ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ/ചരിത്രം

15:39, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരവിപേരൂർ എന്ന സ്ഥല നാമത്തിനും ഒരു ചരിത്രമുണ്ട് .പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ ഭരണത്തിലായിരുന്നു ഈ പ്രദേശം .ഇരവി യുടെ പെരിയ ഊര് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത് .പിൽക്കാലത്ത് ഇത് ഇരവിപുരം ആകുകയും കാലാന്തരത്തിൽ ഇരവിപേരൂർ എന്ന രൂപം പ്രാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം .നാട്ടുഭാഷയിൽ ഇരവേരി എന്ന പേര് സർവ്വസാധാരണയായി ഉപയോഗിക്കപ്പെടുന്നു .സുപ്രസിദ്ധങ്ങളായ 6 ഹൈന്ദവക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം .മേതൃ കോയിൽ , പൂവപ്പുഴ ,തിരുനെല്ലൂർ സ്ഥാനം ,താനൂർ പുത്തൻകാവ് മല , പുതുക്കുളങ്ങര ,കാവും മുറി എന്നിവയായിരുന്നു ഈ ക്ഷേത്രങ്ങൾ .

ഇരവിപേരൂരിന്റെ പൂരാട പെരുമ പ്രശസ്തമാണ് .തീണ്ടലിനും തൊടീലിനും എതിരെ സാമൂഹിക സമത്വത്തിന് ഉദാത്ത ആശയം തീർത്ത കഥയാണ് ഇരവിപേരൂരെ പൂരാട പെരുമയ്ക്ക് പറയാനുള്ളത് .10 ഇല്ലങ്ങളുടെ നാടായ ഇരവിപേരൂരിലെ പ്രധാന ഇല്ലമായ പച്ചം കുളത്തില്ലവുമായി പൂരാടം കഥയ്ക്ക് ബന്ധമുണ്ട് .അയിത്തം നിലനിന്ന കാലത്ത് ഇതുകണ്ട് മനംമടുത്ത ശിവനും പാർവതിയും പത്തില്ലത്തിൽ പോറ്റിമാരെ പരീക്ഷിക്കാനും ദുരാചാരങ്ങൾ അവസാനിപ്പിക്കാനും ഇറങ്ങി എന്നുമാണ് ഐതിഹ്യം .ശിവനും പാർവതിയും കാക്കാലനും കാക്കാലത്തിയുമായി ഇരവിപേരൂരിലെ വീടുകളിൽ ഭിക്ഷാടനത്തിന് ഇറങ്ങി. ക്ഷീണിതരായ ഇവർ പത്തില്ലത്തിൽ പ്രധാനമായ പച്ചം കുളത്തില്ലത്തിൻ പടിപ്പുരയിൽ എത്തി കാത്തുനിന്നെങ്കിലും കാര്യസ്ഥൻ പടിപ്പുര തുറന്നില്ല .അടച്ചുപൂട്ടിയ പടിപ്പുര തനിയെ തുറക്കുകയും കാക്കാലനും കാക്കാലത്തിയും ഇല്ലത്തെ മുറ്റത്ത് എത്തുകയും ചെയ്തു. കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും അയിത്തത്തിന്റെ    പേരിൽ ആരും വെള്ളം കൊടുത്തില്ല .ചിരിച്ചുകൊണ്ട് നിന്നകാക്കാലന്റെയും കാക്കാലത്തിയുടേയും   മുന്നിലേക്ക് ഇല്ലത്തെ മുറ്റത്തുനിന്ന ചെന്തെങ്ങ് ചാഞ്ഞു കൊടുക്കുകയും ദാഹം തീരുവോളം കരിക്ക് കുടിച്ചു പുറത്തിറങ്ങി പോവുകയും ചെയ്തു. ഇതറിഞ്ഞ ഇല്ലത്തെ തിരുമേനി വന്നവർ നിസാരക്കാരല്ല എന്ന് മനസ്സിലാക്കി അവരെ തിരക്കി ഇറങ്ങി.ഗ്രാമ അതിർത്തിയിൽ വെച്ച് കാക്കാലനെയും കാക്കാലത്തിയെയും കണ്ടുമുട്ടുകയും സാഷ്ടാംഗം പ്രണമിച്ചപ്പോൾ ശിവനും പാർവതിയും പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകിയെന്നുമാണ് കഥ. ഇതിനുശേഷം പച്ചം  കുളത്തില്ലത്തിന്റെ  വാതിൽ അയിത്തത്തിന്റെ   പേരിൽ ആർക്കു നേരെയും അടഞ്ഞിട്ടില്ല. അന്നുതൊട്ടിന്നോളംചിങ്ങത്തിലെ പൂരാടം നാളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കരയുടെ വടക്ക് തെക്ക് ഭാഗങ്ങളിൽ എല്ലാ വീടുകളിലും ശിവപാർവ്വതി അപദാനങ്ങളും മാവേലി കഥകളും പാടി ഉടുക്കിന്റെ  താളവുമായി ആളുകൾ എത്തും. കണിയാൻ, പാണൻ,കാക്കാലൻ , വേലൻ സമുദായത്തിൽപ്പെട്ടവരാണ് ഈ ആചാര ത്തിന്റെ   പിന്മുറക്കാർ  .

ഇരവിപേരൂരിന്റെ ചരിത്രത്താളുകളിൽ എക്കാലവും തിളങ്ങിനിൽക്കുന്ന ബഹുജന പ്രസ്ഥാനമാണ് പ്രത്യക്ഷരക്ഷാദൈവസഭ എന്നറിയപ്പെടുന്ന പി ആർ ഡി എസ് .സഭയുടെ ആസ്ഥാനമന്ദിരവും സഭാ സ്ഥാപകനായ ശ്രീകുമാരഗുരുദേവന്റെ  ഖബറിടവും ഇരവിപേരൂരിൽ തന്നെയാണ് .ഒരു കാലഘട്ടത്തിൽ ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ ഇടയിൽ സാമൂഹിക മാറ്റത്തിന്റെ  കാറ്റു വിതച്ച ഒരു വിപ്ലവകാരിയായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്നറിയപ്പെട്ടിരുന്ന ശ്രീകുമാരഗുരുദേവൻ .ഇരവിപേരൂരിന്റെ  സാമൂഹിക-സാംസ്കാരിക ചരിത്രത്തിൽ ഈ സംഘടന ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുമാരഗുരുദേവന്റെ  ജന്മദിനമായ കുംഭം അഞ്ചാം തീയതി വർഷംതോറും നടത്തുന്ന സാംസ്കാരിക ഘോഷയാത്ര നാടിന്റെ മൊത്തത്തിലുള്ള ഒരു സാംസ്കാരിക ഉത്സവമായി മാറി ക്കഴിഞ്ഞിരിക്കുന്നു .

സർക്കാർ നടപ്പിലാക്കിയ വരട്ടാർ പുനരുജ്ജീവന പദ്ധതിയിലൂടെ, ഗ്രാമത്തിന്റെ തെക്കേ അതിർത്തിയെ തഴുകി ഒഴുകുന്ന നാമമാത്രമായി പോയ വരട്ടാറിനെ വീണ്ടെടുത്തത് ,ഇരവിപേരൂരിന്റെ  പ്രശസ്തി കേരളം മുഴുവൻ എത്തിച്ചു .ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരവിപേരൂർ ചരിത്രങ്ങൾ ആവർത്തിക്കുകയാണ്. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ലിംകാ ബുക്ക് ഓഫ് റെക്കോർഡിന്റെ    വികസനം എന്ന അധ്യായത്തിൽ ഇടംനേടി .2016ലെ എഡിഷനിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ലഭിച്ചത് ,ഗ്രാമീണമേഖലയിൽ ആദ്യമായി ഏറ്റവും കൂടുതൽ വൈഫൈ ലഭ്യമാക്കിയത് എന്നീ പ്രത്യേകതകളും എടുത്തുപറയേണ്ടതാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ   ഔദ്യോഗിക വെബ്സൈറ്റിൽ പഞ്ചായത്ത് ഇടംനേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ആദ്യ ബയോഡൈവേഴ്സിറ്റി പുരസ്കാരം നേടിയ പഞ്ചായത്ത് കൂടിയായ ഇരവിപേരൂർ ഇന്ത്യയിൽ ആദ്യമായി ഐഎസ്ഒ അംഗീകാരം ഉള്ള പ്രാഥമികാരോഗ്യകേന്ദ്രം എന്ന നേട്ടവും കൈവരിച്ചു.