സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ശ്രീമതി കോമളം

Schoolwiki സംരംഭത്തിൽ നിന്ന്


താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയിൽ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻ‌കര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻ‌കരയിൽ ശ്രീ പങ്കജാക്ഷ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്. പഠിക്കാൻ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാൻ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻ‌കര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാം‌ദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.


കോമളം അന്ന്


കോമളം ഇന്ന്