എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭിന്നശേഷി സൗഹൃദ വിദ്യാലയ പ്രവർത്തനങ്ങൾ

 
ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പ്രവർത്തനങ്ങൾ

ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ  എഡ്യൂക്കേറ്റർ  ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

 
ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ  

പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു  ചിത്രപുസ്തകങ്ങൾ   നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ  ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പേപ്പർ ഉപയോഗിച്ച് വിവിധ ക്രാഫ്റ്റ് വർക്ക് പരിശീലനം.
  • ഡാൻസ് ,മ്യൂസിക് എന്നിവയുടെ പരിശീലനം.
  • സ്കൂൾ കലോത്സവങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം
  • ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം
  • യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം

ഇതര പ്രവർത്തനങ്ങൾ

  • മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാസ്സ് ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ,കുട്ടികളുടെ വീട്‌ സന്ദർശീ ക്കുന്നു
  • വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു
  • ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
  • 2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട്‌ അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, എ ഇ  ഒ, ബി  ആ ർ  സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
  • കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.

ഉച്ചഭക്ഷണ പരിപാടി 2021_2022

സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി  ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.

പരീക്ഷയും മൂല്യനിർണ്ണയവും

അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021

പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം ഓൺലൈനായി സംഘടിപ്പിച്ചു.പതിവുപോലെ എല്ലാ വിദ്യാർത്ഥിനികളും വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയമായ 'പരിസ്ഥിതി പുനസ്ഥാപനം ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓൺലൈനായി പരിസ്ഥിതി ദിന ക്വിസും നടത്തി.

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

പ്രായഭേദമന്യേ എല്ലാവരിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് ലഹരി മരുന്നുപയോഗം'. ലഹരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് നമ്മുടെ പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനും ഇത്തരം ആ സക്തികളിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നതിനും എല്ലാവർഷവും ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. അന്നേ ദിവസംക്ലാസുകളിൽ രാവിലെ ഓൺലൈൻ അസംബ്ലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ജൂലൈ 21 ന് ചാന്ദ്ര ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ ആദ്യ ചാന്ദ്രയാത്രയുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ചന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസ്, ചന്ദ്രദിനപ്പതിപ്പ് ,റോക്കറ്റ് നിർമ്മാണം, അമ്പിളിമാമന് കത്ത് തുടങ്ങിയവയായിരുന്നു പരിപാടികൾ

വായനാദിനം

'വായിച്ചു വളരുക ചിന്തിച്ചു  ഉദ്ബുദ്ധരാകുക' എന്ന പ്രമാണത്തിലൂന്നി വായനയെ മഹത്വവത്കരിച്ച ശ്രീ.പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് മലയാളികൾ വായന ദിനം ആചരിക്കുന്നു. ഗ്രന്ഥശാലകൾ അറിവിന്റെ നിറകുടങ്ങളായും  പുസ്തകങ്ങളെ ഉത്തമ ചങ്ങാതിമാരായും വായനയെ  വൈജ്ഞാനികതയുടെ  അനന്തവിഹായസ്സിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരുനാഥന്മാരായും കാണുന്ന ഒരു പുതു തലമുറയാണ് വായനാദിനത്തിൽ വിഭാവനം ചെയ്യുന്നത്. ലൈബ്രറി സാധ്യതകൾ പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകുകയുണ്ടായി വായനാകുറിപ്പ്,കഥാരചന കവിതാ രചന,ക്വിസ് മത്സരം,കാർട്ടൂൺ രചന, കഥാപാത്രനിരൂപണം, പഴഞ്ചൊല്ല് ശേഖരണം, ലഘുലേഖ തയ്യാറാക്കൽ, പ്രസംഗ മത്സരം, കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

വിദ്യാരംഗം

'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന ആപ്തവാക്യത്തിലൂന്നി കൊണ്ട് വിജ്ഞാനത്തിന്റെയും  കലയുടെയും ലോകത്തേക്ക് ഒരു കൈത്തിരി ആയി പ്രവർത്തിക്കാൻ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്.സർഗ്ഗ ശേഷിയുടെ ആദ്യ നാമ്പുകൾ സരസ്വതീക്ഷേത്ര നടയിൽ ഹരിശ്രീ കുറിച്ചുകൊണ്ട് താളലയ സമ്മിശ്രമായ കലാവിരുന്നുകളിലൂടെ കലയുടെ മാസ്മര ലോകത്തേക്ക് പിച്ച വെച്ച് നടത്താനുതകുന്ന പ്രവർത്തനങ്ങളിലൂടെയാണ് അധ്യയനവർഷത്തിലു ടനീളം വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചത്.നാടൻപാട്ട്, കഥ പറച്ചിൽ,കവിതചൊല്ലൽ, കഥാപ്രസംഗം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

നവംബർ1കേരള പിറവി ദിനം

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിനാണ്. മലയാണ്മയുടെ മഹിമയും കേരളീയതയുടെ കരവിരുതും സമന്വയിപ്പിക്കുന്ന കേരളപ്പിറവിദിനം മലയാളികൾ സാഭിമാനം ആഘോഷിക്കുന്നു. കേരളത്തനിമയേയും മലയാളിത്തിളക്കത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി കേരളപ്പിറവി ദിനത്തിൽ ഉപന്യാസം ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, ക്വിസ് മത്സരം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് കുട്ടികൾ  കാഴ്ചവച്ചത്.

ശതാബ്ദിയുടെ നിറവിൽ

25 /07 /2019 ൽ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ കേരള ഗവർണർ ജസ്റ്റിസ്. പി.സദാശിവം ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. അതിനോടൊപ്പം ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടത്തി. 'നൂറിന്റെ നിറവിൽ 'എന്ന ഡോക്യുമെന്ററിയുടെ ഉദ്ഘാടനം  ശ്രീ.വിനു എബ്രഹാം നിർവഹിച്ചു. ശതാബ്ദി ആഘോഷത്തിന്റെ തുടർ പരിപാടികൾ  ഓരോ മാസവും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് മാസത്തിൽ  ചരിത്ര സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ മാസത്തിൽ 'സമാദരം' എന്ന പൂർവ്വാദ്ധ്യാപക - പൂർവ വിദ്യാർത്ഥി സമാഗമവും സംഘടിപ്പിച്ചു. ശതാബ്ദി വർഷമായ ഒക്ടോബറിൽ കാരുണ്യ ദിനമായി ആഘോഷിച്ചു. മഹാത്മാ ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികമായ ഒക്ടോബർ രണ്ടിന് നിംസ് മെഡിസിറ്റി യുടെ സഹകരണത്തോടെ സൗജന്യ രോഗപരിശോധന ശിബിരം സംഘടിപ്പിച്ചു.

നവംബറിൽ 'സദ്ഗമയ'- ജീവിത മൂല്യാവബോധന വേദി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഡിസംബർ 5,6,7 തീയതികളിൽ വിദ്യാഭ്യാസ, ശാസ്ത്ര,സാമൂഹിക, സാംസ്കാരിക സാഹിത്യ മേഖലകളെ പ്രതിനിധീകരിക്കുന്ന സെൻ ടെക്സ് എന്ന പ്രദർശന മേള സംഘടിപ്പിച്ചു. മുപ്പതോളം സ്കൂളുകൾ പ്രദർശന  മേള കാണാനെത്തി. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2020 ജനുവരി 4 ശനിയാഴ്ച 'സെന്റിനറി ഗേൾസ് സോക്കർ ട്വന്റി ട്വന്റി '- എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരം പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ രാജേഷ് കിക്ക്‌ ഓഫ് ചെയ്തു. മത്സരത്തിൽ നമ്മുടെ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിക്കുകയും ഹർഷ മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുക്കുകയും ചെയ്തു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടികളെ ല്ലാം നമ്മുടെ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളായിരുന്നു. 2019 ജൂലൈ ഇരുപത്തിയഞ്ചാം തീയതി സമാരംഭിച്ച ശതാബ്ദി ആഘോഷ പരിപാടികൾക്ക് സമുചിതമായ പരിസമാപ്തി കുറിച്ചുകൊണ്ട് 'സമാപകം' എന്ന പേരിൽ സമാപന സമ്മേളനം ജനുവരി ആറാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. റിട്ടയേർഡ്.ജസ്റ്റിസ് ശ്രീ. എം.ആർ. ഹരിഹരൻനായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ.ശ്രീമതി.ദീപ്തി ഗിരീഷ് സ്വാഗത പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട നേമം നിയോജകമണ്ഡലം എം. എൽ. എ ശ്രീ. ഒ. രാജഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിസെഫ് സെലിബ്രിറ്റി അഡ്വക്കേറ്റ്.ശ്രീ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട.എം.എൽ. എ.ശ്രീ. ഒ.രാജഗോപാൽ ശതാബ്ദി സ്മരണിക ശ്രീ.ഗോപിനാഥ് മുതുകാടിന് നൽകി പ്രകാശനകർമം നിർവഹിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി. രാഖി രവികുമാർ, വാർഡ് കൗൺസിലർ ശ്രീ.സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. പി. റ്റി. എ പ്രസിഡന്റ് ശ്രീ.ഹരീന്ദ്രൻ നായർ കൃതജ്ഞത  രേഖപ്പെടുത്തി. തുടർന്ന് ശ്രീ. എൻ. രാമകൃഷ്ണൻ നായർ ശതാബ്ദി പതാകാവരോഹണം  ചെയ്തു.