വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്


മറക്കാനാകാത്ത ഒരു പഠനയാത്ര

ഈ അധ്യയനവര്‍ഷത്തെ പഠനയാത്ര നടത്തിയത് കൊടൈക്കനാല്‍, മധുരെ, കന്യാകുമാരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കാണ്. ഡിസംബര്‍ 12,13,14,15 എന്നീ തിയതികളില്‍ നടത്തിയ യാത്രയില്‍ 45 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും പങ്കെടുത്തു. തോമസ് സാര്‍, ജോര്‍ജ്ജ് സാര്‍, വിജി സാര്‍, സുജയ ടീച്ചര്‍, ലീന ടീച്ചര്‍ എന്നിവരായിരുന്നു പഠനയാത്ര നയിച്ചത്. 12-12-2010 ഞായറാഴ്ച്ച സന്ധ്യക്ക് 8 മണിയോടെ സംഘം സ്ക്കൂളില്‍‌‌ നിന്ന് പുറപ്പെട്ടു. കോട്ടയം, കുമളി, തേനി വഴി കൊടൈക്കനാലിലേക്കാണ് ആദ്യം പോയത്. രാത്രി മുഴുവന്‍ യാത്രയായിരുന്നു. ആദ്യമൊക്കെ പാട്ടിനൊത്ത് നൃത്തം ചെയ്ത് ആഘോഷമായിട്ടായിരുന്നു യാത്ര. കുറെക്കഴിഞ്ഞ് ക്ഷീണിച്ചപ്പോള്‍ സിനിമയിട്ടു. 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍'. പ്രേതവീടിന്റെ കഥയൊക്കെക്കണ്ട് പേടിച്ചരണ്ട് വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്കൊക്കെ വഴിയില്‍ നല്ല മൂടല്‍മഞ്ഞുണ്ടായിരുന്നു. സിനിമകണ്ട് ഞങ്ങള്‍ ഉറങ്ങിപ്പോയി. ഇടക്കിടെ ഉണര്‍ന്നപ്പോഴെല്ലാം ഞങ്ങളുടെ സുരക്ഷയെക്കരുതി സാറന്മാര്‍ ഉണര്‍ന്നിരുന്ന്, (ഡ്രൈവര്‍ ഉറങ്ങാതിരിക്കാനായി), ഡ്രൈവറുമായി സംസാരിച്ചിരിക്കുന്നത് കാണാനായി.നേരം വെളുത്ത് 6 മണിയോടെ ഞങ്ങള്‍ കൊടൈക്കനാലില്‍ 'ഡാനീസ് ഇന്‍' എന്ന താമസസ്ഥലത്ത് എത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴപോലെ മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. അവിടെ താമസവും ഭക്ഷണവും എല്ലാം നേരത്തേതന്നെ ഏര്‍പ്പാടാക്കിയിരുന്നു. റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് നല്ല ചുടുളള കാപ്പി തന്നു. അവിടെ ഭയങ്കര തണുപ്പായിരുന്നു. കുളിക്കാനും പല്ലുതേക്കാനും ചൂടുവെള്ളം ലഭ്യമായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കുശഷം ഞങ്ങള്‍ ഡ്രസ്സുമാറി ഭക്ഷണത്തിനായി ഹോട്ടലിലേക്ക് പുറപ്പെട്ടു. നല്ല ചൂടുള്ള ഇഡ്ഡലിയും സമ്പാറും ചട്ണിയും കൂടെ വടയും. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാവരും മൂക്കുമുട്ടെ കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ 'ഗുണാകേവ് ' കാണാന്‍ പോയി. കുറച്ച് കാത്തുനില്‍ക്കേണ്ടി വന്നു, അവിടേക്ക് കടക്കുവാന്‍. കമലാഹാസന്റെ ഗുണാ എന്ന സിനിമ പിടിച്ച സ്ഥലമാണത്. പാറകളുടെയിടയില്‍ വലിയ വിടവുകള്‍! ഒരു ഭാഗം വലിയ ഗര്‍ത്തം! അപകടങ്ങളുണ്ടാവാറുള്ളതുകൊണ്ട് വിള്ളലുകള്‍ ബലമുള്ള കമ്പി വലകൊണ്ട് അടച്ചിരിക്കുന്നു. വലിയ ഉയരത്തില്‍ കമ്പി വേലിയും ഉണ്ടാക്കിയിരിക്കുന്നു....അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് എല്ലാം പറഞ്ഞ് തന്നു. അവിടെ നിന്നും ഞങ്ങള്‍ 'പില്ലര്‍ റോക്ക്സ് കാണാന്‍ പോയി. വളരെ മനോഹരമായ കാഴ്ചയായിരുന്നു അത്! നല്ല കോടമഞ്ഞുണ്ടായിരുന്നതുകൊണ്ട് ഇടക്കൊക്കെ മാത്രമേ റോക്ക് കാണാന്‍ പറ്റിയുള്ളു. അവിടെ നിന്നും പുറത്ത് വന്ന ഞങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് സമയം കിട്ടി. പലരും കൊടൈക്കനാലിലെ സ്പെഷ്യല്‍ ഐറ്റമായ 'ഹോം മെയ്ഡ് ചോക്കലേറ്റ്' വാങ്ങി. ഇതിനിടെ ഒരു കുട്ടിയുടെ കയ്യില്‍ നിന്നും കുരങ്ങ് ചോക്കലേറ്റ് പിടിച്ചുപറിച്ചുകൊണ്ട് പോയത് കൗതുകകരമായി. ഒരു ചേട്ടന്റെ കയ്യില്‍ കുരങ്ങ് മാന്തകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ 'സൂയിസയിഡ് പോയിന്റ് 'കാണാന്‍ പോയി. കനത്ത കോടമഞ്ഞ് അവിടെയും പാരയായി. താഴേക്ക് നോക്കിയപ്പോള്‍ വെറും മഞ്ഞ് മാത്രം. അവിയെയും സാധനങ്ങള്‍ വാങ്ങാന്‍ കുറച്ചുസമയം കിട്ടിയത് എല്ലാവരും ഉപയോഗപ്പെടുത്തി. അതുകഴിഞ്ഞ് ഞങ്ങള്‍ പോയത് 'കോക്കേഴ്സ് വാക്ക് 'കാണാനാണ്. അതൊരു നീണ്ട നടപ്പാതയാണ്. തുടക്കത്തില്‍ ഒരു വ്യൂ ടവര്‍. അവിടെ ഒരു വലിയ ടെലസ്ക്കോപ്പ്. അതിലൂടെ നോക്കിയാല്‍ വളരെ ദൂരെയുള്ള കാഴ്ചകള്‍ തൊട്ടു മുന്നില്‍ കാണാം. കോക്കേഴ്സ് വാക്കിന്റെ ഒരു വശം അഗാധമായ താഴ്വരയാണ് . അവിടെയും കോടമഞ്ഞുണ്ടായിരുന്നു. ഇടക്ക് മഞ്ഞ് നീങ്ങിയപ്പോള്‍ കണ്ട പ്രകൃതി ദൃശ്യങ്ങള്‍ മനം കവരുന്നതായിരുന്നു. മരം കോച്ചുന്ന തണുപ്പ് ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ താഴേക്ക് നടന്ന് നീങ്ങി. പിന്നെ ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഡാനീസ് റെസ്റ്റോറന്റിലേക്ക് തിരിച്ചു. ഭക്ഷണത്തിനുശേഷം ഞങ്ങള്‍ തടാകം കാണാന്‍ പോയി. തടാകത്തിനു ചുറ്റും കറങ്ങാന്‍ ഒരുപാടു ദൂരമുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം സമയം മനോഹരമയ കൊടൈക്കനാല്‍ തടാകത്തിനു ചുറ്റും കാഴ്ചകള്‍ കണ്ട് നടന്നു. തടാകത്തില്‍ കുറേ ബോട്ടുകള്‍ ഉണ്ടായിരുന്നു. കുറേക്കുട്ടികള്‍ പാവകളും കളിപ്പാട്ടങ്ങളും മറ്റും വാങ്ങി. ഞാനും ഒരു പാവയെ വാങ്ങി. അഞ്ചുമണിയോടെ ഞങ്ങള്‍ തടാകക്കരയില്‍ നിന്നും തിരികെപ്പോന്നു. താമസസ്ഥലത്തെത്തുമ്പോഴേക്കും ശക്തിയായ തണുപ്പ് വ്യാപിച്ചിരുന്നു. ചൂടുവെള്ളത്തില്‍ കുളിച്ചു് ഡ്രസ് മാറി വന്നപ്പോഴക്കും നല്ല ചൂടുള്ള ചപ്പാത്തിയും കോഴികറിയും റെഡിയായിരുന്നു. അതും കഴിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങി. കട്ടിയുള്ള കമ്പിളിപ്പുതപ്പിനെ തുളച്ചുകൊണ്ട് ശരീരത്തില്‍ സൂചിമുനകള്‍ പോലെ കുത്തുകയായിരുന്നു, തണുപ്പ്. ഒരുവിധം നേരം വെളുപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. രാവിലെ 7 മണിയോടെ ഞങ്ങള്‍ 'ഡാനീസ് ഇന്നി'നോട് വിട പറഞ്ഞു. റെസ്റ്റോറന്റില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങള്‍ മധുരയിലേക്ക് തിരിച്ചു. ചെങ്കുത്തായ വഴിയിലൂടെ കൊടൈക്കനാല്‍ ചുരമിറങ്ങിയപ്പോള്‍ എല്ലാവരുടെ മനസ്സിലും ഭയം നിറഞ്ഞിരുന്നു. പക്ഷെ ചുരത്തിന്റെ ഒരുവശത്തെ അഗാധമായ താഴ്വരയുടെ വന്യ ഭംഗി ഒരിക്കലും മറക്കാന്‍ കഴിയില്ല. ബസിനുള്ളില്‍ പാട്ടിനൊത്ത് ഡാന്‍സുചെയ്ത് ഉല്ലസിച്ച് യാത്രചെയ്ത ഞങ്ങള്‍ പന്ത്രണ്ട് മണിയോടെ മധുരയിലെത്തി. അമ്പലത്തിന്റെ സമീപത്തെങ്ങും പാര്‍ക്കിങ്ങ് സൗകര്യമില്ലാതിരുന്നതുകൊണ്ട് ബസ് രണ്ട് കിലോമീറ്ററോളം മാറ്റിയാണ് പാര്‍ക്ക് ചെയ്തത്. അതുകൊണ്ട് അമ്പലത്തിലേക്ക് പൊരിവെയിലത്ത് രണ്ട് കിലോമീറ്ററോളം ദൂരം നടക്കേണ്ടി വന്നു. നാലു വശങ്ങളും ഗോപുരങ്ങളുണ്ട് മധുര ക്ഷേത്രത്തിന്. കനത്ത പോലീസ് സെക്ക്യൂരിറ്റിയാണ് അവിടെ. അമ്പലത്തിനകത്ത് നല്ല തിരക്കും ഇരുട്ടും. ശില്പഭംഗിക്ക് പ്രസിദ്ധമാണ് മധുര ക്ഷേത്രം. അത് ഞങ്ങള്‍ക്ക് ശരിക്കും ബോധ്യമായി. ഒരു മണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചെലവഴിച്ച് ഞങ്ങള്‍ പുറത്തിറങ്ങി, ഭക്ഷണവും കഴിച്ച് രണ്ട് മണിയോടെ കന്യാകുമരിയിലേക്ക് തിരിച്ചു. നീണ്ട് നിവര്‍ന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള ഹൈവേയിലൂടെയുള്ള യാത്ര രസകരമായിരുന്നു. സിനിമയും കണ്ടുകൊണ്ടായിരുന്നു യാത്ര. ഇടക്ക്, നാലുമണിയോടെ വഴിയരികിലുള്ള ഒരു ഹോട്ടലില്‍ നിന്ന് ചായയും കടിയും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കന്യാകുമാരിയിലെത്താറായപ്പോള്‍ ഇരുവശങ്ങളിലും നൂറുകണക്കിന് കാറ്റാടിയന്ത്രങ്ങള്‍ നിറഞ്ഞ കാറ്റാടിപ്പാടങ്ങള്‍ കാണാന്‍ കഴിഞ്ഞു. തമിഴ് നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാറ്റാടികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് അധികവും ഉപയോഗിക്കുന്നതെന്ന് സാറന്മാര്‍ പറഞ്ഞുതന്നു. രാത്രി എട്ടുമണിയോടെ ഞങ്ങള്‍ 'സ്റ്റെല്ലാ മേരീസ്' കോണ്‍വെന്റിലെത്തി. അവിടെയായിരുന്നു താമസവും ഭക്ഷണവും ബുക്കുചെയ്തിരുന്നത്. കുളിച്ച് ഭക്ഷണം കഴിച്ച് ഞങ്ങള്‍ കിടന്നുറങ്ങി. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ബെഡ്ഡായിരുന്നു. ഏതോ വലിയ കോണ്‍വെന്റ് സ്കൂളില്‍ നിന്നും എത്തിയ മറ്റൊരു ബാച്ച് കുട്ടികളും അവിടെയുണ്ടായിരുന്നു. അവര്‍ തറയില്‍ വിരിച്ച് കിടക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങളുടെ അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലായത്. നാലുമണി ആയപ്പോഴേക്കും അദ്ധ്യാപകര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി.പെട്ടെന്ന് തയ്യാറായിവന്ന ഞങ്ങള്‍ അഞ്ചുമണിയായപ്പോഴേക്കും സൂര്യോദയം കാണാന്‍ പുറപ്പെട്ടു. പോകുന്ന വഴിയില്‍ ചായകുടിച്ചു. കടപ്പുറത്തെത്തുമ്പോഴേക്കും നല്ല തിരക്കായിരുന്നു. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്ന് ഞങ്ങളും സൂര്യോദയത്തിനായി കാത്തിരുന്നു. സുനാമിത്തിരകള്‍ വീശിയടിച്ച് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത സ്ഥലമായിരുന്നു അത് എന്ന് അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. വഴി വാണിഭക്കാരുടെ തിരക്കായിരുന്നു അവിടെ. പത്തുരൂപയുടെ സാധനം അമ്പതുരൂപയ്ക്ക് വാങ്ങി കബിളിപ്പിക്കപ്പെട്ട കുട്ടികള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറെയുണ്ടായിരുന്നു. കുറെ കാത്തിരുന്ന്, ആറേകാലായപ്പോഴേക്കും സൂര്യന്‍ മേഘങ്ങള്‍ക്കിടയിലൂടെ മുഖം കാണിച്ചു. ചക്രവാളത്തില്‍ കുറച്ച് മുകളിലായിട്ടായിരുന്നു സ്ഥാനമെങ്കിലും സൂര്യനെ മുഴുവനായും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഉദിച്ചുയരുന്ന സൂര്യപ്രകാശത്തില്‍ തെളിഞ്ഞുനിന്ന വിവേകാനന്ദപ്പാറയും അതിനടുത്തായി തലയുയര്‍ത്തി നിന്ന തിരുവള്ളുവരുടെ പ്രതിമയും അതിമനോഹരമായ കാഴ്ചയായിരുന്നു. കടല്‍ത്തീരത്തുനിന്നും കയറിവന്ന ഞങ്ങള്‍ വിവേകാനന്ദപ്പാറയില്‍ പോകാന്‍ ബോട്ടിന്റെ ടിക്കറ്റ് എടുക്കാന്‍ ക്യൂ നിന്നു. അയ്യപ്പന്മാരുടെ നല്ല തിരക്കായിരുന്നു അവിടെയൊക്കെ. രണ്ട് മണിക്കൂര്‍ സമയത്തോളം ക്യൂ നില്‍ക്കേണ്ടി വന്നു കൗണ്ടര്‍ തുറക്കാന്‍. ഇതിനിടെ നിരവധി കച്ചവടക്കാര്‍ പലപല സാധനങ്ങളുമായി ഞങ്ങളെ സമീപിച്ചു. കുട്ടികള്‍ പലതും വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. നീണ്ട ക്യൂവിലൂടെ നടന്ന് ഞങ്ങള്‍ ബോട്ടിന് സമീപത്തെത്തി. എല്ലാവര്‍ക്കും ധരിക്കാനായി ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇളകിയാടുന്ന ബോട്ടില്‍ പേടിയോടെ ഞങ്ങള്‍ ഇരുന്നു. വിവേകാനന്ദപ്പാറയിലിറങ്ങി ഞങ്ങള്‍ മുകളിലേക്ക് കയറി. എല്ലായിടവും നല്ല വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. വിവേകാനന്ദ സ്മാരകവും സ്മൃതിമണ്ഡപവും ധ്യാനകേന്ദ്രവും ഞങ്ങള്‍ കയറിക്കണ്ടു. ഒരുമണിക്കൂറിലധികം സമയം അവിടെ ചെലവഴിച്ച് ഞങ്ങള്‍ തിരിച്ച് ബോട്ട് കയറി. തുടര്‍ന്ന് ഞങ്ങള്‍ ഗാന്ധി സ്മാരകം കാണാന്‍ പോയി. ഗാന്ധിജിയുടെ ഭൗതിക ശരീരം വെച്ച സ്ഥാനം ഒരു തറകെട്ടി സംരക്ഷിച്ചിരിക്കുന്നു. അതിനു മുകളില്‍ രണ്ട് നിലകളിലായി ഉള്ള രണ്ട് ദ്വാരങ്ങളിലൂടെ കടന്നുവരുന്ന പ്രകാശം ഒക്ടോബര്‍ 2-ന് ,11.30 ആകുമ്പോള്‍ ആ പീഢത്തിനു മുകളില്‍ കൃത്യമായി വീഴുമെന്ന് അവിടുത്തെ ഗൈഡ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ഗാന്ധിജിയുടെ സമര ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ പലതിന്റെയും വലിയ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഗാന്ധി സ്മൃതിമണ്ഡപത്തിന്റെ തൊട്ടടുത്താണ് 'ത്രിവേണി സംഗമം'. അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ മൂന്ന് കടലുകള്‍ സമ്മേളിക്കുന്ന സ്ഥാനമാണ് ത്രിവേണീസംഗമം. അവിടെയെല്ലാം അയ്യപ്പന്മാരുടെ ഭയങ്കര തിരക്കായിരുന്നു. അവിടെ നിന്നും ഞങ്ങള്‍ താമസസ്ഥലത്തേക്ക് നടന്നു. പൊരിവെയിലത്തുള്ള ആ യാത്ര ആരും മറക്കില്ല. 10 മണിയോടെ റൂമിലെത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തിലെത്തി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ ആസ്ഥാനമായിരുന്നു അത്. രാജഭരണത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരുപാട് കാഴ്ചകളുണ്ടായിരുന്നു അവിടെ. 'മണിച്ചിത്രത്താഴ് ' എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ അവിടുന്നാണ് ചിത്രീകരിച്ചതത്രെ. അവിടെ നിന്നും യാത്ര തുടര്‍ന്ന ഞങ്ങള്‍ ഇടക്ക് വഴിയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചു. മൂന്ന് മണിയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. നേരെ ഞങ്ങള്‍ മൃഗശാലയിലേക്കാണ് പോയത്. പലതരത്തിലുള്ള പക്ഷികളേയും മൃഗങ്ങളെയും പാമ്പുകളെയും അവിടെ കാണാന്‍ കഴിഞ്ഞു. സമയക്കുറവുകൊണ്ട് തിരക്കിട്ടായിരുന്നു മൃഗശാലയിലെ കാഴ്ചകള്‍ കണ്ടുതീര്‍ത്തത്. അവിടെ നിന്നും കോവളം ബീച്ചിലേക്കാണ് ഞങ്ങള്‍ പോയത് . അവിടെ എത്തുമ്പോഴേക്കും സൂര്യനസ്ഥമിക്കാറായിരുന്നു. ആണ്‍കുട്ടികള്‍ കുറെപ്പേര്‍ കടലിലിറങ്ങി. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു അത്. അസ്തമയ സൂര്യന്റെ മങ്ങിയ പ്രകാശത്തില്‍ കോവളം ഒരു സുന്ദരിയേപ്പോലെ തിളങ്ങി നിന്നു. മങ്ങിയ പ്രകാശത്തില്‍ ഞങ്ങള്‍ ബീച്ച് മുഴുവനും ചുറ്റിക്കണ്ടു. ബീച്ചില്‍ നിന്നും കയറിയ ഞങ്ങള്‍ കടകളില്‍ കയറി കോവളത്തിന്റെ തനതായ കൗതുക വസ്തുക്കള്‍ വാങ്ങി. ഒമ്പതുമണിയായപ്പോള്‍ ഞങ്ങള്‍ കോവളത്തുനിന്നും തിരിച്ചു. ഇടക്ക് വലിയൊരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പൊറോട്ടയും ചിക്കന്‍ കറിയുമായിരുന്നു വിഭവങ്ങള്‍. തിരിച്ച് വണ്ടിയില്‍ കയറിയ ഞങ്ങള്‍ സിനിമയും കണ്ട് യാത്ര തുടര്‍ന്നു. രാവിലെ നാലു മണിയോടെ ഞങ്ങള്‍ ഇരുമ്പനം സ്ക്കൂളിന്റെ മുന്നില്‍ ബസിറങ്ങി. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ നല്‍കി 2010-11 വര്‍ഷത്തെ അധ്യയനയാത്ര അങ്ങനെ സമംഗളം പര്യവസാനിച്ചു.......................തയ്യാറാക്കിയത് ---- അബിത തോമസ് ,6 സി.


പ്രമാണം:വിവേകാനന്ദപ്പാറയില്‍.jpg പ്രമാണം:ഗാന്ധിസ്മൃതിമണ്ഡപത്തില്‍.jpg പ്രമാണം:പത്മനാഭപുരംകൊട്ടാരത്തിനുമുന്നില്‍jpg

MY JOURNEY TO UTTAR PRADESH

ഖൊ-ഖൊ യുടെ നാഷണല്‍ ടീമിലേക്ക് ഞാനും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!!! ഈവിവരം അറിയുമ്പോള്‍ ഞാന്‍ തിരുവനന്തപരത്തായിരുന്നു. ഖൊ-ഖൊ കളിയില്‍ ‘നാഷണല്‍’ ഒക്കെ കളിക്കുക എന്നത് ഒരപൂര്‍വ്വ ഭാഗ്യം തന്നെയാണ്. ഈ കാര്യം അറിഞ്ഞനിമിഷം ഞാന്‍ ആഗ്രഹിച്ചത്, പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ കാണാന്‍ കഴിയണേ എന്നായിരുന്നു. എന്തായാലും നമ്മുടെ ടീം ഒന്നാം സ്ഥാനമൊന്നും കരസ്ഥമാക്കാന്‍ പോകുന്നില്ല. പിന്നെയുള്ളത് സ്ഥലങ്ങള്‍ കാണുക എന്നതാണ്. ‘അല്ലാഹു’ എന്റെ പ്രാര്‍ത്ഥന കേട്ടെന്നുതന്നെപറയാം. കളി നടക്കുന്നത് ഉത്തര്‍ പ്രദേശിലായിരുന്നു. നിസാമുദ്ദീന്‍ എക്സ്​പ്രസ്സ് എന്ന ട്രെയിനിലാണ് ഞങ്ങള്‍ പോകുന്നത്. ഉദ്ദേശം ഒരു രണ്ട് മണിയ്ക്കായിരിക്കും തീവണ്ടി എത്തുകയെന്ന് ഞങ്ങളുടെ കോച്ച് ശ്രീജിത്ത് സര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങള്‍ എല്ലാവരും പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം റെഡിയായി നിന്നു. പ്രിന്‍സ്, സജിത്ത്, ശ്രീജിത്ത്, ഉദയന്‍, ആദര്‍ശ്, മുഹമ്മദ് ഷാ, രണ്ട് അജിത്തുമാരും, മഹേഷ്, ഷിയാസ്, സിബിന്‍, പിന്നെ ഞാന്‍ (നൈഫ്-ജെ) ഇങ്ങനെ പന്ത്രണ്ടുപേരടങ്ങുന്ന ഒരു ടീമായിരുന്നു ഞങ്ങളുടേത്. മഹേഷ് ഒരു നല്ല തമാശക്കാരനാണ്. അവന്റെ അടുത്തിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ധ്യാപകര്‍ മൂന്ന് പേരുണ്ട്. ശ്രീജിത്ത് സര്‍, പിള്ള സര്‍, പിന്നെ മൂന്നാമത്തെ സാറിനെ എനിയ്ക്കു് പരിചയമില്ല. ഉച്ചക്ക് 2.15-ഓടെ ഞങ്ങള്‍ ‘നിസാമുദീന്‍’ എക്സ്പ്രസ്സില്‍ കയറി. വണ്ടി നീങ്ങി. കുറച്ച് സമയം യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ‘കേരളത്തിലെ ശുചിത്വ സുരക്ഷക്ക് മാതൃക’യായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെത്തി -ആറ്റിങ്ങലില്‍. അവിടുത്തെ റെയില്‍വെ സ്റ്റേഷന്‍ കണ്ടപ്പോള്‍ ഈ തെരഞ്ഞെടുപ്പിലെ വിരോധാഭാസം ഞങ്ങള്‍ മനസ്സിലാക്കി. ആദ്യമൊക്കെ വളരെ സന്തോഷത്തോടെയായിരുന്നു യാത്ര. കുറെക്കഴിഞ്ഞപ്പോള്‍ ബോറടിക്കാന്‍ തുടങ്ങി. സൈഡിലെ സീറ്റിലായിരുന്നതിനാല്‍ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. അതു കണ്ട് കണ്ട് ഞാന്‍ എന്റെ ബോറടി മാറ്റി. പാലക്കാടെത്തിയപ്പോഴായിരുന്നു ഞാന്‍ കേരളത്തിന്റെ പ്രകൃതിമനോഹാരിത ശരിക്കും മനസ്സിലാക്കിയത്. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന നെല്‍വയലുകള്‍…. അതിന്റെ പിറകിലായി വന്‍ മലനിരകളും പാറകളും…. ‘ദൈവത്തിന്റെ സ്വന്തം നാടി’ന്റ ഭംഗി എന്റെ കണ്ണിനും കാതിനും കുളിര്‍മ നല്‍കി. ഏറെ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ തമിഴ്​നാട്ടിലേക്ക് പ്രവേശിച്ചു. ഒരു മണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ചൂടിന്റെ കാഠിന്യം അറിയാന്‍ കഴിഞ്ഞു. പക്ഷെ അവിടുത്തെ കൃഷിക്കാരെ സമ്മതിക്കണം. ഒരു കൃഷിസ്ഥലത്തുതന്നെ എല്ലാ കൃഷിരീതികളും അവര്‍ പരീക്ഷിക്കുന്നു. എത്ര തരം വിളകളാണ് ഒരേ സ്ഥലത്തുതന്നെ കൃഷി ചെയ്യുന്നത്! നെല്ല്, പച്ചമുളക്, പാവല്‍, പടവലം, മത്തന്‍, ഇഞ്ചി, വഴുതന, തക്കാളി, ചീര….. പച്ചക്കറിക്കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ തമിഴരെക്കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. യാത്ര തുടര്‍ന്ന ഞങ്ങള്‍ കര്‍ണ്ണാടകത്തിലെത്തിയപ്പോള്‍ എന്റെ കൂടെയുള്ള സിബിന്‍ വളരെ വിചിത്രമായ ഒരു കാഴ്ച കാണിച്ചുതന്നു. കൃഷിയിടങ്ങളില്‍ ഇടയ്ക്കിടെ കുറെ കബറിടങ്ങള്‍ !! ഞാന്‍ ഉടന്‍ തന്നെ അടുത്തുണ്ടായിരുന്ന ഒരു പട്ടാളക്കാരനോട് വിവരം തിരക്കി. (ഒരു തമിഴനായിരുന്നു ആള്‍, അദ്ദേഹവുമായി ഞങ്ങള്‍ വേഗം ചങ്ങാത്തം കൂടി). “ഇത് ഇവിടുത്തെ ഒരാചാരമാണ്. കാര്‍ഷീക കുടുംബത്തില്‍ ജനിച്ച് ജീവിതകാലം മുഴുവന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തവര്‍ മരിക്കുമ്പോള്‍ ഇവിടെ അടക്കം ചെയ്യും.” അയാള്‍ പറഞ്ഞു. വളരെ വിചിത്രമായിത്തോന്നി ആ ആചാരം. കാഴ്ചകള്‍ കണ്ടിരുന്ന് കുറെ സമയം കടന്നുപോയി. അപ്പോഴാണ് മലയാള പുസ്തകങ്ങള്‍ വില്‍ക്കാനായി ഒരാള്‍ എത്തിയത്. എനിക്ക് വളരെ ആശ്വാസമായി, വേനലില്‍ ഒരു മഴ പോലെ. ഞാന്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങി. അങ്ങനെ വായിച്ചും, ഉണ്ടും ഉറങ്ങിയും കാഴ്ചകള്‍ കണ്ടും ബുധനാഴ്ച്ച വൈകുന്നേരം 6.30-ഓടെ ഞങ്ങള്‍ ഡെല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ‘ഗാസിയാബാദ് ‘എന്ന സ്ഥലത്ത് എത്തണം. അവിടെയാണ് കളികള്‍ നടക്കുന്നത്. ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് ഒരു അനുഭവമുണ്ടായി. എന്റെ പേഴ്സ് ഒരാള്‍ പോക്കറ്റടിച്ചു. കള്ളനെ കൈയോടെ പിടിച്ചു. ഒരു പിച്ചക്കാരനായിരുന്നു. പേഴ്സ് തിരിച്ചുകിട്ടി. താമസവും ഭക്ഷണവും അവിടെത്തന്നെയായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് പിടിക്കുന്ന ഭക്ഷണമായിരുന്നില്ല. ഓരോരുത്തര്‍ക്കും മെത്ത വിരിച്ച ഓരോ കട്ടില്‍. ക്ഷീണം കൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം 7-30-ന് ഞങ്ങള്‍ ഭോജനശാലയിലെത്തി. റൊട്ടിയും എന്തോ ഒരുതരം കറിയും. അതുകഴിച്ച് ഞങ്ങള്‍ കളിക്കളത്തിലെത്തി. ആദ്യമല്‍സരം ഒറീസ്സയുമായിട്ടായിരുന്നു. ഞങ്ങള്‍ ആ കളി ഇന്നിങ്സിന് ജയം നേടി. അടുത്ത കളി വൈകുന്നേരമായിരുന്നു. അതു വരെ ഞങ്ങള്‍ക്ക് വിശ്രമം. ഉച്ചഭക്ഷണത്തിന് റൊട്ടിയും കറിയും കുറച്ചു പച്ചരിച്ചോറും. മൂന്നാം നിലയിലാണ് ഞങ്ങളുടെ താമസം. മുറിയിലെത്തിയ ഞങ്ങള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. നോക്കെത്താദൂരത്തോളം ഗോതമ്പ് കൃഷി കാണാം. ചിലയിടത്ത് ബാര്‍ളി. മയിലും കഴുതയും, പോത്തുകളും പന്നികളുമെല്ലാം മേഞ്ഞുനടക്കുന്നു. വൈകുന്നേരം ഗുജറാത്തുമായിട്ടായിരുന്നു കളി. കളി ജയിച്ചശേഷം ചായ കുടിക്കാന്‍ കാന്റീനിലേക്ക് പോയി. ചായ കുടിക്കുന്നതിനിടയില്‍ കടക്കാരനെ പരിചയപ്പെട്ടു. ആന്ധ്രക്കാരനാണ്, പേര് മണി. ഭാഷ അറിയാത്തതിനാല്‍ അയാളുമായി സംസാരിയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. പിറ്റേദിവസത്തെ 3കളികളില്‍ അവസാനത്തേതിന് ഞങ്ങള്‍ക്ക് പശ്ചിമ ബംഗാളിനോട് തോല്‍ക്കേണ്ടിവന്നു. അതോടെ കേരളാ ടീം ആറാം സ്ഥാനത്തായി. അന്ന് വൈകുന്നേരം അവിടെ ഒരു കൊടുങ്കാറ്റ് വീശി. ഞങ്ങള്‍ കളി കഴിഞ്ഞ് ഞങ്ങള്‍ റൂമിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു അത്. അവിടെയുണ്ടായിരുന്ന വലിയ ഫ്ലക്സ് ബോര്‍ഡുകളൊക്കെ മറിഞ്ഞുവീണു. ഞങ്ങളുടെ കണ്ണിലൊക്കെ മണ്ണ് അടിച്ചുകയറി. മരങ്ങളൊക്കെ ആടിയുലഞ്ഞു. ഞങ്ങളൊക്കെ ഭയന്നുപോയി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതൊരു പുതിയ ഒരനുഭവമായിരുന്നു. മനസ്സിലെന്നും കത്തിനില്‍ക്കുന്ന ഒരുപാട് ഓര്‍മ്മകളുമായിട്ടാണ് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചത്. നാഷണലില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞുപോയ പത്ത് ദിവസങ്ങള്‍ സമ്മാനിച്ച വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍, പരിചയപ്പെട്ട നിരവധി വ്യക്തികള്‍, കാണാന്‍ കഴിഞ്ഞ ഒത്തിരി സ്ഥലങ്ങള്‍ ……ഇതെല്ലാം കൊണ്ട് നിറഞ്ഞ മനസ്സുമായാണ് ഞങ്ങള്‍ നാട്ടിലേക്ക് വണ്ടി കയറിയത്.

തയാറാക്കിയത്- നൈഫ് ജെ.

സ്റ്റാന്റേര്‍ഡ് – X. D.


സ്വപ്നം.....വെറുമൊരു സ്വപ്നം.......


(കഥ) അഭിനവ് തോമസ്
എന്റെ പേര് അഭിനവ്. ഞാന്‍ ഇപ്പോള്‍ ഒളിംപിക്സിലെ 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തിലാണ്. കാണികള്‍ ആര്‍ത്തിരമ്പുകയാണ്. പ്രത്യേകിച്ച് മലയാളികള്‍. എന്നിലാണ് അവരുടെ പ്രതീക്ഷ. തോറ്റ് പോയാല്‍ നാണക്കേടാണ്. എനിക്ക് അങ്ങനെ ഒരു ഭയം. എന്റെ ഉന്നം ദൂരയുള്ള ടാര്‍ഗറ്റിന്റെ മധ്യ ബിന്ദുവിലാണ്. എന്റെ നെഞ്ച് പിടയ്ക്കുമ്പോഴും കാണികളുടെ ആര്‍ത്തിരമ്പല്‍ വര്‍ദ്ധിച്ചുവന്നു. എന്റെ കൈവിരല്‍ കാഞ്ചിയില്‍ സ്പര്‍ശിച്ചു. ഒരു വലി. ഠേ…….വെടി കൊണ്ടോ? ഒരു നിമിഷത്തേക്ക് എല്ലാ ശബ്ദങ്ങളും നിലച്ചു. നിമിഷങ്ങള്‍ക്കകം ആര്‍ത്തിരമ്പല്‍ തിരിച്ചുവന്നു. അപ്പോള്‍ ഒരു അനൗണ്‍സ് മെന്റ് ഉണ്ടായി. അഭിനവ് ഗോള്‍ഡ് മെഡല്‍ നേടിയെന്ന്. എല്ലാവരും പൂക്കള്‍ എറിഞ്ഞു. എന്റെ കോച്ച് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അപ്പോള്‍ വളരെ വലിയ ശബ്ദത്തോടെ ഒരു ബെല്‍ മുഴങ്ങി. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഞാനിതാ എന്റെ കട്ടിലില്‍ കിടക്കുന്നു. മുഴങ്ങിക്കേട്ട ബെല്ല് എന്റെ അലാറം ക്ലോക്കിന്റെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാന്‍ അഭിനവ് ബിന്ദ്രയല്ല. അഭിനവ് തോമസാണ് എന്ന്. എല്ലാം ഒരു സ്വപ്നമായിരുന്നു……………

നാടന്‍ പാട്ട്

(ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ….എന്നിങ്ങനെ വടക്കന്‍ പാട്ടു രീതിയില്‍ ചൊല്ലണം)

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കാരിയം കാണാന്‍ പോയി

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

വെള്ളാരം കല്ലിനു വേരിറങ്ങി

പത്തായം തിങ്ങി രണ്ടീച്ച ചത്തു

ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ

കൊച്ചീലഴിമുഖം തീ പിടിച്ചു

പഞ്ഞിയെടുത്തിട്ടു തീ കെടുത്തി

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ

തെങ്ങു മുറിച്ചു കുരടുമിട്ടൂ

കോഴിക്കോട്ടാന തെരുപ്പറന്നു

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

നൂറ്റുകുടത്തിലും കേറിയാന

ആലിങ്കവേലന്‍ പറന്നുവന്ന്

മീശമേലാനയെ കെട്ടിയിട്ടു

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കളിയാട്ടം കാണാന്‍ പോയി.

സിദ്ധാര്‍ത്ഥ്.എസ്.രാജ

എട്ടാം ക്ലാസ് ബി ഡിവിഷന്‍


നിലക്കുന്ന ഓര്‍മ്മ

ചെറുതണുപ്പിന്‍ പുതപ്പിനുള്ളില്‍
ചെറുകാറ്റിന്‍ ഈണം
പുതുമഞ്ഞുപോലെ പറന്നുവന്ന്
നിന്റെ കവിളത്ത് തലോടി
നിന്റെ കാലൊച്ചയ്ക്കൊപ്പം
എന്റെ സ്പര്‍ശവും…
. ഇതളറ്റുവീഴുന്ന ഒരു പനിനീര്‍പ്പൂവിന്റെ
ഇതളായിമാറുവാന്‍
കൊതിക്കുന്നു ഞാന്‍….

സൂര്യ .ആര്‍. (ഒമ്പതാം ക്ലാസ് ബി ഡിവിഷന്‍)


പൗരാണികതയുടെ കലവറ


പഴയ രാജകാലഘട്ടത്തിന്റെ അവശിഷ്ടമായി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ രാജകീരിടമണിഞ്ഞു നില്ക്കുന്ന ‘ഹില്‍പ്പാലസ് മ്യൂസിയം’. പഴയ രാജാക്കന്‍മാരുടെ സുവര്‍ണ്ണകാലം വിളിച്ചോതി കൊണ്ട് നില്ക്കുന്ന പൗരാണികതയുടെ കലവറയാണിത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തെ വസ്തുക്കള്‍ ഇവിടെ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. പുതുമയുടെ നാമ്പ് തേടുന്ന ആളുകള്‍ക്ക് പഴയ കാലഘട്ടത്തെ കുറിച്ചറിയുവാന്‍ ഇത് സഹായിക്കുന്നു. അതു പോലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് വലിയ അനുഗ്രഹമാണിത്. ഇപ്പോള്‍ മ്യൂസിയത്തോടൊപ്പം കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും തുടങ്ങിയിട്ടുണ്ട്. വിശ്രമിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ ആളുകള്‍ക്ക് വിജ്ഞാനത്തോടൊപ്പം വിനോദവും ഈ മ്യൂസിയം നല്കുന്നു. അതു പോലെ വിദേശികളെയും ഇത് ആകര്‍ഷിക്കുന്നു. ജോലി ഉള്ളവരുടെ സൗകര്യത്തിന് തിങ്കളാഴ്ചയാണ് അവധി. ഏകദേശം 58 ഏക്കര്‍ വരുന്ന മ്യൂസിയത്തില്‍ പഴയ തേവാരപ്പുരയും കുളിക്കടവും വൃക്ഷങ്ങളും എല്ലാം അതിന്റെ തനിമയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഈപൗരാണികതയുടെ കലവറ ഒരു പ്രാവശ്യമെങ്കിലും കാണാത്തവര്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്


'പരീക്ഷയെ എങ്ങെനെ നേരിടണം?

(ലേഖനം)
പരീക്ഷ എന്നുകേള്‍ക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്?കൈകള്‍ വിറയ്ക്കുന്നു.കണ്ണില്‍ ഇരുട്ടു വ്യാപിക്കുന്നു,തുടങ്ങിയവയാണ് മിക്ക കുട്ടികളും പറഞ്ഞുവരുന്ന സങ്കടങ്ങള്‍. പരീക്ഷയെ നേരിടുവാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.എനിക്ക് നന്നായി പരീക്ഷ എഴുതുവാന്‍ കഴിയും എന്ന്,ഓരോ കുട്ടിയുടെയും മനസ്സില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം.അത് ഓരോരുത്തരും സ്വയം നേടേണ്ട കാര്യമാണ്. ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷയെന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല.പല കുട്ടികളും തങ്ങള്‍ക്ക് പഠിക്കാന്‍ കഴിവില്ല എന്ന നിഗമനത്തിലെത്തുന്നു.എല്ലാവര്‍ക്കും ഈശ്വരന്‍ ഒരുപോലെ മനസ്സിനും ബുദ്ധിക്കുമെല്ലാം അസാധാരണമായ കഴിവുകള്‍ നല്കിയിട്ടുണ്ട്.എന്നാല്‍ ഓരോരുത്തരും അവ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെന്നു മാത്രം. എന്നാല്‍ കൂട്ടുകാരേ,ഞാന്‍ ഒന്നു പറയട്ടെ,ചിട്ടയായി പഠിച്ച് പരീക്ഷ എഴുതിയാല്‍ നല്ല വിജയം തീര്‍ച്ചയാണ്.ആത്മവിശ്വാസത്തൊടൊപ്പം തന്നെ ഈശ്വരചിന്തയും വളരെ ആവശ്യമാണ്. ഇതുവരെയും ചിട്ടയായി പഠിക്കാന്‍ കഴിയാത്ത എന്റെ സഹപാഠികളോട് എനിക്കു പറയുവാനുള്ളത് ഇന്നു മുതല്‍ ഈ രീതിയില്‍ പഠിക്കുവാന്‍ ആരംഭിക്കുകയാണെങ്കില്‍ ഒരു നല്ല വിജയം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. നിങ്ങള്‍ ക്കോരോരുത്തര്‍ക്കും സുനിശ്ചിതമായ ഒരു വിജയം ആശംസിക്കുകയും ഈശ്വരനോട് അതിനായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് ഈ ലേഖനം ചുരുക്കട്ടെ.

ബെന്‍സി ബേബിച്ചന്‍ (പൂര്‍വ വിദ്യാര്‍ഥിനി)


കാലം തെറ്റി വന്ന കാലന്‍

ജീവിതമെന്നത് രസകരമായ അനുഭവങ്ങളുടെ നിലവറയാണ്.ബുദ്ധിരാക്ഷസന്മാരായാലും,പുസ്തകപ്പുഴുക്കളായാലും,മണ്ടൂസുകളായാലും അനുഭവങ്ങളുണ്ടാകും.ആതരത്തിലുള്ള അനുഭവങ്ങളുടെ കൂമ്പാരത്തില്‍ നിന്നുചികഞ്ഞെടുത്ത ഒരെണ്ണമാണ് ഞാനിവിടെ എഴുതുന്നത്. നമുക്കിടയില്‍ ” അനാകൊണ്ട “പോലെയാണ് പരീക്ഷയുടെ വരവ്. തീര്‍ച്ചയായും80% കുട്ടികളും കണക്കിനു തോല്ക്കും. ചിലപ്പോള്‍ഞാനും തോല്ക്കും. ഞാന്‍കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത കണക്കാണു ചോദ്യപേപ്പറില്‍ കണ്ടത്. പിന്നെ എങ്ങിനെ പൊട്ടാതിരിക്കും? 10ബിയിലെ ഗേള്‍സിലെ ചിലര്‍ പരീക്ഷ കഴിഞ്ഞ് ആദ്യംപറഞ്ഞതു ഞാന്‍ വല്ലവഴിക്കും പോകുകയാണെന്നാണ്. ഞാനെങ്ങാനും പൊട്ടിയാല്‍ വീട്ടിലേക്കു പോകേണ്ട, കാരണം അവിടെ നിന്നു സ്കൂളിലേക്കു ഓടിക്കും. ട്യൂഷന്‍ക്ളാസ്സിലെ സാറ് സട കുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനേയും ചവിട്ടികൂട്ടി പള്ളേല് കളയാന്‍ തുടങ്ങും പിന്നെ ഞാന്‍ നോക്കിയിട്ട് ഒരേയൊരു പോംവഴിയേയുള്ളൂ.ചാവുക.അതാണ് ഞാന്‍ നോക്കിയിട്ട് കാണുന്ന ഏറ്റവും നല്ല വഴി.സ്കൂള്‍വിട്ട ഉടനെ വീട്ടില്‍ പോകാതെ ചാവാനുള്ള വഴിയാണ് ആലോചിച്ചച്ചത്.അധികം താമസിയാതെ ഒരു വഴി എന്റെ മുമ്പില്‍ വന്നു.രാമമംഗലം പുഴയില്‍ ചാടി ചാവാമെന്നാണ് എന്റെ മനസ്സില്‍ തോന്നിയ വഴി.പിറ്റേദിവസം ആദ്യത്തെ ബസ്സില്‍ കയറി ചാവാന്‍ വേണ്ടി പുഴയിലേക്ക് വച്ചടിച്ചു.പാലത്തിന്റെ നടുക്കെത്തി.അങ്ങോട്ടുമിങ്ങോട്ടും നോക്കി.ഒറ്റക്കുഞ്ഞില്ല.ഒരുനിമിഷം പോലും പാഴാക്കിയില്ല.ഒറ്റച്ചാട്ടം. കണ്ണു തുറക്കുമ്പോള്‍ കണ്ടത് “പാതാളം”എന്ന വലിയ ബോര്‍ഡാണ്.ഓടിച്ചെന്ന് പാസ്സെടുത്തു..ഞാന്‍ നോക്കുമ്പോള്‍ ഡയാന രാജകുമാരി അവിടെ നില്ക്കുന്നു.ചെന്ന് ഗുഡ് മോണിങ് ഒക്കെ പറഞ്ഞ് കുശലാന്വേഷണത്തിനു ശേഷം റ്റാറ്റാ…………ഓകെ……….സീയൂ….ഒക്കെ പറഞ്ഞു.പിന്നെ ഞാന്‍ യമന്റെ അടുത്തേക്ക് പോയി.അവിടെ ധാരാളം ‘ബജാജ്’ ‘ ട്യൂബ് “കത്തിജ്വലിച്ച്” നില്ക്കുന്നുണ്ടായിരുന്നു.ഈവെളിച്ചമൊക്കെ കണ്ട് എന്റെ കണ്ണഞ്ചിപ്പോയി.എന്റെ നില്പു കണ്ട് യമന്‍ ചോദിച്ചു “കേരളത്തില്‍ നിന്നാണല്ലേ?” ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു. “അതെങ്ങനെ മനസ്സിലായി?” യമന്‍ ‘ക്ളോസപ്പ് പുഞ്ചിരിയോടുകൂടി പറഞ്ഞു “തന്റെ നില്പു കണ്ടപ്പോള്‍ മനസ്സിലായീന്നു കൂട്ടിക്കോ.അവിടെ ഭയങ്കര പവര്‍കട്ടാണെന്നു ഞാന്‍ കേട്ടിരിക്കുന്നു.പക്ഷെ വിശ്വസിച്ചില്ല.എന്നാല്‍ ഇപ്പോള്‍ ശരിക്കും വിശാസമായി.അവിടെ പവര്‍കട്ടുമാത്രമല്ല,നേരേപാട്ടിനു വെളിച്ചം പോലും കിട്ടണില്ലെന്ന്……” ഇതും പറഞ്ഞ് യമന്‍ ഒന്നിരുത്തിച്ചിരിച്ചു.ആചിരി കണ്ട് അവിടെ കൂടിയിരുന്നവരും ചിരിച്ചു!!! ഞാനാകെ ചമ്മിപ്പോയി.എന്നാലും ഞാന്‍ വിടുമോ?ചമ്മല്‍ മറച്ചുവച്ചുകൊണ്ട് ഞാന്‍ പറഞ്ഞു “എന്തു ചെയ്യാനാ,തിരുമേനീ..വെട്ടവും വെളിച്ചവും അങ്ങു കേന്ദ്രത്തില്‍നിന്നാ കിട്ടണത്..അതു കേരളത്തില്‍ വരുമ്പോഴേക്കും തീര്‍ന്നുപോകും” ഞാനിനിയുമെന്തെങ്കിലും പറയുമെന്നോര്‍ത്ത് കാലന്‍ വേഗം പി.എ.യോട് എന്റെ മുറി കാണിച്ചുകൊടുക്കാന്‍ പറഞ്ഞു… ഞാന്‍ കിടക്കയിലാണ്….കിടന്നതേയുള്ളൂ….അപ്പോഴേക്കും ഉറക്കം വന്നു. നോക്കിയപ്പോള്‍ “സുനിദ്ര”യുടെ ബെഡ്ഡാണ്.പിന്നെ എങ്ങനെയാ ഉറക്കം വരാതിരിക്കുന്നത് !!! ഏതായാലും ഞാന്‍ വേഗം ഉറങ്ങി.പിന്നെ കുറച്ച് കഴിഞ്ഞ് എന്നെ എന്തൊക്കെയോ വന്ന് കുത്താന്‍ തുടങ്ങി..നോക്കിയപ്പോള്‍ കൊച്ചി നഗരം പോലും കണ്ടാല്‍ നാണിച്ചു പോകുന്ന തരത്തിലുള്ള കൊതുകുകള്‍.വേഗം ഞാന്‍ “ഗുഡ് നൈറ്റ്” കത്തിച്ചുവച്ചു. പിന്നെയുമൊന്നു മയങ്ങി.ആരോ പിന്നെയും വന്ന് കുത്തി. കണ്ണു തുറന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞാന്‍ ഞെട്ടിപ്പോയി.ഒരു നേഴ്സ് ഒരു പത്തലു പോലത്തെ സൂചി വച്ച് കുത്തുന്നു.പിന്നീടാണ് മനസ്സിലായത് ഞാന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണെന്ന്! ദൈവമേ!! രാമമംഗലം വരെയുള്ള വണ്ടിക്കൂലി പാഴായിപ്പോയല്ലോ. അങ്ങനെ എന്റെ ആദ്യത്തെ ശ്രമം ഗോപിയായി.പിന്നെയും ചാവാനായിട്ട് ശ്രമിച്ചു.കെട്ടിത്തൂങ്ങിച്ചാവാനെനിക്കു ധൈര്യമില്ല.എങ്ങാനും കയറ് പൊട്ടിയാലോ.കാര്യം ഞാന്‍ കുറച്ച് വെയിറ്റ് ഒക്കെയിട്ടു നടക്കുമെങ്കിലും അധികം “വെയിറ്റൊ”ന്നുമെനിക്കില്ല.എന്നാലും ഒരു പേടി.കയറെങ്ങാനും പൊട്ടിയാലോ?എല്ലാവരും കളിയാക്കാനതുമതി. രാവിലെ സ്കൂളിലേക്കു പോണ വഴിയാണ് വേറൊരു ബുദ്ധി തോന്നിയത്.ഏതെങ്കിലുമൊരു വണ്ടിക്ക് വട്ടം ചാടാം.പോയാലൊരു വാക്ക് കിട്ടിയാലൊരാന എന്നപോലെ …ചാടിയാലൊരു ശവം,കിട്ടിയാല്‍ കുറെ ………അങ്ങനെ ഓര്‍ത്തിരിക്കുമ്പോഴാണ് ഒരു മാരുതി വന്നത്.ഉടനെ വട്ടം ചാടി.വട്ടം ചാടിയപ്പോള്‍ ഞാനോര്‍ത്തത് എന്നെയിടിച്ച് തെറിപ്പിച്ചിടുമെന്നാണ്. എന്നാല്‍ കാറെന്റെ തൊട്ടു മുമ്പില്‍ വന്ന് സഡണ്‍ ബ്രെയ്ക്കിട്ടു. നോക്കിയപ്പോള്‍ ഞാന്‍ അടുത്തറിയുന്ന ആള്‍..കാറില്‍ നിന്നിറങ്ങി വരുന്നു.പകുതിജീവന്‍ അവിടെ വച്ച് തന്നെ പോയി.എന്റെ അന്നേരത്തെ അവസ്ഥ കണ്ടിട്ടായിരിക്കും അയാള്‍ ഒന്നും പറഞ്ഞില്ല.ബാക്കി പകുതി ജീവനും കൊണ്ട് സ്കൂളില്‍ വന്നു.ആദ്യത്തെ പീരീഡു തന്നെ കണക്കിന്റെ പേപ്പര്‍ കിട്ടി.എന്റെ മാര്‍ക്ക് കണ്ടിട്ട് എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല.20 മാര്‍ക്ക്..സാറിന്റെ കൈയില്‍ നിന്ന് പേപ്പര്‍ വാങ്ങിയിട്ട് ഇരിക്കാന്‍ കൂടി തോന്നിയില്ല.പിന്നെ അടുത്തിരുന്ന കൊച്ച് പിടിച്ചിരുത്തി.പിന്നെ ഞാന്‍ കാണിച്ച മണ്ടത്തരങ്ങളെപ്പറ്റി ആലോചിച്ചു.അതെല്ലാം ഓര്‍ത്തപ്പോള്‍ വാസ്തവത്തില്‍ ചിരിയാണ് വന്നത്.ഇന്നും ചില ബോറന്‍ പീരീഡുകളില്‍ ആ മണ്ടത്തരങ്ങളോര്‍ത്ത് ബോറടി മാറ്റാറുണ്ട്..
സൗമ്യ.എന്‍.ജെ. (പൂര്‍വ്വവിദ്യാര്‍ഥിനി)



MY VILLAGE

My village is a heaven and
The villagers are the flowers of that heaven
Where there is peace everywhere
And the blessings of God

The mountain protect us like a lovely cloth
The river laughs like a pretty girl
The fields sing like angels
The flowers dance like children

The villagers are always happy
And lead a lovely life
They are so caring
And love each other

But my village may be “killed”
By the modern “culture”
Can I see you anymore
This heaven of heavens

Edwin (from “SMARANIKA”-Class Magazine)


सुभाषितानि l

दशकूप समो वापी|
दश वापी समॊ ह्रद्ः ||
दश ह्रदसमॊ पुत्रः ||
दश पुत्र समॊ द्रुमः ||

विहाय पौरुषं यॊ हि|
दैवमॆवावलम्बतॆ|
प्रासाद सिंहवत्तस्य मूर्ध्नि|
तिष्ठन्ति वायसाः | ||

इदं हि माहात्म्यविशॆषसूचकं|
वहन्ति चिह्नं महतां मनीषिणः ||
मनॊ यदॆषां सुखदुखसम्भवॆ|
प्रयाति नॊ हर्षविषादवश्यताम् | ||

एकस्य कर्म संवीक्ष्य|
करॊत्यन्यॊपि गर् हितम् ||
गतानुगतिकॊ लॊकॊ|
न लॊकः पारमार् थिकः | ||


പൂജ്യം ആത്മകഥ പറയുന്നു.

എന്നെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ സ്നേഹത്തോടെ എന്നെ വിളിച്ചത് ശൂന്യ എന്നാണ്. പിന്നീട് അറബികള്‍ “sifre” എന്നും ഇംഗ്ളീഷുകാര്‍ “cipher”എന്നും വിളിച്ചു. ആ പേരില്‍ നിന്ന് ഞാന്‍ സീറോ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരെയെല്ലാം കണ്ടുപിടിച്ചിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് എന്റെ ജനനം. ഏറ്റവും ആദ്യം എന്റെ ആകൃതി “oval shape”ല്‍ ചെറിയ ചാപം വരച്ച രീതിയില്‍ ആയിരുന്നു. പിന്നീട് കാലക്രമത്തില്‍ അതു വട്ടത്തിലായി. ഒറ്റയ്ക്ക് നില്ക്കുമ്പോള്‍ വിലയില്ലെങ്കിലും മറ്റുള്ളവരുടെ വലതുവശം ചേര്‍ന്നു നില്കുമ്പോള്‍ എന്റെ വില പതിന്മടങ്ങു വര്‍ദ്ധിക്കും. ഞാന്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്റെ വരവോടെ ഗണിത ശാസ്ത്രത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. എന്നെ ആരോടു കൂട്ടിച്ചേര്‍ത്താലും ആരില്‍ നിന്നു എടുത്തു മാറ്റിയാലും അവര്‍ക്കു ഒന്നും സംഭവിക്കുകയില്ല. എന്നെ ഗുണിക്കാന്‍ കൂട്ടു പിടിച്ചവന്‍ ഞാനായി തീരും. എന്നെ കൊണ്ടുള്ള ഹരണം മാത്രം നടക്കില്ല. രേഖീയ സംഖ്യാഗണത്തില്‍ പോസിറ്റീവും നെഗറ്റീവും അല്ലാത്ത ഒരേയൊരു സംഖ്യയും ഞാന്‍ തന്നെയാണ്. എന്റെ വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും ഞാന്‍ തന്നെയായിരിക്കും. ഏതൊരു measurement ലും ആരംഭത്തെ സൂചിപ്പിക്കുന്നതിനു ഞാന്‍ തന്നെ വേണം. ഏതു സംഖ്യാന സമ്പ്രദായത്തിലും ആദ്യത്തെ അക്കമായി ഞനുണ്ട്. കണക്കു കൂട്ടുന്നതില്‍ മാത്രമല്ല സംഖ്യകളുടെ സ്ഥാനവ്ത്യാസത്തെ സൂചിപ്പിക്കുന്നതിലും എന്റെ പങ്ക് വലുതാണ്. computer -ലെ ബൈനറി ഭാഷയില്‍ ‘ 1 ‘ നോടോപ്പം ഞാനുമുണ്ട്. ഇങ്ങനെ പറയാനെനിക്ക് വിശേഷങ്ങള്‍ ധാരാളമുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടൊരിക്കലാകാം. സസ്നേഹം പൂജ്യം.

(യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയില്‍നിന്ന്)


INDIA V/S SRILANKA

When umpire calls for toss|
Ganguly is the boss|
When Sachin hits a century|
Jayasurya’s knee get injury|

When Murali comes to bowl|
Umpire rules “no ball”|
When Srilanka comes to bat|
Opener Jayasurya will be lost|

When Murali gives a catch|
India wins the match|

Nilakantan.K.


ऒणम्

कॆरल् की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||
रंगॊम् की त्यॊहार् आयी रॆ ||
पुष्पॊम् की उत्सव् आयी रॆ ||

अब् सब् नाचॊ गावॊ ||
खुशी मनावॊ ||
तरह् तरह् की फूलॊम् लाऒ ||
अन्कण् मॆं पुष्पचित्र् बनावॊ ||

नयी नयी वस्त्र् पहनावॊ ||
कयी तरह् की खॆल् खॆलॊ ||
अब् रंगॊं की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||

Krishnadas.P.C.

അരുത്...അരുതരുത്

ഉത്തരമെഴുതുമ്പോള്‍ തെറ്റരുത്

ചോദ്യനമ്പര്‍ തെറ്റരുത്

വെട്ടിക്കുത്തി എഴുതരുത്

വൃത്തികേടായി എഴുതരുത്

അനാവശ്യമായി എഴുതരുത്

അഭ്യര്‍ത്ഥനകള്‍ എഴുതരുത്

കോപ്പിയടിക്കാന്‍ കൂട്ടുനില്കരുത്

കോപ്പിയടിക്കരുത്

സമയം വെറുതെ കളയരുത്

കുറച്ചു സമയവുമെടുക്കരുത്

സമയം തീരും മുമ്പ് സ്ഥലം വിടരുത്

സമയം കൂടുതല്‍ ചോദിക്കരുത്

ഒരു ചോദ്യത്തിനും ഉത്തരമെഴുതാതെ വിടരുത്

ഉത്തരം എഴുതുമ്പോള്‍ ചോദിക്കരുത്

ഉത്തരം അറിയില്ലെങ്കില്‍ പേടിക്കരുത്

ഉത്തര ക്കടലാസ് അഴച്ചു കൊഴച്ചു കെട്ടരുത്

ഉത്തരക്കടലാസില്‍ പേജുനമ്പര്‍ ഇടാന്‍ മറക്കരുത്

പരീക്ഷ എഴുതുമ്പോള്‍ ധൈര്യം കൈ വിടരുത്

പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധകൈ വിടരുത്

പരീക്ഷയെ വെറുക്കരുത്

എത്രയെത്ര അരുതുകള്‍

അരുതുകള്‍ കേട്ടു വിരളരുത്

പത്താം ക്ലാസ്സു പോലെയുള്ള പൊതു പരീക്ഷകള്‍

എഴുതുമ്പോള്‍ രജിസറ്റര്‍ നമ്പര്‍ തെറ്റിക്കരുത്

രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്

വിദ്യാര്‍ഥികളായ കുഞ്ഞുങ്ങളേ, ഈ അരുതുകളൊന്നും

മറക്കുകയുമരുത്

ഈ അരുതുകളിലൂടെ എല്ലാ പരീക്ഷകളിലും വിജയിക്കാം, ഉയരാം,

സംതൃപ്തരാകാം ജീവിതവിജയം ഉറപ്പാക്കാം

ജിബി.പി.ജോണ്‍


അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയാണോ ????

ലോകം ഏറെ വളര്‍ന്ന് വികസിച്ചുനില്ക്കുന്ന ഈ പുതിയ സഹസ്രാബ്ദത്തില്‍ ഇങ്ങനെ ഒരു സംശയം പൊങ്ങിവന്നതു തന്നെ വിസ്മയകരമായി തോന്നാം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ അഭൂതപൂര്‍വ മായ വളര്‍ച്ച,വിവരസാങ്കേതിക വിദ്യയു ടെ വമ്പിച്ച വര്‍ദ്ധനവ് ,എവിടെ എന്തു നടന്നാലും അതു തന്റെ പെട്ടിക്കുള്ളില്‍ കാണാനുള്ള സാധ്യത- ഇത്രയും ഭൗതികനേട്ടങളുടെ നടുക്കു നിന്നു കൊണ്ട് അന്ധവിശ്വാസത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കാണു ധൈര്യം.? പക്ഷെ മാധ്യമങ്ങള്‍ പറയുന്ന പോലെയാണോ ഇവിടെ സംഭവിക്കുന്നതെല്ലാം.

ചികിത്സാവിധികളോടൊപ്പം തന്നെ മന്ത്രവാദവിധികളും നടപ്പാക്കികൊണ്ടിരിക്കുന്ന ചില സമൂഹങ്ങള്‍ ഇന്ന് ഉള്‍നാട്ടിലും നഗരങ്ങളിലും കാണാന്‍കഴിയുന്നു. ആശുപത്രിയില്‍ രക്തംകയറ്റുമ്പോള്‍ തന്നെ രോഗശാന്തിക്കു വേണ്ടി തര്‍പ്പണവും നടത്തുന്നതിനോടു യോജിക്കുമോ? ഫിസിയോതെറാപ്പിയോടൊപ്പം ചരടുകെട്ടലും നടത്തിയാല്‍ നന്നോ? എന്നാല്‍ ഇതെല്ലാം വീണ്ടും സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ നമുക്കു മനസ്സിലാകുന്ന കാര്യമെന്താണ്? അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.

എന്തു കൊണ്ടാണ് ചത്തുപോയ അന്ധവിശ്വാസങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നത്? ശാസ്ത്രമായിരുന്നു അന്ധവിശാസത്തെ നശിപ്പിച്ചത്. ശാസ്ത്രത്തിന്റെ സാര്‍വത്രികവും സാര്‍വജനീനവുമായ സ്വാധീനത്തിന്

ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന ശാസ്ത്ര പ്രവര്‍ത്തകര്‍ തന്നെ ചില പഴയ ആചാരങ്ങളുടെ പിടിയില്‍ പെട്ടു പോകാറുണ്ട്’. പൊതുജനം ഇതു കാണുമ്പോള്‍ ശാസ്ത്രവിശ്വാസ രഹിതരായി തീരുന്നു.


ദീലീപ്.എസ്.എന്‍.