സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠങ്ങൾ

13:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (ലേഖനം)
അതിജീവനത്തിന്റെ പാഠങ്ങൾ

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിൽ പിറവിയെടുക്കുകയും ലോകം മുഴുവൻ മരണതാണ്ഡവമാടുകയും ചെയ്യുന്ന കോവിഡ് 19 എന്ന വില്ലൻ നമ്മെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു.ഈ അവസരത്തിലാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. പുറത്ത് മഴ തിമിർത്തു പെയ്യുന്നു. ആകാശത്ത് പെരുമ്പറ മുഴങ്ങുന്നു. അതിനെക്കാൾ ഉച്ചത്തിൽ എന്റെ മനസ്സിൽ ഭീതിയുടെ പെരുമ്പറ മുഴങ്ങുന്നു. എന്ന് തീരും നമ്മുടെ ഈ സ്വയം സൃഷ്ടിച്ചെടുത്ത തടവുജീവിതം. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേർന്നതിന് ഉത്തരവാദി നാം തന്നെയാണ്.കാട്ടുകിഴങ്ങുകളും കാട്ടുകനികളും ഭക്ഷിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ വന്യമൃഗങ്ങളോടും മറ്റ് ജീവജാലങ്ങളോടും സമരസപ്പെട്ട് ജീവിച്ചിരുന്ന ഒരു കാലത്ത് നിന്നും പിടിച്ചെടുക്കലിന്റെയും അധിനിവേശം സ്ഥാപിക്കലിന്റെയും മാർഗത്തിലേക്ക് മനുഷ്യർ തിരിഞ്ഞ നാൾ മുതൽ ഇത്തരത്തിലുള്ള പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.ഭൂമി മുഴുവൻ തന്റെ കാൽച്ചുവട്ടിലാണെന്ന് അഹങ്കരിച്ച മനുഷ്യൻ താൻ എത്രയോ നിസാരനാണെന്ന് ഒരു വൈറസിന്റെ മുന്നിൽ തിരിച്ചറിഞ്ഞ് പകച്ചു നിൽക്കുന്ന കാലം. ലോകം ചുട്ടെരിക്കാൻ ശേഷിയുള്ള മാരകായുധങ്ങൾ കയ്യിൽ വച്ചിരിക്കുന്ന പല രാജ്യങ്ങളും കോവിഡ് 19 എന്ന ഇത്തിരിക്കുഞ്ഞനെ തുരത്താനുള്ള മാർഗം ഏതെന്നറിയാതെ ഇരുട്ടിൽ തപ്പുന്നു. നമ്മുടെ പൂർവ്വികർ വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നവരാണ്. പുറത്ത് പോയിട്ടു വന്നാൽ കൈകാലുകൾ ശുചിയാക്കിയിട്ടു മാത്രമേ വീട്ടിൽ പ്രവേശിച്ചിരുന്നുള്ളൂ. അന്ന് ഉമ്മറക്കോലായിൽ ഉണ്ടായിരുന്ന വാൽക്കിണ്ടി ജലസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും വലിയ പാഠങ്ങളാണ് പകർന്നു തന്നിരുന്നത് എന്നാൽ ഇന്നത് പല വീടുകളുടെയും അകത്തളങ്ങളിൽ കൗതുകവസ്തുവായി മാറിയിരിക്കുന്നു. ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ നമ്മുടെ പൂർവ്വികരെ സ്മരിക്കുന്ന തോടൊപ്പം ലോകത്തെ അണുനാശിനിയുപയോഗിച്ച് കൈകഴുകാൻ പഠിപ്പിച്ച ഇഗ്നാസ് സമ്മൽവെയ്സിനെയും ഓർക്കാം. ആയിരങ്ങൾ പങ്കെടുക്കുന്ന ആഡംബര വിവാഹങ്ങളും ലക്ഷങ്ങൾ ചിലവഴിച്ച് നടത്തുന്ന ഉത്സവങ്ങളും വൻ ഷോപ്പിങ് മാളുകളും സിനിമാശാലകളും മുന്തിയയിനം ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ കഴിയുമെന്ന് നാം പഠിച്ചു. നമുക്ക് സ്വയം നിരീക്ഷിക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഒറ്റപ്പെടുന്നവരുടെ വേദന എന്താണെന്നറിയാനും ആർഭാടങ്ങളില്ലാതെ വിവാഹങ്ങൾ നടത്തുവാനും വിശക്കുന്നവരെ അന്നമൂട്ടുവാനും നാം പഠിച്ചു. ക്ഷമയും സഹനവും എന്തെന്ന് നാമറിഞ്ഞു.എല്ലാ മതക്കാരുടെയും ഈശ്വരന്മാർ അവരവരുടെ ആരാധനാലയങ്ങളിൽ ഏകരായി കഴിയുന്നു.ജലമലിനീകരണമില്ല,വായു മലിനീകരണമില്ല. കൊറോണ നമ്മുടെ ജീവിത രീതികളെല്ലാംതന്നെ മാറ്റിമറിച്ചിരിക്കുന്നു. പുഴയിലെ ജലം തെളിഞ്ഞൊഴുകുന്നു. പ്രകൃതിക്ക് നവചൈതന്യം കൈവന്നിരിക്കുന്നു.മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ ഭയപ്പാടില്ലാതെ പുറത്തിറങ്ങിനടക്കുന്നു. ഈ ഇത്തിരിക്കുഞ്ഞന്റെ ആക്രമണത്തിൽ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവഹാനി ഉണ്ടായത് വളരെ ദു:ഖകരമാണ് .ഇത്തരം മഹാമാരികൾ ലോകത്ത് പടർന്നു പിടിക്കുമ്പോഴാണ് നമുക്ക് പല പുതിയ തിരിച്ചറിവുകളും ഉണ്ടാകുന്നത്. മനുഷ്യർ മനുഷ്യരെ മാത്രം സ്നേഹിച്ചാൽപ്പോര പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് ഈ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്ന മഹത്തായ പാഠം കൂടി ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നു.വിഖ്യാത കഥാകാരനായ വൈക്കം മുഹമ്മദ് ബഷീർ 'ഭൂമിയുടെ അവകാശികൾ ‘ എന്ന രചനയിൽ പറഞ്ഞിരിക്കുന്നതുപോലെ ഈ ഭൂമി മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. സഹജീവികളുടെ ജീവൻ രക്ഷിക്കാനായി സ്വജീവൻ പോലും തൃണവൽക്കരിച്ചു കൊണ്ട് തന്റെ കുഞ്ഞുമക്കളെയും കുടുംബത്തെയും വിട്ട് ആഴ്ച്ചകളോളം രോഗികളെ പരിചരിച്ച ആതുര സുശ്രൂഷകരിലാണ് നാം ദൈവത്തെ കാണുന്നത്.ഭരണകൂടത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയുo നിയമപാലകരുടെയും സന്നദ്ധപ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ഈ കൊറോണക്കാലത്തെയും നാം അതിജീവിക്കുക തന്നെ ചെയ്യും.


വിവേക് കൃഷ്ണൻ
11 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം