സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/മണപ്പുറത്തിന്റെ ചരിത്രം
-
ഭൂപ്രക്യതി
വളക്കൂറില്ലാത്ത സിലിക്കാ മണൽ നിറഞ്ഞ സമതല പ്രദേശമാണ് മണപ്പുറം. മണൽപുറമാണ് മണപ്പുറമായി തീർന്നത് എന്ന് നിസംശയം പറയാം. ഏതാണ്ട് മൂന്ന് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇവിടെ നെൽപാടങ്ങൾ നിറഞ്ഞിരുന്നു.ഭക്ഷ്യക്ഷാമം നേരിടുന്നതിന് നെല്ലുൽപാദനം ലക്ഷ്യമാക്കി മണ്ണുകുഴിച്ച് നെൽപാടങ്ങൾ ഉണ്ടാക്കുകയായിരുന്നു. കുഴിച്ചെടുത്ത മണ്ണ് പാടങ്ങൾക്ക് ചുറ്റും വലിയ കൂമ്പാരങ്ങളായി നിലകൊണ്ടു.പച്ച വിരിച്ച പാടങ്ങളും അവയ്ക്കരുകിൽ തലയുയർത്തി നിന്ന പഞ്ചാര മണൽ കുന്നുകളും മണപ്പുറത്തിന് പ്രത്യേക ചാരുത പകർന്നിരുന്നു. വേമ്പനാട്ടു കായലിന്റെ തീരപ്രദേശമൊഴികെ ജനവാസവും ജനസാന്ദ്രതയും തീരെ കുറവായിരുന്നു. ഭൂമിയിൽ ഏറിയ പങ്കും ഏതാനും ഭൂ ഉടമകളുടെയും പള്ളിയുടെയും ഉടമസ്ഥതയിലായിരുന്നു. വേമ്പനാട്ടു കായൽ മണപ്പുറത്തിനെ തഴുകി ഒഴുകുന്നുണ്ടെങ്കിലും വളക്കൂറ് തീരെയില്ലാത്ത ചൊരി മണലാണ് ഇവിടെയുള്ളത്. തീരപ്രദേശങ്ങളിൽ വെള്ളത്തിന് ഉപ്പു രുചി ഉണ്ട് . ചൊരി മണൽ നിറഞ്ഞ പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ വാർന്ന് പോകുന്നു എന്ന പ്രത്യേകതയുമുണ്ട്.എങ്കിലും ഏതാനും അടി താഴ്ത്തിയാൽ തന്നെ വെള്ളം ലഭിക്കുന്ന പ്രദേശമാണ് ഇത്.ജലസമൃദ്ധമെങ്കിലും വെള്ളത്തിൽ ലവണാംശങ്ങളും ഇരുമ്പും അധികമായി ഉള്ളതിനാൽ നിറത്തിനും രുചിക്കും വ്യത്യാസമുണ്ട്. പൊതുവെ കുടിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യത കുറവാണെന്ന് പറയാം.കുളവും കിണറും മറ്റും കുഴിക്കുമ്പോൾ ലഭിക്കുന്ന കക്കയുടെയും ചെറിയ ശംഖിന്റെയും സ്വഭാവവും ഈ പ്രദേശം കടൽ പിൻവലിഞ്ഞ് ഉണ്ടായതാണെന്ന സൂചന നൽകുന്നു.
-
കൃഷി
കേരളത്തിന്റെ പൊതു സ്വഭാവത്തിനു ചേർന്നുപോകുംവിതം മണപ്പുറം ഒരു കാർഷിക ഗ്രാമമായിരുന്നു നെല്ലും തെങ്ങുമായിരുന്നു പ്രധാന കാർഷിക വിളകൾ.ഒരു കാലത്ത് നോക്കെത്താ ദൂരത്ത് പരന്നുകിടന്ന നെല്ല് പാടങ്ങൾ ഇന്ന് ഒരു ഓർമ്മമാത്രമാണ്. ജനസംഖ്യ വർധിച്ചപ്പോൾ പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി അവശേഷിക്കുന്നില്ല. നെല്ലുപോലെ തന്നെ തെങ്ങ് കൃഷിയും വ്യാപകമയിരുന്നു. നല്ല കായ്ഫലം നൽകുന്ന ഉയരം കൂടിയ തെങ്ങുകളാണ് ഇവിടെ ഉള്ളത്.
-
വ്യവസായം
1960 -കളിൽ സ്ഥാപിതമായ വി.ഒ ജോസഫ് ആൻഡ് സൺസ് എന്ന കയർ കമ്പനി കയർ മേഖലയിൽ ധാരാളം തൊഴിലാളികൾക്ക് ആശ്രയമായിരുന്നു.തോപ്പിൽ പാപ്പച്ചൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വാര്യം പറമ്പിൽ ജോസഫ് ആണ് കമ്പനിയുടെ സ്ഥാപകൻ. കയർപിരി,കയർ വാട്ടം,കയർ കെട്ടൽ,തൊണ്ട് മൂടൽ,തൊണ്ട് ശേഖരണം,കയർ ചുമട്,കയർ കൊണ്ടുപോകൽ തുടങ്ങിയ പണികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഈ കമ്പിനിയിൽ ജോലി ചെയ്ത് വന്നിരുന്നത്.ഇവിടെ ഉണ്ടാക്കുന്ന കയർ ആലപ്പുഴ പട്ടണത്തിൽ കൊണ്ടുപോയി അവിടെ ഉണ്ടായിരുന്ന മലയ പ്രസ്സ്,ബോംബെ കമ്പനി എന്നിവടങ്ങളിൽ പ്രസ്സ് ചെയ്ത് സെയിൽ ആക്കി ആലപ്പുഴ തുറമുഖംവഴി കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്.വലിയ കേവുവള്ളങ്ങളിലാണ് ഇവിടെ നിന്നും ആലപ്പുഴയ്ക്ക് കയർ കൊണ്ടുപോയിരുന്നത്.വള്ളക്കാരും കയർ കമ്പനിയുമായി ഉണ്ടായ ചില പ്രശ്നങ്ങൾ പെട്ടെന്നു തന്നെ ഒരു തൊഴിൽ സമരമായി രൂപാന്തരപ്പെട്ടു. തുച്ഛമായ കൂലി വർധിപ്പിച്ചു നല്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം.1972 സി.പി.ഐ യുടെ നേതൃത്വത്തിൽ ഇത് ഒരു വലിയ തൊഴിൽ സമരമായി മാറി.കുന്തറ ശക്തൻ,കൃഷ്ണൻകുട്ടി,നീലകണ്ഠൻ,കുരുവിള തുടങ്ങിയവരായിരുന്നു സമരത്തിനു നേതൃത്വം നല്കിയത്.രണ്ടുവർഷം നീണ്ടു നിന്ന സമരം പക്ഷേ പരാജയപ്പെടുകയാണ് ഉണ്ടായത്. സമരത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന കയർ കമ്പനി അടച്ചുപൂട്ടുകയും അത് ഫോർട്ട് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
വി ഒ ഔസേപ്പ് ആന്റ് സൺസ് കമ്പനി സ്ഥാപിതമാകുന്നതിനു മുൻപ് തന്നെ ഇവിടെ മറ്റുപല വ്യവസായങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. കൊച്ചു പരീത് ആന്റ് കമ്പനി[കയർ എക്സ്പോർട്ട്] ഫിഷ് ഇൻഡ്യ എക്സ്പോർട്ട് ഇൻറ്റർനാഷണൽ, ടി.എം.കെ ഓവർസീസ്,ടി എം കൊച്ചു പരീത് ആന്റ് സൺസ്,സൗത്ത് ഇൻഡ്യൻ ടിമ്പർ ഇൻഡസ്ട്രീസ്,സൗത്ത് മിൽ എന്നിവ അക്കാലത്തെ പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളായിരുന്നു.പിന്നീട് എൻ.സി ജോൺ ആൻഡ് കമ്പനി എന്ന പേരിൽ സൈക്കിൾ ടയർ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയും,ഒരു ചണമില്ലും കൂടി സ്ഥാപിതമായി.ഈ കമ്പിനികളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തു വന്നിരുന്നത്. നിരവധിയായ നെയ്തുതറകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. കോട്ടൺ നൂൽ ഉപയോഗിച്ച് തോർത്തുകളും മുണ്ടുകളും കൈത്തറികളിൽ നെയ്തിരുന്നു. പത്മശാലിയ വിഭാഗത്തിൽപ്പെട്ടവരാണ് പ്രധാനമായും ഈ തൊഴിലിൽ എർപ്പെട്ടിരിക്കുന്നത്.കോട്ടൺ നൂലിന്റെ ദൗർലഭ്യവും വലിയ തുണി മില്ലുകളോടും മത്സരിക്കുന്നതിനുള്ള ശേഷി ഇലായ്മ മൂലം കൈത്തറി ഇന്ന് നാമമാത്രമായിരിക്കുന്നു. വ്യവസായിക അഭിവൃത്തി ഉണ്ടായതും ധാരാളം വ്യവസായ സംരംഭങ്ങൾ സ്ഥാപിതമായതും പ്രദേശത്തിനാകെ വലിയ ഉണർവുപകർന്നു.ഇതോടനുബന്ധിച്ചു വാണിജ്യ രംഗം അഭിവൃദ്ധിപ്പെട്ടു.മാക്കേക്കടവ് മണപ്പുറം ഭാഗത്ത് മാത്രം ഏതാണ്ട് മുപ്പത്തോളം കടകൾ നിലനിന്നതായി പഴമക്കാർ പറയുന്നു. ചുരുക്കത്തിൽ 1960 മുതൽ 70 വരെയുള്ള കാലഘട്ടം ഈ പ്രദേശത്തിന്റെ സുവർണ കാലഘട്ടമായിരുന്നു എന്ന് പറയാം. പല കാരണങ്ങൾ കൊണ്ടും പ്രത്യേകിച്ച് തൊഴിൽ പരമായ പ്രശ്നങ്ങൾമൂലം വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആക്കുകയും 70കളുടെ ഉത്തരാർദ്ധത്തിൽ തന്നെ മിക്ക വ്യവസായ ശാലകളും പൂട്ടി പോകുകയും ചെയ്തു. ആദ്യ കാല വ്യവസായങ്ങൾ അസ്തമിച്ചപ്പോഴേക്കും മറ്റു ചില വ്യവസായങ്ങൾ ഇവിടെ ഉദയം ചെയ്തു. ഫ്ലോർ സെക്കർ,സലോറ പെയിന്റ്സ്,ലാവണ്യ പെയിന്റ്സ്, മരോട്ടിക്കൽ കയർ വർക്ക്സ് എന്നിവയാണ് അവയിൽ പ്രധാനമായവ എന്നാൽ കാലക്രമത്തിൽ അവയും പ്രവർത്തനം അവസാനിപ്പിക്കുന്ന അവസ്ഥയുമായി.ഇപ്പോൾ മരോട്ടിക്കൽ കയർ വർക്ക്സ് മാത്രമാണ് പ്രധാന വ്യവസായമായി നിലകൊള്ളുന്നത്. -
തൊഴിലും സമ്പത്തും
കയർ തൊഴിലാളികളും,കർഷകത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും ആയിരുന്നു ജനങ്ങളിൽ ഏറെയും.ഭൂരിപക്ഷം പട്ടിണിയിലായിരുന്നു.കയർ മേഖലയാണ് തൊഴിലിന്റെ ഏറിയ പങ്കും വഹിച്ചിരുന്നത്.കർഷക തൊഴിലാളി,മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾ പോലും തൊണ്ട് തല്ലലിലും കയർ പിരിയിലും ഏർപ്പെട്ടിരുന്നു.കാർഷിക മേഖലയിൽ കൂലി വളരെ കുറവായിരുന്നു.അതിലും കുറഞ്ഞ കൂലിയാണ് കയർ മേഖലയിൽ ഉണ്ടായിരുന്നത്. ചുരുക്കത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും പകലന്തിയോളം പണിയെടുത്താലും വയർ നിറയെ കഴിക്കുന്നതിനുള്ള വരുമാനം ലഭിച്ചിരുന്നില്ല.വീടുകൾ നിത്യവും പട്ടിണിയിൽ ആയിരിക്കും.
തൊണ്ട് തല്ലി ഉണ്ടാകുന്ന കയർ പിരിച്ച് ഇവിടെ ഉണ്ടായിരുന്ന കയർ കമ്പനിയിലേക്ക് നൽകുന്നതായിരുന്നു പ്രധാന തൊഴിൽ. കമ്പനി തൊണ്ട് അഡ്വാൻസ് ആയി നൽകുകയും അത് തല്ലി ലഭിക്കുന്ന ചകിരി കൈകൊണ്ട് പിരിച്ച് കയറാക്കി കമ്പനിക്ക് തിരികെ നൽകുമ്പോൾ അഡ്വാൻസ് നൽകിയ തൊണ്ടിന്റെ വില ഒഴിച്ച് പണം നൽകുക എന്നതായിരുന്നു പൊതുവായ രീതി.
നെൽവയലുകളിലും തെങ്ങിൻപ്പറമ്പുകളിലും കൂലിവേല ചെയ്തിരുന്നവരും ചെത്ത് തൊഴിലിൽ ഏർപ്പെട്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. നെൽവയലുകൾ നികത്തപ്പെട്ടതും കൃഷി കുറഞ്ഞതും അവരുടെ തൊഴിൽ ഇല്ലാതാക്കി.
കായൽ തീരമേഖലയിൽ മൽസ്യബന്ധനത്തിലും അനുബന്ധ തൊഴിലിലും ഏർപ്പെട്ടിരുന്നവരാണ് അധികവും.കമ്പവല എന്നറിയപ്പെടുന്ന ചീന വലകൾ ഈ പ്രദേശത്ത് ധാരാളമായി ഉണ്ടായിരുന്നു. ചെറുവളളങ്ങളിൽ കായലിൽ പോയി ചൂണ്ടയിട്ടും,വലയിട്ടും മീൻ പിടിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ ലഭിക്കുന്ന ചെമ്മീൻ,കരിമീൻ,കൊഞ്ച്,ഞണ്ട്,തിരുത, ചെമ്പല്ലി മുതലായ മത്സ്യങ്ങൾ മത്സ്യത്തൊഴിലാളി സ്ത്രീകൾ വീടുകളിലും ചന്തകളിലും കൊണ്ടുപോയി വിറ്റിരുന്നു.ഇന്ന് മത്സ്യബന്ധനത്തിൽ കാര്യമായ കുറവുണ്ടായിരിക്കുന്നു. മത്സ്യകയറ്റുമതിക്കായി ഏതാനും കമ്പനികൾ ഇവിടെ പ്രവർത്തിച്ചിരുന്നു.അവിടേക്ക് ചെമ്മീൻ നുള്ളി എത്തിക്കുന്നതിന് ധാരാളം പീലിംഗ് ഷെഡ്ഡുകളും പ്രവർത്തിച്ചിരുന്നു.മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് ഉണ്ടാക്കുന്ന ഫാക്ടറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.
കക്കവാരൽ, കക്കനീറ്റൽ എന്നിവയും മത്സ്യമേഖലയിലെ പ്രധാന തൊഴിലുകൾ ആയിരുന്നു.വൈക്കം കായൽ എന്നറിയപ്പെടുന്ന ഈ മണപ്പുറം കായലിലെ കക്കകൾ ഗുണനിലവാരം ഏറിയതാണ്. ഇതിൽ നിന്ന് ലഭിക്കുന്ന കക്കയിറച്ചി ഏറെ രുചികരമായിനാൽ മാർക്കറ്റിൽ വലിയ പ്രിയമായിരുന്നു. -
ഗതാഗതം
പണ്ടുകാലത്ത് ജല ഗതാഗതം ആയിരുന്നു യാത്രാമാർഗം.യാത്രയ്ക്കും ചരക്കു നീക്കുന്നതിനും വള്ളങ്ങളും ബോട്ടുകളും ആണ്.ആലപ്പുഴ, കോട്ടയം എന്നീ സ്ഥലങ്ങളിൽ നിന്നും എറണാകുളത്തേക്ക് മുപ്പതോളം ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. മണപ്പുറത്തും,മാക്കേക്കടവിലും പഞ്ചായത്ത് വക കടത്തുവഞ്ചി ഉണ്ടായിരുന്നു.പിന്നീട് ചേർത്തല അരൂക്കുറ്റി റോഡ് നിലവിൽ വന്നപ്പോൾ 10,15ആളുകൾക്ക് സഞ്ചരിക്കാവുന്ന തുറന്ന കരിവണ്ടി ഓടിത്തുടങ്ങി.കൽക്കരി ഉപയോഗിച്ച് ഓടിച്ചിരുന്നതിനാലാണ് കരിവണ്ടി എന്ന് അറിയപ്പെട്ടിരുന്നത് .1960തോടു കൂടി അരൂർ നിവാസിയായ കംമ്പോല ചങ്കു എന്നയാളുടെ ഉടമസ്ഥതയിൽ ഇതിൽ ഡീസൽ വണ്ടി ഓടിത്തുടങ്ങി. പിന്നീട് ശ്രീലക്ഷ്മി മോട്ടേഴ്സ്,ശ്രീഹരി മോട്ടേഴ്സ്,ശ്രീദേവി എന്നിങ്ങനെ ബസ് സർവീസുകൾ ആരംഭിച്ചതോടെ ജലഗതാഗതത്തിനു പ്രസക്തി ഇല്ലാതായി.ഇപ്പോൾ വൈക്കത്ത് നിന്ന് എറണാകുളത്തേക്കുള്ള വേഗ ബോട്ട് സർവീസും മണപ്പുറം ചെമ്മനാകരി ജംഗാർ സർവീസുമാണ് ജലഗതാഗതമായി ഉള്ളത്. പണ്ടുകാലത്ത് കാർ ഉൾപ്പെടെ ഉള്ള സ്വകാര്യ വാഹനങ്ങൾ അത്യപൂർവ്വം ആയിരുന്നു. എങ്കിലും ഇന്ന് മിക്ക വീടുകളിലും കാർ ഉൾപ്പെടെ ഉള്ള സ്വകാര്യ വാഹനങ്ങൾ ഉണ്ട്.
-
സാമൂഹ്യം സാംസ്കാരികം
ദരിദ്രരെങ്കിലും വിവിധ ജാതി മത വിഭാഗങ്ങൾ ഒത്തൊരുമയോടെ സമാധാനത്തിൽ കഴിയുന്ന പ്രദേശമാണ് മണപ്പുറം.ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം കുടുംബങ്ങളുടെ എണ്ണം കുറവാണ്.ഹിന്ദുക്കളിൽ പ്രഭലമായത് ഈഴവർ ആണ്.ധീവര സമുദായത്തിൽ പെട്ടവരും എണ്ണത്തിൽ കുറവല്ല.മൂന്നാം സ്ഥാനം പത്മശാലിയ വിഭാഗത്തിനാണ്.നായർ,ഗൗഡ സരസ്വത, ബ്രാഹ്മണർ എന്നിവരും ഉണ്ട്. പട്ടിക ജാതിയിൽപ്പെട്ട 610 പേരും പട്ടിക വർഗത്തിൽ പെട്ട 37 പേരും മണപ്പുറം പ്രദേശത്തു താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും അധി ദരിദ്രരാണ്.അവരുടെ പ്രധാന തൊഴിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട കൂലിപ്പണികളാണ്.കായലോര മേഖലയിൽ ധീവര സമുദായത്തിൽ പെട്ടവർ തിങ്ങി പാർക്കുന്നു.മത്സ്യ ബന്ധനവും,അനുബന്ധ ജോലികളുമാണ് ഇവരുടെ പ്രധാന തൊഴിൽ. 8ാം വാർഡിൽ ഇവർക്കായി ഒരു ഫിഷർമെൻ കോളനി സ്ഥാപിതമായിട്ടുണ്ട്.എം എൻ ലക്ഷംവീട് പദ്ധതി പ്രകാരം പണിതീർത്ത ഇരട്ട വീടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വിവിധ പദ്ധതികളിൽ പെടുത്തി അവയെല്ലാം ഒറ്റ വീടുകൾ ആക്കിയിരിക്കുന്നു.ഫോർട്ട്കൊച്ചി ഭാഗത്തു നിന്നു കുടിയേറി പാർത്ത ഏതാനും ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളും ഇവിടെ ഉണ്ട്.അവരിൽ ഡ്രൈവർ സർ എന്നു നാട്ടുകാർ വിളിച്ചിരുന്ന ബിവേറ എന്നയാൾ പ്രസിദ്ധനായ വിഷകാരി ആയിരുന്നു.ദൂരെ ദേശങ്ങളിൽ നിന്നു പോലും വിഷചികിത്സയ്ക്ക് ആളുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള നാട്ടുകാരുടെ ആഗ്രഹപ്രകാരം മത്സ്യ തൊഴിലാളികളായ നാലു കുടുംബക്കാരുടെ കൈവശം വന്നു ചേർന്ന ആരാധനാലയം 1806 മീനം മാസം 25 ന് വരേകാട്കുടുംബത്തിനു വേണ്ടി രജിസ്റ്റർ ചെയ്തു വാങ്ങി. ഈ സ്ഥലത്തു ഓടിട്ട ഒരു ചെറിയ ക്ഷേത്രം പണിത് കണ്ണാടി പ്രതിഷ്ഠ നടത്തി.വൈക്കം രാമൻ വൈദ്യൻ എന്ന മഹാതന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യൻ ആയ വാസുദേവൻ തന്ത്രിയും വരച്ചു കാട്ടിയ സങ്കല്പം എന്നനിലയിലാണ് വരേകാട് എന്ന് ഈ ക്ഷേത്രത്തെ വരുന്നതെന്നും പറയപ്പെടുന്നു. കാല പഴക്കത്താൽ ജീർണിച്ചു പോയ ക്ഷേത്രം 1989 ൽ പുതുക്കി പണിതു.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്.ഈ ക്ഷേത്രത്തിൽ നിന്നുമാണ് തൈക്കാട്ടുശ്ശേരി പുന്നകീഴിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയർ കൊണ്ടുപോകുന്നത്.കുംഭമാസത്തിലെ ഭരണി നാളിലാണ് മഹോത്സവം.ഇവിടുത്തെ സർപ്പപ്പാട്ട് തുളളലും തുള്ളലും കാവടിഘോഷയാത്രയും ഏറെ പ്രശസ്തമാണ്.