ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനറിപ്പോർട്ട് 2019 – 2020

ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്‍റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്‍തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്‍ചവെക്കാനും ഈ വർഷം സാധിച്ചു.

പ്രധാനപ്രവർത്തനങ്ങൾ

വിദഗ്ധരുടെ ക്ലാസ്സുകൾ

ഫോട്ടോഗ്രാഫി എന്തെന്നുംഫോട്ടോഗ്രാഫിയുടെ പിന്നിലുള്ള പ്രർത്തനങ്ങളെക്കുറിച്ചുംഅതിന്റെ അനന്തസാധ്യതകളെക്കുറിച്ചും പുൽപ്പള്ളിയിലുള്ള സിബി പുൽപ്പള്ളി എന്നയാളുടെ വിദഗ്ധക്ലാസ്സ് നടന്നു.ഫോട്ടോഗ്രാഫിയെക്കുറിച്ചും പ്രശസ്തഛായാഗ്രാഹകരുടെ ഫോട്ടോപ്രദർശനവും കുട്ടികളുടെ സംശയനിവാരണവും നടന്നു. 

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

എല്ലാവർഷവും നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി സ്കൂളിൽ ഈ വർഷംപുതുമയോടെ നടത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറായി.ഇതിനായി ഒരു പുതിയ സോഫ്‍റ്റ് വെയർ കണ്ടെത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽക്ലാസ്സധ്യാപകരുടെ സ്‍മാർട്ട് ഫോണുകളിൽ തെരഞ്ഞെടുപ്പിന്റെ ആപ്പ് ഇൻസ്ററാൾ ചെയ്ത് അതിൽ വേണ്ട പരിശീലനം നൽകുകയും ചെയ്തു. ബാലറ്റ് യൂണിറ്റ് തുടങ്ങിയവ ഈ ആപ്പിൽഉണ്ടായിരുന്നു.കുട്ടികളിൽ തെരഞ്ഞെടുപ്പ് ഒരു പുതിയ അനുഭവമാക്കാൻ ഇതുവഴി സാധിച്ചു.

==ഡിജിറ്റൽ പൂക്കളം==

ഈ വർഷത്തെ ഓണാഘോഷം ഡിജിറ്റലൈസ് ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കളമത്സരംസംഘടിപ്പിച്ചു. അതോടൊപ്പം പൂക്കളങ്ങൾ ദൃശ്യവത്കരിക്കാൻ വേണ്ട പ്രവർത്തനങ്ങളും നടത്തി.

അമ്മമാർക്കുള്ള പരിശീലനം

നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് എടുക്കുന്ന ക്ലാസ്സുകൾ പരിചയപ്പെടുത്താനുംപാഠപുസ്തകങ്ങളിലെ ബാർകോഡുകൾ,സമഗ്ര,വിക്ടേഴ്‍സ് ചാനൽ , സൈബർ ലോകത്തെചതിക്കുഴികൾതുടങ്ങിയ, അമ്മമാർ അറി‍ഞ്ഞിരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ലിറ്റില് കൈറ്റ്സ് ‍അംഗങ്ങളുടെ സഹായത്തോടെ അമ്മമാർക്ക് പ്രത്യേകപരിശീലനം നടത്തി. മൊബൈൽആപ്പുകൾ കൈകാര്യം ചെയ്യാനും ഡൗൺലോഡ് ചെയ്യാനും മറ്റും കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തി.

കർണാടകവിദ്യാഭ്യാസമന്ത്രിയുടെ വിദ്യാലയസന്ദർശനം

കേരളത്തിലെ പൊുവിദ്യാഭ്യാസരംഗത്തെ ആധുന്കവത്കരണം , ഹൈടെക് ക്ലാസ്സ്റൂമുകൾ,ഹൈടെക് പാഠ്യപദ്ധതി തുടങ്ങിയവയെ നേരിട്ട് കണ്ട് മനസ്സിലാക്കാനുമായി കേരളവിദ്യാഭ്യാസവകുപ്പിന്റെ അറിവോടെ കർണാടകസംസ്ഥാനവിദ്യാഭ്യാസമന്ത്രി മീനങ്ങാടിഹൈസ്കൂൾ സന്ദർശിക്കുകയുണ്ടായി.വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മന്ത്രിയെ സ്വീകരിച്ചു.കമ്പ്യൂട്ടർലാബുകൾ ലൈബ്രറി,സയൻസ് ലാബുകൾ,ഹൈടെക് ക്ലാസ്സ്റൂമുകൾഎന്നിവ അദ്ദേഹം സന്ദർശിക്കുകയും മാതൃകാക്ലാസ്സ് കണ്ട് സംശയങ്ങൾ ദൂരീകരിക്കുകയുംചെയ്തു.

ബോധവത്കരണക്ലാസ്സ്

ഹൈടെക്വിദ്യാലയങ്ങളെക്കുറിച്ചും ക്ലാസ്സ്‍റൂമുകളിലെ ആധുന്കസംവിധാനങ്ങളെക്കുറിച്ചുംലിറ്റിൽകൈറ്റ്സിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസ്സ് നടത്തി. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും കുട്ടികൾക്ക് ലഭിക്കുന്ന വിദഗ്ധപരിശീലനങ്ങളെക്കുറിച്ചും ക്ലാസ്സിൽവിശദീകരണമുണ്ടായിരുന്നു.

യൂ ടൂബ് ചാനൽ

ഈ വർഷം വിദ്യാലയത്തിന് സ്വന്തമായി ഒരു യൂടൂബ് ചാനൽ ആരംഭിക്കാൻസാധിച്ചു.വിദ്യാലയത്തിൽ നടത്തിയ പ്രധാനപരിപാടികളെല്ലാം ലൈവായി സംപ്രേഷണംചെയ്യാൻ ഇതിലൂടെ സാധിച്ചിരുന്നു.

വിൿടേഴ്‍സിലേക്കുള്ള വാർത്ത തയ്യാറാക്കൽ

തികച്ചും കുട്ടികളുടെ നേതൃത്വത്തിൽ,വിദ്യാലയത്തിലെ പ്രധാനപരിപാടികളെക്കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കുകയും അവ യഥാസമയം ചാനലിലേക്ക് അപ്‍ലോഡ് ചെയ്യാനും ഈ വർഷം സാധിച്ചു.

കേരളവിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്സ്

കേരളവിദ്യാഭ്യാസമന്ത്രിയായ ബഹുമാനപ്പെട്ട പ്രൊഫ.സി രവീന്ദ്രനാഥ് സ്കൂൾ സന്ദർശിച്ച വേളയിൽ ലിറ്റിൽകൈറ്റ്സ്അംഗങ്ങൾക്കായി മലയാളഭാഷയെസംബന്ധിച്ച് ഒരു ക്ലാസ്സ് സംഘടിപ്പിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹംഒരു അധ്യാപകന്റെ ഭാഷയിൽ മറുപടി പറഞ്ഞു.അദ്ദേഹത്തിന്റെ ക്ലാസ്സ്‍ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പുതിയ അനുഭവമായി.

അന്താരാഷ്ട്രനിലാരത്തിലേക്ക്

സംസ്ഥാനത്തെ വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളിൽ പണി പൂർത്തിയായ ആദ്യവിദ്യാലയം മീനങ്ങാടി ഗവ ഹയർസെക്കണ്ടറി സ്കൂളാണ്. പ്രസ്തുതകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിച്ചു.ഈയവസരത്തിൽ പ്രസ്തുത ചടങ്ങ്റിപ്പോർട്ട് ചെയ്യാനും ലൈവായിസംപ്രേഷണം ചെയ്യാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു.

ഫീൽഡ് ട്രിപ്പ്

വ്യവസായകേന്ദ്രങ്ങളിലെ സാങ്കേതികപ്രവർത്തനങ്ങളെ പരിചയപ്പെടാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബത്തേരിയിലുള്ള സോപ്പ് ഫാക്ടറി , ഭക്ഷ്യോത്പന്ന നിർമാണകേന്ദ്രം എന്നിവ സന്ദർശിച്ചു. തായ് ഗ്രൂപ്പ് നടത്തുന്ന സോപ്പ് ഫാക്ടറിയിൽഎത്തിയഅംഗങ്ങൾക്ക് സോപ്പ് നിർമാണത്തിന്റെ വിവിധവശങ്ങളും വിപണനവും ഉപകരണങ്ങളുടെ സാങ്കേതികമികവും മറ്റും മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് പാണ്ഡ ഗ്രൂപ്പിന്റെ ഫാക്ടറിയിൽ എത്തിയ അംഗങ്ങളെ മാനേജർ സ്വീകരിച്ചു.വിവിധ അച്ചാറുകൾ,കറിപ്പൊടികൾ എന്നിവതയ്യാറാക്കുന്നതും ബാർ കോഡുകൾ പതിക്കുന്ന വിധവും മറ്റും അവിടെനിന്ന് പരിചയപ്പെടാൻസാധിച്ചു.

സ്കൂൾ വിക്കി

വിദ്യാലയങ്ങളുടെ അടിസ്ഥാനവിവരങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനായി ആരംഭിച്ച സ്കൂൾ വിക്കി എന്ന വെബ് സൈറ്റിൽ മീനങ്ങാടിഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ പേജ് മികവുറ്റതാക്കാൻ വിദ്യാലയ അംഗങ്ങൾക്ക് സാധിച്ചു. പൂർവ്വവിദ്യാർത്ഥികൾ,പൂർവ്വാധ്യാപകർ,വിവിധ ക്ലബ്ബുകൾ,കൂടാതെ വിദ്യാലയവിവരങ്ങൾ,കുട്ടികളുടെസൃഷ്ടികൾ,വാർത്തകൾ,എന്നിവ വിവരണാത്മകമാക്കാൻ സാധിച്ചു. മാത്രമല്ല ചില വാർത്തകളിലെ ലിങ്ക് വഴി യൂ ടൂബിലേക്ക്പ്രവേശിക്കാനും വായനക്കാർക്ക് സാധിക്കുന്നു.‍

'ലിറ്റിൽ കൈറ്റ്‍സ്

          സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ഡിജിറ്റൽ മാഗസിൻ 2019

മീനങ്ങാടിയിലെ അമ്മമാരും ഇനി ഹൈടെക്


മീനങ്ങാടി:- കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയതിന് പിന്നാലെ രക്ഷിതാക്കളായ അമ്മമാരെയും ഹൈടെക് ആക്കുന്നതിന്റെ പരിശീലനപരിപാടി മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച അധ്യാപകരുടെയും വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് അമ്മമാർക്ക് സ്മാർട്ട്ഫോണിൽ പരിശീലനം നൽകിയത്. പാഠപുസ്തകത്തിലെ ക്യൂ ആ‌ർ കോഡുകൾ സ്കാൻ ചെയ്യാനുള്ള ബാർ കോഡ് സ്കാനർ കുട്ടികളുടെ സഹായത്തോടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് അമ്മമാർ റിസോഴ്സുകൾ നേരിട്ട് കണ്ടറിഞ്ഞു. പുതിയ പാഠപുസ്തകങ്ങളിൽ എല്ലാം തന്നെ പാഠത്തിന് ഉപയോഗിക്കാവുന്ന റിസോഴ്സുകൾ ക്യൂ ആർ കോഡിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട് പഠന വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വെബ് പോർട്ടലായ "സമഗ്ര" വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ‍ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ "സമേതം" എന്ന പോർട്ടൽ, മുഴുനീള വിദ്യാഭ്യാസ ചാനലായ "വിക്ടേഴ്സ്" എന്നിവയെക്കുറിച്ചും പരിശീലനം നൽകി. ഇവ സ്മാർട്ട്ഫോൺ വഴി ഉപയോഗിക്കുന്നതിലൂടെ അമ്മമാർക്ക് കുട്ടികളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും വിദ്യാലയങ്ങളിൽ നടക്കുന്ന ഹൈടെക് പഠനരീതി സമഗ്രമായി പരിചയപ്പെടാനും സാധിച്ചു സൈബർലോകത്ത് ശ്രദ്ധിക്കേ​ണ്ട സംഗതികളെക്കുറിച്ചും പ്രതിപാദിച്ചു. 8 ,9 ,10 ക്ലാസ്സുകളിലെ രക്ഷിതാക്കളായ അമ്മമാർക്കായിരുന്നു പരിശീലനം. അഞ്ഞൂറോളം അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു. https://www.youtube.com/watch?v=oWRUQMhnhaY

 
മീനങ്ങാടിയിലെ കുട്ടിപട്ടങ്ങൾ
 
little kites awards

















Little KITEs – അനുഭവക്കുറിപ്പ്

 
ലിറ്റിൽ കൈറ്റ്സ് പ്രഥമ അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കേരളത്തിൽ 2018 ജനുവരി 22 നാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെകനോളജി ഫോർ എജ്യുക്കേഷൻ) തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്തത്. അന്ന് ഞാൻ 8-ാം ക്ലാസ്സിൽപഠിക്കുകയായിരുന്നു. SPC യിൽ ചേരാൻ ആഗ്രഹിച്ച എനിക്ക് അതിൽ സെലക്ഷൻ കിട്ടിയില്ല. ആ നിരാശയിൽ ഇരിക്കുമ്പോഴാണ് കൈറ്റ്സിന്റെ പ്രവേശനപ്പരീക്ഷ എഴുതുകയും അതിൽ നിന്നും ഞാനുൾപ്പെടെ 40 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയതത്. എനിക്ക് ഏറ്റവും ഇഷ്‍ട്ട വിഷയം IT ആയതുകൊണ്ട് വളരെ സന്തോഷത്തോടും കൂടിയാണ് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ ഓരോ ക്ലാസ്സിലും പങ്കെടുത്തത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. മലയാളം ടൈപ്പിങ്ങ്, സൈബർ സേഫ്‍റ്റി, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ആനിമേഷൻ തുടങ്ങിയ കുറേ കാര്യങ്ങളെക്കുറിച്ച് മനോജ് സാറും ഷീജ ടീച്ചറും പഠിപ്പിച്ചുതന്നു. മികച്ച ലാബായിരുന്നു ഞങ്ങളുടേത്. ഒരു വസ്തുവിനെ എങ്ങനെയാണ് ആനിമേഷനിൽ ചലിപ്പിക്കുന്നതെന്ന് എന്ന അറിവ് എന്നെ ആശ്ചര്യപ്പെടുത്തി. ഞങ്ങളുടെ സബ്ജില്ലാ ക്യാമ്പ് അമ്പലവയൽ ജി.എച്ച്.എസ്.എസ്സിൽ വെച്ചായിരുന്നു. അതിൽ ഞാനുൾപ്പെടെ എട്ട് പേരാണ് പങ്കെടുത്തത്. ആ രണ്ട് ദിവസത്തെ ക്യാമ്പിൽ നല്ല രീതിയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചു. അവിടെ നിന്നും ജില്ലാ ക്യാമ്പിലേക്ക് എന്നെയും അഖീഷിനെയും തിരഞ്ഞെടുത്തു. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ച് ഫോട്ടോഗ്രഫിയെപ്പറ്റിയും ന്യൂസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായ രണ്ട് ദിവസത്തെ ക്ലാസ്സുണ്ടായിരുന്നു. ആ ക്ലാസ്സിൽ വെച്ചാണ് ക്യാമറ എങ്ങെനെയെല്ലാം ഉപയോഗിക്കാമെന്നും ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കണ്ടതെന്നും എനിക്ക് മനസ്സിലാക്കാനായത്. ഈ ക്യാമ്പിനു ശേഷം സ്കൂളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും വിഡിയോകളും എടുക്കാനും അതിനെപ്പറ്റിയുള്ള ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കാനും എനിക്ക് കഴിഞ്ഞു. ഞങ്ങളുടെ സ്കൂളിൽ ആദ്യമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'സംഹിത' യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിക്കാനും ജോയലിനെ കുറിച്ച് ചെറിയൊരു റിപ്പോർട്ട് അതിൽ തയ്യാറാക്കാനും എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ആസ്ഥാനമായ പനമരം ജി.എച്ച്.എസ്.എസിൽ ഫെബ്രുവരി 16, 17 തിയ്യതികളിലായിരുന്നു ജില്ലാ ക്യാമ്പ്. ജില്ലാ കോ-ഓർഡിനേറ്റർ തോമസ് സാറിന്റെ നേതൃത്വത്തിൽ നടന്ന സഹവാസക്യാമ്പിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് പങ്കെടുത്തിരുന്നത്. 3D മോഡലിങ്ങും 3D ആനിമേഷനും 'Blender' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പഠിക്കാൻ കഴിഞ്ഞു. സ്വന്തമായി ആനിമേഷൻ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലായി. ആ ക്യാമ്പിൽ പുതിയതായി കുറേ കൂട്ടുകാരെ പരിചയപ്പെടാനും കുറേ നല്ല അറിവുകളും അനുഭവങ്ങളും എനിക്കുണ്ടായ നേട്ടമായി ഞാൻ കരുതുന്നു. നമ്മുടെ സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഞാനും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ആഖിഷും ആണ് പങ്കെടുത്തിരുന്നത്. പങ്കെടുത്ത എല്ലാവരും നല്ല പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. ആഖിഷിനെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കാത്തത് എനിക്ക് വിഷമമായി. ഞാനുൾപ്പെടെ ആനിമേഷൻ വിഭാഗത്തിൽ അഞ്ചുപേരെയും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ അഞ്ചുപേരെയുമാണ് സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തതിനു ശേഷം എന്റെ ഫോട്ടോ പതിച്ച ഫ്ലക്സ് സ്കൂളിൽ വെക്കുകയും സ്കൂൾ തുറക്കുന്ന ദിവസം എല്ലാവരുടേയും സാന്നിധ്യത്തിൽ സ്റ്റേജിൽ വെച്ച് എനിക്ക് മൊമെന്റോ വാങ്ങാനും സാധിച്ചു. ലിറ്റിൽ കൈറ്റ് സ്കൂളുകളിൽ നടത്തുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ജില്ലാ, സംസ്ഥാനതല അവാർഡുകളിൽ നമ്മുടെ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം മീനങ്ങാടി ജി.എച്.എസ്.എസിന്ന് നേടാൻ കഴിഞ്ഞു. കൈറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളിൽ എനിക്കും നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ജൂലൈ 5 ന് മുഖ്യമന്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങാൻ എന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പം എനിക്ക് കഴിഞ്ഞു. എനിക്ക് സ്വപ്നതുല്യമായ ഒരു വേദിയായിരുന്നു അത്. മന്ത്രിയോടൊപ്പം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. തിരുവനന്തപുരത്തെ പ്ലാനറ്റോറിയവും കണ്ടതിന് ശേഷമാണ് ഞങ്ങൾ തിരിച്ചുപോന്നത്. പിന്നീട് സ്റ്റേറ്റ് ക്യാമ്പിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓഗസ്റ്റ് 8, 9 തിയതികളിൽ എറണാകുളം സ്റ്റാർട്ടപ്പ് മിഷനിൽ വെച്ചായിരുന്നു ക്യാമ്പ്. Blender എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കിയ അനിമേഷൻ വീഡിയോകളുമായി അഞ്ചുപേരും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ നല്ലകണ്ടുപിടുത്തങ്ങളുമായി അഞ്ചുപേരും ഉൾപ്പടെ ഞങ്ങളുടെ പ്രിയപ്പെട്ട കൈറ്റ്സിന്റെ അധ്യാപകരായ തോമസ് സാറും, ഷാജി സാറും, മുഹമ്മദലി സാറും കൂടി ട്രാവലറിൽ ഓഗസ്റ്റ് 7 ന് ഉച്ചകഴിഞ്ഞ് എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. അന്ന് രാത്രി എറണാകുളത്തുള്ള കൈറ്റിന്റെ സെന്ററിൽ താമസിച്ച് പിറ്റേന്ന് രാവിലെ സ്റ്റാർട്ടപ്പ് മിഷനിൽ ചെന്നു. വിദ്യാഭ്യാസമന്ത്രി ശ്രീ. പ്രൊഫ. സി. രവീന്ദ്രനാഥ് സാറായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അവിടെ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളും അറിവുകളും അവിസ്മരണീയമായിരുന്നു. AI (Artificial Intalligence), VR (Virtual Reality), Maker Village, Fab Lab etc തുടങ്ങിയ സെക്ഷനുകൾ സന്ദർശിക്കാനും അടുത്ത് അറിയാനും ആദ്യത്തെ ദിവസത്തെ ക്യാമ്പിൽ സാധിച്ചു. അടുത്ത ദിവസത്തെ ക്യാമ്പിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും പ്രളയം വന്നത്. മഴ കനത്തതോടുകൂടി കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവാൻ തുടങ്ങി. അതോടെ ഞങ്ങളുടെ രണ്ടാം ദിവസത്തെ ക്യാമ്പ് ക്യാൻസൽ ചെയ്തതായി അറിയിപ്പ് വന്നു. ഞങ്ങൾ തിരിച്ചുപോരാൻ തീരുമാനിച്ചു. മെട്രോയിൽ കയറി യാത്ര ചെയ്തതെതിന്ന് ശേഷം വായനാട്ടിലേക്ക് തിരിച്ചു. ആ യാത്ര വളരേ സാഹസികമായിരുന്നു. അപ്പോഴേക്കും പല സ്ഥലങ്ങളിലും വെള്ളം കയറാൻ തുടങ്ങിയിരുന്നു. മഴ കനത്തു. പലസ്ഥലങ്ങളിൽ നിന്നും ഞങ്ങളുടെ വാഹനം വഴിതിരിച്ചുവിട്ടു. ഒടുവിൽ രാത്രി 8-30 ന് ഞാൻ വീട്ടിലെത്തി. രണ്ടാം ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ബാക്കിയാക്കി നല്ല കുറേ അറിവുകളും അനുഭവങ്ങളും നൽകിയ സംസ്ഥാന ക്യാമ്പ് അങ്ങനെ കഴിഞ്ഞു. സെപ്റ്റംബർ 21 ന് കർണാടകയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയും പ്രമുഖരും ഉൾപ്പടെ കുറേപേർ നമ്മുടെ സ്കൂൾ സന്ദർശിക്കാനിടയായി. ലിറ്റിൽ കൈറ്സിന്റെ പ്രവർത്തനങ്ങളും പഠനവും എങ്ങനെയാണ് എന്ന് നേരിട്ട് കാണാനും അറിയാനും വേണ്ടിയാണ് അവർ വന്നത്. സ്കൂളിലെ ഐടി ലാബും സ്മാർട്ട് ക്ലാസ്സ്മുറികളും അവർ സന്ദർശിച്ചു. ആ സന്ദർഭത്തിലും അവരുടെ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കി ടി.വി ചാനലിനു കൈമാറാനും എനിക്ക് സാധിച്ചു. ഒരൊറ്റമാസംകൊണ്ട് പതിനൊന്ന് ലക്ഷം വീട്ടമ്മമാർക്ക് QR Code അടക്കമുള്ള ഹൈടെക് വിദ്യകളിൽ പരിശീലനം നൽകുന്ന 'സ്മാർട്ടമ്മ' കോഴ്സ് ലിറ്റിൽ കൈറ്സിന്റെ കീഴിലിപ്പോൾ പ്രവർത്തനമാരംഭിക്കുന്നു. അന്താരാഷ്ട്രനിലവാരത്തിലേക്കുയർന്ന നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം കുടി 1കഴിയുന്നതോടെ ലോകത്തിൽ തന്നെ അറിയപ്പെടുന്ന കേരളത്തിലെ മികച്ച സ്കൂളായി മീനങ്ങാടി ജി.എച്.എസ്.എസ് മാറുമെന്നതിൽ സംശയമില്ല. ലിറ്റിൽ കൈറ്റിൽ അംഗമായതോടുകൂടി എനിക്ക് ഒരുപാട് മാറ്റങ്ങളും കുറെ നല്ല അറിവുകളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു. ഇത് ലിറ്റിൽ കൈറ്റ്സിലെ ഓരോ കൂട്ടുകാർക്കും പുതിയതായി വരും വർഷങ്ങളിൽ വരുന്ന വിദ്യാർഥികൾക്കും പ്രചോദനമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ഞാൻ നിര്ത്തുന്നു.