രധാനധ്യാപകരായി സേവനമനുഷ്‌ഠിച്ചു.

1991 സപ്‌തംബർ 3-ാം തിയ്യതി കല്ലിങ്ങൽപറമ്പ് ഹൈ സ്‌കൂൾ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പട്ടു. 6 സയൻസ് ബാച്ചുകൾ, 4 കൊമേഴ്‌സ് ബാച്ചുകൾ, 2 ഹ്യൂമാനിറ്റീസ് ബാച്ചുകൾ ഉൾക്കൊള്ളുന്ന നമ്മുടെ സ്ഥാപനം കേരളത്തിലെ ഏറ്റവും വലിയ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഒന്നാണ്.

വിദ്യാഭ്യാസത്തിന് വേണ്ടി വളരെ അകലങ്ങളിൽ പോകേണ്ട‌തിനാൽ, കുട്ടികളുടെ പ്രത്യേകിച്ച് പെൺകുട്ടികളുെടെ വിദ്യാഭ്യാസം നിർത്തി വെക്കേണ്ട അവസ്ഥ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ എം. എസ്. എം സ്‌കൂൾ സ്ഥാപിതമായതിനു ശേഷം ഈ പ്രശ്‌നം പരിഹരിക്കപ്പെടുക മാത്രമല്ല വളരെ അകലങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ സ്വകാര്യ വാഹനങ്ങൾ ഏർപ്പെടുത്തി ഈ വിദ്യാലയത്തിൽ മികച്ച വിദ്യാഭ്യാസം നേടുന്നതിനായി എത്തിച്ചേർന്നിരുന്നു. കുറഞ്ഞ യാത്രാ സൗകര്യമുള്ള ഈ പ്രദേശത്ത് 1997 മുതൽ മാനേജ്മെന്റിന്റെ സഹായത്തോടെ സ്‌കൂൾ ബസ്സുകൾ ഓ‌ടി തുടങ്ങിയത് യാത്ര ക്ലേശത്തിന് ഒരളവ് വരെ പരിഹാരമായി.

നേട്ടങ്ങലുടെ പട്ടിക പരിശോധിക്കുമ്പോൾ മികച്ച അക്കാദമിക മികവ് പുലർത്തി വരുന്ന സ്ഥാപനമാണ്. സംസ്ഥാന ശരാശരിക്കും മുകളിലാണ് നമ്മുടെ SSLC റിസൾട്ട്. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയങ്ങൾ പരിശോധിക്കുമ്പോൾ ഉയർന്ന A+ ഗ്രേഡുകൾ നേടുന്ന സ്‌കൂളാണ് നമ്മുടേത്. ഹയർ സെക്കണ്ടറി പൊതു പരീക്ഷകളിലും ഉയർന്ന വിജയ ശതമാനമാണ് നമ്മൾ നേടുന്നത്.

കലാ കായിക, ശാസ്‌ത്ര ഗണിത ശാസ്‌ത്ര, സാമൂഹ്യ ശാസ്‌ത്ര, ഐ.ടി, പ്രവർത്തി പരിചയ മേളകളിൽ കല്ലിങ്ങൽ പറമ്പ് എം. എസ്. എം ഹയർസെക്കണ്ടറി സ്‌കൂൾ അതിന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗണിത ശാസ്‌ത്ര മേളകളിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ നിരവധി തവണ വിജയക്കൊടി പറത്തിയിട്ടുണ്ട്. കുറ്റിപ്പുറം ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് എം. എസ്. എം ഹയർസെക്കണ്ടറി സ്‌കൂൾ നേടിയിരുന്നു. കുറ്റിപ്പുറം ഉപജില്ലാ കാലാ മേള, ശാസ്‌ത്ര മേള, കബ്ബ് ബുൾബുൾ ഉൽസവം, വിദ്യാരംഗം കലോൽസവം തുടങ്ങിയ വിവിധ മൽസരങ്ങൾക്ക് നമ്മുടെ സ്ഥാപനം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

സ്‌റ്റുഡന്റ്സ് പോലീസ് (SPC), സ്‌കൗട്ട് ആന്റ് ഗൈഡ്സ്, നാഷ്‍ണൽ കേഡറ്റ് കോർപ്പ്സ് (NCC), റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം (NSS), അസാപ്പ്, മൾട്ടി മീഡിയ ക്ലാസ് റൂമുകൾ, സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ, കോ-ഓപ്പറേറ്റീവ് സ്‌റ്റോർ, ലൈബ്രറി, എക്കോ ക്ലബ്ബ്, ഹരിത സേന, വിദ്യാരംഗം കലാ സാഹിത്യ വേദി, സുരക്ഷാ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, മാത്‍ത് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, എന്നീ വിവിധ ക്ലബ്ബുകളും നമ്മുടെ സ്ഥാപനത്തിലെ കുട്ടികളുടെ വിവിധ മേഖലകളുടെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.

കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത്, SSA, RMSA, BRC, ആലുമ്‍നി അസോസിയേഷൻ, പൂർവ്വ വിദ്യാർത്ഥി സംഘടന, SPG, പ്രാദേശിക സാംസ്‌കാരിക ക്ലബ്ബുകൾ, പൗര പ്രമുഖർ തുടങ്ങിയ ഔദ്യോഗികവും അനൗദ്യോഗികവുമായ ഏജൻസികളും വ്യക്തികളും എല്ലായിപ്പോഴും സ്ഥാപനത്തിന്റെ അച്ചടക്കത്തിനും അകാകദമിക വികസനത്തിനും എപ്പോഴും നമ്മോടൊപ്പം ഉണ്ടെന്നത് കല്ലിങ്ങൽ പറമ്പിന്റെ മാത്രം പ്രത്യേകതയാണ്. നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് എന്നും ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാഭ്യാസ ഏജൻസികളെ അടയാളപ്പെടുത്താതെ ഈ ആമുഖം അവസാനിപ്പിക്കാൻ കഴിയില്ല.

അദ്ധ്യാപക രക്ഷാ കർതൃസമിതി (PTA) കല്ലിങ്ങൽപറമ്പിന്റെ ഭൗതികവും വിദ്യാഭ്യാസ പരവുമായ പ്രവർത്തനങ്ങളുടെ മാർഗ്ഗ ദർശികളാണ്. എന്നും സ്ഥാപനത്തോടൊപ്പം അതിന്റെ കിതപ്പിലും കുതിപ്പിലും നിന്നതാണ് നമ്മുടെ PTA കമ്മറ്റിയുടെ പാരമ്പര്യം. മുൻഗാമികളെ സ്‌മരിക്കുന്നതോടൊപ്പം ഇപ്പോൾ PTA പ്രസിഡണ്ടായ ശ്രീ. ശ്രീനിവാസൻ വാരിയത്ത്, വൈസ് പ്രസിഡണ്ട് പി. സി. അശ്‌റഫ്, മദർ PTA പ്രസിഡണ്ട് ശ്രീമതി സുലൈഖ കുന്നത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കൂടാതെ സ്‌കൂൾ മാനേജ്‌മെന്റ് ആണ് മറ്റൊരു ഏജൻസി. 1976 ൽ നേരത്തെ സൂചിപ്പിച്ച കോട്ടയിൽ കുഞ്ഞിപ്പോക്കർ എന്നവർ സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് അദ്ദേഹത്തിന്റെ മകനും വ്യവസായിക വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരഭകനുമായ ശ്രീ കോട്ടയിൽ അബ്‌ദുല്ലത്തീഫ് അവർകളുടെ കൈകളിൽ ഭദ്രമാണ്. സ്‌കൂളിന്റെ എല്ലാമേഖലയിലും പ്രത്യേകിച്ച് ഭൗതികസംവിധാനം ഒരുക്കൽ, സ്ഥാപനം മോഡി കൂട്ടൽ, മറ്റു അനുബന്ധ സൗകര്യമൊരുക്കൽ എന്നിവയിൽ അദ്ദേഹത്തിന്റെ ഇടപെടൽ സ്ഥാപനത്തെ സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉന്നത നിലവാരത്തിൽ എത്തിച്ചിരിക്കുന്നു. ഈ അക്കാദമിക് മാസ്‌റ്റർ പ്ലാൻ വിജയകരമായി പൂർത്തീകരിക്കാൻ സർവ്വ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹത്തെ സ്നേഹപൂർവ്വം ഞങ്ങൾ സ്‌മരിക്കുന്നു.

സ്‌കൂൾ വീഭാഗത്തിൽ 3136 വിദ്യാർത്ഥികളും 122 അദ്ധ്യാപകുരും 7 ഓഫീസ് ജീവനക്കാരും ഹയർസെക്കണ്ടറി വിഭാഗത്തിൽ 1400 വിദ്യാർത്ഥികളും 53 അദ്ധ്യാപകരും 3 ലാബ് അറ്റന്റർമാരുമാണ് നമ്മുടെ സ്ഥാപനത്തിന്റെ കരുത്ത്. സ്ഥാപനത്തിന്റെ മേലധികാരി പ്രിൻസിപ്പൽ ശ്രീ അസ്സൻ അമ്മേങ്ങര ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും സ്‌കൂൾ ഹെഡ്മാസ്‌റ്റർ ശ്രീ അബ്‌ദുൽ വഹാബ് എൻ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.