സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/അക്ഷരവൃക്ഷം/ജീവിത വീഥിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത വീഥിയിൽ

നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടയ്ക്കാൻ അല്ലാതെ എന്നെക്കൊണ്ട് എന്തിന് സാധിക്കും. അല്ല അതിനു പോലും സാധിക്കാതെ മരണത്തിനു ഞാൻ കീഴ് പ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നിലെ ഞാൻ മരിച്ചു കഴിഞ്ഞു. ഒരിക്കൽ അഹങ്കരിച്ചിരുന്ന, എന്നാൽ ഇന്ന് ഒന്നിനും വിലയില്ലാത്ത ശരീരം മാത്രമായി മാറിയിരിക്കുന്നു. ഒന്ന് കരയാൻ പോലും സാധിക്കാത്ത അവസ്ഥ എന്ത് ഭീകരമാണെന്ന് അറിഞ്ഞിരിക്കുന്നു. മരണം എന്നെ കൊണ്ടുപോകുന്നത് ഞാൻ അറിയുന്നു. സത്യം പറഞ്ഞാൽ ഭയമാണെനിക്ക്. അധികം താമസിയാതെ അതെന്നെ കീഴ് പ്പെടുത്തും. ഈ ഭൂമിയിൽ നിന്നും അടർന്നു പോകുന്ന, കൊഴിഞ്ഞുപോകുന്ന ഓരോ വ്യക്തികളും തന്റെ ഉറ്റവരെയും ഉടയവരെയും കിനാവുകളെയും എല്ലാം ഉപേക്ഷിച്ചല്ലേ ആരും അഭയം ഇല്ലാത്ത ഒരു ലോകത്തേക്ക് ഒറ്റയ്ക്ക് യാത്രയാകുന്നത്.

ആ സ്ത്രീ- എന്റെ അമ്മ എന്നെ എന്തുമാത്രം സ്നേഹിച്ചിരുന്നു. അവരുടെ അവസാനനാളുകളിൽ എന്തൊരു അക്ഷന്തവ്യമായ അപരാധമാണ് ഞാൻ ആ സ്ത്രീയോട് ചെയ്തത്. പത്തുമാസം അവരെന്നെ ഉദരത്തിൽ വഹിച്ചതിനുള്ള നന്ദി ഞാൻ അവർക്കും നൽകിയില്ല. അമ്മയുടെ മണവും ആഹാരവും എല്ലാം എനിക്ക് എന്തുമാത്രം പ്രിയപ്പെട്ടതായിരുന്നു. പക്ഷേ ആ യാത്ര എന്നെയും എന്റെ ജീവിതത്തെയും മാറ്റിമറിച്ചു. എന്റെ നാവിനെയും എന്റെ ശരീരത്തെയും എന്റെ താൽപര്യങ്ങളെയും മാറ്റിമറിച്ചു. അന്യദേശത്തെ ജീവിതം എന്നെയും അന്യനാക്കിതീർത്തു.

ചെറുപ്പത്തിൽ തന്റെ ശരീരത്തെ വേദനിപ്പിച്ചിരുന്ന സൂചി പ്രയോഗത്തി ൻ നീറ്റൽ പോലെ ഓരോ ചിന്തകളും അവന്റെ മനസ്സിലൂടെ കടന്നു പോയി. അവൻ അറിഞ്ഞു . അവന്റെ ശരീരത്തിൽ കീറിമുറിക്കാതെ ഒരു സ്ഥലം ഉണ്ടോ? ഒരു സൂചി പോലും കുത്തുവാൻ സ്ഥലമില്ലാത്ത വിധം തന്റെ ശരീരവും അതിനേക്കാൾ മനസ്സും ആകെ വ്രണപ്പെട്ടിരിക്കുന്നു.സ്നേഹം തരാൻ ആരുമില്ല. ഇത് എന്റെ വിധിയാണ്. ഞാൻ ചെയ്ത തെറ്റിന് ആർക്കും മാപ്പ് നൽകാൻ സാധിക്കില്ല.

കണ്ണീരോടെ കൈകൾ കൂപ്പി അന്ന് എന്റെ അമ്മ പറഞ്ഞു. "അമ്മയ്ക്ക് ആവില്ല മോനെ നിന്നെ മുറിവേറ്റ് കാണാൻ, വേദനിച്ച് കാണാൻ”. പക്ഷേ എന്തുകൊണ്ടാണ് എനിക്ക് എന്റെ അമ്മയെ മനസ്സിലാക്കാൻ സാധിക്കാതിരുന്നത്. അമ്മ എന്റെ നന്മ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ അമ്മയുടെ നിർദ്ദേശങ്ങൾ, ആഹാരം. മണം, എല്ലാം... എല്ലാം ഞാൻ വെറുത്തു. ആ വെറുപ്പ് എന്നെ പല ദുശ്ശീലങ്ങൾക്കും അടിമ പെടുത്തി. അവസാനം ഞാനും ഒരു രോഗി ആയി മാറി. എന്റെ അമ്മയെ ഒന്ന് അവസാനമായി കാണാൻ പോലും എനിക്ക് സാധിച്ചില്ല അതുപോലെ ഒരു മാറാരോഗിയായി ഞാൻ മാറിയിരിക്കുന്നു. എന്റെ ജീവിതം ഒരു പാഠമാകട്ടെ എല്ലാവർക്കും. എന്റെ അമ്മയ്ക്ക് വേണ്ടി എനിക്ക് അത്രയെങ്കിലും ചെയ്യണം. പ്രകൃതിയായ എന്റെ അമ്മയ്ക്ക് വേണ്ടിയും.... അവന്റെ കണ്ണുകളടഞ്ഞു, ചങ്കിടിപ്പു നിലച്ചു. അവസാനമായി അവൻ പറഞ്ഞു പാഠമാകട്ടെ എന്റെ ജീവിതം.

അഞ്ജന മരിയ റോയി
10 എ സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ