പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 4 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14538 (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു പൊയിലൂർ. പൊയിലുകൾ അഥവാ മൺതിട്ടകളാൽ സമൃദ്ധമായ ഭൂമി എന്ന നിലയിലാണ് 'പൊയിലുകളുടെ ഊര്' അഥവാ പൊയിലൂർ എന്ന് നാമം ഈ പ്രദേശത്തിന് വന്നു ചേർന്നത്. കോഴിക്കോട് ജില്ലയുമായ് അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. പഴശ്ശി രാജയുടെ പാദസ്പർശമേറ്റ നരിക്കോട് മലയും വഴമലയും ഉൾപ്പെടുന്നതാണ് എൻ്റെ ഗ്രാമം.ഉദയസൂര്യൻ പൊൻ കിരണങ്ങളാൽ തിളങ്ങിനിൽക്കുന്ന കിഴക്കൻ മലനിരകളുടെ താഴ് വാരത്തിൽ തെങ്ങിൻ തലപ്പുകളാലും വയലേലകളാലും പച്ചപ്പരവതാനി വിരിച്ച ഗ്രാമം . കുന്നിൻ ചെരുവുകളിൽ ഉൽഭവിച്ച് താഴ് വാരങ്ങളെ തഴുകിയുണർത്തി കളകളാരവം പൊഴിച്ചുകൊണ്ട് കടന്നുപോകുന്ന കൊച്ചു അരുവികൾ ഗ്രാമത്തിൻ്റെ ഭംഗിയുടെ മാറ്റുകൂട്ടുന്നു. പ്രഭാത കിരണങ്ങളുടെ ചെങ്കിരണങ്ങൾ ഏറ്റു എന്നും ഗ്രാമം ഉണരുമ്പോൾ വയലേലകളെ ലക്ഷ്യമാക്കി പണിയായുധങ്ങളുമയും കന്നുകാലികളുമായും നടന്നുപോകുന്ന കർഷകർ ഇന്നും ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്. ഇടവപ്പാതിയിൽ തുടങ്ങുന്ന നെൽകൃഷി ചിങ്ങക്കൊയ്ത്തിന് വഴിമാറുമ്പോൾ തിരുവോണനാളിൽ തൂശനിലയിൽ വിളമ്പുന്ന കുത്തരിച്ചോറിന് സ്വാദ് നാട്ടിപ്പാട്ടിൻ്റെ ശീലുകളിൽ തളർച്ചയേകുന്ന കർഷകരുടെ സ്വാദാണെന്ന് തിരിച്ചറിയുന്നു. ഓണനാളുകളിൽ കുന്നിൻ ചെരുവുകളിൽ സുഗന്ധം അണിയിച്ചു കൊണ്ട് വിരിയുന്ന അരിപ്പൂവും തുമ്പപ്പൂവും കാക്കപ്പൂവും വയലേലകളിൽ തലയുയർത്തി നിൽക്കുന്ന പൊട്ടിയരിയും ബാല്യകാലങ്ങളിലെ ഓണ നാളുകൾക്ക് ഉത്തേജനം ഏകുന്ന മനോഹാരിതയാണ്. വണ്ണാത്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന കൈതക്കാടു കളിൽ ചെഞ്ചായം ആദ്യം പൂശിക്കൊണ്ട് കടന്നുപോകുന്ന അസ്തമയ സൂര്യൻ കഠിനാധ്വാനികളായ കർഷകരുടെ കൂരയിലേക്കുള്ള മടക്കത്തിന് സൂചനയാണ്. പൂരക്കളിയും കോൽക്കളിയും കല്യാണപ്പാട്ടും കർഷക മനസ്സിൽ വിരിയുന്ന കലാരൂപങ്ങളാണ്. വെള്ളരി നാടകവും ചവിട്ടുനാടകവും കർഷകരുടെ അധ്വാനനാളുകളിലെ ആശ്വാസകലകളാണ്.

   മലയടിവാരത്തിൽ  വയലേലകളുടെ ഓരംപറ്റി മൂന്ന് ദേശങ്ങളുടെ അധിപൻ ആയും വിളിച്ചാൽ  വിളിപ്പുറത്തെത്തുന്ന ദൈവമായും വാണരുളുന്ന പൊയിലൂർ ശ്രീ മുത്തപ്പൻ. ശ്രീ മുത്തപ്പൻറെ ഐതിഹ്യം നിറഞ്ഞ  കഥകൾ  ദേശാന്തരങ്ങൾക്കും അപ്പുറം കേൾവികേട്ടതാണ്. കുംഭമാസത്തിൽ  നടക്കുന്ന തിറയുത്സവം ദേശാന്തരങ്ങളിൽ  അധിവസിക്കുന്ന  ജനമനസ്സുകളിൽ  നിറയുന്ന  ഭക്തിയുടെ നിറച്ചാർത്താണ്... വാഴമലയും നരിക്കോട് മലയും  ഉൾപ്പെടുന്ന കുന്നിൻപ്രദേശം  എൻ്റെ ഗ്രാമത്തെ സംരക്ഷിക്കുന്നതുപോലെ  തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ മനസ്സിന് ലഭിക്കുന്ന ധൈര്യം വർണ്ണനാതീതമാണ്. വാഴമലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്നു  വിമാനപ്പാറ ടൂറിസം മേഖലയിൽ പൊയിലൂരിൻ്റെ സ്വകാര്യ അഹങ്കാരമാണ്. മടപ്പുര വയലിൽ പറന്നിറങ്ങുന്ന വിവിധ മനോഹരങ്ങളായ ചിത്രശലഭങ്ങളും വിവിധതരം പക്ഷികളും പീലി വിടർത്തിയാടുന്ന  മയിലും നയനാനന്ദകരമായ കാഴ്ചയാണ്.
 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തിരുന്ന ഒരുപാട് മഹാരഥന്മാരുടെ ജന്മനാട് കൂടിയാണ് പൊയിലൂർ. ഐഎൻഎ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദണ്ഡിയാത്ര തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തിരുന്ന കെ. പി നാരായണ കുറുപ്പ്, ചൊക്രുഹാജി തുടങ്ങിയവർ ഈ പ്രദേശത്തുകാരാണ്.

ആദ്യകാലത്ത് കൈപൊക്കി വോട്ടിങ്ങിലൂടെ പഞ്ചായത്തായി രൂപീകൃതമായ ഇവിടം പിന്നീടം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ ഭാഗമാവുകയായിരുന്നു.

ആതുര സേവന മേഖലയിലൽ കാര്യമായ പുരോഗതി ഇല്ലെങ്കിലും വിദ്യാഭ്യാസ മേഖലയിൽ ശദാബ്ദി കഴിഞ്ഞ നിരവധി വിദ്യാലയം പൊയിലൂരിൻ്റെ വിദ്യാഭ്യാസ മേഖലയെ വാനോളം ഉയർത്തുന്നു. സ്കൂളിൽ നിന്നും നിരവധി ഡോക്ടർമാരും ,കലക്ടർ , ഒട്ടനവധി സര്ക്കാര് ഉദ്യോഗസ്ഥന്മാരെയും സമോഹത്തിന് വേണ്ടി സൃഷ്ടിക്കാൻ പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിന് കഴിഞ്ഞു. ഇവിടത്തെ പിൻകോഡ് 670693 ആണു്.വടകര ലോകസഭാമണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം പാനൂർ, കൂത്തുപറമ്പ്, തലശ്ശേരിയാണ്‌.കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് പൊയിലൂർ സ്ഥിതി ചെയ്യുന്നത്.

 സാമൂഹ്യാന്തരീക്ഷവും  മതേതരാന്തരീക്ഷവും കണ്ണിലെ  കൃഷ്ണമണിപോലെ  കാത്തുസൂക്ഷിക്കുന്ന  ജനതയാണ് പൊയിലൂരിൻ്റെ സൗഭാഗ്യങ്ങളിൽ ഒന്ന്. ശ്രീനാരായണ ഗുരുവിൻ്റെ ആപ്തവാക്യങ്ങൾക്ക്  വിലകൽപ്പിക്കുന്ന  വലിയൊരു  പൊതുസമൂഹവും ഇവിടെ അധിവസിക്കുന്നു ..