സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോകത്തെ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന മഹാമാരി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ വുഹാൻ നഗരത്തിൽ പോസറ്റീവ് കേസുകൾ കൂടിക്കൂടി വന്നപ്പോൾ 3,4 മാസത്തേക്ക് ആ രോഗത്തെ പോസറ്റീവ് ആയി നേരിടാൻ അവർ ശ്രമിച്ചു. അതിന്റെ ഫലമായി അമേരിക്കയിലെയും ഇറ്റലിയിലെയും സ്പെയിനിലെയും കണക്കുകൾ വെച്ച് നോക്കുമ്പോൾ രോഗബാധിതരുടെ എണ്ണവും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണം ഫലപ്രദമായി നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. വുഹാനിലെ ചന്തകളിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ഈ വൈറസ് എവിടെ നിന്ന് എങ്ങനെ എന്ന ചോദ്യത്തിനൊന്നും ഇന്നും വ്യക്തതയില്ല. ചൈനയുടെ ജൈവായുധമാണിതെന്ന് ചിലർ ഇതിനെ വ്യാഖ്യാനിക്കുമ്പോൾ അമേരിക്ക തങ്ങളുടെ അടിത്തറ ഇളക്കാനായി ഇളക്കി വിട്ടതാണെന്നതാണ് ചൈനയുടെ വാദം. എങ്കിലും വാസ്തവം ഇന്നും വ്യക്തമല്ല. എന്തിരുന്നാലും ചൈന അതിനെ വേണ്ട രീതിയിൽ പ്രതിരോധിച്ചു. ഇന്ന് വുഹാൻ അsക്കമുള്ള നഗരങ്ങൾ സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. ചൈനയിൽ സാധാരണ രീതികൾ തിരിച്ചു വന്നു കൊണ്ടിരിക്കുമ്പോൾ മറ്റുള്ള രാജ്യങ്ങൾ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കാട്ടു തീ പോലെ പടർന്നു കൊണ്ടിരിക്കയാണ്. മിക്ക വികസിത രാജ്യങ്ങളും ഈ കാട്ടുതീ അണയ്ക്കാനുള്ള പ്രതിവിധി എടുത്തത് അത് പടർന്ന് പിടിച്ചതിന് ശേഷമാണ്. ആദ്യത്തെ കനൽ വീണപ്പോൾ തന്നെ അതിനെ അണയ്ക്കാമായിരുന്നു. പക്ഷേ അതിന് തയ്യാറാവാത്തതിന്റെ പ്രതിഫലമാണ് നാം ഇന്ന് ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കണ്ട് വരുന്നത്. മരണ നിരക്കും രോഗബാധിതരുടെ നിരക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കയാണ്. ആയിരങ്ങൾ മരിച്ചു വീഴുകയാണ്.
ഇന്ന് ലോകത്ത് സാമ്പത്തിക രംഗത്തും മുൻപന്തിയിൽ തന്നെയാണ് ഈ രാജ്യങ്ങൾ. പിന്നെ എന്തുകൊണ്ടാണ് കോ വിഡ് 19 ഈ രാജ്യങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്? അതിന് കാരണം ഭരണാധികാരികളുടെ വീഴ്ച തന്നെയാണ്. വേണ്ട സമയത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. അതു കൊണ്ട് തന്നെ എല്ലാ കണക്ക് കൂട്ടലുകൾക്കുമപ്പുറം മരണ നിരക്കും രോഗബാധിതരുടെ നിരക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോൾ ഇന്ത്യ എന്ന വികസ്വര രാജ്യം വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ മഹാമാരിയെ നേരിടുന്നത്. ജനവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. തൃശ്ശൂർ ജില്ലയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ഒരു പക്ഷേ കേരള സർക്കാർ അതിനെ ഗൗരവമായി കണ്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്ന് മറ്റൊരു അമേരിക്കയോ ഇറ്റലിയോ ആയി മാറിയേനേ. ആ കോവിഡ് കേസ് സുഖപ്പെട്ടു. പിന്നെയും മാർച്ച് മാസത്തിൽ ഇറ്റലിയിൽ കോവിഡ് പടർന്നു പിടിക്കുമ്പോൾ നാട്ടിലെത്തിയവർ വഴിയാണ് കേരളത്തിൽ, ഇന്ത്യയിൽ തന്നെയും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എങ്കിലും അവരുടെ സമ്പർക്കപ്പട്ടിക വഴിയും മറ്റും അതും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. കോവിഡ് കേസുകൾ പിന്നീട് പ്രവാസികൾ വഴിയും മതസമ്മേളനങ്ങൾ വഴിയും മറ്റ് ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. അതോടെ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിച്ചു പല മേഖലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇപ്പോൾ ഇത് മെയ് 3 വരെ നീട്ടി.
സാമൂഹിക വ്യാപനം ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കുകയാണ് നാമിപ്പോൾ. എല്ലാ മഹാനഗരങ്ങളിലും മാസ്കുകൾ നിർബന്ധമാക്കി. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചു. ദേശീയ അന്തർദേശീയ വിമാന സർവ്വീസുകൾ നിർത്തിവെച്ചു. കപ്പലുകൾ വഴിയുള്ള ബന്ധങ്ങൾ നങ്കൂരമിട്ടു. ട്രെയിൻ സർവ്വീസുകൾ പൂർണമായും നിർത്തി. തിരക്കേറിയ ജീവിതത്തിന് ഇടവേള കൊടുത്തു കൊണ്ട് എല്ലാവരും വീട്ടിലിരിപ്പായി. ആഘോഷങ്ങളും കല്യാണങ്ങളുമെല്ലാം മുടങ്ങി. ആരാധനാലയങ്ങളിലേക്കുള്ള കവാടങ്ങൾ അടഞ്ഞു. പള്ളികളിൽ പോവാതെ ഈസ്റ്ററും പടക്കങ്ങളില്ലാതെ വിഷുവും കഴിഞ്ഞു. ഇങ്ങനെ ഒരു അനുഭവം ലോകത്തിന് പുതുമയായിരുന്നു. ലോക് ഡൗണിന്റെ ഗുണവും ദോഷവും ഏറെയാണ്. ജോലിത്തിരക്കുമായി കഴിഞ്ഞവരെല്ലാം വീട്ടീലേക്കൊതുങ്ങി. അങ്ങനെ കുടുംബ ബന്ധങ്ങൾ ദൃഡമായി. ഉള്ളത് പങ്ക് വെക്കാനും ചെലവ് ചുരുക്കാനും എല്ലാവരും പഠിച്ചു. കുട്ടികൾ തങ്ങളിൽ മറഞ്ഞു നിന്നിരുന്ന കഴിവുകൾ പുറത്ത് കൊണ്ട് വരാൻ തുടങ്ങി. എല്ലാവർക്കും എല്ലാറ്റിനും സമയമുണ്ടായി വരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും 2008 നേക്കാൾ വലുതായിരിക്കുമെന്നാണ് വിദഗ്ദരുടെ പഠനം. കോവിഡ് വന്നതോടെ സാമൂഹിക അകലത്തിനും വ്യക്തി ശുചിത്വത്തിനും പ്രാധാന്യമേറി. ഈ ലോക്ഡൗൺ കാലത്ത് നമ്മുടെ പരിസ്ഥിതിയിലും ഒട്ടേറെ മാറ്റങ്ങൾ പ്രകടമായി. മലിനജലം ഒഴുകിക്കൊണ്ടിരുന്ന നമ്മുടെ പുഴകളും തോടുകളും ശുദ്ധമായി. പുകയും പൊടിയും നിറഞ്ഞ അന്തരീക്ഷം ശുദ്ധമായി. മനുഷ്യരെ ഭയന്ന് റോഡിലിറങ്ങാതിരുന്ന പക്ഷിമൃഗാദികൾ ഇന്ന് ധൈര്യപൂർവ്വം ഇറങ്ങി നടക്കുന്നു. വാഹനങ്ങൾ നിറഞ്ഞ റോഡുകളെല്ലാം ശൂന്യമായി. വീട്ടിലിരിക്കുന്ന മിക്കവരും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഒന്നുച്ചത്തിൽ പാടാൻ കൊതിച്ച പക്ഷികളെല്ലാം കളഗാനവുമായി ആകാശത്ത് പാറി നടക്കുന്നു. കാലാവസ്ഥ സാധാരണ രീതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. വേനൽ മഴ ലഭിക്കാൻ തുടങ്ങി. ആഗോള താപനത്തിൽ കുറവ് വന്നു കൊണ്ടിരിക്കുന്നു. എല്ലാം നന്നായി വരുന്നു. ഭൂമിയാകുന്ന അമ്മ സന്തോഷവതിയായിരിക്കുന്നു. എങ്കിലും തന്റെ മക്കളുടെ തകർച്ചയിൽ ഖേദിക്കുന്നു. പ്രകൃതിയെ സ്നേഹിക്കാനുള്ള ഒരവസരം കൂടിയാണിത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയുമാണ് രോഗബാധിതരുടെ നിരക്കും മരണ നിരക്കും നിയന്ത്രിച്ചു കൊണ്ട് വരാൻ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സർക്കാറിന്റെ നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും അനുസരിക്കുന്ന പൊതുജനങ്ങളും ഈ കോവിഡ് കാലത്തെ സൈനികരാവുന്നു.കേരളത്തിലെ മിക്ക ജില്ലകളും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടു.അതിനാൽ തന്നെ എല്ലാവരും പ്രഖ്യാപനങ്ങളെല്ലാം അനുസരിക്കാൻ തുടങ്ങി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം ആരോഗ്യരംഗത്ത് മുന്നിലാണ്. കുറച്ച് നാളുകൾക്ക് മുന്നേ ഇവിടെ പടർന്നു പിടിച്ച നിപ്പ വൈറസ് കോവിഡിനെ എങ്ങനെയാണ് നേരിടേണ്ടതെന്ന് പഠിപ്പിച്ചു തന്നു. ഓഖിയും പ്രളയവും അതിജീവനത്തിന്റെ പാഠം നമ്മെ പഠിപ്പിച്ചു. ഇനി എന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ഇനി വരാനിരിക്കുന്നത്. ഒരു മനസ്സോടെ എല്ലാം നേരിടാൻ ,അതിജീവിക്കാം എന്ന് നമുക്ക് ഈ ഘട്ടത്തിൽ പ്രത്യാശിക്കാം. ലോകത്ത് കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഡോക്ടർമാർ നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സ്വന്തക്കാരെയും ബന്ധുക്കളെയും സ്നേഹിതരെയും മറന്ന് അവർ ലോകനന്മയ്ക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. സ്വന്തം പ്രാണന് വില കൽപിക്കാതെ അന്യന്റെ പ്രാണനെ രക്ഷിക്കാൻ അവർ മുതിരുന്നു. കത്തിയെരിയുന്ന സൂര്യന്റെ ചൂടിനെ വകവെയ്ക്കാതെ സ്വന്തങ്ങളെയും ബന്ധങ്ങളെയും കാണാനാകാതെ നമുക്ക് വേണ്ടി സ്വയമുരുകുന്ന ജീവിതങ്ങളേറെയാണ്.അവർക്കൊക്കെയാവട്ടെ നമ്മുടെ സ്നേഹാർച്ചനകൾ.

അന്ന കാതറിൻ
8B സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം