പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം

11:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും, സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന തിനായി ഉപയോഗിക്കുന്ന വാക്കാണ്‌ ശുചിത്വം . ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്‌. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിയ്ക്കപ്പെടുന്നു.വ്യക്തിശുചിത്വം , ഗൃഹശുചിത്വം , പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ്‌ 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി സാർസ്‌, കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി, ഇൻഫ്ലുവെൻസ, കോളറ, ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല/മുഖാവരണം ഉപകരിക്കും. രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാൻ ഉത്തമം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ) പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. പകർച്ച വ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതു സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച്‌ ശരീരശുദ്ധി ഉറപ്പാക്കണം. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. കഴുകി ഉണങ്ങിയതും ഇറുക്കം കുറഞ്ഞതുമായ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഇവ ദിവസവും കഴുകി ഉപയോഗിക്കുക. പാദരക്ഷ കൊക്കോപ്പുഴുവിനെ ഒഴിവാക്കും, പരുക്കുകളേയും. പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം. സാനിറ്ററി പാഡോ, മെൻസ്ട്രൽ കപ്പോ നിശ്ചിത സമയത്തിനുള്ളിൽ മാറ്റി ഉപയോഗിക്കുക. മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം. മല വിസർജനത്തിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുടെ ടൂത്ത് ബ്രഷ്, ഷേവിങ് സെറ്റ്, തോർത്ത്‌ എന്നിവ ഉപയോഗിക്കരുത്. രക്തം പുരണ്ട ഷേവിങ് സെറ്റ്, ബ്ലേഡ്, ബ്രഷ് മുതലായവ എച്ച്ഐവി ഉൾപ്പടെയുള്ള അണുബാധകൾ പകരാൻ കാരണമാകും. ഫാസ്റ്റ് ഫുഡും, കൃത്രിമ ആഹാരവും, പഴകിയ ഭക്ഷണവും ഒഴിവാക്കണം. ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം എന്നിവ കുറക്കുക. കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇളനീര്, മുളപ്പിച്ച പയറുവർഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, കടൽ മത്സ്യങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക. അത്താഴം ഉറങ്ങുന്നതിന് രണ്ട്‌ മണിക്കൂർ മുൻപെങ്കിലും കഴിക്കുക. ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക. ശീതള പാനീയങ്ങൾക്ക് പകരം പഴച്ചാർ ഉപയോഗിക്കുക. ആഹാരം കൊണ്ടുവരാൻ പ്ലാസ്റ്റിക്ക് നിർമിത പാത്രങ്ങളും കുപ്പികളും ഒഴിവാക്കുക. വ്യായാമവും വിശ്രമവും അത്യാവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം. പുറം കളികളും സൈക്കിൾ യാത്രയും നല്ലത്. ദിവസേന 7-8 മണിക്കൂർ ഉറങ്ങുക. ദിവസവും 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്. അര മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ പാടില്ല. ആരോഗ്യകരവും സുരക്ഷിതവുമായ ലൈംഗികബന്ധത്തിൽ മാത്രം ഏർപ്പെടുക. ശരിയായ രീതിയിൽ ഗർഭനിരോധന ഉറ ഉപയോഗിക്കുന്നത് എച്ച് ഐ വി /എയ്ഡ്സ്, എച്ച് പി വി, ഗൊണേറിയ, ഹെപ്പറ്റെറ്റിസ് ബി ഉൾപ്പടെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുക്കളെ ചെറുക്കും. വേഴ്ചക്ക് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഉത്തമം. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.


നിഖിത. K
8C പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം