ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
2018-2019 വർഷത്തിലാണ് സ്കൂളിൽ ആദ്യമായി SPC ബാച്ച് ആരംഭിക്കുന്നത്.2018-'19 വർഷത്തിൽ ജില്ലയിൽ SPC അനുവദിച്ച ഒരേയൊരു ഗവൺമെൻറ് സ്കൂൾ ചിറ്റാർ സ്കൂൾ ആയിരുന്നു.2018 മെയ് മാസത്തിൽ തന്നെ സ്കൂളിന് SPC അനുവദിച്ചതായി അറിയിപ്പ് കിട്ടുകയും അതിനു വേണ്ട പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.സ്കൂളിൽ SPC അനുവദിക്കുന്നതിന് പിന്നിൽ PTA-യുടെയും നാട്ടുകാരുടെയും നിരന്തര ശ്രമങ്ങൾ ഉണ്ടായിരുന്നു.സ്കൂളിൽ SPC അനുവദിക്കുന്ന സമയത്ത് സ്കൂൾ HM ഷീല.കെ.വി യും PTA പ്രസിഡന്റ് എം.എസ്.രാജേന്ദ്രനും ആയിരുന്നു.സ്കൂളിൽ HS വിഭാഗം മലയാളം അധ്യാപകനായ ശ്രീ.അബ്ദുൽസലാം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും UP വിഭാഗം അദ്ധ്യാപിക ശ്രീമതി.ശശികല അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നിയോഗിക്കപ്പെട്ടു.2018-'19 ൽ 8-ആം ക്ലാസ്സിലെ 4 ഡിവിഷനുകളിൽ നിന്നും സെലക്ട് ചെയ്യപ്പെട്ട 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടക്കം 44 കേഡറ്റ്സ് ആണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.പോലീസ് ഡിപ്പാർട്ട്മെൻറ് കുട്ടികൾക്കായി പ്രത്യേകം നടത്തിയ എഴുത്തു പരീക്ഷയുടെയും കായിക ശേഷിയുടെയും അടിസ്ഥാനത്തിലാണ് കേഡറ്റ്സ്-നെ തിരഞ്ഞെടുത്തത്.2018 ജൂണിൽ ആദ്യ ബാച്ചിൻെറ ട്രെയിനിങ് ആരംഭിച്ചു.കുട്ടികൾക്ക് വേണ്ട പരിശീലനം നൽകാനായി ചിറ്റാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ.സൂരജ്.സി.മാത്യുവിനേയും നിയമിച്ചു.സ്കൂളിലെ ആദ്യ SPC ബാച്ചിന്റെ ഉദ്‌ഘാടനം SPC-യുടെ പത്തനംതിട്ട ജില്ലാ നോഡൽ ഓഫീസർ DYSP ശ്രീ.പ്രദീപ്‌കുമാർ നിർവഹിച്ചു.
സ്കൂളിലെ ആദ്യ SPC PTA തെരഞ്ഞെടുപ്പ് 2018 ജൂലൈ മാസത്തിൽ നടന്നു.ശ്രീ.വിനോദ് കുമാർ SPC-യുടെ ആദ്യ PTA പ്രസിഡന്റ് ആയും ശ്രീമതി.സ്മിത ബിജു ആദ്യ സെക്രട്ടറി ആയും കൂടാതെ 8 പേർ അടങ്ങുന്ന ഒരു PTA എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു.എല്ലാ മാസങ്ങളിലും SPC PTA കമ്മിറ്റി കൂടുകയും കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാൻ പോകുന്ന മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു വരുന്നു.വർഷത്തിൽ മൂന്നു വെക്കേഷൻ ക്യാമ്പുകൾ വീതം നടക്കാറുണ്ട്.ഓണം വെക്കേഷൻ സമയത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ് ,ക്രിസ്തുമസ് വെക്കേഷന് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പ്, വേനലവധിക്കാലത്ത് 3 ദിവസത്തെ സ്കൂൾ തല ക്യാമ്പും 5 ദിവസത്തെ ജില്ലാതല ക്യാമ്പും നടക്കാറുണ്ട്.ഇത് കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് SPC -യുടെ സംസ്ഥാന തലത്തിലുള്ള ക്യാമ്പുകളും നടന്നു വരുന്നു.ക്യാമ്പുകളിൽ മഹദ് വ്യക്തികളുടെ ക്ലാസുകൾ കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം കുട്ടികൾക്ക് കിട്ടുന്നു.കൂടാതെ കുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള വേദികളായി ക്യാമ്പുകൾ മാറുന്നു.
ആഴ്ചയിൽ 2 ദിവസങ്ങൾ ആക്ടിവിറ്റി ഡേയ്സ് ആണ്.ബുധനാഴ്ച കാക്കി യൂണിഫോമും ശനിയാഴ്ച PT ഡ്രെസ്സുമാണ് കുട്ടികൾ ധരിക്കുക.കുട്ടികൾക്കായി Physical Training ഉം ഇൻഡോർ ക്ലാസ്സുകളും ഉണ്ടാകും.കൂടാതെ അസംബ്ലി, യോഗ,പല വിനോദങ്ങൾ എന്നിവയും നടക്കാറുണ്ട്.സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി നിരവധി കാര്യങ്ങൾ SPC ചെയ്തു വരുന്നു.സ്കൂൾ,പഞ്ചായത്ത്,പോലീസ് സ്റ്റേഷൻ,മാർക്കറ്റ് എന്നിവിടങ്ങൾ ശുചീകരിക്കൽ, ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണവും,ട്രാഫിക് ബോധവൽക്കരണം, വ്യത്യസ്ത ദിനാചരണങ്ങൾ, പല വിധത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന തലമുറയെ ആദരിക്കൽ, പഠന വിനോദയാത്രകൾ, ഓണത്തിന് കിറ്റ് വിതരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ....... സ്കൂളിൽ രാവിലെയും വൈകുന്നേരവും കാക്കി യൂണിഫോമിൽ കുട്ടികൾ ട്രാഫിക്ഡ്യൂട്ടി ചെയ്യുന്നുണ്ട്.വാഹനങ്ങൾ ധാരാളമായി കടന്നുപോകുന്ന പ്രധാന വഴിയിൽ കുട്ടികൾക്കും വഴിയാത്രക്കാർക്കും ഇത് ഏറെ ആശ്വാസമാണ്.ശനിയാഴ്ചത്തെ പ്രത്യേക അസ്സംബ്ലികളിൽ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ വാർത്തകൾ ചർച്ച ചെയ്യുകയും അവയെ വിലയിരുത്തുകയും ചെയ്യുന്നു.ക്യാമ്പുകളിലും മറ്റ് SPC യുടെ പ്രധാന പരിപാടികളിലെല്ലാം HM ഉൾപ്പെടെ മറ്റ് ടീച്ചേഴ്സിന്റെയും പങ്കാളിത്തം ഉണ്ടാകുന്നുണ്ട്.അതു തന്നെയാണ് SPC യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയാകുന്നതും.
SPC യുടെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.ക്യാമ്പുകളിലും മറ്റ് പ്രവർത്തി ദിവസങ്ങളിലും കുട്ടികളുടെ പ്രവർത്തനങ്ങൾ കാണാനും അവരെ പ്രോത്സാഹിപ്പിക്കാനുമായി രക്ഷകർത്താക്കളുമുണ്ടാകും.കുട്ടികൾക്കായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാനും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാനും എല്ലാം അവർ മത്സരിക്കുന്നു.സ്കൂൾ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് തങ്ങളുടെ സാന്നിധ്യമറിയിക്കാറുണ്ട്.സ്കൂളിന്റെ സുരക്ഷയും സംരക്ഷണവും തങ്ങളുടെ കൂടി കടമയായി കേഡറ്റ്സ് കരുതിപ്പോരുന്നു.
പോലീസ് സ്റ്റേഷനുമായി നല്ല ഒരു ആത്മബന്ധം കുട്ടികൾക്കുണ്ട്.നാട്ടുകാരൻ കൂടിയായ ഡ്രിൽ ഇൻസ്‌ട്രക്ടർ സൂരജ് സി മാത്യുവിന്റെ സേവനം എപ്പോൾ വേണമെങ്കിലും സ്കൂളിന് ലഭ്യമാണ്.കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും PSLO യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഒക്ടോബർ ആദ്യവാരം സേവനവാരത്തിന്റെ ഭാഗമായി സ്കൂളിനോടൊപ്പം പോലീസ് സ്റ്റേഷനും പരിസരവും കേഡറ്റ്സ് ശുചീകരിക്കാറുണ്ട്.സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്റ്റേഷനിൽ അറിയിക്കുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.സ്കൂളിൽ SPC വന്നതോടെ കുട്ടികളിൽ പൊതുവെ അച്ചടക്കവും ആത്മനിയന്ത്രണവും വർധിച്ചിട്ടുണ്ട്.പോലീസിനെ കൂടാതെ എക്‌സൈസ്,ഫോറസ്റ്റ്,ഫയർഫോഴ്‌സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി.
ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അത് നടപ്പിലാക്കാനും സ്കൂൾ SPC ടീമിന് കഴിഞ്ഞിട്ടുണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 2018-ലെ പ്രളയകാലത്ത് മണക്കയത്ത് വിമ്മരം കോളനിയിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു.