ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വവും കുട്ടികളും
ശുചിത്വവും കുട്ടികളും
മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം. എന്താണ് ആരോഗ്യം? രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചിത്വമാണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണമാകുന്നത്. കുട്ടികളായ നാം കുഞ്ഞുനാളിലെ കേൾക്കുന്ന കാര്യങ്ങളാണ് ശുചിത്വശീലങ്ങൾ. ഇത് നാം നന്നായി അനുവർത്തിച്ചാൽ നല്ലൊരു ശതമാനം രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും. ഇന്ന് നമ്മുടെ സമൂഹത്തിൽ ഭീഷണിയായിരിക്കുന്ന ഒരു രോഗമാണ് കോവിഡ് -19. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. ഒരു കോവിഡ് ബാധിത വ്യക്തി വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ഉമിനീരിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു. കുട്ടികളായ നമ്മൾ എത്രപേരാണ് സ്കൂളിൽ പോകുമ്പോൾ തൂവാല കയ്യിൽ കരുതാറുള്ളത്? വ്യക്തിശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധി വരെ തടയാനുള്ള മാർഗം. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ അനുവർത്തിച്ചാൽ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഇതൊക്കെ നമ്മൾ എത്രയോ തവണ കേട്ട കാര്യങ്ങളാണ്. ശുചിത്വശീലങ്ങൾ പാലിക്കുന്നതിൽ മലയാളികളായ നാം മുൻപന്തിയിലാണെന്ന് പറയാറുണ്ട്. പക്ഷെ അനുസരണശീലം നന്നേ കുറവാണ് കാണാൻ സാധിക്കുന്നത്. ആദ്യം ശുചിത്വബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയങ്ങളിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, സ്വന്തം ശരീരം ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും. 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ' എന്ന ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വവും ഗൃഹശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതാണ് പറ്റിയ വഴി. സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് പൊതുശുചിത്വമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഈ അവസരത്തിൽ നമ്മെ ഓർമപ്പെടുത്തുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |