സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2022-23 വരെ2023-242024-25


പ്രവേശനോത്സവം - 2023

പതിവുപോലെ ജൂൺ 1 ന് 2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി. എസ്.പി.സി.യുടെയും ജെ.ആർ.സിയുടെയും നേതൃത്വത്തിൽ നവാഗതരെ മധുരം നൽകി സ്വാഗതം ചെയ്തു. ഈ വർഷം 8 എട്ടാം ക്ലാസിലെക്ക് വരുന്ന കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി) മുഖ്യാഥിതി ആയിരുന്നു. മലപ്പുറം ജില്ലയിൽ അദ്ദേഹം പങ്കെടുത്ത ഏക പ്രവേശനോത്സവ പരിപാടിയായിരുന്നു ഇരുമ്പുഴി സ്കൂളിലേത്. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മറ്റും പങ്കെടുത്ത പരിപാടിയിൽ സ്കൂളിനെ സംബന്ധിച്ച് നവാഗതരെ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃർത്വത്തിൽ ഗാനമേള നടന്നു. സംഗീതാധ്യാപകനും 9, 10 ക്ലാസുകളിലെ ഗായകരും അതിൽ പങ്കെടുത്തു. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാന പഠന പ്രവർത്തന വേദികളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നിവയെ അവയുടെ ചുമതലയുള്ള അധ്യാപകർ പരിചയപ്പെടുത്തി. വിദ്യാർഥികളെ ഒട്ടും ബോറടിപ്പിക്കാതെ നടത്തിയ ഈ പരിപാടി വിദ്യാർഥികൾ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയുണ്ടായി.

എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുടെ ബോധവൽക്കരണ ക്ലാസ്

പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഏറ്റവും ശ്രദ്ധേയമായതും നവാഗതരായ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതുമായ ഒരു ക്ലാസായിരുന്നു നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യായ ബിനു കുമാറിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം നടത്തിയ ക്ലാസ് വ്യാപകമായികൊണ്ടിരിക്കുന്ന മാരക വിപത്തിനെതിരെ ജാഗ്രത കൈകൊള്ളാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു. ഇതു സംബന്ധമായ വാർത്ത പ്രമുഖ പത്രങ്ങളിൽ ചിത്ര സഹിതം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

പ്രവേശനോത്സവത്തിന്റെ പത്രക്കുറിപ്പ്

ലഹരിക്കെതിരെ വിദ്യാർത്ഥികൾ പോരാടണം: എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ

ആനക്കയം : വിദ്യാർത്ഥികളെയും യുവാക്കളെയും നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽവിദ്യാർത്ഥികൾ കർമ്മ നിരതരാകണമെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി). എസ്.പി.സി. കേഡറ്റുകൾക്ക് ഇക്കാര്യത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി. ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എ. അബൂബക്കർ ആദ്യക്ഷം വഹിച്ച മീറ്റിംഗ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ പി ബി ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പിടിഎ പ്രസിഡണ്ട് മൊയ്തീൻകുട്ടി , എംടിഎ പ്രസിഡണ്ട് എ. ശബ്ന എന്നിവർ സംസാരിച്ചു. എച്ച്.എം. കെ. ശശികുമാർ സ്വാഗതവും സീനിയർ അധ്യാപകൻ പി.ഡി മാത്യൂ നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്ന് നവാഗതർക്ക് നവ്യാനുഭവമായി.

ലോക പരിസ്ഥിതി ദിനം ആചരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോട പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, JRC, SPC എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ അടുക്കളത്തോട്ടനിർമ്മാണം എന്നിവ നടന്നു. കുട്ടികൾക്കായി Beat Plastic Pollution എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്നാം സ്ഥാനം ലിബ , നൂർഷ ഫാത്തിമ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം അൻഷിഫ ഷെറി യും മൂന്നാം സ്ഥാനം ഫാത്തിമ ഷിഫ്ന യും നേടി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈഗ, ആർദ്ര എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് അഫ്രിതയും നാലാം സ്ഥാനത്തിന് ശിഖയും അർഹരായി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.

ബാലവേല വിരുദ്ധദിനം ആചരിച്ചു

 
സബ്-ജഡ്ജ് ഷബീർ ഇബ്രാഹിം സംസാരിക്കുന്നു.

ജൂൺ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ സർവീസ് അതോറിറ്റി ജില്ലാകോടതി മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ അധ്യക്ഷത വഹിച്ച യോഗം ഡി.എൽ.എസ്.എ. മഞ്ചേരി സെക്രട്ടറിയും സബ് ജഡ്ജുമായ ഷബീർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ, കേരള തൊഴിൽ നൈപുണ്യ വകുപ്പ് മലപ്പുറം ജയപ്രകാശ് നാരായണൻ കെ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം. ശശികുമാർ സ്വഗതവും സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.

നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു

ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു.

മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു

 
ഇ.എൻ.ഷീജ മെമന്റോ ഏറ്റുവാങ്ങുന്നു.
 
ഇ.എൻ.ഷീജ മന്ത്രിയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങുന്നു.

2022 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മലയാളം അധ്യാപികയായ എൻ ഷീജയെ പി.ടിഎ. ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽ നിന്ന് അധ്യാപിക മെമന്റോ ഏറ്റുവാങ്ങി. അമ്മമണമുള്ള കനിവുകൾ എന്ന പുസ്തകത്തിനാണ് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് നേരത്തെ ടീച്ചർ പുരസ്കാരം സ്വീകരിച്ചിരുന്നു. പതിനാലോളം ബാലസാഹിത്യകൃതികളുടെ കർത്താവാണ് ഇ.എൻ. ഷീജ.

കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലീടെ വീട്, തീവണ്ടിക്കൊതികൾ, ഇഷ്ടം, സ്നേഹം, ഒന്നിനു പകരം മൂന്ന് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ, വാലുപോയ കുരങ്ങന്റെ കഥ (കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ), വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ, അങ്ങനെയാണ് മുതിരയുണ്ടായത്, ചെറിയ ഋതുവും വലിയ ലോകവും, മഴത്തുള്ളിക്കഥകൾ (പൂർണ പബ്ലിക്കേഷൻസ്), കുഞ്ഞാപ്പിക്കഥകൾ (പ്രവ്ദ ബുക്സ് ) തുടങ്ങിയവയാണ് കൃതികൾ.

2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്, 2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ. അധ്യാപകൻ അബ്ദുൽ റഷീദ് ടീച്ചറുടെ സംഭാവനകൾ പരിചയപ്പെടുത്തി. പുരസ്കാര ജേതാവായ ടീച്ചർ മറുപടി പ്രസംഗത്തിൽ സഹപ്രവർത്തകരും രക്ഷിതാക്കളും നൽകിയ ആദരവിന് നന്ദി രേഖപ്പെടുത്തി.

NMMS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

2023 ൽ NMSS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. 77 പേരാണ് സ്കൂളിൽ നിന്ന് 2022 ൽ നടന്ന പരീക്ഷ എഴുതിയത് ഇതിൽ 63 പേർ ക്വാളിഫൈ ചെയ്തു. സ്കോളർഷിപ്പിനായി അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 10 പേരാണ്. സ്കൂളിന്റെ സൽപേര് ഉയർത്തിയ ഈ വിദ്യാർഥികളെ വിജയാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ വിതരണം ചെയ്തു. മുഹമ്മദ് ഹനാൻ 8 ഇ, സാദിക കെ കെ 8 എഫ്, അസ്ജദ് പി 8 ജി, വൈഗ കെ 8 എ, അനിർവേദ 8 എഫ്, ശ്രാവൺ കെ സുബ്രമണ്യൻ 8 എഫ്, അശ്വിനി എ 8 എഫ്, അനശ്വര കെ 8 എഫ്, ഫഹദ് ടി 8 ഇ, അഭിനയ എം 8 ഇ എന്നിവരാണ് 48000 രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്.

ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു.