LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float



Little KITEs – അനുഭവക്കുറിപ്പ്

 
ലിറ്റിൽ കൈറ്റ്സ് പ്രഥമ അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കേരളത്തിൽ 2018 ജനുവരി 22 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെകനോളജി ഫോർ എജ്യുക്കേഷൻ) തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്തത്. അന്ന് ഞാൻ 8-ാം ക്ലാസ്സിൽപഠിക്കുകയായിരുന്നു. SPC യിൽ ചേരാൻ ആഗ്രഹിച്ച എനിക്ക് അതിൽ സെലക്ഷൻ കിട്ടിയില്ല. ആ നിരാശയിൽ ഇരിക്കുമ്പോഴാണ് കൈറ്റ്സിന്റെ പ്രവേശനപ്പരീക്ഷ എഴുതുകയും അതിൽ നിന്നും ഞാനുൾപ്പെടെ 40 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയതത്. എനിക്ക് ഏറ്റവും ഇഷ്‍ട്ട വിഷയം IT ആയതുകൊണ്ട് വളരെ സന്തോഷത്തോടും കൂടിയാണ് ഞാൻ ലിറ്റിൽ കൈറ്റ്സിന്റെ ഓരോ ക്ലാസ്സിലും പങ്കെടുത്തത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. മലയാളം ടൈപ്പിങ്ങ്, സൈബർ സേഫ്‍റ്റി, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ആനിമേഷൻ തുടങ്ങിയ കുറേ കാര്യങ്ങളെക്കുറിച്ച് മനോജ് സാറും ഷീജ ടീച്ചറും പഠിപ്പിച്ചുതന്നു. മികച്ച ലാബായിരുന്നു ഞങ്ങളുടേത്. ഒരു വസ്തുവിനെ എങ്ങനെയാണ് ആനിമേഷനിൽ ചലിപ്പിക്കുന്നതെന്ന് എന്ന അറിവ് എന്നെ ആശ്ചര്യപ്പെടുത്തി. ഞങ്ങളുടെ സബ്ജില്ലാ ക്യാമ്പ് അമ്പലവയൽ ജി.എച്ച്.എസ്.എസ്സിൽ വെച്ചായിരുന്നു. അതിൽ ഞാനുൾപ്പെടെ എട്ട് പേരാണ് പങ്കെടുത്തത്. ആ രണ്ട് ദിവസത്തെ ക്യാമ്പിൽ നല്ല രീതിയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചു. അവിടെ നിന്നും ജില്ലാ ക്യാമ്പിലേക്ക് എന്നെയും അഖീഷിനെയും തിരഞ്ഞെടുത്തു. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ച് ഫോട്ടോഗ്രഫിയെപ്പറ്റിയും ന്യൂസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും വിശദമായ രണ്ട് ദിവസത്തെ ക്ലാസ്സുണ്ടായിരുന്നു. ആ ക്ലാസ്സിൽ വെച്ചാണ് ക്യാമറ എങ്ങെനെയെല്ലാം ഉപയോഗിക്കാമെന്നും ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കണ്ടതെന്നും എനിക്ക് മനസ്സിലാക്കാനായത്. ഈ ക്യാമ്പിനു ശേഷം സ്കൂളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും വിഡിയോകളും എടുക്കാനും അതിനെപ്പറ്റിയുള്ള ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കാനും എനിക്ക് കഴിഞ്ഞു. ഞങ്ങളുടെ സ്കൂളിൽ ആദ്യമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'സംഹിത' യുടെ സ്റ്റുഡന്റ് എഡിറ്ററായി പ്രവർത്തിക്കാനും ജോയലിനെ കുറിച്ച് ചെറിയൊരു റിപ്പോർട്ട് അതിൽ തയ്യാറാക്കാനും എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ആസ്ഥാനമായ പനമരം ജി.എച്ച്.എസ്.എസിൽ ഫെബ്രുവരി 16, 17 തിയ്യതികളിലായിരുന്നു ജില്ലാ ക്യാമ്പ്. ജില്ലാ കോ-ഓർഡിനേറ്റർ തോമസ് സാറിന്റെ നേതൃത്വത്തിൽ നടന്ന സഹവാസക്യാമ്പിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് പങ്കെടുത്തിരുന്നത്. 3D മോഡലിങ്ങും 3D ആനിമേഷനും 'Blender' എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പഠിക്കാൻ കഴിഞ്ഞു. സ്വന്തമായി ആനിമേഷൻ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലായി. ആ ക്യാമ്പിൽ പുതിയതായി കുറേ കൂട്ടുകാരെ പരിചയപ്പെടാനും കുറേ നല്ല അറിവുകളും അനുഭവങ്ങളും എനിക്കുണ്ടായ നേട്ടമായി ഞാൻ കരുതുന്നു. നമ്മുടെ സ്കൂളിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഞാനും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ആഖിഷും ആണ് പങ്കെടുത്തിരുന്നത്. പങ്കെടുത്ത എല്ലാവരും നല്ല പ്രവർത്തനമായിരുന്നു കാഴ്ചവെച്ചത്. ആഖിഷിനെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കാത്തത് എനിക്ക് വിഷമമായി. ഞാനുൾപ്പെടെ ആനിമേഷൻ വിഭാഗത്തിൽ അഞ്ചുപേരെയും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ അഞ്ചുപേരെയുമാണ് സ്റ്റേറ്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ലിറ്റിൽ കൈറ്റ്സിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തതിനു ശേഷം എന്റെ ഫോട്ടോ പതിച്ച ഫ്ലക്സ് സ്കൂളിൽ വെക്കുകയും സ്കൂൾ തുറക്കുന്ന ദിവസം എല്ലാവരുടേയും സാന്നിധ്യത്തിൽ സ്റ്റേജിൽ വെച്ച് എനിക്ക് മൊമെന്റോ വാങ്ങാനും സാധിച്ചു. ലിറ്റിൽ കൈറ്റ് സ്കൂളുകളിൽ നടത്തുന്ന മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ജില്ലാ, സംസ്ഥാനതല അവാർഡുകളിൽ നമ്മുടെ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം മീനങ്ങാടി ജി.എച്.എസ്.എസിന്ന് നേടാൻ കഴിഞ്ഞു. കൈറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളിൽ എനിക്കും നല്ലൊരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ജൂലൈ 5 ന് മുഖ്യമന്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങാൻ എന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പം എനിക്ക് കഴിഞ്ഞു. എനിക്ക് സ്വപ്നതുല്യമായ ഒരു വേദിയായിരുന്നു അത്. മന്ത്രിയോടൊപ്പം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു. സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. തിരുവനന്തപുരത്തെ പ്ലാനറ്റോറിയവും കണ്ടതിന് ശേഷമാണ് ഞങ്ങൾ തിരിച്ചുപോന്നത്. പിന്നീട് സ്റ്റേറ്റ് ക്യാമ്പിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓഗസ്റ്റ് 8, 9 തിയതികളിൽ എറണാകുളം സ്റ്റാർട്ടപ്പ് മിഷനിൽ വെച്ചായിരുന്നു ക്യാമ്പ്. Blender എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കിയ അനിമേഷൻ വീഡിയോകളുമായി അഞ്ചുപേരും പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ നല്ലകണ്ടുപിടുത്തങ്ങളുമായി അഞ്ചുപേരും ഉൾപ്പടെ ഞങ്ങളുടെ പ്രിയപ്പെട്ട കൈറ്റ്സിന്റെ അധ്യാപകരായ തോമസ് സാറും, ഷാജി സാറും, മുഹമ്മദലി സാറും കൂടി ട്രാവലറിൽ ഓഗസ്റ്റ് 7 ന് ഉച്ചകഴിഞ്ഞ് എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. അന്ന് രാത്രി എറണാകുളത്തുള്ള കൈറ്റിന്റെ സെന്ററിൽ താമസിച്ച് പിറ്റേന്ന് രാവിലെ സ്റ്റാർട്ടപ്പ് മിഷനിൽ ചെന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സാറായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അവിടെ ഞങ്ങളെ കാത്തിരുന്ന കാഴ്ചകളും അറിവുകളും അവിസ്മരണീയമായിരുന്നു. AI (Artificial Intalligence), VR (Virtual Reality), Maker Village, Fab Lab etc തുടങ്ങിയ സെക്ഷനുകൾ സന്ദർശിക്കാനും അടുത്ത് അറിയാനും ആദ്യത്തെ ദിവസത്തെ ക്യാമ്പിൽ സാധിച്ചു. അടുത്ത ദിവസത്തെ ക്യാമ്പിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് വീണ്ടും പ്രളയം വന്നത്. മഴ കനത്തതോടുകൂടി കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവാൻ തുടങ്ങി. അതോടെ ഞങ്ങളുടെ രണ്ടാം ദിവസത്തെ ക്യാമ്പ് ക്യാൻസൽ ചെയ്തതായി അറിയിപ്പ് വന്നു. ഞങ്ങൾ തിരിച്ചുപോരാൻ തീരുമാനിച്ചു. മെട്രോയിൽ കയറി യാത്ര ചെയ്തതെതിന്ന് ശേഷം വായനാട്ടിലേക്ക് തിരിച്ചു. ആ യാത്ര വളരേ സാഹസികമായിരുന്നു. അപ്പോഴേക്കും പല സ്ഥലങ്ങളിലും വെള്ളം കയറാൻ തുടങ്ങിയിരുന്നു. മഴ കനത്തു. പലസ്ഥലങ്ങളിൽ നിന്നും ഞങ്ങളുടെ വാഹനം വഴിതിരിച്ചുവിട്ടു. ഒടുവിൽ രാത്രി 8-30 ന് ഞാൻ വീട്ടിലെത്തി. രണ്ടാം ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ബാക്കിയാക്കി നല്ല കുറേ അറിവുകളും അനുഭവങ്ങളും നൽകിയ സംസ്ഥാന ക്യാമ്പ് അങ്ങനെ കഴിഞ്ഞു. സെപ്റ്റംബർ 21 ന് കർണാടകയിൽ നിന്നും വിദ്യാഭ്യാസമന്ത്രിയും പ്രമുഖരും ഉൾപ്പടെ കുറേപേർ നമ്മുടെ സ്കൂൾ സന്ദർശിക്കാനിടയായി. ലിറ്റിൽ കൈറ്സിന്റെ പ്രവർത്തനങ്ങളും പഠനവും എങ്ങനെയാണ് എന്ന് നേരിട്ട് കാണാനും അറിയാനും വേണ്ടിയാണ് അവർ വന്നത്. സ്കൂളിലെ ഐടി ലാബും സ്മാർട്ട് ക്ലാസ്സ്മുറികളും അവർ സന്ദർശിച്ചു. ആ സന്ദർഭത്തിലും അവരുടെ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും റിപ്പോർട്ട് തയ്യാറാക്കി ടി.വി ചാനലിനു കൈമാറാനും എനിക്ക് സാധിച്ചു. ഒരൊറ്റമാസംകൊണ്ട് പതിനൊന്ന് ലക്ഷം വീട്ടമ്മമാർക്ക് QR Code അടക്കമുള്ള ഹൈടെക് വിദ്യകളിൽ പരിശീലനം നൽകുന്ന 'സ്മാർട്ടമ്മ' കോഴ്സ് ലിറ്റിൽ കൈറ്സിന്റെ കീഴിലിപ്പോൾ പ്രവർത്തനമാരംഭിക്കുന്നു. അന്താരാഷ്ട്രനിലവാരത്തിലേക്കുയർന്ന നമ്മുടെ സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം കുടി 1കഴിയുന്നതോടെ ലോകത്തിൽ തന്നെ അറിയപ്പെടുന്ന കേരളത്തിലെ മികച്ച സ്കൂളായി മീനങ്ങാടി ജി.എച്.എസ്.എസ് മാറുമെന്നതിൽ സംശയമില്ല. ലിറ്റിൽ കൈറ്റിൽ അംഗമായതോടുകൂടി എനിക്ക് ഒരുപാട് മാറ്റങ്ങളും കുറെ നല്ല അറിവുകളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു. ഇത് ലിറ്റിൽ കൈറ്റ്സിലെ ഓരോ കൂട്ടുകാർക്കും പുതിയതായി വരും വർഷങ്ങളിൽ വരുന്ന വിദ്യാർഥികൾക്കും പ്രചോദനമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ഞാൻ നിര്ത്തുന്നു.

2023 ലെ വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം

വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിനു ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പൊതു വിദാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി പുരസ്കാരം സമ്മാനിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , കൈറ്റ് മാസ്റ്റർ സി മനോജ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.