സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

            ചരിത്രതാളുകളിലൂടെ പുറകോട്ട് തിരിഞ്ഞു നോക്കുന്നത് മുന്നോട്ടുള്ള യാത്രയ്‍ക്ക് കരുത്ത് പകരും .ഇന്നലെകളിലെ യാത്ര ദിശമാറിയിരുന്നോ എന്ന പരിശോധന നാളെയ്ക്കുള്ള ദിശാബോധം നൽകും. അറബിക്കടലിനും വേമ്പനാട്ടുകായലിനുമിടയിലുള്ള ചേർത്തല താലൂക്കിൽ വേമ്പനാട്ട് കായലിന്റെ തീരത്തോടുചേർന്ന് കാണുന്ന മണപ്പുറം എന്ന നന്മനിറഞ്ഞ ഗ്രാമത്തിൻെറ ചരിത്രം, ഇവിടുത്തെ സി.എം.ഐ സന്യാസാശ്രമത്തിന്റെയും സെന്റ്. തെരേസാസ് ഹൈ സ്കൂളിന്റെയും കൂടി ചരിത്രമാണ്. വൈക്കം താലൂക്കിൽ നിന്ന് വേമ്പനാട്ട്കായലിലെ ഓളങ്ങളെ ഒന്നും വകവെയ്കാതെ, സ്കൂൾ വിദ്യാഭ്യാസത്തിനായി ഇക്കരയ്‍ക്ക് വള്ളങ്ങളിലും ബോട്ടിലും യാത്രചെയ്യുന്ന കുട്ടികൾ സ്കൂളിന്റെ ചരിത്രപ്രാധാന്യം ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു.തികഞ്ഞ യാഥാർത്ഥ്യബോധത്തോടുകൂടി മണപ്പുറത്തിന്റെ ചരിത്രതാളുകൾ തുന്നിചേർക്കുവാൻ ശ്രമിക്കുകയാണ്.

സഭാചരിത്രം



            വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു വി.ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പ്രാരാബ്‍ധങ്ങള‍ുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയാതെ ഏറെക്കുറെ അപരിഷ്‍കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസികതയോടെയും മുന്നിൽ നിന്ന് പ്രവർത്തിച്ച ചരിത്രമാണ് വി.ചാവറയച്ചന്റേത്.
««കൂടുതൽ സഭാചരിത്രം കാണുന്നതിനായി ക്ലിക്ക് ചെയ്യുക»»

സ്കൂൾ ചരിത്രം


             1926 മെയ് 17ന് വി. കൊച്ചുത്രേസ്യയുടെ നാമത്തിൽ മണപ്പുറം ആശ്രമക്കെട്ടിടത്തിന് അന്നത്തെ പ്രിയോർ ജനറലായിരുന്ന പെരിയ. ബഹു. നേര്യംപറമ്പിലച്ചൻ തറക്കല്ലിട്ടു. 6 മാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. 1926 ഡിസംബറിൽ പ്രഥമ മണപ്പുറം വികാരിയായി ബഹു.പാലക്കൽ തോമാച്ചനും കൂട്ടരും മണപ്പുറത്ത് താമസമാക്കി. പുതിയ രണ്ടു നില കെട്ടിടത്തിന് തറ പണി നടത്തിയത് ബഹു.തോമാച്ചൻ തന്നെയായിരുന്നു.             1929ൽ ബഹു.തോമാച്ചന്റെ പിൻഗാമിയായി വന്ന ബഹു.ബർത്തോൾഡച്ചൻ കെട്ടിടം പണി പൂർത്തിയാക്കി. 1932ൽ കാനോനിക ഭവനം ആക്കി ഉയർത്തിയ ചെറുപുഷ്പ ആശ്രമത്തിന്റെ ആദ്യത്തെ പ്രിയോർ ബഹു.ബർത്തോൾഡച്ചൻ തന്നെയായിരുന്നു. 1936ൽ സിഎംഐ അച്ഛൻമാർ മണപ്പുറത്ത് താമസമാക്കിയ കാലം മുതൽ പള്ളിപ്പുറം ഇടവകയുടെ വടക്കേ അതിർത്തിയിലും തൈക്കാട്ടുശ്ശേരി ഇടവകയുടെ വടക്ക് കിഴക്കേ അതിർത്തി പ്രദേശത്തും ഉള്ള ഏവരുടെയും ആധ്യാത്മികവും, സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെ സംസ്‍കാരപൂർണമാക്കാൻ സാധിക്കു എന്ന് പഠിപ്പിച്ച വി.ചാവറയച്ചൻ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള ആദ്യപടിയായി 1938 ൽ തന്നെ ഇവിടെ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. 1964 ൽ യുപി സ്കൂളും 1982ൽ ഹൈസ്കൂളും ആരംഭിച്ചു. ഇന്നുള്ള ഹൈ സ്കൂളിന്റെ പുതിയ രണ്ടു നില കെട്ടിടത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്, 1996 ജൂൺ 5ന് അന്തരിച്ച ഫാ.നിക്കോളാസ് പൊൻന്തേമ്പിള്ളി അച്ഛനാണെന്ന് കാര്യം പ്രത്യേകം സ്മരണാർഹമാണ്. 1976ൽ സ്ഥാപിതമായ ഇൻഫന്റ് മേരി നഴ്സറി സ്കൂൾ ഇന്ന് സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.

1982 ൽ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ

പ്ലാറ്റിനം ജൂബിലി (കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക)

മണപ്പുറത്തിന്റെ ചരിത്രം


            ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ് എം എൽ എ റോഡ്,പൂച്ചാക്കൽ റോഡും തെക്ക് മാക്കേക്കടവ് തൈക്കാട്ടുശ്ശേരി റോഡും ആണ് അതിരുകൾ വടക്കേ അതിര് വരേക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന പ്രദേശം.

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക